300 കോടി കവിഞ്ഞ് വായ്പ്പത്തുക
മുറ്റത്തെ മുല്ല മൂന്നാം വര്‍ഷത്തിലേക്ക്
(2021 ഏപ്രില്‍ ലക്കം)
കഴുത്തറുക്കുന്ന വട്ടിപ്പലിശക്കാരില്‍ നിന്നു സാധാരണക്കാരെ രക്ഷിക്കാന്‍ സഹകരണ ബാങ്കുകളുടെ മുന്‍കൈയോടെ കുടുംബശ്രീ വഴി തുടങ്ങിവെച്ച മുറ്റത്തെ മുല്ല എന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി പാലക്കാടന്‍ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞു. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന ഈ പദ്ധതിവഴി ഇതുവരെ മുന്നൂറു കോടിയിലധികം രൂപ വായ്പയായി ജനങ്ങള്‍ക്കു വിതരണം ചെയ്തുകഴിഞ്ഞു.
കേരളത്തിന്റെ സഹകരണ ചരിത്രത്തിനു കരുത്തും മികവും നല്കി പാലക്കാട് ജില്ലയില്‍ തുടങ്ങിയ ‘ മുറ്റത്തെ മുല്ല ‘ എന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വായ്പ്പത്തുകയില്‍ അഞ്ചിരട്ടിയോളം വര്‍ധന പ്രകടമാക്കി നാടാകെ സുസ്ഥിര സമ്പത്തിന്റെ സുഗന്ധം പരത്തുകയാണ്. കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്ഥാനങ്ങള്‍ – പ്രാഥമിക സഹകരണ ബാങ്കുകളും കുടുംബശ്രീയും – പരസ്പരം കൈകോര്‍ത്ത് നടപ്പാക്കിയ ഈ പദ്ധതി ‘സഹകരണത്തിലെ സഹകരണം’ കൊണ്ട് എത്രമേല്‍ സേവനത്തിനു ആഴം കണ്ടെത്താം എന്നതിന്റെ അന്വേഷണവും വിജയവുമായി മാറിക്കഴിഞ്ഞു.
തുടക്കം മണ്ണാര്‍ക്കാട്ട്
ആവശ്യക്കാരെ കണ്ടെത്തി അവരുടെ വീടുകളില്‍ ചെന്നു വായ്പ്പത്തുക നല്‍കുകയും തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യുന്ന പണമിടപാട് രീതി കുടുംബശ്രീയെ സഹകരിപ്പിച്ച് മുറ്റത്തെ മുല്ല എന്ന പേരില്‍ ആദ്യം നടപ്പാക്കിയത് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കാണ്. സാമൂഹിക പ്രതിബദ്ധതയുടെ വേരുകള്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള സഹകരണ പ്രസ്ഥാനവും സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്വല സംഘടനാ പാടവമുള്ള കുടുംബശ്രീയും ഒന്നിച്ചു ചേര്‍ന്നുള്ള ഈ ഗ്രാമീണ പണമിടപാട് സാധാരണക്കാര്‍ക്ക് വലിയ തോതില്‍ സമാശ്വാസമായി. 2018 ജൂണില്‍ മണ്ണാര്‍ക്കാട്ടു നടന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ പാലക്കാട് ജില്ലയിലാകെ പദ്ധതി വ്യാപിപ്പിച്ചു. അതേസമയം, പദ്ധതി സംസ്ഥാന വ്യാപകമായി നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും പാലക്കാട് ഒഴിച്ചുള്ള ജില്ലകളില്‍ കാര്യമായ പ്രവര്‍ത്തന പുരോഗതിയുണ്ടായില്ല. എന്നാല്‍, വട്ടിപ്പലിശക്കാരും സ്വകാര്യ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും കുരുക്കുന്ന കടക്കെണിയില്‍ നിന്നു സാധാരണക്കാരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മുറ്റത്തെ മുല്ലയ്ക്ക് പാലക്കാട്ട് വന്‍ സ്വീകാര്യതയും വളര്‍ച്ചയുമാണ് കണക്കില്‍ കാണിക്കുന്നത്.
ആവശ്യക്കാര്‍ക്കുള്ള വായ്പ്പത്തുക അവരുടെ വീട്ടുമുറ്റത്തു ചെന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്കുന്ന പണമിടപാട് രീതിയാണ് മുറ്റത്തെ മുല്ലക്കുള്ളത്. വായ്പാ വിതരണത്തിനായി കുടുംബശ്രീ യൂണിറ്റുകള്‍ക്കു സഹകരണ ബാങ്കുകള്‍ നല്കുന്ന തുകയ്ക്കു പലിശ ഒമ്പതു ശതമാനം. ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബശ്രീ അനുവദിക്കുന്ന തുകയ്ക്കു പലിശ 12 ശതമാനം. മൂന്നു ശതമാനം വരുന്ന അധികപ്പലിശത്തുക കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ളതാണ്. സാധാരണക്കാര്‍ക്കു കുറഞ്ഞ പലിശയില്‍ വായ്പ്പത്തുക വീട്ടില്‍ എത്തിക്കുമെന്ന ആശ്വാസത്തോടൊപ്പം കുടുംബശ്രീകള്‍ക്ക് ധനപരമായ കരുത്തു നേടാനും മുറ്റത്തെ മുല്ല ഉപകരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
പാലക്കാട് ജില്ലയിലെ 99 പഞ്ചായത്തുകളിലും ഇതിനകം പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. 87 സഹകരണ ബാങ്കുകളും 1870 കുടുംബശ്രീ യൂണിറ്റുകളും ചേര്‍ന്നാണ് ഇതു സാധ്യമാക്കിയതെന്നു പാലക്കാട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) അനിത.ടി. ബാലന് പറഞ്ഞു. പദ്ധതി തുടങ്ങിയ ആദ്യവര്‍ഷം കുടുംബശ്രീ യൂണിറ്റുകള്‍ അംഗങ്ങള്‍ക്കായി നല്കിയ വായ്പ്പത്തുക 70 കോടി രൂപയായിരുന്നെങ്കില്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ അത് 326 കോടി രൂപയിലെത്തി. ഒരു ലക്ഷത്തിലേറെ വരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് വായപ്പത്തുക നല്‍കിയത്.
സഹകരണ ബാങ്കുകള്‍ 302 കോടി രൂപയാണ് ഇതിനകം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറിയത്. കൈവശമുള്ള തുകയും ചേര്‍ത്താണ് കുടുംബശ്രീ യൂണിറ്റുകള്‍ അംഗങ്ങള്‍ക്ക് വായ്പ നല്‍കുക. ഇങ്ങനെ നല്കിയ തുകയുടെ തിരിച്ചടവ് മികവാര്‍ന്ന രീതിയിലാണെന്നത് ബാങ്കുകളുടെയും വായ്പാ രംഗത്തെ പരിപോഷിപ്പിക്കുന്നു. വായ്പയുടെ 79 ശതമാനവും ബാങ്കുകള്‍ക്ക് തിരിച്ചു ലഭിച്ചിട്ടുണ്ട്.
കൊള്ളപ്പലിശ ഇല്ലാത്ത മങ്കര
മുറ്റത്തെ മുല്ലയുടെ ആദ്യവര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ സര്‍ക്കാര്‍ മറ്റൊരു നിര്‍ണായക ചുവടുവെപ്പ് കൂടി നടത്തിയിരുന്നു. സംസ്ഥാനത്തെ കൊള്ളപ്പലിശരഹിത പഞ്ചായത്തായി മങ്കര ഗ്രാമത്തെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അത്. മുറ്റത്തെ മുല്ലയുടെ നടത്തിപ്പിനൊപ്പം മങ്കര സര്‍വീസ് സഹകരണ ബാങ്ക് മുന്‍കയ്യെടുത്ത് ഗ്രാമത്തില്‍ ഒരു പഠനം നടത്തി. 14 വാര്‍ഡുകളിലായി താമസിക്കുന്ന പതിനെട്ടായിരം വരുന്ന ജനങ്ങളുടെ അകെ വായ്പാ ബാധ്യത 20 കോടി രൂപയാണെന്നു പഠനത്തില്‍ കണ്ടെത്തി. ഇതില്‍ സഹകരണ-പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ വിഹിതം വെറും 3.55 കോടി രൂപ മാത്രം. ഒരു ചെറുഗ്രാമത്തില്‍ 16 കോടിയിലേറെ രൂപയുടെ വായ്പാ വ്യാപ്തിയുള്ള സ്വകാര്യ ചെറുകിട വായ്പാ സ്ഥാപനങ്ങള്‍ കൊള്ളപ്പലിശയുടെ വല കൂടുതല്‍ ആഴവട്ടത്തില് വിരിക്കാന്‍ ശ്രമിക്കുകയാണെന്നും പഠനത്തില്‍ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ മങ്കര സര്‍വീസ് സഹകരണ ബാങ്ക് വലിയൊരു ജനകീയ ദൗത്യം എന്ന നിലയില്‍ മുറ്റത്തെ മുല്ല പദ്ധതി വിപുലീകരിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് കൊള്ളപ്പലിശരഹിത പഞ്ചായത്തെന്ന പ്രഖ്യാപനമുണ്ടായത്. ഇപ്പോള്‍ 140 കുടുംബശ്രീ യൂണിറ്റുകള്‍ മങ്കര പഞ്ചായത്തില്‍ മുറ്റത്തെ മുല്ല പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെന്നു സഹകരണ ബാങ്ക് സെക്രട്ടറി പി. ബാബു പറഞ്ഞു. ഇതുവരെ 21 കോടിയോളം രൂപ വായ്പയായി യൂണിറ്റുകള്‍ക്കു നല്കി. അഞ്ചു കോടി രൂപ മാത്രമാണ് തിരിച്ചടവ് ബാക്കിയുള്ളത്. ആറായിരത്തോളം വനിതകള്‍ മുറ്റത്തെ മുല്ലയുടെ ഗുണഭോക്താക്കളായെന്നതാണ് പദ്ധതിയുടെ വിജയമെന്നു ബാബു ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകള്‍ക്കും വരുമാനം
സാമൂഹിക പ്രതിബദ്ധതയുള്ള മുറ്റത്തെ മുല്ല വായ്പാ പദ്ധതി ബാങ്കുകള്‍ക്കു നല്ലൊരു വരുമാന മാര്‍ഗം കൂടിയാണെന്നു പദ്ധതിയുടെ ആസൂത്രകനായ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന് പറയുന്നു. കോവിഡ് കാലത്തുപോലും മറ്റേതു വായ്പയെക്കാളും തിരിച്ചടവ് കൃത്യമായ പദ്ധതിയാണിത്. മാസം തോറും പലിശത്തുക തിരിച്ചു ലഭിക്കുന്നു എന്നത് ബാങ്കിന്റെ സാമ്പത്തിക ഭദ്രത കൂട്ടുന്നുമുണ്ട്. പദ്ധതി ആദ്യം നടപ്പാക്കിയ മണ്ണാര്‍ക്കാട് ബാങ്ക് ഇതിനകം 222 കുടുംബശ്രീകള്‍ക്കായി 14 കോടിയോളം രൂപയാണ് വായ്പ നല്‍കിയത്. കുടുംബശ്രീകള്‍ ഈ തുകയും ലാഭവിഹിതവും ചേര്‍ത്ത് 43 കോടിയിലേറെ രൂപ അംഗങ്ങള്‍ക്കായി വിതരണം ചെയ്തു. പതിമൂവായിരത്തോളം പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത് .
വിവാഹം, ചികിത്സ, ഉപരിപഠനം, വീടുനിര്‍മാണം തുടങ്ങി ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് മുറ്റത്തെ മുല്ല നാട്ടില്‍ വലിയൊരാശ്വാസമാണെന്നു മണ്ണാര്‍ക്കാട് തെങ്കര സി.ഡി.എസ്. ചെയര്പേഴ്സന് ഉഷസ് പറയുന്നു. ആദിവാസി മേഖലയായ അട്ടപ്പാടിയോട് ചേര്‍ന്നു കിടക്കുന്ന തെങ്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാഞ്ഞിരവല്ലിയെ സംസ്ഥാനത്തെ ആദ്യത്തെ കൊള്ളപ്പലിശരഹിത വാര്‍ഡാക്കാന്‍ നേതൃത്വം നല്‍കിയത് ഉഷസ്സാണ് . ഈ വാര്‍ഡില്‍ നിന്നു വട്ടിപ്പലിശക്കാരെ തുരത്താന്‍ ഇവിടത്തെ ജനങ്ങളുടെ മുഴുവന്‍ വായ്പാ ബാധ്യത തീര്‍ക്കാനായി മണ്ണാര്‍ക്കാട് ബാങ്ക് 35 ലക്ഷം രൂപ കുടുംബശ്രീക്ക് അനുവദിക്കുകയുണ്ടായി. ഇന്നു തെങ്കര പഞ്ചായത്തില്‍ ജനങ്ങളുടെ വായ്പകളില്‍ 90 ശതമാനവും മുറ്റത്തെ മുല്ല വഴിയാണെന്നു ഉഷസ് അടിവരയിട്ടു പറയുന്നു.
[mbzshare]