2021-22ലെ ഓഡിറ്റിലും കുടിശ്ശികവായ്പക്കും പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവ്

Deepthi Vipin lal

കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021-22 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റിലും കുടിശ്ശികവായ്പയ്ക്കും പലിശയ്ക്കും കരുതല്‍ വെക്കുന്നതില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. 2019-20, 2020-21 വര്‍ഷങ്ങളിലും കരുതല്‍ വെക്കുന്നതില്‍ ഇതേപോലെ ഇളവനുവദിച്ചിരുന്നു.

ആള്‍ജാമ്യത്തില്‍ നല്‍കിയിട്ടുള്ള ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷംവരെയുള്ള കുടിശ്ശികയായ വായ്പകള്‍ക്കു നിഷ്‌കര്‍ഷിച്ചിരുന്ന 10 ശതമാനം കരുതല്‍ 7.5 ശതമാനമാക്കി കുറവു വരുത്തിവേണം ഓഡിറ്റ് പൂര്‍ത്തിയാക്കാനെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. വസ്തുജാമ്യത്തില്‍ നല്‍കിയിട്ടുള്ള മൂന്നു വര്‍ഷം മുതല്‍ ആറു വര്‍ഷംവരെയുള്ള കുടിശ്ശികയായ വായ്പകള്‍ക്കു നിലവിലുള്ള 50 ശതമാനം കരുതല്‍ 30 ശതമാനമാക്കി കുറവു വരുത്തണം. ആള്‍ജാമ്യത്തില്‍ നല്‍കിയിട്ടുള്ള മൂന്നു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെയുള്ള കുടിശ്ശികയായ വായ്പകള്‍ക്കു നിഷ്‌കര്‍ഷിച്ചിരുന്ന 100 ശതമാനം കരുതല്‍ 80 ശതമാനമായി കുറവു വരുത്തി ഓഡിറ്റ് പൂര്‍ത്തിയാക്കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ 2007 ഒക്ടോബര്‍ പത്തിലെ 40 / 2007 സര്‍ക്കുലറനുസരിച്ച് കുടിശ്ശികപ്പലിശയ്ക്കു 100 ശതമാനം കരുതലാണു വെക്കേണ്ടത്. എന്നാല്‍, 2021-22 വര്‍ഷത്തെ അവസാനത്തെ മൂന്നു മാസത്തെ കുടിശ്ശികപ്പലിശയെ കരുതല്‍ വെക്കുന്നതില്‍ നിന്നു ഒഴിവാക്കേണ്ടതാണെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

2021-22 വര്‍ഷത്തെ ഓഡിറ്റില്‍ വായ്പാ കുടിശ്ശികയ്ക്കും വായ്പയിന്മേലുള്ള പലിശക്കുടിശ്ശികയ്ക്കും കരുതല്‍ വെക്കുന്നതില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ 2007 ഒക്ടോബര്‍ പത്തിലെ 40 / 2007 സര്‍ക്കുലര്‍പ്രകാരം കരുതല്‍ വെക്കുന്നതുകൊണ്ടുമാത്രം 2021-22 വര്‍ഷം നഷ്ടം കാണിക്കുന്ന സംഘങ്ങള്‍ക്കാണു ബാധകമാക്കേണ്ടതെന്നു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു. അപ്രകാരമല്ലാത്ത സംഘങ്ങള്‍ക്കു 40 / 2007 സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍തന്നെ തുടരണം.

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്തതുമായ സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും എല്ലാത്തരം വായ്പകള്‍ക്കും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാക്കാവുന്നതാണെന്നു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു. 2021-22 വര്‍ഷത്തെ ഓഡിറ്റ് ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണു പൂര്‍ത്തിയാക്കേണ്ടതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണെന്നും രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനവും തുടര്‍ന്നുള്ള അടച്ചിടലും സംസ്ഥാനത്തെ ഉല്‍പ്പാദന-വ്യാപാര മേഖലകളിലുണ്ടാക്കിയ ആഘാതം വായ്പാ സഹകരണ സംഘങ്ങളിലെ വായ്പാതിരിച്ചടവില്‍ വലിയ കുറവുണ്ടാക്കുകയും വായ്പാ കുടിശ്ശികയും പലിശക്കുടിശ്ശികയും വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും നിലവിലെ മാനദണ്ഡമനുസരിച്ച് ഓഡിറ്റില്‍ കരുതല്‍ വെക്കുമ്പോള്‍ സംഘങ്ങള്‍ ഭീമമായ നഷ്ടത്തിലാവുമായിരുന്നു. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ 2019-20, 2020-21 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റില്‍ കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതിനു ഇളവുകള്‍ അനുവദിച്ചിരുന്നു. 2021-22 ലും ഈ ഇളവുകള്‍ അനുവദിക്കണമെന്ന സഹകാരികളുടെ ആവശ്യം അംഗീകരിക്കാമെന്നു സഹകരണ ഓഡിറ്റ് ഡയരക്ടര്‍ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published.