മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധമായി ലയിപ്പിക്കുന്ന സഹകരണ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷം വിയോജിപ്പ് അവതരിപ്പിച്ചെങ്കിലും ഐകകണ്ഠ്യേനയാണ് ബില്‍ പാസായത്. ബില്‍ പാസാക്കുന്ന ഘട്ടത്തില്‍ ആരും വിയോജിപ്പ് അറിയിച്ചിരുന്നില്ല. നടപടിക്രമങ്ങള്‍ പാസാക്കി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കുന്നതോടെ മലപ്പുറം ജില്ലാ ബാങ്കും അതിന്റെ ആസ്തി ബാധ്യതകളും കേരള ബാങ്കിന്റെ ഭാഗമാകും.
കേരള ബാങ്കിലൂടെ 13 ജില്ലകളിലെ സഹകാരികള്‍ക്കും ലഭിക്കുന്ന പലിശ ആനുകൂല്യവും ഇളവുകളും മലപ്പുറം ജില്ലയിലെ സഹകാരികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി നടപ്പിലാക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അത്യാധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ അധികച്ചെലവില്ലാതെ മലപ്പുറം ജില്ലാ ബാങ്കിനും ലഭ്യമാകും. ഇപ്പോള്‍ ഐ.ഡി.ബി.ഐ. ബാങ്കില്‍ പണം നിക്ഷേപിച്ചു ലഭ്യമാക്കുന്ന ഈ സൗകര്യം സൗജന്യമായി ലഭിക്കും. നബാര്‍ഡ് നല്‍കുന്ന വായ്പയില്‍ മൂന്ന് തട്ടിലുള്ള പലിശയില്‍ ഒരു തട്ടിലുള്ള പലിശ ഒഴിവാകുന്നതോടെ കാര്യമായ ലാഭം സഹകാരികള്‍ക്കു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷ അംഗങ്ങളായ യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സര്‍ക്കാര്‍ ഏകപക്ഷീയ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആരോപിച്ചു. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാന-ജില്ലാ ബാങ്കുകളുടെ സംയോജനം നടന്നതിലൂടെ കേരള ബാങ്ക് ഇപ്പോഴും നഷ്ടത്തില്‍ പോകുന്ന സ്ഥിതിയുണ്ടായെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നേരത്തെ ജില്ലാ ബാങ്കുകളെല്ലാം ലാഭത്തിലായിരുന്നു. സേവനങ്ങള്‍ മെച്ചപ്പെടുകയല്ല, ഉള്ളതുപോലും ഇല്ലാതാകുന്ന സ്ഥിതിയാണ് സംഭവിച്ചത്. യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം മന്ത്രി നിഷേധിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയില്ലെന്ന ആരോപണം തെറ്റാണ്. മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇനിയും വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന് ഉറപ്പു നല്‍കാനും മന്ത്രി തയ്യാറായി. കേരളപ്പിറവി ദിനത്തിന്റെ 65 -ാം വാര്‍ഷികം കഴിഞ്ഞ് രണ്ടാം ദിവസത്തില്‍ ആ സന്ദേശം ഉള്‍ക്കൊള്ളണമെന്നും മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറംകൂടി ഉള്‍പ്പെടുന്ന കേരളമാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഏതെങ്കിലും ബാങ്ക് പിടിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളാ ബാങ്ക് ഈ വര്‍ഷം 61.99 കോടി രൂപ ലാഭത്തിലാണ്. അതേ സമയം സി.ആര്‍.എ.ആര്‍. കാര്യത്തില്‍ 400 കോടി രൂപ നല്‍കിയതില്‍ തെറ്റില്ല. സമയത്ത് കൊടുത്തില്ലെങ്കില്‍ ആര്‍.ബി.ഐ. ലൈസന്‍സ് നല്‍കില്ല. നിഷ്‌ക്രിയ ആസ്തി 40 ശതമാനമെന്ന ആരോപണവും ശരിയല്ല. 14.40 ശതമാനമാണ് ഇപ്പോഴത്തെ നിഷ്‌ക്രിയ ആസ്തി. റീ ഷെഡ്യൂള്‍ ചെയ്താണ് ഇതു കുറച്ചതെന്ന വാദവും ശരിയല്ല. ആര്‍.ബി.ഐ. റൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ നടക്കില്ല. ജീവനക്കാരുടെ നിയമനം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സമീപ ദിവസങ്ങളില്‍ തുടര്‍ നടപടികള്‍ അവര്‍ ആരംഭിക്കും. മലപ്പുറം ജില്ലാ ബാങ്കില്‍ ആര്‍.ടി.ജി.എസ്. അടക്കമുള്ള സംവിധാനങ്ങളുണ്ടെന്ന യു.എ. ലത്തീഫിന്റെ വാദവും മന്ത്രി ഖണ്ഡിച്ചു. അഞ്ച് കോടി രൂപ ഒരു ബാങ്കില്‍ നിക്ഷേപിച്ചാല്‍ അവര്‍ ഈ സംവിധാനം നമുക്ക് ഒരുക്കിത്തരും. അങ്ങനെ ചെയ്യുന്ന ജില്ലാ ബാങ്കുകള്‍ കേരളത്തിലുണ്ടായിരുന്നു. ഇത്തരം ആധുനിക സംവിധാനങ്ങളെല്ലാം കേരള ബാങ്കില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ മലപ്പുറം അടക്കമുള്ള
ബാങ്കുകള്‍ക്കും ആധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ ലഭ്യമാകും. എല്‍.ഡി.എഫും യു.ഡി.എഫും ഒരു രാഷ്ട്രീയവുമില്ലാത്തവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാണ് സഹകരണ മേഖലയെ വളര്‍ത്തിയത്. ക്രെഡിറ്റ് സംഘങ്ങളുടെ മേഖലയില്‍ ദേശീയ തലത്തിലും ആഗോള തലത്തിലും കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കഷ്ടപ്പാടിന്റെ കാലങ്ങളില്‍ അത് ദുരന്തമായാലും ദുരിതമായാലും ബലിഷ്ഠമായ കരങ്ങളിലാണ് സഹകരണ വകുപ്പ് താങ്ങി നിര്‍ത്തിയിട്ടുള്ളത് – മന്ത്രി പറഞ്ഞു.പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജില്ലാ ബാങ്കുകളിലെ ലയനത്തിന് കേരളത്തിന്റെ മാതൃകയാണ് സ്വീകരിക്കുന്നത്. അവര്‍ കേരളത്തില്‍ നിന്നു രേഖകളൊക്കെ വാങ്ങിയിരുന്നു. കേരളത്തെ മാതൃകയാക്കാന്‍ ആര്‍.ബി.ഐ. രേഖയിറക്കുന്നത് അഭിമാനിക്കാന്‍ കഴിയുന്നതാണ്. ഹൈക്കോടതി നിയമം നിര്‍മിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചതായുള്ള വാദവും കോടതി വിധി വിശദീകരിച്ചു മന്ത്രി മറികടന്നു. നിലവിലെ സ്ഥിതി തുടരാന്‍ പറയുന്ന വിധിയില്‍ നിയമ നിര്‍മാണം തടസ്സപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല നിയമം നിര്‍മിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ വിശദീകരിച്ചു.