സഹകാരികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം
സഹകരണമേഖലയെ ഇല്ലാതാക്കി കേരളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ സഹകാരികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ സഹകരണ സംരക്ഷണസദസ് അഭ്യര്‍ഥിച്ചു. ആലപ്പുഴ എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സദസ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍ നാസര്‍ ഉദ്ഘാടനംചെയ്തു. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പി ഷാജി മോഹന്‍ അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണന്‍ കടുത്തുരുത്തി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹകരണ യൂണിയന്‍ അംഗം എ ഡി കുഞ്ഞച്ചന്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി മനു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കോശി അലക്സ് സ്വാഗതവും പി യു ശാന്താറാം നന്ദിയും പറഞ്ഞു.