ദരിദ്രരെ സംഘടിപ്പിച്ച് ബാങ്കും കൂടുതല്‍ സഹകരണ സംഘങ്ങളുമായി സേവ മുന്നോട്ട്
ശാസ്ത്രീയതയാണ് ഇളാ ഭട്ടിന്റെ സഹകരണ സേവനപ്രയത്‌നങ്ങളുടെ പ്രത്യേകത. ഏതു രംഗത്തു പ്രവര്‍ത്തനം
തുടങ്ങുമ്പോഴും ആ രംഗത്തു സമഗ്രസര്‍വേ നടത്തി ആസൂത്രിതമായാണ് അവര്‍ നീങ്ങിയതെന്ന് We are poor But Somany
എന്ന ഗ്രന്ഥത്തിലെ അധ്യായങ്ങള്‍ വ്യക്തമാക്കുന്നു. സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍ക്കൊള്ളേണ്ട
പാഠമാണിത്. താഴെത്തട്ടില്‍ വേണ്ടത്ര പഠനവും ആസൂത്രണവുമില്ലാതെ മുളച്ചുപൊന്തുന്ന
സഹകരണസംരംഭങ്ങള്‍ പലതും പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ പാഠം സഹകരണപ്രസ്ഥാനം
ശക്തമായ കേരളത്തിലടക്കം സഹകാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. നിരക്ഷരരും ദരിദ്രരുമായ ഒരു തലമുറ സൃഷ്ടിച്ച
സഹകരണത്തിന്റെ സാമ്പത്തികവിജയങ്ങള്‍ കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കാന്‍ താരതമ്യേന
ദാരിദ്ര്യമുക്തരായ അഭ്യസ്തവിദ്യരുടെ ഇന്നത്തെ തലമുറയ്ക്കു കഴിയേണ്ടതാണ.്
1974 ല്‍ രൂപംകൊണ്ട മഹിളാ സേവാ സഹകാരിബാങ്ക് ലിമിറ്റഡ് എന്ന സേവാ ബാങ്കിന്റെ ദൗത്യം ഇപ്രകാരമായിരുന്നു: ”സ്വയംതൊഴില്‍ കണ്ടെത്തിയ ദരിദ്രസ്ത്രീകളുടെ ഉല്‍പ്പാദന-വരുമാനസമ്പാദനശേഷികള്‍ വര്‍ധിപ്പിക്കാനായിരിക്കണം വായ്പ. അവരുടെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, രൂപകല്‍പ്പന, വില്‍പ്പന എന്നീ കാര്യങ്ങളില്‍ സാങ്കേതികവും ഭരണപരവുമായ സഹായം നല്‍കലാണു നമ്മുടെ ബാങ്കിന്റെ ലക്ഷ്യം. സ്ത്രീകളുടെ പണയസ്വര്‍ണം, പണയം വച്ചവീട് അല്ലെങ്കില്‍ ഭൂമി എന്നിവ തിരിച്ചെടുക്കാനും ദല്ലാള്‍മാര്‍, പണം പലിശയ്ക്കു കൊടുക്കുന്നവര്‍, ഭൂവുടമകള്‍ എന്നിവരില്‍നിന്നെടുത്ത പഴയ കടം വീട്ടാനും ബാങ്ക് വായ്പകള്‍ നല്‍കും. സ്വയംതൊഴില്‍ കണ്ടെത്തിയ പാവപ്പെട്ട സ്ത്രീകള്‍ക്കുതകുംവിധം അവരുടെ വീടുകളിലോ തൊഴിലിടങ്ങളിലോനിന്നു ദിവസസമ്പാദ്യം ശേഖരിക്കുന്നതും വായ്പകളും സമ്പാദ്യങ്ങളും ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കാന്‍ സഹായകമായ പരിശീലനങ്ങള്‍ നല്‍കുന്നതുംപോലുള്ള നടപടികള്‍ എടുക്കലും പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യലും ‘സേവാ’ ബാങ്കിന്റെ ലക്ഷ്യമാണ്.”
സഞ്ചരിക്കുന്ന
ബാങ്ക്
1976 അവസാനമായപ്പോള്‍ ബാങ്കിനു 11,038 അംഗങ്ങളായി. 11,98,872 രൂപയുടെ പ്രവര്‍ത്തനമൂലധനവും. 21,623 രൂപ ലാഭവുമുണ്ടായി. ഒമ്പതു ശതമാനം ലാഭവീതം നല്‍കാനായി. റിസര്‍വ് ബാങ്കിന്റെയും സഹകരണ രജിസ്ട്രാറുടെയും മേല്‍നോട്ടത്തിലാണു പ്രവര്‍ത്തനം. വിവിധ തൊഴിലുകളുടെ പ്രതിനിധികളായ 25 അംഗ ഭരണസമിതിയാണുള്ളത്. ഇതേതൊഴിലുകള്‍ ചെയ്യുന്ന ‘ബങ്കാസതിസ്’ എന്നറിയപ്പെടുന്ന ഫീല്‍ഡ് വര്‍ക്കര്‍മാരിലൂടെ അംഗങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവരിലേക്ക് ഇറങ്ങിച്ചെന്നാണു പ്രവര്‍ത്തനം. ഇവര്‍ സഞ്ചരിക്കുന്ന ബാങ്കായി പ്രവര്‍ത്തിക്കുന്നു.
”ഇടപാടുകാരുമായി നിരന്തരബന്ധം നിലനിര്‍ത്തുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതില്‍ ശ്രദ്ധിക്കുകവഴി സ്ത്രീകളുടെ ആവശ്യങ്ങളും കഴിവുകളും നന്നായി മനസ്സിലാക്കാന്‍ ബാങ്കിനു കഴിയുന്നു. ഇടപാടുകാരി വായ്പ എങ്ങനെ ചെലവാക്കുന്നു എന്നതില്‍ താല്‍പ്പര്യം കാട്ടുക മാത്രമല്ല, തള്ളുവണ്ടി വാങ്ങാനായാലും തയ്യല്‍മെഷീന്‍ വാങ്ങാനായാലും ഒറ്റമുറിവീടു വാങ്ങാനായാലും ആ പണംകൊണ്ടുള്ള ഏറ്റവും നല്ല ഇടപാടു നിശ്ചയിക്കാനും ബാങ്ക് സഹായിക്കുന്നു. പലിശക്കാരോടും പണയക്കടക്കാരോടും വസ്തുഉടമകളോടുമുള്ള വന്‍കടത്തിന്റെ കാര്യത്തിലും ബാങ്ക് സ്ത്രീകള്‍ക്കുവേണ്ടി ഇടപെടുന്നു. പഴയ കടങ്ങള്‍ വീട്ടലാണു ബാങ്കിങ് സേവനങ്ങളില്‍ പ്രഥമവും പ്രധാനവും. അതു സ്ത്രീകളെ ജീവിതകാലം മുഴുവന്‍ തുടരുന്ന കടബാധ്യതയില്‍നിന്നു മോചിപ്പിക്കുകയും അതുവഴി മൊത്തക്കച്ചവടക്കാരുമായും വിതരണക്കാരുമായുമുള്ള അവരുടെ വിലപേശല്‍ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.”
സുരക്ഷിതഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍പോലെ പണപ്പെരുപ്പത്തില്‍നിന്നു രക്ഷയേകുന്ന സമ്പാദ്യപദ്ധതികള്‍ ‘സേവാ’ ബാങ്കിനുണ്ട്. വാര്‍ധക്യകാലപെന്‍ഷന്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മാണം തുടങ്ങിയവയ്ക്കുതകുന്ന സമ്പാദ്യപദ്ധതികളുമുണ്ട്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ആസ്തി ഇന്‍ഷുറന്‍സ് എന്നിവയും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനുമായും ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനുമായും ചേര്‍ന്നു നിക്ഷേപബന്ധിത ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ബാങ്കിനുണ്ട്. പ്രസവം, വൈധവ്യം, അപകടം, കിടത്തിച്ചികിത്സ, ജീവാപായം, വെള്ളപ്പൊക്കവും തീപ്പിടിത്തവും കലാപങ്ങളുംപോലുള്ള പ്രതിസന്ധികള്‍ എന്നിവയ്ക്ക് ഇതിന്റെ പരിരക്ഷ ലഭിക്കും. വായ്പകളില്‍ 77 ശതമാനവും ജാമ്യമില്ലാവായ്പകളാണ്. ധനകാര്യാസൂത്രണത്തെപ്പറ്റി സ്ത്രീകള്‍ക്കു പരിശീലനവും നല്‍കാറുണ്ട്. ഈ
പരിശീലനങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ എല്ലാ പ്രശ്‌നവും അവതരിപ്പിക്കാറുമുണ്ട്. ബാങ്കിനും അവരെ അടുത്തറിയാന്‍ ഇതു പ്രയോജനപ്പെടുന്നു. ക്ലാസ്‌റൂം കൗണ്‍സലിങ്ങിനുശേഷം വ്യക്തിഗത കൗണ്‍സലിങ്ങുമുണ്ടാകും. പല സ്ത്രീകളുടെയും ജീവിതത്തില്‍നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തിയാണു ബാങ്കിന്റെ സേവനം ഇള ഭട്ട് വിവരിക്കുന്നത്. 1986 ല്‍ ബാങ്കിന്റെ പ്രവര്‍ത്തനമൂലധനം ഒരു കോടി കവിഞ്ഞു. 1987 ല്‍ ബാങ്ക് കമ്പ്യൂട്ടര്‍വത്കരിച്ചു. ഇതു പ്രവര്‍ത്തനം വികേന്ദ്രീകരിക്കാന്‍ സഹായകമായി. വര്‍ഷം 15 ശതമാനം ലാഭവീതം നല്‍കാന്‍ കഴിയുംവിധം ബാങ്ക് ലാഭത്തിലാണ്. വന്‍തുക നിക്ഷേപമുള്ളതിനാല്‍ ബാഹ്യഫണ്ടുകളെയോ ഗ്രാന്റുകളെയോ ആശ്രയിക്കേണ്ട. വളരാനുതകുംവിധം വരുമാനം പ്രവഹിക്കുന്ന ലാഭകരമായ വായ്പാ പോര്‍ട്ട്‌ഫോളിയോയുമുണ്ട്.
വമ്പന്മാര്‍ക്കിടയില്‍
സേവാ ബാങ്കും
ടി.എല്‍.എ.യുടെ ഒരു കുടുസ്സുമുറിയില്‍ തുടങ്ങിയ ബാങ്ക് പിന്നീടു വര്‍ഷങ്ങളോളം ‘സേവ’ ഓഫീസിന്റെ താഴത്തെ നിലയിലാണു പ്രവര്‍ത്തിച്ചത്. 1997 ല്‍ പുതിയ കെട്ടിടത്തിലേക്കു മാറി. അവിടെ ബാങ്ക് ഓഫ് പാരീസും എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയുംപോലുള്ള വമ്പന്‍മാര്‍ക്കിടയിലാണു പ്രവര്‍ത്തനം. അവിടേക്കു മാറുംമുമ്പ് സ്ഥലം സന്ദര്‍ശിച്ച ഭരണസമിതിയംഗങ്ങള്‍ ഇളയോടു പറഞ്ഞു: ”പണക്കാരന്റെ ബാങ്കിനടുത്തു പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് പാടില്ലെന്ന് ആരു പറഞ്ഞു? മാര്‍ബിള്‍തറയൊക്കെ ഞങ്ങള്‍ക്കും ഇഷ്ടമാണ്.” 1998 ല്‍ റിസര്‍വ് ബാങ്ക് ബാങ്കിങ് മേഖല ഉദാരീകരിച്ചു. ‘സേവാ’ ബാങ്കിനു സ്വയം പലിശനിരക്കു നിശ്ചയിക്കാമെന്നായി. ഭരണസമിതി പലിശനിരക്കു ചര്‍ച്ച ചെയ്തപ്പോള്‍ നിരക്ഷരയായ ബോര്‍ഡംഗം റഹ്മത്ബീവി പറഞ്ഞു: ”സമ്പാദ്യത്തിനും വായ്പയ്ക്കും നടപ്പു മാര്‍ക്കറ്റ്‌റേറ്റ് അനുസരിച്ചു പോയാല്‍മതി. മാര്‍ക്കറ്റ്‌റേറ്റിനെക്കാള്‍ കുറവാണു നമ്മുടെ സമ്പാദ്യപ്പലിശയെങ്കില്‍ ആരും അവരുടെ പണം ഇവിടെ നിക്ഷേപിക്കില്ല. നമ്മുടെ വായ്പപ്പലിശ മാര്‍ക്കറ്റ്‌റേറ്റിനെക്കാള്‍ തീരെ കുറവാണെങ്കില്‍ സ്ത്രീകള്‍ വന്നു വായ്പയെടുത്തിട്ട് അതു മറിച്ചു വായ്പ കൊടുക്കും.” നിരക്ഷരസ്ത്രീകള്‍പോലും ഭരണമികവും ബാങ്കിങ്തന്ത്രങ്ങള്‍ തീരുമാനിക്കാനുള്ള ബുദ്ധിയും ഉള്ളവരാണെന്ന് ഇതു വ്യക്തമാക്കുന്നു. ‘സേവാ’ യൂണിയനുമായും സഹകരണസംഘങ്ങളുടെ ഫെഡറേഷനുമായും ‘സേവാ’ ഇന്‍ഷുറന്‍സുമായും മഹിളാഭവന ട്രസ്റ്റുമായും സേവാ ബാങ്കിന് ഉറ്റ ബന്ധമുണ്ട്. അതുകൊണ്ടാണു ഭവനവായ്പയും ഇന്‍ഷുറന്‍സും പെന്‍ഷനുമൊക്കെ ഒരുക്കാന്‍ കഴിയുന്നത്.
2004 ല്‍ പുസ്തകം എഴുതുന്നതിനു കുറച്ചുകാലം മുമ്പുണ്ടായ കലാപങ്ങളില്‍ വലഞ്ഞ കടക്കാരെ പലിശഭാരത്തില്‍നിന്നു രക്ഷിക്കാന്‍ ബാങ്ക്്‌സംവിധാനത്തിനുപുറത്ത് ഒരു സുസ്ഥിരതാനിധി സമാഹരിക്കാന്‍ ‘സേവാ’ ബാങ്ക് ശ്രമിച്ചു. പക്ഷേ, നിഷ്‌ക്രിയ സ്വത്തുശതമാനം കുറച്ചുകാട്ടാനുള്ള അടവായാണു റെഗുലേറ്റിങ് ഇന്‍സ്‌പെക്ടറേറ്റ് ഇതിനെ കണ്ടത്. ദേശീയബാങ്കുകള്‍ക്കു ദുരന്തങ്ങള്‍മൂലം നഷ്ടമുണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മൂലധനഫണ്ടിലേക്കു വന്‍തോതില്‍ പണം പമ്പുചെയ്യാറുള്ളത് ഇള ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പരമദരിദ്രരെ സേവിക്കുന്ന ചെറിയ ബാങ്കിന് ആ സഹായമില്ല. ദുരന്തങ്ങളില്‍ ചെറുകിട ബാങ്കുകളെ സഹായിക്കാന്‍ ഫലപ്രദമായ നയമില്ലെന്ന് ഇള പരിതപിക്കുന്നു.
ചേരികള്‍ നവീകരിക്കാന്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നു ‘സേവ’പരിവര്‍ത്തന്‍പദ്ധതി നടപ്പാക്കി. മക്കള്‍ക്കു ജോലി നല്‍കാന്‍ ‘സേവാ’ ബാങ്ക് ഒരു ഫാക്ടറി തുടങ്ങണമെന്നാണു സ്ത്രീകളുടെ ആവശ്യമെന്നും പുസ്തകത്തിലുണ്ട്.
ആരോഗ്യപരിചരണരംഗത്തും ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തും സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയതിന്റെ കഥയാണ് ആറാമധ്യായത്തിലുള്ളത്. 1977 ല്‍ പല സ്ത്രീകളും വായ്പത്തവണകള്‍ അടയ്ക്കാത്തത് ഇള ശ്രദ്ധിച്ചു. 500 പേരില്‍ 20 പേരാണു മുടക്കിയത്. അന്വേഷിച്ചപ്പോള്‍ അതില്‍ 15 പേരും പ്രസവത്തെത്തുടര്‍ന്നു മരിച്ചു എന്നറിഞ്ഞു. ചേരികളിലെ അന്തരീക്ഷം രോഗം വരുത്തും. മരുന്നു വാങ്ങാന്‍ പണമില്ല. പല തൊഴിലും രോഗം വരുത്തുന്നവയാണ്. തെരുവുകച്ചവടക്കാര്‍ക്ക് ആസ്ത്മ പതിവ്. വണ്ടിവലിക്കാര്‍ക്ക് അപകടമുണ്ടാകാറുണ്ട്. ബീഡിതെറുപ്പുകാര്‍ക്കു പുകയിലപ്പൊടി ശ്വസിച്ചുളള പ്രശ്‌നങ്ങള്‍. ചവറുകൂനകള്‍ തിരയുന്നവര്‍ക്കു ത്വക്‌രോഗമുണ്ടാകും. ഗര്‍ഭം ഇവര്‍ക്കൊക്കെ കൂടുതല്‍ പ്രശ്‌നമാണ്. ആശുപത്രിയില്‍ പോകാന്‍ പണമില്ല. ജീവിക്കാനായി മോശമായ അന്തരീക്ഷത്തിലും കഠിനമായി ജോലിചെയ്യുന്നതു ഗര്‍ഭിണികളെ കൂടുതല്‍ വലയ്ക്കുന്നു. 70 ശതമാനം സ്ത്രീകള്‍ക്കും വയറ്റാട്ടികളായിരുന്നു ആശ്രയം. ‘സേവ’ അവരില്‍ താല്‍പ്പര്യമെടുത്തു. അവരും സ്വയംതൊഴില്‍ കണ്ടെത്തിയവരാണല്ലോ. ദരിദ്രസ്ത്രീകളുടെ അവസ്ഥ അവര്‍ക്കു നന്നായറിയാം. ആധുനികീകരണത്തോടെ അന്യംവരുന്ന തൊഴിലുമാണത്.
വയറ്റാട്ടിമാരുടെ
സഹകരണസംഘം
വയറ്റാട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തി. അവരെ ശാസ്ത്രീയമായി പരിശീലിപ്പിച്ചു വൈദഗ്ധ്യം വര്‍ധിപ്പിച്ചാല്‍ പ്രയോജനപ്പെടുമെന്നു കണ്ടു. സ്ത്രീകളുടെയും കുട്ടികളുടെയും 80 ശതമാനം ആരോഗ്യപ്രശ്‌നങ്ങളും അവര്‍ക്കു നോക്കാം. അവരെ ആധുനികവും സുരക്ഷിതവുമായ പ്രസവമെടുപ്പുരീതികള്‍ പരിശീലിപ്പിക്കാന്‍ ഒരു സ്‌കൂള്‍ തുടങ്ങി. അപകടകരമായ ചില പരമ്പരാഗതരീതികള്‍ ഉപേക്ഷിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഒരു ഡോക്ടറുടെയും മറ്റും സഹായത്തോടെ അടിസ്ഥാനമരുന്നുകള്‍ നല്‍കാനും പരിശീലിപ്പിച്ചു. അങ്ങനെ 60 ആരോഗ്യസേവികമാരെ പരിശീലിപ്പിച്ചെടുത്തു. 1984 ല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്നു പൊതുജനാരോഗ്യത്തില്‍ ബിരുദമെടുത്ത മിറായ് ചാറ്റര്‍ജി ‘സേവ’ യിലെത്തി. അവരുടെ നേതൃത്വത്തില്‍ 1990 ല്‍ ലോക്‌സ്വാസ്ഥ്യ സഹകരണസംഘം (Lokswasthya Co-operative) എന്ന ജനകീയാരോഗ്യ സഹകരണസ്ഥാപനം രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടി. ദരിദ്രരും നിരക്ഷരരുമായ സ്ത്രീകള്‍ എങ്ങനെ ആരോഗ്യ സഹകരണസ്ഥാപനം നടത്തുമെന്നും ഡോക്ടര്‍മാരില്ലാതെ വയറ്റാട്ടിമാരെവച്ച് ഇതു നടത്താനൊക്കുമോ എന്നുമായിരുന്നു ചോദ്യങ്ങള്‍. ആരോഗ്യമന്ത്രിയെവരെ കണ്ടു സമ്മര്‍ദം ചെലുത്തി. അദ്ദേഹത്തിന്റെ അമ്മ പണ്ടു ഗ്രാമത്തിലെ വയറ്റാട്ടിയായിരുന്നു. അദ്ദേഹം സ്‌കൂളിനു പണം അനുവദിച്ചു. പ്രസവമെടുക്കുമായിരുന്നെങ്കിലും മിക്ക വയറ്റാട്ടികള്‍ക്കും മനുഷ്യശരീരഘടനയെപ്പറ്റി അറിവില്ലായിരുന്നു. ശാസ്തീയമായി ശുചീകരിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെയും കൈകള്‍ വൃത്തിയായിരിക്കേണ്ടതിന്റെയും പ്രസവാനന്തരപരിചരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ പ്രൊഫഷണല്‍ വയറ്റാട്ടിമാരെ പരിശീലിപ്പിച്ചെടുത്തു. ഫീസ് വാങ്ങാനും നിര്‍ദേശിച്ചു. ഭൂമിയുള്ളവരില്‍നിന്നു 101 രൂപയും ഇല്ലാത്തവരില്‍നിന്നു 51 രൂപയുമാണു വാങ്ങിയത്. ഓരോ ജാതിക്കാര്‍ക്കും ആ ജാതിയില്‍പ്പെട്ട വയറ്റാട്ടിയുണ്ടായിരുന്നു. എങ്കിലും, പ്രസവമെടുക്കുന്നതില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ജാതിനോക്കാതെ ആളുകള്‍ വിളിച്ചിരുന്നു. നന്ദു ബെന്‍ എന്ന ദളിത അത്തരം വിദഗ്ധയായിരുന്നു. നേതൃപാടവവും ഉണ്ടായിരുന്നു. ‘സേവ’ യുടെ ഭാഗമായി ലോകാരോഗ്യസംഘടനയുടെ മെക്‌സിക്കോയില്‍ നടന്ന ഒരു സമ്മേളനത്തില്‍ വിദഗ്ധപാനലംഗമായി അവര്‍ പങ്കെടുത്തു. ഗ്രാമത്തലവിയായി (സര്‍പാഞ്ച്) പരിഗണിക്കുന്നിടത്തോളം അവര്‍ വളര്‍ന്നു. 1987 ല്‍ ഗാന്ധിനഗര്‍, ഖേഡ, മെഹ്‌സാന ജില്ലകളിലും ആരോഗ്യപരിചരണ സഹകരണസംഘങ്ങള്‍ തുടങ്ങി. പ്രാഥമികാരോഗ്യസേവനമാണ് ഇവിടങ്ങളില്‍ നല്‍കിയത്. ഈ സംഘങ്ങള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെക്കൊണ്ടു രോഗനിര്‍ണയക്യാമ്പുകള്‍ നടത്തി. ക്യാമ്പുകളില്‍ സര്‍ക്കാര്‍ സബ്‌സിഡിനിരക്കില്‍ മരുന്നുകള്‍ നല്‍കി. ഗുരുതരരോഗമുള്ളവരെ വിദഗ്ധഡോക്ടര്‍മാരുടെ അടുക്കലയച്ചു.
നഗരങ്ങളിലെ ക്യാമ്പുകളില്‍ കൂടുതല്‍ കണ്ടെത്തിയതു ക്ഷയമായിരുന്നു. ‘സേവ’ അഹമ്മദാബാദ് കോര്‍പ്പറേഷന്റെ സഹായത്തോടെ ബോധവത്കരണവും പരിശോധനകളും സംഘടിപ്പിച്ചു. 1999 ല്‍ ഇക്കാര്യത്തില്‍ പ്രത്യക്ഷനിരീക്ഷണ ചികിത്സാ ഹ്രസ്വകാല കോഴ്‌സ് (Directly Observed Treatment, Short Course – DOTS) തുടങ്ങി. ചികിത്സച്ചുമതല ‘സേവ’ യുടെ ആരോഗ്യ സഹകരണസംഘത്തെ ഏല്‍പ്പിച്ചു. സംഘത്തിനു ക്ഷയരോഗ ചികിത്സാകേന്ദ്രവും ലാബും 11 നഗ്നപാദ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. അഹമ്മദാബാദിലെ ടി.ബി. സെന്ററുകളില്‍ ഏറ്റവും കൂടുതലാളുകളെ സുഖപ്പെടുത്തിയതു ‘സേവ’ യുടെ ആരോഗ്യ സഹകരണസംഘത്തിന്റെ കേന്ദ്രങ്ങളിലായിരുന്നു.
സഹകരണ
മരുന്നുകടകള്‍
സഹകരണസ്ഥാപനം ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നും വിറ്റു. ലാഭമെടുത്തിരുന്നില്ല. തുടര്‍ന്ന് അഹമ്മദാബാദിലെ ‘സേവാ’ ഓഫീസിനരികില്‍ 70,000 രൂപ ചെലവില്‍ മരുന്നുകട തുടങ്ങി. അഹമ്മദാബാദ് നഗരസഭ എല്‍.ജി. മുനിസിപ്പല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഔഷധവില്‍പ്പനശാല നടത്താന്‍ ‘സേവ’ യുടെ ആരോഗ്യ സഹകരണസംഘത്തെ ഏല്‍പ്പിച്ചു. അഞ്ചു ലക്ഷം രൂപയും നല്‍കി. കുറഞ്ഞ വിലയ്ക്കുള്ള മരുന്നുവില്‍പ്പന മറ്റു മരുന്നുകടക്കാര്‍ക്കു ഭീഷണിയായി. അവര്‍ ഗുണ്ടകളെക്കൊണ്ടു ‘സേവാ’ സിസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തി. രണ്ടു വര്‍ഷം കഴിഞ്ഞു ശാരദാബായ് ആശുപത്രിയിലും മരുന്നുകൗണ്ടര്‍ നടത്തിപ്പു ‘സേവ’ ആരോഗ്യ സഹകരണസംഘത്തിനു ലഭിച്ചു. കുറഞ്ഞ വിലയ്ക്കു മരുന്നു വില്‍ക്കുന്ന സഹകരണസംഘത്തെ അഹമ്മദാബാദിലെ കെമിസ്റ്റുമാരുടെ അസോസിയേഷന്‍ ബഹിഷ്‌കരിച്ചു. മരുന്നു കിട്ടാതാക്കാന്‍ അവര്‍ശ്രമിച്ചു. എങ്കിലും, നിരവധി ചെറുകിട മരുന്നുമൊത്തവ്യാപാരികള്‍ സഹായിച്ചു. വില കുറഞ്ഞ ജനറിക് മരുന്നുകള്‍ ശുപാര്‍ശ ചെയ്യണമെന്ന ഡോക്ടര്‍മാരോടുള്ള അഭ്യര്‍ഥനയ്ക്കു കാര്യമായ ഫലമുണ്ടായില്ല. എല്‍.ജി. ആശുപത്രിയുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ പുതിയൊരിടം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും മറ്റു മരുന്നുകടയുടമകളില്‍നിന്നുള്ള സമ്മര്‍ദം മൂലം ഭൂവുടമകള്‍ വാടകയ്ക്കു കെട്ടിടം നല്‍കിയില്ല. എങ്കിലും, ശാരദാബായ് ആശുപത്രിയുമായുള്ള കരാര്‍ തുടര്‍ന്നു.
അഹമ്മദാബാദിലെ 41 ശതമാനം ജനങ്ങളും ചേരികളിലാണു ജീവിച്ചിരുന്നത്. അവിടങ്ങളില്‍ 26 ശതമാനം വീടുകള്‍ക്കു മാത്രമാണു ശൗചാലയം ഉണ്ടായിരുന്നത്. ചേരികളിലെ വീടുകളില്‍ വെള്ളവും വൈദ്യുതിയും മാലിന്യനിര്‍മാര്‍ജന സംവിധാനവും ഏര്‍പ്പെടുത്താനാണ് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ‘സേവ’ യുടെ പങ്കാളിത്തത്തോടെ പരിവര്‍ത്തന്‍പദ്ധതി നടപ്പാക്കിയത്. 50 ചേരികളില്‍ പന്ത്രണ്ടെണ്ണം നവീകരിച്ചു. ശങ്കര്‍ഭുവന്‍ ചേരിയിലെ ശാര്‍ദാ ബെന്നിന്റെ കാര്യം ഇള എടുത്തുപറയുന്നുണ്ട്. കൗമാരത്തിലേ ഭര്‍ത്താവ് ഉപേക്ഷിച്ച അവര്‍ക്കു കൈക്കുഞ്ഞുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകയായി പരിശീലനം കിട്ടിയ അവര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും വയറ്റാട്ടിമാരെയും പരിശീലിപ്പിക്കുന്ന നിലയിലേക്കു വളര്‍ന്നു. ശങ്കര്‍ഭുവന്‍ ചേരിയില്‍ എല്ലാ കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ് നല്‍കി.
ബ്ലോക്ക് പ്രിന്ററായിരുന്ന റഹ്മത് ബെന്നിന് അപ്പെന്‍ഡെക്ടോമി വേണ്ടിവന്നപ്പോഴും കുങ്കു ബെന്നിന് എരുമ കുത്തി പരിക്കേറ്റപ്പോഴും ചികിത്സമൂലമുണ്ടായ കടമാണു ഗ്രൂപ്പ് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിപ്പിച്ചത്. ഈ ദരിദ്രസ്ത്രീകള്‍ റിസ്‌ക് ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിമുഖരായിരുന്നു. എല്‍.ഐ.സി. അല്ലാതാരും അവരെ ഇന്‍ഷൂര്‍ ചെയ്യാന്‍ തയാറായില്ല. 90 കളുടെ മധ്യത്തിനുശേഷം ഉദാരീകരണത്തെത്തുടര്‍ന്നു ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ കിടത്തിച്ചികിത്സക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ തയാറായിട്ടുണ്ട്. പക്ഷേ, അടുത്തെങ്ങും ആശുപത്രികളില്ലാത്തത് ഇവര്‍ക്കു പ്രശ്‌നമാണ്.
വിമോ സേവ
ഇന്‍ഷുറന്‍സ്
വിമോ സേവ (Vimo SEWA) എന്ന ഇന്‍ഷുറന്‍സ്പദ്ധതി ‘സേവ’ തുടങ്ങി. സ്വാഭാവികമരണം, അപകടമരണം, വൈധവ്യം, കിടത്തിച്ചികിത്സ, വസ്തുനാശം എന്നിവയ്ക്കാണു പരിരക്ഷ. 2003 ല്‍ അതില്‍ കുട്ടികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സും നടപ്പാക്കി. ഇള ഈ പുസ്തകം ( We are Poor But Somany ) രചിക്കുമ്പോള്‍ ‘വിമോ സേവ’ യെ ഇന്‍ഷുറന്‍സ് സഹകരണസ്ഥാപനമാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയതോടെ പ്രദേശത്തെ ഡോക്ടര്‍മാരുമായി അടുത്ത ബന്ധമായി. ‘സേവ’ അംഗങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട റഫറല്‍ സേവനങ്ങളും ലഭിക്കുന്നു. ടി.ബി.ക്കും മലേറിയക്കും എയ്ഡ്‌സിനുമെതിരായ ബോധവത്കരണം സര്‍ക്കാര്‍ നടത്തിയതു ‘സേവ’ യുടെ സഹായത്തോടെയാണ്. ‘സേവ’ യുടെ ആരോഗ്യ സഹകരണപ്രസ്ഥാനം പുസ്തകരചനയുടെ കാലത്തു പ്രാഥമികാരോഗ്യ പരിചരണത്തില്‍നിന്നു ക്യാമ്പുകളിലൂടെയും റഫറലുകളിലൂടെയുമുള്ള സേവനപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരുന്നു.
സുസ്ഥിരമായി തുടരുകയും അതേസമയം പാവപ്പെട്ടവരെ സേവിക്കുകയും ചെയ്യുക എന്നതാണു ‘സേവ’ യുടെ ആരോഗ്യ സഹകരണസ്ഥാപനങ്ങളുടെ മുഖ്യ വെല്ലുവിളിയെന്ന് ഇള പറയുന്നു. പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യയും സേവനങ്ങളും പാവപ്പെട്ടവരുടെ വീട്ടുപടിക്കലെത്തിക്കലാണ് ഇതിനൊരു മാര്‍ഗം. അവ ഉചിതവും ചെലവുകുറഞ്ഞതുമാകണംതാനും.
ഇള പറയുന്നു: ”സ്ത്രീകളുടെ ആദ്യമുന്‍ഗണന തൊഴിലിനായിരിക്കെ, തൊഴില്‍ എത്രത്തോളം അപകടകരവും വിഷമയവുമാണെന്ന പഠനഫലമൊന്നും അവര്‍ നോക്കില്ല. കാരണം, ജീവിക്കാന്‍ അവര്‍ക്കു വേറെ മാര്‍ഗമില്ല. തൊഴില്‍ജന്യ രോഗങ്ങളെക്കുറിച്ചു കൂടുതല്‍ പഠനഗവേഷണങ്ങള്‍ ആവശ്യമായിരിക്കെത്തന്നെ അതിനൊപ്പം ബദല്‍ തൊഴിലുകളും വൈദഗ്ധ്യവര്‍ധനാപരിപാടികളും സാങ്കേതികപരിഹാരങ്ങളും കണ്ടെത്തേണ്ടതുണ്ട്. കീടനാശിനികളും വിഷോല്‍പ്പന്നങ്ങളും എങ്ങനെ തിരിച്ചറിയാമെന്നും കൈകാര്യം ചെയ്യാമെന്നും എന്തൊക്കെ അടിയന്തരനടപടികളെടുക്കാമെന്നുമുള്ള ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനൊപ്പം ബോധവത്കരണം വളര്‍ത്താനും ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യവിദ്യാഭ്യാസത്തിനു ദൂരവ്യാപകഫലങ്ങളുളവാക്കാനാവും.”
സൗന്ദര്യവും
ദാരിദ്ര്യവും
കണ്ണാടിത്തുണ്ടുകള്‍ പതിച്ചു വര്‍ണനൂലുകള്‍കൊണ്ടു കലാപൂര്‍ണമായി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന പരമ്പരാഗത ചിത്രത്തുന്നല്‍വേലക്കാരായ ദരിദ്രസ്ത്രീകളെ കയറ്റുമതിഓര്‍ഡറുകള്‍വരെ സമ്പാദിക്കുന്നവരാക്കി വളര്‍ത്തിയ കഥയാണു ചിത്രത്തുന്നല്‍ക്കാര്‍ എന്ന ഏഴാമധ്യായം. വടക്കന്‍ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലെ രാധന്‍പുര്‍, സാന്താള്‍പുര്‍ താലൂക്കുകൡലാണിത്. പാകിസ്ഥാനില്‍നിന്നു കുടിയേറിയവര്‍ പാര്‍ക്കുന്ന ജില്ലയില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും പതിവാണ്. 1987 ല്‍ സാന്താള്‍പുരിലും രാധന്‍പുരിലും കുഴലുകളിലൂടെ കുടിവെള്ളമെത്തിക്കാനുള്ള ഇന്‍ഡോ-ഡച്ച് പദ്ധതിയുടെ ഭാഗമായി ഇളയും ‘സേവ’ അംഗങ്ങളും അവിടം സന്ദര്‍ശിച്ചു. ആ കാഴ്ച ഇള വിവരിക്കുന്നു. ”നോക്കുന്നിടത്തൊക്കെ കണ്ണാടികള്‍ തിളങ്ങി. നിറയെ ചിത്രത്തുന്നല്‍ ചെയ്ത വിരികള്‍ വാതിലുകളില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്തു. ഞങ്ങളിരുന്ന കിടക്കവിരിയും ചിത്രത്തുന്നല്‍ ചെയ്തതായിരുന്നു. അതുപോലെത്തന്നെ കുട്ടിയുടെ തൊട്ടില്‍ത്തുണിയും മരക്കൊളുത്തില്‍ തൂക്കിയിട്ട ഷോപ്പിങ് ബാഗും അവരുടെ വസ്ത്രങ്ങളും പുരുഷന്‍മാരുടെ ഷൂവും എന്തിനു കാളകളുടെ കൊമ്പുകള്‍വരെ ചിത്രത്തുന്നല്‍കൊണ്ടു പൊതിഞ്ഞിരുന്നു. നിറനൂലുകള്‍ക്കിടയില്‍ ചെറുകണ്ണാടികള്‍ മിന്നിത്തിളങ്ങിവിളങ്ങി. ആ മരുപ്രദേശത്തെ മനോഹാരിതയും ദാരിദ്ര്യവും തമ്മിലുള്ള വൈരുധ്യം ഞെട്ടിക്കുന്നതായിരുന്നു. വെറും സൂചിയും നൂലുംകൊണ്ടു ശക്തരും അന്തസ്സു തികഞ്ഞവരുമായ സ്ത്രീകള്‍ കലാസമ്പന്നതകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇത്ര കഠിനാധ്വാനികളും ഇച്ഛാശക്തിയുള്ളവരും അതിവിദഗ്ധകളുമായ സ്ത്രീകള്‍ എങ്ങനെ ഇത്ര ദരിദ്രരായി? ഞങ്ങള്‍ സന്ദര്‍ശിച്ച ഓരോ ഭവനത്തിലും സൗന്ദര്യവും ദാരിദ്ര്യവും ഒരുമിച്ചാണു വസിച്ചിരുന്നത്.”
ഹിന്ദുക്കളിലും മുസ്ലിങ്ങളിലുംപെട്ട വിവിധ സമുദായങ്ങളിലുള്ളവരാണ് അവിടത്തുകാര്‍. ഓരോ സമുദായവും ഓരോ പരമ്പരാഗതതൊഴില്‍ ചെയ്യുന്നവര്‍. ഒപ്പം, ഓരോ സമുദായത്തിലെയും സ്ത്രീകള്‍ക്കു വെവ്വേറെ ചിത്രത്തുന്നല്‍രീതികളുമുണ്ടായിരുന്നു; പരമ്പരാഗതമായി ശീലിക്കുന്നവ. വികസന ഗവേഷണസ്ഥാപനമായ പൊതുതാല്‍പ്പര്യ ഫൗണ്ടേഷന്റെ സഹായത്തോടെ ‘സേവ’ സ്ത്രീകളുടെ ഈ വൈദഗ്ധ്യത്തെക്കുറിച്ചു സര്‍വേ നടത്തി. ദാരിദ്ര്യംമൂലം വീട്ടുസാധനങ്ങള്‍ വരെ തുച്ഛവിലയ്ക്കു വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ കുടുംബപരമായ പല ആവശ്യങ്ങള്‍ക്കുമായി സൂക്ഷിക്കുന്ന ഇത്തരം ചിത്രത്തുന്നല്‍വസ്ത്രങ്ങളും നിസ്സാരവിലയ്ക്കു വ്യാപാരികള്‍ക്കു കൊടുത്തുപോകും. പുറംലോകം കണ്ടിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ആ തുണികളുടെ വിപണീമൂല്യം അറിയില്ലായിരുന്നു. തൊഴിലില്ലെന്നത് അവരുടെ പ്രധാന പരാതിയായിരുന്നു. കുടിവെള്ളപദ്ധതിയോടൊപ്പം തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതിയും കൊണ്ടുവരാന്‍ ‘സേവ’ തീരുമാനിച്ചു. അവിടെ താമസിച്ചു പ്രവര്‍ത്തിക്കാന്‍ തയാറുള്ള വനിതകളെ അന്വേഷിച്ചു. മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദമെടുത്ത് ഐ.എ.എസ് പരീക്ഷയും ജയിച്ചിരിക്കുന്ന റീമ നാനാവതി എന്ന ഇരുപത്തൊന്നുകാരി സന്നദ്ധയായി. അവര്‍ ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു സ്ത്രീകളുമായി സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. സാമൂഹികപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം തോന്നിയ അവര്‍ സിവില്‍ സര്‍വീസ് നിയമനം വേണ്ടെന്നുവച്ച് അവിടെ തുടരാന്‍ നിശ്ചയിച്ചു. ‘സേവ’ സ്ത്രീകളുടെ യോഗം വിളിച്ച് ചിത്രത്തുന്നല്‍ ചെയ്ത ഒരു ഡസന്‍ കുര്‍ത്തകള്‍ തയാറാക്കിത്തന്നാല്‍ ഒരെണ്ണത്തിനു 150 രൂപ വീതം തരാമെന്ന് അറിയിച്ചു. അവര്‍ക്കു വിശ്വാസം വന്നില്ല. നാലു പേര്‍ മാത്രമാണു തയാറായത്.
ഒരു കുര്‍ത്തയ്ക്ക്
150 രൂപ
കുറച്ചുദിവസം കഴിഞ്ഞു റീമ കുര്‍ത്തകള്‍ വാങ്ങാനെത്തിയപ്പോഴും അവര്‍ക്കു വിശ്വാസമായില്ല. അവര്‍ ആദ്യം പണം കാണണമെന്നു പറഞ്ഞു. പണം കൊടുത്തശേഷം മാത്രമാണു കുര്‍ത്തകള്‍ നല്‍കിയത്. ഇതോടെ കൂടുതല്‍ സ്ത്രീകള്‍ക്കു വിശ്വാസമായി. അതങ്ങനെ വളര്‍ന്നു. അയല്‍ഗ്രാമങ്ങളിലെ സ്ത്രീകളും ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണസ്ത്രീകളുടെയും കുട്ടികളുടെയും വികസനപദ്ധതി (Development of Women and Children in Rural Areas – DWCRA) യില്‍ ഗ്രാന്റിനും പരിശീലനത്തിനുമായി സ്ത്രീകളുടെ സംഘം രൂപവത്കരിച്ചു. തൊഴിലിനായി സ്ത്രീകള്‍ തള്ളിക്കയറി. ആരെയും ഒഴിവാക്കരുതെന്നായിരുന്നു ‘സേവാ’ നയം. അഹമ്മദാബാദില്‍ ഒരു യോഗത്തിനു വിളിച്ചപ്പോള്‍ ഒരു സ്ത്രീ പലതവണ ഒളിച്ചുനടന്നു. അത്രയ്ക്കുണ്ടായിരുന്നു പുറംലോകം കാണാനുള്ള അവരുടെ മടിയും അന്തര്‍മുഖത്വവും. ജാതിപരമായ കടമ്പകളും പ്രശ്‌നമായിരുന്നു. മരുമകളെ കാരണമില്ലാതെ വീട്ടില്‍നിന്നു വിട്ടുനില്‍ക്കാന്‍ അനുവദിച്ചതിനു സമുദായനേതാക്കള്‍ ഉമിയാ ബെന്‍ എന്ന സ്ത്രീക്കു 10,000 രൂപ പിഴ വിധിച്ച കാര്യം പുസ്തകത്തിലുണ്ട്. എങ്കിലും, ക്രമേണ ആ നിരക്ഷരസ്ത്രീകള്‍ പട്ടണത്തില്‍ പോക്കും യോഗത്തില്‍ പങ്കെടുക്കലും അസംസ്‌കൃതവസ്തുക്കളുടെ വന്‍തോതിലുള്ള വാങ്ങലുമൊക്കെ നടത്തി. കണക്കുകള്‍ സൂക്ഷിച്ചിരുന്ന പുരി ബെന്നിനുപോലും എഴുത്തും വായനയുമറിയില്ലായിരുന്നു. അത്രയ്ക്കായിരുന്നു അവരുടെയിടയിലെ നിരക്ഷരത. എങ്കിലും, അവര്‍ നേതൃപാടവം പ്രകടമാക്കി. പുറംവിപണികളില്‍നിന്നുള്ള ഡിമാന്റ് അവരെ അദ്ഭുതപ്പെടുത്തി. വിപണിയുടെ ആവശ്യങ്ങള്‍ക്കുനുസരിച്ച് വസ്ത്രങ്ങളുടെ നിറങ്ങളില്‍ മാറ്റം വരുത്താനും യാഥാസ്ഥികരായ അവര്‍ മനസ്സില്ലാമനസ്സോടെ തയാറായി. അവര്‍ തയാറാക്കിയ, ഭിത്തിയില്‍ തൂക്കിയിടാവുന്ന വലിയൊരു അലങ്കാരവിരിപ്പ് ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ജോലി നല്‍കുന്നതില്‍നിന്ന് ആരെയും ഒഴിവാക്കിയിരുന്നില്ലെന്നതിനാല്‍ പരിചയക്കുറവുള്ളവരുടെ ഗുണമേന്‍മ കുറഞ്ഞ ഉല്‍പ്പന്നങ്ങളും ധാരാളമുണ്ടായിരുന്നു. അവ കുമിഞ്ഞുകൂടി. 20 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. തുടര്‍ന്നു സര്‍വേ നടത്തി അതിവിദഗ്ധരെ പുതിയ ഓര്‍ഡറുകള്‍ ഏല്‍പിക്കുകയും പരിചയം കുറഞ്ഞവര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തു. ആസൂത്രണത്തിനും കാര്യങ്ങള്‍ നടപ്പാക്കാനും മേല്‍നോട്ടം വഹിക്കാനും ഒരു ടീമും രൂപവത്കരിച്ചു. കരകൗശല വികസനകൗണ്‍സിലിന്റെ സഹായത്തോടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കി. ലൈല തയ്യബ്ജി എന്ന ഡിസൈനര്‍ സ്ത്രീകള്‍ക്കു ഡിസൈനിങ് അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക ബോധവത്കരണം നടത്തി. ഇന്ത്യന്‍ കരകൗശലോല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡല്‍ഹിയിലെ ദസ്ത്കര്‍ എന്ന സ്ഥാപനംവഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ലൈല തയ്യബ്ജി സഹായിച്ചു. ബനസ്‌കന്ദയിലെയും കച്ചിലെയും വനിതാസംഘങ്ങളുടെ ചിത്രത്തുന്നല്‍വസ്ത്രങ്ങള്‍ വില്‍ക്കാന്‍ അഹമ്മദാബാദില്‍ ബനസ്‌ക്രാഫ്റ്റ് എന്ന വില്‍പ്പനശാല തുടങ്ങി. ദസ്ത്കറിന്റെ സഹായത്തോടെ പ്രദര്‍ശനങ്ങള്‍ നടത്തി.
വിവാഹം
നീട്ടിവെക്കുന്നു
1998 ല്‍ പാരിസിലെ ഒരു പ്രദര്‍ശനത്തിനുവേണ്ടി കുഷന്‍ കവറുകള്‍ക്കു വലിയ ഓര്‍ഡര്‍ കിട്ടി. പക്ഷേ, സമുദായത്തിലെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ വര്‍ഷവും ഒരു പ്രത്യേകദിവസം മാത്രമാണ് അവിടെ വിവാഹം നടത്തിയിരുന്നത.് അതാണ് ആചാരം. അന്നു വിവാഹം കഴിച്ചില്ലെങ്കില്‍ അടുത്ത കൊല്ലമേ നടക്കൂ. ആ ദിവസത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണു വന്‍ഓര്‍ഡര്‍ വന്നത്. എല്ലാം മാറ്റിവച്ചു പണിയെടുത്താലേ ഓര്‍ഡര്‍ നിറവേറ്റാനാവുമായിരുന്നുള്ളൂ. അന്നു നിരവധി പെണ്‍കുട്ടികള്‍ വിവാഹം അടുത്ത കൊല്ലം മതിയെന്നു വച്ചു തിരക്കിട്ടു കവറുകള്‍ ചിത്രത്തുന്നല്‍ ചെയ്യാന്‍ തയാറായി. മുതിര്‍ന്നവരും അനുകൂലിച്ചു. അങ്ങനെ പെണ്‍കുട്ടികളുടെ വിവാഹം അടുത്ത കൊല്ലത്തേക്കു നീട്ടിവച്ചുകൊണ്ടാണ് ആ ഓര്‍ഡര്‍ സാക്ഷാത്കരിച്ചത്. പ്രതിഭാധനയായ ഹീരാ ബെന്‍ എന്ന യുവ ചിത്രത്തുന്നല്‍കലാകാരിക്കു മാസ്‌ററര്‍ ക്രാഫ്റ്റ്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയില്‍ പോയി അതു സ്വീകരിച്ചു മടങ്ങിയെത്തിയ ഹീരാ ബെന്നിന്നു ഗ്രാമപ്പഞ്ചായത്തു വലിയ സ്വീകരണം നല്‍കി.
2001 ല്‍ ഭൂകമ്പത്തില്‍ വീടുകള്‍ തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ തരുമെന്നു പറഞ്ഞ 50,000 രൂപ വാങ്ങുന്നതാണു ലാഭമെന്നാണു ബകുട്ര ഗ്രാമത്തിലെ പുരുഷന്‍മാര്‍ വിചാരിച്ചത്. എന്നാല്‍, സ്ത്രീകളുടെ അസോസിയേഷന്‍ ചെലവുകുറഞ്ഞ അഞ്ചു വീടുകള്‍ നിര്‍മിച്ചു. 2002 അവസാനമായപ്പോള്‍ അവര്‍ 87 വീടുകള്‍ പുനര്‍നിര്‍മിച്ചു. വാഗ്ദാനം ചെയ്ത സര്‍ക്കാര്‍സഹായം കിട്ടിയില്ല. സ്ത്രീകള്‍ മുന്‍കൈയെടുത്തു കാര്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ വീടില്ലാതെ കഴിയേണ്ടിവരുമായിരുന്നുവെന്ന് ഇള അഭിപ്രായപ്പെടുന്നു. ഇത്തരം സ്ത്രീകളിലൊരാളായ സാവി ബെന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഏകകണ്ഠമായി സര്‍പാഞ്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
കടുത്ത വരള്‍ച്ചയെപ്പറ്റി പരാതിപ്പെടാന്‍ പൂരി ബെന്നിന്റെ നേതൃത്വത്തില്‍ ‘സേവാ’ സംഘം പ്രധാനമന്ത്രി അതല്‍ ബിഹാരി വാജ്‌പേയിയെ കണ്ടു. നാട്ടിലെ സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുന്നതിനെക്കാള്‍ എളുപ്പമായിരുന്നു പ്രധാനമന്ത്രിയോടു കാര്യങ്ങള്‍ പറയാനെന്നു പൂരി ബെന്‍. സമ്മര്‍ദങ്ങളെത്തുടര്‍ന്നു 2000 ല്‍ ചിത്രത്തുന്നലിനെ സംസ്ഥാനസര്‍ക്കാര്‍ തൊഴിലായി അംഗീകരിക്കുകയും മിനിമം വേതനത്തിന് അര്‍ഹമാക്കുകയും ചെയ്തു. ആധുനികീകരണം വേണ്ടിവന്നപ്പോള്‍ മൂന്നു ചിത്രത്തുന്നല്‍കാരികളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു. കമ്പ്യൂട്ടറില്‍ നിറച്ചേരുവകളും ഡിസൈനുകളും സൃഷ്ടിച്ചു. സ്ത്രീകളുടെ അസോസിയേഷന്‍ വളര്‍ന്നതോടെ ആരോഗ്യരക്ഷ, ശിശുപരിചരണം, ഭവനനിര്‍മാണം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും ശ്രദ്ധപതിപ്പിച്ചു. വലിയ ഭൂകമ്പമുണ്ടായപ്പോള്‍ മൂന്നാംദിവസംതന്നെ അംഗങ്ങള്‍ക്കു ഭക്ഷണവുമായി അസോസിയേഷന്‍ എത്തി.
ഇതൊക്കെയാണെങ്കിലും പ്രശ്‌നങ്ങള്‍ ധാരാളമാണ്. ”ചിത്രത്തുന്നല്‍കാര്‍ക്കു പൂര്‍ണതൊഴില്‍ ഉറപ്പാക്കാന്‍ അസോസിയേഷനു കഴിയാത്തതു വിപുലവും മാറിക്കൊണ്ടിരിക്കുന്നതുമായ വിപണികളെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.”യൂറോപ്പിലെയും അമേരിക്കയിലെയും മ്യൂസിയങ്ങള്‍ക്കു ഗുജറാത്തിലെ കരകൗശലോല്‍പ്പന്നങ്ങളില്‍ വലിയ താല്‍പ്പര്യമുണ്ട്. പക്ഷേ, ഉയര്‍ന്ന വാങ്ങല്‍ശേഷിയുമായി വലിയ വിപണികളിലേക്കെത്തുക എന്നതു കടുത്ത വെല്ലുവിളിയാണ്. ഗുണനിലവാരം, വൈവിധ്യം, തനിമ എന്നിവയിലെ അവരുടെ കര്‍ശനമാനദണ്ഡങ്ങളും വെല്ലുവിളിതന്നെ. ആഗോളവിപണിക്കുതകുംവിധം ചര്‍ച്ചകള്‍ നടത്താനുള്ള കഴിവ്, സാങ്കേതികപിന്‍ബലം, പ്രൊഫഷണല്‍ വൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളില്‍ ചിത്രത്തുന്നല്‍ത്തൊഴിലാളിസ്ത്രീകള്‍ക്കു പരിമിതികളുണ്ടെന്നും ഈ അധ്യായം വ്യക്തമാക്കുന്നു. പണ്ടുമുതലേ സൂക്ഷിക്കുന്ന പരമ്പരാഗതവസ്ത്രങ്ങളുടെ ഒരു ലൈബ്രറി തയാറാക്കിവരികയാണെന്നും ഇൗ അധ്യായത്തിലുണ്ട്. പാരമ്പര്യം തനതുരീതിയില്‍ കാത്തുസൂക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നു.
അധ്യായം അവസാനിപ്പിക്കുന്നതിങ്ങനെ: ” ഇന്ത്യയിലെ ജീവിക്കാന്‍ പാടുപെടുന്ന എണ്ണമറ്റ കലകളുടെയും കരകൗശലവേലകളുടെയും വിശാലവിതാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണു സ്ത്രീകളുടെ കൈയിലെ ചിത്രത്തുന്നല്‍. നമ്മുടെ രാജ്യത്തിന്റെ വിപുലമായൊരു നൈപുണ്യാടിത്തറ ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും അംഗീകരിക്കപ്പെടാതെ പോവുകയുമാണ്. തലമുറകളോളം പഴക്കമുള്ള പാരമ്പര്യം വഹിക്കുന്ന ആയിരക്കണക്കിനു നെയ്ത്തുകാരും മണ്‍പാത്രനിര്‍മാതാക്കളും മരപ്പണിക്കാരുമുണ്ടെങ്കിലും അവരൊക്കെ റോഡരികില്‍ അവിദഗ്ധതൊഴിലാളികളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ചിത്രത്തുന്നല്‍കൊണ്ടു സ്ത്രീകള്‍ക്കു തൊഴിലാളികളെന്ന നിലയിലും ഉല്‍പ്പാദകരെന്ന നിലയിലും സംരംഭകരെന്ന നിലയിലും സ്ഥാനമുറപ്പിക്കാനാവുമെങ്കില്‍ ഇന്ത്യയിലെ ഗ്രാമീണജനത നടത്തുന്ന നിശ്ശബ്ദമായ മറ്റു നിരവധി വിദഗ്ധ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കും അതു കഴിയും. അവയെ അവഗണിക്കുന്നതുകൊണ്ടു നമ്മുടെ രാജ്യത്തിനാണു നഷ്ടം.”
പശ ശേഖരിക്കുന്നവരും
സംഘടിക്കുന്നു
മുള്ളുകള്‍ നിറഞ്ഞ ഗണ്ടോബാവല്‍ എന്ന മരത്തില്‍നിന്നു പശ (കായ) ശേഖരിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും ഉപ്പുണ്ടാക്കി വിറ്റിരുന്ന സ്ത്രീകളെക്കുറിച്ചുമാണ് എട്ടാമധ്യായം. ചിത്രത്തുന്നല്‍ക്കാരികളില്‍നിന്നാണ് അവരെക്കാള്‍ ദരിദ്രരായ പശ ശേഖരിക്കുന്ന സ്ത്രീകളെക്കുറിച്ച് ഇള ഭട്ട് അറിഞ്ഞത്. മധുരപലഹാരങ്ങളിലെയും മറ്റും ചേരുവയാണ് ഈ പശ. പാകിസ്ഥാന്‍അതിര്‍ത്തിക്കടുത്തുള്ള ബനസ്‌കന്ദ പ്രദേശത്തെ അന്തര്‍നേഷ്, അയേവാള്‍ പ്രദേശങ്ങളിലാണു പശ ശേഖരിക്കുന്നവര്‍ താമസിച്ചിരുന്നത്. മുള്ളുകളുള്ളതുകൊണ്ട് ഇതു പറിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പ്രദേശം വനംവകുപ്പിന്റെതായതിനാല്‍ ഇതു ശേഖരിക്കുന്നതു നിയമവിരുദ്ധമായിരുന്നു. കാരണം, അതു വനവിഭവമാണ്. 1991 ല്‍ ‘സേവ’ പശ ശേഖരിക്കുന്നവരെ സംഘടിപ്പിച്ചു. അതിന്റെ ഫലമായി അവര്‍ക്കു ലൈസന്‍സും പശയ്ക്കു കുറെക്കൂടി വിലയും കിട്ടി. പിന്നീട് വനവിഭവ കോര്‍പറേഷന്‍ കിലോയ്ക്ക് 12 രൂപയ്ക്കുവരെ ഇതു വാങ്ങി. പക്ഷേ, സുഡാനില്‍നിന്നുള്ള പശ ഇറക്കുമതിമൂലം വിലയിടിഞ്ഞു. കോര്‍പറേഷന്‍ തുകയും കുറച്ചു. പശ സ്വതന്ത്രവിപണിയില്‍ വില്‍ക്കാന്‍ ‘സേവ’ അനുമതി ചോദിച്ചു. കിട്ടിയില്ല. എങ്കിലും, ‘സേവ’ അതു പൊതുകമ്പോളത്തില്‍ വിറ്റു. കിലോയക്ക് 23 രൂപ കിട്ടി. പിന്നീട് കേശുഭായ് പട്ടേല്‍സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ദേശീയതലത്തില്‍ വന്‍വ്യവസായികളെ സഹായിക്കാന്‍ ലൈസന്‍സ് സമ്പ്രദായവും വ്യാപാരനിയന്ത്രണങ്ങളും ഒഴിവാക്കുമ്പോള്‍ പാവപ്പെട്ട പശ ശേഖരണക്കാര്‍ക്കുമാത്രം എന്തിനു നിയന്ത്രണം എന്നായിരുന്നു ‘സേവ’യുടെ ചോദ്യം. ഒടുവില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചു. 2004 ല്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പശയ്ക്കു കിലോയ്ക്ക് 60 രൂപ വരെ കിട്ടി.
സുരേന്ദ്രനഗര്‍ ജില്ലയിലാണ് ഉപ്പുകര്‍ഷകരായ സ്ത്രീകള്‍ തൊഴിലെടുത്തിരുന്നത്. മണ്ണിനടിയില്‍ ഭൂഗര്‍ഭചാലുകളിലൂടെ കടല്‍വെള്ളം ഊറിയെത്തി ശേഖരിക്കപ്പെടുന്ന ഉപ്പ് കുഴിച്ചെടുത്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. മരുഭൂമിയിലെ കാലാവസ്ഥ കഠിനമായിരുന്നു. തീരെ കുറഞ്ഞ തുക മാത്രമാണ് ഈ കര്‍ഷകസ്ത്രീകള്‍ക്കു ലഭിച്ചിരുന്നത്. ഇവരുടെ കുട്ടികള്‍ക്കായി ക്രെഷെ സ്ഥാപിച്ചാണു ‘സേവ’ സഹായപ്രവര്‍ത്തനം ആരംഭിച്ചത്. ഉപ്പുണ്ടാക്കാനുള്ള ആരോഗ്യം ക്ഷയിച്ച നിരക്ഷരരായ ഒരുകൂട്ടം മധ്യവയസ്‌കകളെ അഹമ്മദാബാദില്‍നിന്നുള്ള ഒരു അധ്യാപികയെക്കൊണ്ട് അക്ഷരം പഠിപ്പിച്ച് അവരെക്കൊണ്ടാണു ക്രെഷെ നടത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുവന്നു. ‘സേവാ’ ബാങ്ക് വഴി വായ്പാ ആവശ്യങ്ങള്‍ കുറെയൊക്കെ നിര്‍വഹിച്ചു. 1998 ല്‍ ഗ്രാമവികസനക്കമ്മീഷണര്‍ ഡോ. കെ.എന്‍. ഷേലാറ്റ് ‘സേവ’ യെ കാര്യമായി സഹായിച്ചു. ഉപ്പുകര്‍ഷകര്‍ക്കു പരിശീലനം ആവശ്യമുണ്ടെന്ന് ഇള ധരിപ്പിച്ചു. വനിതാഉല്‍പ്പാദകസംഘങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമായിരുന്നു. ‘സേവ’ യും ഗുജറാത്ത് സര്‍ക്കാരും ഡി.ഡബ്ലിയു.സി.ആര്‍.എ.യും സംയുക്തമായി ‘സേവാ’ ഗ്രാം മഹിളാഹാറ്റ് (SEWA Gram Mahila Haat) എന്ന ഗ്രാമീണവനിതകളുടെ വിപണനവിഭാഗം രൂപവത്കരിച്ചു. ഇടനിലക്കാരെ ഒഴിവാക്കി ഉപ്പു വിറ്റു. ഡി.ഡബ്ലിയു.സി.ആര്‍.എ. കേന്ദ്ര ഉപ്പു-സമുദ്രഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഉപ്പുകര്‍ഷകര്‍ക്കു സാങ്കേതികസഹായം ലഭ്യമാക്കി. ഗ്രാംഹാറ്റിന്റെ ഉപ്പുപാടങ്ങളിലായിരുന്നു സാങ്കേതികപരിശീലനം. അങ്ങനെ വ്യാവസായികഉപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി.
പിന്നെപ്പിന്നെ മാറ്റങ്ങള്‍ അനിവാര്യമായി. ആ മാറ്റം ഇള വിവരിക്കുന്നു: ”കാലക്രമേണ സ്ത്രീകളും മാറുന്നു. പ്രായമാകുന്തോറും വനത്തില്‍പോക്കു കുറയുന്നു. മികച്ച വരുമാനംകൊണ്ട് വീട്ടില്‍ത്തന്നെ കഴിയാമെന്നായി. സാമ്പത്തികാശ്വാസമായതോടെ കുടുംബങ്ങള്‍ പശ ശേഖരിക്കാന്‍ കുട്ടികളെ വനത്തില്‍ വിടാതായി. പകരം, അവരെ സ്‌കൂളില്‍ പോകാന്‍ പ്രോത്സാഹിപ്പിച്ചു. സ്വാഭാവികമായും ചെറുപ്പക്കാരായ സ്ത്രീകള്‍ ജിവിതം പശശേഖരണത്തിനു ചെലവാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോഴത്തെ തലമുറയില്‍ ഈ കുറവുവരുന്നതോടെ പശ ശേഖരിക്കുന്നവരുടെ എണ്ണവും കുറയും.” 1976 മുതല്‍ അഹമ്മദാബാദിലെ കര്‍ഷകത്തൊഴിലാളിസ്ത്രീകള്‍ക്കിടയിലും ‘സേവ’ പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്കു മിനിമംവേതനം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്.
അണക്കെട്ട് വന്നു,
ഗ്രാമങ്ങള്‍ മുങ്ങി
സുഖി അണക്കെട്ട് നിര്‍മിച്ചപ്പോള്‍ വെളളത്തിലാണ്ട ഗ്രാമങ്ങളിലെ ആദിവാസികളുടെ പുനരധിവാസത്തില്‍ ‘സേവ’ പങ്കെടുത്ത കഥയാണ് ഒമ്പതാമധ്യായം. 1983 ല്‍ എട്ടു ഗ്രാമം മുഴുവനായും എട്ടു ഗ്രാമം ഭാഗികമായും വെള്ളത്തിലായി. നഷ്ടപരിഹാരവും പുനരധിവാസവും കടലാസില്‍മാത്രം. നടപ്പായതു തീരെ കുറവ്. ഒടുവില്‍, 1991 ല്‍ സംസ്ഥാന ജലസേചനവകുപ്പ് പുനരധിവാസത്തിനു സഹായിക്കണമെന്നു ‘സേവ’ യോട് അഭ്യര്‍ഥിച്ചു. ഇളയ്ക്കു ദേഷ്യമാണു വന്നത്. ദരിദ്രവിരുദ്ധനയങ്ങളുടെ പ്രത്യാഘാതം നേരിടാന്‍ എന്തിനു സഹായിക്കണം? എങ്കിലും, ‘സേവ’ യുടെ സംഘം പുനരധിവാസപ്രദേശം സന്ദര്‍ശിച്ചു. സര്‍വേ നടത്തി. ആദിവാസികളുടെ ദുരിതവും പുനരധിവാസത്തിലെ വെല്ലുവിളികളും വിശദമായി ഈ അധ്യായത്തിലുണ്ട്. ഇള പറയുന്നു: ”ലഭ്യമായ എല്ലാ സര്‍ക്കാര്‍സേവനവും ഗ്രാമങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കലായിരുന്നു ‘സേവ’ യുടെ ആദ്യചുമതല. കുട്ടികള്‍ക്കുള്ള ക്രെഷെകളും ഉച്ചഭക്ഷണവും മുതല്‍ ആരോഗ്യപരിചരണസംവിധാനം, സ്‌കൂളുകള്‍, വെള്ളം, വൈദ്യുതി, റോഡുകള്‍ എന്നിവവരെ എല്ലാം ഗ്രാമീണര്‍ക്കും പ്രാപ്യമാകണം.” അംബാ ബെന്‍ എന്ന ആദിവാസിസ്ത്രീയെയാണു ‘സേവ’ നേതൃത്വം ഏല്‍പ്പിച്ചത്. അവരുടെ കുടുംബത്തിനു നഷ്ടപരിഹാരം കിട്ടിയെന്നായിരുന്നു സര്‍ക്കാര്‍രേഖയെങ്കിലും കിട്ടിയിരുന്നില്ല. സ്ത്രീകളുടെ സംഘങ്ങള്‍ രൂപവത്കരിച്ചു മറ്റു ഗ്രാമങ്ങളില്‍ സ്ത്രീകള്‍ നടത്തുന്ന സംരംഭങ്ങള്‍ കൊണ്ടുപോയി കാണിച്ചു. പരിശീലനങ്ങളും കൊടുത്തു. അങ്ങനെ പച്ചക്കറിക്കൃഷിയും കോഴിവളര്‍ത്തലുമൊക്കെ തുടങ്ങി. പ്രവര്‍ത്തനങ്ങള്‍ക്കു ‘സുഖി മഹിളാമണ്ഡല്‍’ രൂപവത്കരിച്ചു. കവിതാ ബെന്നിനെപ്പോലെ അവിടത്തെ സ്ത്രീകളില്‍നിന്നു നേതൃത്വത്തിലേക്ക് ഉയര്‍ന്നവരെക്കുറിച്ച് ഒമ്പതാമധ്യായത്തില്‍ പറയുന്നുണ്ട്. കവിതാ ബെന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തിരഞ്ഞെടുപ്പില്‍ ജയിച്ചു. കവിതാ ബെന്നും കൂട്ടരും കരിങ്കല്‍ഖനന സഹകരണസംഘം രൂപവത്കരിച്ചു.
സ്ത്രീസംഘങ്ങളുടെ യോഗങ്ങളില്‍ സമ്പാദ്യം പഠിപ്പിക്കാന്‍ ‘സേവാ’ ബാങ്കിന്റെ സംഘാടക എപ്പോഴുമുണ്ടാകും. രണ്ടു വര്‍ഷംകൊണ്ടു സുഖി മഹിളാമണ്ഡല്‍ സ്വയംപര്യാപ്തമായി. പുസ്തകമെഴുതുന്ന കാലത്തു സങ്കേതിലെ 18,000 ആദിവാസിസ്ത്രീകളിലേക്കുകൂടി അതു പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. പിന്നീട് ഗോത്രവര്‍ഗക്കാരല്ലാത്ത സ്ത്രീകളെയും ചേര്‍ക്കാന്‍ തീരുമാനിച്ചു. എം.ബി.എ. ജയിച്ച രഞ്ജന്‍ ഭമോര്‍ എന്ന ആദിവാസിസ്ത്രീയായിരുന്നു അപ്പോള്‍ മണ്ഡല്‍ കോ-ഓര്‍ഡിനേറ്റര്‍.
ആഗോളീകരണത്തിന്റെ
കെടുതി
സാമ്പത്തികപരിഷ്‌കാരങ്ങളെക്കുറിച്ചാണു പത്താമധ്യായം. ആഗോളീകരണത്തോടെ തൊഴില്‍ലോകം മാറിയെങ്കിലും തൊഴില്‍നിയമങ്ങള്‍ പുരോഗമിച്ചില്ലെന്നും അവയുടെ പ്രസക്തിതന്നെ ഇല്ലാതാവുകയാണെന്നും ഇള പറയുന്നു. ”ആഗോളീകരണം എല്ലാ രംഗത്തും അതിക്രമിച്ചുകടക്കുകയാണ്. കോര്‍പ്പറേറ്റ്ശക്തി അതിവേഗം വര്‍ധിക്കുന്നു. നിരന്തരം പുതിയ നൈപുണ്യങ്ങള്‍ ആവശ്യമുള്ള അതിവേഗ സാങ്കേതികവിദ്യാമാറ്റങ്ങള്‍ പാവങ്ങളെ നിസ്സഹായരും അപര്യാപ്തരും സര്‍വവും നഷ്ടപ്പെട്ടവരുമാക്കുന്നു.” യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രവത്കരിക്കേണ്ടിയിരിക്കുന്നു. ദേശീയാതിര്‍ത്തികള്‍ക്കതീതമായി തൊഴിലാളിശൃംഖലകള്‍ സ്ഥാപിക്കാന്‍ ‘സേവ’ ശ്രമിക്കുന്നുണ്ട്. ഹോംനെറ്റ് (Home Net) അത്തരമൊന്നാണ്. ഐ.എല്‍.ഒ.യുമായി സഹകരിച്ചു രൂപവത്കരിച്ച അതു ഗൃഹാധിഷ്ഠിതതൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രചാരണം നടത്താനുള്ളതാണ്. ‘സേവ’ യ്ക്കു ദക്ഷിണാഫ്രിക്കയില്‍ ‘സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ യൂണിയന്‍’ (Self Employed Women’s Union – SEWU) എന്ന സഹോദരസംഘടനയുണ്ട്. തെരുവുകച്ചവടക്കാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് നെറ്റ് ഇന്റര്‍നാഷണലിന്റെ ആസ്ഥാനവും എസ്.ഇ.ഡബ്ലിയു.യു. ഓഫീസിലാണ്.
സ്ത്രീകളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചാല്‍ വേറിട്ട മാറ്റവും കൂടുതല്‍ സംയോജിതമായ വികാസവും കൊണ്ടുവരാമെന്നാണ്് ഇളയുടെ പക്ഷം. അവര്‍ പുസ്തകം അവസാനിപ്പിക്കുന്നതിങ്ങനെ: ” തൊഴിലിനു പല മാനങ്ങളുണ്ട്. നിരവധി അര്‍ഥതലങ്ങളുണ്ട്. അനവധി രൂപങ്ങളുണ്ട്. അര്‍ഥപൂര്‍ണമായ തൊഴിലിനു തൊഴിലാളിയെ സമ്പാദിക്കാനും സമതുലിതമായി ജീവിക്കാനും സഹായിക്കാനാവും. പക്ഷേ, ചിലയിനം തൊഴിലുകളെ മാത്രം (ആഗോള കമ്പോള സമ്പദ്‌വ്യവസ്ഥയ്ക്കിണങ്ങുന്ന തൊഴിലുകള്‍) പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണു ലോകമെങ്ങും. ആ സങ്കുചിതനിര്‍വചനത്തിലൊതുങ്ങാത്ത ഏതു തൊഴിലും ‘ഉല്‍പ്പാദനക്ഷമമല്ലെ’ന്ന കാരണത്താല്‍ ഒഴിവാക്കപ്പെടുകയോ മൂല്യം കുറച്ചുകാട്ടി തരംതാഴ്ത്തപ്പെടുകയോ ചെയ്യുന്നു. സാമ്പത്തികസിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ളതും നമ്മുടെ നയനിര്‍മാതാക്കള്‍ സ്വീകരിച്ചതുമായ ഈ തൊഴില്‍വീക്ഷണം ദിവസവും ലോകമാകെ ദശലക്ഷക്കണക്കിനു തൊഴിലാളികളുടെ അവകാശമാണു നിഷേധിക്കുന്നത്. ഭൂരിപക്ഷം തൊഴിലാളികളും തൊഴിലിന്റെ ഈ സമകാലനിര്‍വചനത്തിനു പുറത്തായ ഇന്ത്യയില്‍ ഒരുപക്ഷേ, നമ്മള്‍ ഒരു ചോദ്യം ചോദിക്കേണ്ട കാലമായി: എന്താണു കര്‍മഫലം?”
സഹകരണപ്രസ്ഥാനത്തിന്റെയും സ്ത്രീശക്തിയുടെയും പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥമാണിത്. ക്ഷീരവിപ്ലവപിതാവായ ഡോ. വര്‍ഗീസ് കുര്യന്‍ ഗുജറാത്തിലെ ആനന്ദില്‍ തുടക്കമിട്ട ‘അമുല്‍’ സഹകരണസമ്രാജ്യത്തിന്റെ വിജയകഥ ഏവര്‍ക്കുമറിയാം. അത്ര പ്രശസ്തമല്ലെങ്കിലും, ഗുജറാത്തിലെ ഉള്‍നാടന്‍ഗ്രാമങ്ങളിലെ സ്വയംതൊഴില്‍കണ്ടെത്തിയ നിരക്ഷരരായ ദരിദ്രസ്ത്രീകള്‍ക്കിടയില്‍ നടത്തിയ മറ്റൊരു സഹകരണവിപ്ലത്തിന്റെ കഥയാണ് അതിനു നേതൃത്വം നല്‍കിയ വനിതതന്നെ എഴുതിയ ഈ പുസ്തകം. ഇന്നു പ്രകീര്‍ത്തിക്കപ്പെടുന്ന ഗുജറാത്ത്‌മോഡല്‍ വികസനത്തിന്റെ പിന്നാമ്പുറത്ത് ഈ സ്ത്രീത്തൊഴിലാളിസമൂഹം നടത്തിയ സഹകരണാധ്വാനത്തിന്റെ ചോരയും കണ്ണീരുമുണ്ടെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ തോന്നുന്നു.
ഇളാഭട്ടിന്റെ പുസ്തകം നിറയെ ഗ്രന്ഥകാരിയെപ്പോലെ നേതൃപാടവം പ്രകടിപ്പിച്ച സ്ത്രീകളുടെ കഥകളുണ്ട്. അവസരവും മാര്‍ഗനിര്‍ദേശവും ധൈര്യവും നല്‍കിയാല്‍ അജ്ഞരായ സ്ത്രീകള്‍ക്കുപോലും നേതാക്കളാകാനും മാറ്റങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അവ തെളിയിക്കുന്നു.
( അവസാനിച്ചു ).
[mbzshare]