അര്‍ബന്‍ ബാങ്കുകളുടെ ഭവന വായ്പാപരിധി കൂട്ടിയ റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പുറത്തിറക്കി
പ്രൈമറി അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഭവനവായ്പാ പരിധി ഇരട്ടിയാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങളടങ്ങിയ മാസ്റ്റര്‍ സര്‍ക്കുലര്‍ ജൂണ്‍ 23 വ്യാഴാഴ്ച പുറത്തിറക്കി ( Circular No. RBI / 2022-2023 / 76. DOR CRE REC. No. 49 / 09. 22.010 / 2022-23 ).
അര്‍ബന്‍ ബാങ്കുകളുടെയും ഗ്രാമീണ സഹകരണ ബാങ്കുകളുടെയും ( സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ) ഭവനവായ്പാപരിധി വര്‍ധിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണു റിസര്‍വ് ബാങ്ക് ഉത്തരവിട്ടത്. പതിനൊന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണു ഭവന വായ്പാപരിധി കൂട്ടിയത്. വീടു നിര്‍മാണച്ചെലവു കൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി.
ഭവനനിര്‍മാണ പദ്ധതികള്‍ക്കു, പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്കു, വായ്പ അനുവദിക്കുന്നതില്‍ രാജ്യത്തെ അര്‍ബന്‍ ബാങ്കുകള്‍ക്കു പ്രധാന പങ്കു വഹിക്കാനുണ്ടെന്നു റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. വന്‍തോതില്‍ മിച്ചഫണ്ടുള്ള വന്‍കിട അര്‍ബന്‍ ബാങ്കുകള്‍ക്കു ഭവനപദ്ധതികള്‍ക്കായി കൂടുതല്‍ വായ്പ നല്‍കാമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
ആരെല്ലാമാണു വായ്പകള്‍ക്കു അര്‍ഹരായിട്ടുള്ളത് എന്നു റിസര്‍വ് ബാങ്ക് മാസ്റ്റര്‍ സര്‍ക്കുലറില്‍ നിര്‍വചിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍, ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍ എന്നിവയ്ക്കും വായ്പ അനുവദിക്കാം. അതുപോലെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കും ( EWS ) താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങള്‍ക്കും ( LIG ), ഇടത്തരം വരുമാനമുള്ള വിഭാഗങ്ങള്‍ക്കുമായി ( MIG ) ഹൗസിങ് ബോര്‍ഡുകള്‍ ഏറ്റെടുത്തു നടത്തുന്ന പ്രോജക്ടുകള്‍ക്കും വായ്പകള്‍ അനുവദിക്കാം. പുതുക്കിപ്പണിയാനോ അറ്റകുറ്റപ്പണി നടത്താനോ താല്‍പ്പര്യപ്പെടുന്ന വീട്ടുടമകള്‍ക്കും ഫ്‌ളാറ്റുടമകള്‍ക്കും വായ്പ അനുവദിക്കാം. മുകളില്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വീടു നിര്‍മിക്കാനും വാങ്ങാനും റിപ്പേര്‍ ചെയ്യാനും വായ്പ നല്‍കാം. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കായി വീടുകളും ഹോസ്റ്റലുകളും നിര്‍മിക്കുന്ന പദ്ധതികള്‍ക്കും ചേരി നിര്‍മാര്‍ജന പദ്ധതികളിലെ ചേരിനിവാസികള്‍ക്കും വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഭവന വായ്പക്ക് അര്‍ഹതയുണ്ടാകും. ഹൗസിങ് കോളണികളിലെ താമസക്കാര്‍ക്കായുള്ള ഷോപ്പിങ് കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ പണിയാനും വായ്പകള്‍ അനുവദിക്കാം.
ടയര്‍ – 1 വിഭാഗത്തില്‍പ്പെട്ട അര്‍ബന്‍ ബാങ്കുകള്‍ക്കു പരമാവധി 60 ലക്ഷം രൂപവരെ വ്യക്തികള്‍ക്കു വായ്പ അനുവദിക്കാം. ടയര്‍ – 2 ബാങ്കുകള്‍ക്കു ഈ പരിധി 1.4 കോടി രൂപവരെയാണ്. ഭവനവായ്പകള്‍ തിരിച്ചടയ്ക്കാനുള്ള പരമാവധി സമയപരിധി 20 വര്‍ഷമാണ്.