സോഫ്റ്റ് വെയര്‍ ഏകീകരണം; ഇഫ്ടാസിനെ ഒഴിവാക്കുന്നു

[email protected]

പ്രാഥമിക സഹകരണ ബാങ്കുകളിലെ സോഫ്റ്റ് വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്ടാസില്‍നിന്ന് മാറ്റിയേക്കും. എല്ലാ സോഫ്ട് വെയര്‍ കമ്പനികള്‍ക്കും അവസരം നല്‍കി താല്‍പര്യപത്രം ക്ഷണിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതാണ് വിവരം. ടെണ്ടറിലൂടെ മാത്രമേ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള കരാര്‍ നല്‍കേണ്ടതുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, ഇഫ്ടാസിന്റെ പ്രപ്പോസല്‍ പരിഗണിച്ച് അവരുമായി ചര്‍ച്ച നടത്താന്‍ ഐ.ടി. സെക്രട്ടറിയേയും സഹകരണസംഘം രജിസ്ട്രാറെയും ചുമതലപ്പെടുത്തിയുള്ള ഉത്തരവ് പിന്‍വലിച്ചിട്ടില്ല.

ടെണ്ടര്‍ പോലുമില്ലാതെ ഇഫ്ടാസിന് കരാര്‍ നല്‍കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഇഫ്ടാസ് ഐ.ഡി.ആര്‍.ബി.ടി.യുടെ സബ്‌സിഡയറി കമ്പനിയാണെന്നും ടെണ്ടറില്‍ പങ്കെടുക്കാറില്ലെന്നുമാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചത്. പക്ഷേ, ഇഫ്ടാസ് ഇതുവരെ സ്വന്തമായി സോഫ്റ്റ് വെയര്‍ തയ്യാറാക്കി എവിടെയും സ്ഥാപിച്ചിട്ടില്ലെന്ന ആരോപണത്തിന് കൃത്യമായ വിശദീകരണം നല്‍കാനായതുമല്ല. സഹകരണ ബാങ്കുകളെ ദോഷകരമായ ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന ഉറപ്പ് മന്ത്രി നല്‍കിയിരുന്നു.

സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പരിശോധിച്ചതായാണ് വിവരം. ഇഫ്ടാസിനെ സോഫ്റ്റ് വെയര്‍ ചുമതല ഏല്‍പിച്ചാല്‍ പ്രാഥമിക ബാങ്കുകള്‍ അതിനെ എതിര്‍ത്ത് കോടതിയെ സമീപിക്കാനുള്ള തീരുമാനമെടുത്തതും വിഷയം ഗൗരവത്തോടെ പരിഗണിക്കാന്‍ കാരണമായി. പ്രാഥമിക ബാങ്കുകളുടെ സാങ്കേതിസംവിധാനം ഉയര്‍ത്തി ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ക്ക് ഇവര്‍ക്ക് ലഭ്യമാക്കുകയുമാണ് കേരളബാങ്കിലൂടെയും സോഫ്റ്റ് വെയര്‍ ഏകീകരണത്തിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇഫ്ടാസിലൂടെ ഇത് നടപ്പാക്കിയാല്‍ കേരളബാങ്കിന്റെ പ്രവര്‍ത്തന ലക്ഷ്യത്തെ പോലും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാറിന്റെ വിലയിരുുത്തൽ അതുമാത്രവുമല്ല, കേരളത്തിലെ 1642 പ്രാഥമിക സഹകരണ ബാങ്കുകളിലെയും സോഫ്റ്റ് വെയര്‍ മാറ്റേണ്ടിയും വരും.

ഇതോടെയാണ് എല്ലാ സാങ്കേതിക വശവും പരിശോധിച്ച് റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍(ആര്‍.എഫ്.പി.) ക്ഷണിക്കാന്‍ സര്‍ക്കാര്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടത്. ഇതിന്റെ മാനദണ്ഡം പാലിക്കാനാകുന്ന സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കെല്ലാം പങ്കെടുക്കാനാകും. സഹകരണ മേഖലയിലുള്ളതും സഹകരണ സ്ഥാപാനങ്ങളുടെ പ്രവര്‍ത്തനം പഠിച്ച് അതില്‍ വൈദഗ്ധ്യമുള്ളതുമായ സോഫ്റ്റ് വെയര്‍ കമ്പനികള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് അവസരം ലഭിക്കുന്നതോടെ നിലവിലെ സോഫ്റ്റ് വെയറുകള്‍ മുഴുവനായും മാറ്റാതെ ഏകീകരണം സാധ്യമാക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News