സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡുവഴി പലിശ രഹിത വായ്പയ്ക്ക് ശുപാര്‍ശ

moonamvazhi

പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് രക്ഷാധനസഹായം ഉറപ്പാക്കാന്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന് കീഴില്‍ പ്രത്യേക സ്‌കീം തയ്യാറാക്കുന്നു. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍നിന്ന് പലിശ രഹിതമായി നിശ്ചിതകാലത്തേക്ക് സഹായം നല്‍കാനുള്ളതാണ് പദ്ധതി. ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനാവശ്യമായ വിധത്തില്‍ നിക്ഷേപ ഗ്യാരന്റി ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനുള്ള ഗ്യാരന്റി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്താന്‍ നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ പ്രശ്‌നങ്ങള്‍ ആ സ്ഥാപനത്തെ ആകെ പിടിച്ചുലച്ചപ്പോഴാണ് ബോര്‍ഡിന്റെ ഇടപെടല്‍ കാര്യക്ഷമാക്കാനുള്ള കാര്യം പരിശോധിച്ചത്. ഇതിനായി മൂന്നംഗ സമിതി ബോര്‍ഡ് നിശ്ചയിച്ചിരുന്നു. ആ സമിതിയാണ് പ്രത്യേക വായ്പ പദ്ധതി നിര്‍ദ്ദേശിച്ചത്.

ഒരു സഹകരണ സംഘം പ്രതിസന്ധിയിലാകുമ്പോള്‍, ആ പ്രതിസന്ധി മറികടക്കാനുള്ളതാണ് ഗ്യാരന്റ് ഫണ്ട് ബോര്‍ഡിന്റെ സഹായം. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാമെന്നാണ് സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍, പലിശ രഹിതമായി നിശ്ചിത കാലത്തേക്ക് വായ്പ അനുവദിക്കുന്ന വിധത്തില്‍ സ്‌കീം തയ്യാറാക്കാമെന്നതാണ് സഹകരണ വകുപ്പിന്റെ നിലപാട്. രണ്ടുകോടി രൂപവരെ പലിശ രഹിതമായി നല്‍കണമെന്ന നിര്‍ദ്ദേശമാണ് വകുപ്പ് മുന്നോട്ടുവെച്ചത്. ഇതെല്ലാം പരിശോധിച്ചുള്ള തീരിമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

നിക്ഷേപ സുരക്ഷയ്ക്ക് ഗ്യാരന്റി ഫണ്ട് ബോര്‍ഡിലേക്ക് സഹകരണ സംഘങ്ങള്‍ അടയ്ക്കുന്ന നിരക്കിലും മാറ്റം വരുത്തും. നിലവില്‍ 100 രൂപയ്ക്ക് 10 പൈസയാണ് സംഘങ്ങള്‍ നല്‍കുന്നത്. ഓരോ വര്‍ഷവും അധികമായി വരുന്ന നിക്ഷേപത്തിന് മാത്രമാണ് ഇങ്ങനെ വിഹിതം നല്‍കേണ്ടത്. ഈ രീതി മാറ്റും. ഓരോ വര്‍ഷവുമുള്ള മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് അഞ്ചുപൈസ എന്ന നിരക്കില്‍ ബോര്‍ഡിലേക്ക് നല്‍കുന്ന വിധത്തിലാകും മാറ്റം വരുത്തുക. ഈ മാസത്തില്‍തന്നെ ഇക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോര്‍ഡ് യോഗമുണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published.