സഹകരണ ബാങ്കിനെ സ്വകാര്യ ബാങ്കിങ് കമ്പനിയുമായി ലയിപ്പിച്ച് ആര്‍.ബി.ഐ. പരിഷ്‌കാരം
സഹകരണ ബാങ്കിനെ സ്വകാര്യ ബാങ്കിങ് കമ്പനിയുമായി ലയിപ്പിക്കുന്ന രാജ്യത്തെ ആദ്യ നടപടി പൂര്‍ത്തിയായി. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കരിനെയാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതിയാണ് സഹകരണ ബാങ്കുകളില്‍ പ്രതിസന്ധിയുണ്ടായാല്‍ ഏത് ധനകാര്യ സ്ഥാപനവുമായി ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നത്. ഈ നിയമം ആദ്യമായി പ്രയോഗിക്കുന്നത് പി.എം.സി. ബാങ്കിലാണ്.
7000 കോടി രൂപയുടെ വായ്പത്തട്ടിപ്പിനെത്തുടര്‍ന്ന് 2019 സെപ്റ്റംബറിലാണ് പി.എം.സി. ബാങ്കിന് ആര്‍.ബി.ഐ. മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. പി.എം.സി. ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കുകളില്‍ ഭരണപരമായ നിയന്ത്രണത്തിന് പോലും അധികാരം നല്‍കുന്ന വിധത്തില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇന്ത്യയിലെ ഏത് ബാങ്കുമായും സഹകരണ ബാങ്കുകള ലയിപ്പിക്കാനുള്ള അധികാരം ഈ നിയമം അനുസരിച്ച് റിസര്‍വ് ബാങ്കിനുണ്ട്.
കേരളത്തില്‍ രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ബന്ധിത ലയനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏത് ബാങ്കുമായി ലയിക്കണമെന്ന കാര്യം തിരുമാനിക്കാന്‍ അതത് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലയനം നിര്‍ദ്ദേശിച്ച ഒരു ബാങ്ക് മറ്റൊരു അര്‍ബന്‍ ബാങ്കുമായി ലയിക്കാന്‍ തീരുമാനിച്ചെങ്കിലും, ഇതിലെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്കിന് സ്വീകാര്യമായിട്ടില്ല. റിസര്‍വ് ബാങ്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കുമ്പോഴാണ് ഇന്ത്യയിലെ ഏത് ബാങ്കുമായും ലയിപ്പിക്കുന്നത്. സ്വകാര്യ ബാങ്കുമായും സഹകരണ ബാങ്കിനെ ലയിപ്പിക്കുമെന്നതാണ് പി.എം.സി. ബാങ്കിന്റെ തീരുമാനത്തിലൂടെ വ്യക്തമായത്.
രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് യൂണിറ്റി. ബാങ്കിതര ധനകാര്യ സ്ഥാപനമായ സെന്‍ട്രം ഗ്രൂപ്പും ഭാരത് പേയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രൂപംനല്‍കിയിട്ടുള്ളത്. ഇതാണ് പി.എം.സി. ബാങ്കിനെ ഏറ്റെടുത്തിട്ടുള്ളത്. എത്രപണം വേണമെങ്കിലും കണ്ടെത്താമെന്നും കൂടുതല്‍ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നമുള്ള പ്രതികരണം യൂണിറ്റി ബാങ്ക് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിനാല്‍, കേരളത്തിലെ സഹകരണ ബാങ്കുകളെയും യൂണിറ്റി ലക്ഷ്യമിടുന്നുണ്ടെന്ന പ്രചരണം ശക്തമാണ്.
സ്വകാര്യ- സഹകരണ ബാങ്കുകളുടെ ലയനത്തെ സഹകരണ മേഖലയില്‍നിന്നാരും എതിര്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, പി.എം.സി. ബാങ്ക് ലയനത്തെ എതിര്‍ത്ത് നിക്ഷേപകര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ലയന വ്യവസ്ഥ നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടാകുമെന്നത് ചൂണ്ടിക്കാട്ടിയാണ്. ആര്‍.ബി.ഐ. അംഗീകരിച്ച വ്യവസ്ഥ അനുസരിച്ച് പി.എം.സി. ബാങ്കില്‍ 15 ലക്ഷം രൂപയില്‍ക്കൂടുതല്‍ നിക്ഷേപമുള്ളവര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ പത്തുവര്‍ഷംവരെ കാത്തിരിക്കേണ്ടിവരും. ആറുവര്‍ഷത്തേക്ക് ഒരുരൂപപോലും പലിശയും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്. ജനുവരി 25 മുതല്‍ പി.എം.സി. ബാങ്ക് ശാഖകള്‍ യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ശാഖയായി തുറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
[mbzshare]