സഹ കിരണ്‍ പദ്ധതി ലോഗോ പ്രകാശനം ചെയ്തു
ഊര്‍ജ സംരക്ഷണം സ്വന്തം ഉത്തരവാദിത്വമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി വിഭാവനം ചെയ്ത സഹകിരണ്‍ പദ്ധതിയുടെ ലോഗോ പ്രകാശനം തലശേരി പ്രസ് ഫോറം ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി നിര്‍വ്വഹിച്ചു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ഊര്‍ജ സംരക്ഷണ മേഖലയ്ക്കായി കതിരൂര്‍ ബാങ്ക് കാഴ്ചവയ്ക്കുന്ന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍പറഞ്ഞു. നിത്യജീവിതത്തിന്റെ സുഖവും സുഗമവുമായ പ്രയാണത്തിന് ഊര്‍ജ്ജസംരക്ഷണം അനിവാര്യമാണെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു.
സഹ കിരണ്‍ പദ്ധതി തലശ്ശേരി താലൂക്കിലും കതിരൂര്‍ ബാങ്കിന്റെ 11 ബ്രാഞ്ചുകളിലും നടപ്പിലാക്കുമെന്നും ശ്രീജിത്ത് ചോയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗരോര്‍ജ്ജ റാന്തലുകള്‍, വിളക്കുകള്‍, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ ബാങ്ക് സാമ്പത്തിക സഹായം നല്‍കും. ഈ മാസം 21 മുതല്‍ മെഗാ വിപണനമേള ഹെഢാഫീസ് പരിസരത്ത് ഒരുക്കും. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ 3 ലക്ഷം രൂപ വരെ പത്ത് ശതമാനം പലിശയില്‍ കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് വായ്പ അനുവദിക്കും.
സൗരോര്‍ജ്ജ രംഗത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനായി സഹകരണ എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരവും മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. സൌരോര്‍ജ്ജം ഉപയോഗിക്കുക വഴി ഇലക്ട്രിസിറ്റി ലാഭിക്കുകയും വൈദ്യുതി ബില്ലില്‍ കുറവുണ്ടാക്കുകയും ചെയ്യുന്ന കതിരൂര്‍, എരഞ്ഞോളി, എരുവട്ടി, കതിരൂര്‍, എരഞ്ഞോളി, എരുവട്ടി വില്ലേജുകളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവാര്‍ഡുകളും ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സിക്രട്ടറി പി.എം.ഹേമലത, ഡയറക്ടര്‍മാരായ കെ.സുരേഷ്, പി.പ്രസന്നന്‍ എനിവര്‍ പങ്കെടുത്തു.