സെക്‌ഷൻ 194N – തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ മദ്രാസ് ഹൈ കോടതിയുടെ വിധി – ഒരു അവലോകനം
സെക്‌ഷൻ 194N – തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ മദ്രാസ് ഹൈ കോടതിയുടെ വിധി – ഒരു അവലോകനം -2
(ശിവദാസ് ചേറ്റൂർ, ചാർട്ടേർഡ് അക്കൗണ്ടന്റ് , പാലക്കാട്)
11. തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ 5 വാദഗതികൾ കോടതിക്ക് മുമ്പിൽ നിരത്തിയിരുന്നു എന്ന് കഴിഞ്ഞ ലക്കത്തിൽ ഞാൻ പറഞ്ഞിരുന്നല്ലോ. കോടതി പരിഗണിച്ച പ്രസക്തമായ ചില വാദങ്ങൾ മാത്രം ഞാൻ ഇവിടെ ചുരുക്കി പറയാം.
സ്വാഭാവിക നീതി നിഷേധം
12. ഉത്തരവ് പാസാക്കുന്നതിന് മുൻപ് ബാങ്കിന് അതിന്റെ കാര്യങ്ങ്ൾ TDS ഓഫീസർക്ക് മുന്നിൽ അവതരിപ്പിക്കാൻ മതിയായ ഒരു അവസരം നൽകിയില്ലെന്ന് ബാങ്കിന് വേണ്ടി ഹാജറായ വക്കീൽ വാദിച്ചു. വെറും ഒരാഴ്ചയാണ് ബാങ്കിന് ആദായ നികുതി വകുപ്പ് സമയം അനുവദിച്ചത്. ഇത് തീർത്തും അപര്യാപ്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. TDS ഓഫീസർ ആവശ്യത്തിൽ കവിഞ്ഞ തിരക്കു കാണിച്ചു ഉത്തരവ് പുറപ്പെടുവിക്കാനുള്ള ഒരു സാഹചര്യം ഈ കേസ്സിലില്ല. വലിയ നികുതി ബാധ്യത വരുന്ന കേസ് ആയതുകൊണ്ട് അതിന്റെ അനന്തര ഫലങ്ങൾ വളരെ വലുതാണെന്നു കോടതി പറഞ്ഞു. അതുകൊണ്ടു മതിയായ അവസരം കൊടുക്കാതെ തിടുക്കത്തിൽ പാസ്സാക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.
പാക്‌സ് ചെയ്യുന്നത് ബാങ്കിങ് ബിസിനസ് അല്ല
13. ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ പാക്‌സ് ബാങ്കിങ് ബിസിനസ് ചെയ്യുന്ന സൊസൈറ്റി ആയതുകൊണ്ട് സെക്‌ഷൻ 194N ബാധകമല്ലെന്ന് വാദിച്ചു. എന്നാൽ ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ വക്കീൽ അതിനെ വളരെ ശക്തമായി എതിർത്ത് വാദിച്ചപ്പോൾ ബാങ്കിന്റെ അഭിഭാഷകൻ തന്നെ ആ വാദം ഉപേക്ഷിച്ചതായി വിധിന്യായം വായിക്കുമ്പോൾ വ്യക്തമാവുന്നുണ്ട്. അത് ശരിയാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം.
സർക്കാർ ഉത്തരവ് ലംഘനം പാടില്ല
14. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 26-11-2019 ഇലെ ഉത്തരവ് പ്രകാരം തമിഴ്‌നാട് സർക്കാർ 2363.13 കോടി രൂപ പൊങ്കലിന് അനുവദിച്ചു. ഈ സംഖ്യ നോഡൽ ഏജൻസിയായ സിവിൽ സപ്ലൈസ് കോര്പറേഷൻ തിരുനെൽവേലി ബാങ്ക് പോലെ ഉള്ള സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കുകളിൽ ക്രെഡിറ്റ് ചെയ്തു. പാക്‌സ് ഈ തുക തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ ബാങ്കിൽ നിന്നും ക്യാഷ് ആയി പിൻവലിച്ച ശേഷം ആയിരം രൂപ വീതം കാർഡ് ഉടമകൾക്ക് കൊടുത്തു. ഈ ആയിരം രൂപയിൽ നിന്നും എങ്ങനെ നികുതി പിടിക്കും എന്ന് കോടതി ചോദിച്ചു. ആയിരം രൂപ പാവപ്പെട്ടവർക്ക് കൊടുക്കാൻ സർക്കാർ ഏല്പിച്ചാൽ ആ സംഖ്യ മുഴുവനും കൊടുക്കാനുള്ള ബാധ്യത എല്ലാര്ക്കും ഇല്ലേ? സർക്കാറിനും അന്തിമ സ്വീകർത്താക്കൾക്കും ഇടയിലെ ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു തിരുനെൽവേലി ബാങ്കും പാക്‌സും. അതിനാൽ ദാനമായി അല്ലെങ്കിൽ ഗിഫ്റ് ആയി കൊടുക്കുന്ന ഈ ആയിരം രൂപയിൽ നിന്ന് നികുതി ആയി 2 ശതമാനം പിടിക്കാൻ ആവശ്യപ്പെടാൻ ഒരു ന്യായവും ഇല്ലെന്നു കോടതി വിധിച്ചു. അങ്ങനെ നികുതി പിടിച്ചാൽ അത് സർക്കാർ ഉത്തരവിന്റെ ലംഘനം ആവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. വളരെ പ്രസക്തമായ ഈ വാദം സ്വീകരിക്കാതെ പോയത് വലിയ തെറ്റായിപ്പോയി എന്ന് കോടതി പറഞ്ഞു.
പാക്‌സ് ബിസിനസ് കറസ്പോണ്ടന്റ് ആണോ ?
15. മേല്പറഞ്ഞ സാഹചര്യത്തിൽ പാക്‌സ് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കുകളുടെ “ബിസിനസ് കറസ്പോണ്ടന്റ്” ആയി കണക്കാക്കണം എന്ന വാദം കോടതി സ്വീകരിച്ചു എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. കേരളത്തിലെ പാക്‌സ് വഴി വിതരണം ചെയ്യുന്ന കാർഷിക പെൻഷൻ പോലുള്ള സംഖ്യക്കുമേൽ 194N വകുപ്പ് പ്രയോഗിക്കരുതെന്നു പാക്സ്നു വാദിക്കാൻ ഈ മദ്രാസ് ഹൈ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാണിക്കാം എന്ന് ഞാൻ കരുതുന്നു.
സെക്‌ഷൻ 201 എപ്പോൾ പ്രയോഗിക്കണം ?
16. സാമ്പത്തിക വർഷം അവസാനിക്കും മുൻപ് തന്നെ തിരുനെൽവേലി ബാങ്കിന് മേൽ 201 വകുപ്പുപ്രകാരം നികുതി ബാധ്യത ചുമത്തിയത് ന്യായികരിക്കാൻ ആവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ക്യാഷ് ആയി പിൻവലിക്കുന്ന ആൾ ആ സംഖ്യ തന്റെ നികുതി റിട്ടേൺ ഇൽ കാണിച്ചിട്ടുണ്ടെങ്കിൽ സെക്‌ഷൻ 201 പ്രകാരം നികുതി തിരുനെൽവേലി ബാങ്കിൽ നിന്നും ഈടാക്കാൻ ആവില്ല. അങ്ങനെയെങ്കിൽ പണം ക്യാഷ് ആയി പിൻവലിച്ച ആൾ നികുതി റിട്ടേൺ കൊടുക്കുംമുമ്പ് എങ്ങനെ ബാങ്കിൽ നിന്നും നികുതി ആവശ്യപ്പെടും? ഈ വാദം കോടതി വളരെ അനുഭാവപൂർവം പരിഗണിച്ചതായി കാണുന്നു.
തുടരും…….