സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതിക്ക് കരടായി

[mbzauthor]

1969 ലെ കേരള സഹകരണ സംഘം നിയമത്തില്‍ ഇതാദ്യമായി സമഗ്രമായ മാറ്റം വരികയാണ്. 15 ഭാഗങ്ങളിലായി 57 വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരും. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്തുകയാണു ഈ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. സഹകരണ വിജിലന്‍സ് ശക്തമാക്കിക്കൊണ്ടുള്ള സമഗ്ര പരിഷ്‌കാരത്തില്‍ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് രീതി മാറ്റാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

 

സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതിക്കു വഴിയൊരുങ്ങുകയാണ്. 15 ഭാഗങ്ങളിലായി 57 വകുപ്പുകളിലാണു ഭേദഗതി വരുന്നത്. 1969 ലെ സഹകരണ നിയമത്തില്‍ ഒട്ടേറെ ഭേദഗതികള്‍ ഇതിനകം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും സമഗ്രമായ മാറ്റം ആദ്യമാണ്. ഭരണനിയന്ത്രണം, ഓഡിറ്റ്, ഇസ്‌പെക്ഷന്‍, ക്രമക്കേടുകള്‍ തടയാനുള്ള വ്യവസ്ഥകള്‍, നിയമനം എന്നിവയയിലാണു പ്രധാനമായും മാറ്റം വരുന്നത്. സര്‍ക്കാരിനു സഹകരണ സംഘങ്ങളില്‍ ഇടപെടാനുള്ള അധികാരം വിപുലപ്പെടുത്തുന്നുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് ഈ മേഖലയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടുന്നവിധത്തില്‍ പൊതുചര്‍ച്ചയ്ക്കു വിധേയമായതാണു നിയമത്തില്‍ സമഗ്രപരിഷ്‌കാരം കൊണ്ടുവരാന്‍ കാരണം. സഹകരണ നിയമത്തില്‍ പരിഷ്‌കരണം വേണമെന്ന് ഒട്ടേറെ നാളായി സഹകാരികള്‍ ആവശ്യപ്പെടുന്നുണ്ട്. കാലോചിതമായ പരിഷ്‌കാരം നിയമത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് അതിനു കാരണായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സഹകാരികള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള മാറ്റം കരടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

സഹകരണ നിയമഭേദഗതി നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ബാങ്കിങ് നിയന്ത്രണ ഭേദഗതിക്കുശേഷമുള്ള മാറ്റങ്ങള്‍ സംസ്ഥാന സഹകരണ നിയമത്തില്‍ വരുത്തേണ്ടതുണ്ടെന്നതാണ് ഇതിനുള്ള കാരണം. ഇതിനു പുറമെ, സംഘങ്ങളുടെ പ്രവര്‍ത്തന നിരീക്ഷണം ശക്തമാക്കല്‍, സഹകരണ വിജിലന്‍സിനെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള സംവിധാനമാക്കല്‍, ക്രമക്കേട് നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടി തിരിച്ചുപിടിക്കല്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥ ഉറപ്പാക്കല്‍, സാങ്കേതികമുന്നേറ്റത്തിന് അനുസരിച്ചുള്ള ഓഡിറ്റ് രീതി പരിഷ്‌കരിക്കല്‍ എന്നിവയെല്ലാം നിയമ പരിഷ്‌കരണത്തിന്റെ ലക്ഷ്യമായിരുന്നു. സമിതി നിര്‍ദേശിച്ച ഭേദഗതിയില്‍ വിപുലമായ ചര്‍ച്ചകളാണ് ഉദ്യോഗസ്ഥതലത്തില്‍ നടന്നത്. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധര്‍, സഹകരണ മേഖലയിലെ വിഷയവിദഗ്ധര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓരോ വകുപ്പിലെയും ഭേദഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇതിനൊടുവിലാണു കരടിന് അന്തിമ രൂപമുണ്ടാക്കിയത്.

ശക്തമാകുന്ന
സഹകരണ വിജിലന്‍സ്

സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സഹകരണ വിജിലന്‍സ് രൂപവത്കരിക്കാനുള്ള വ്യവസ്ഥ നിലവിലെ സഹകരണ നിയമത്തിലുണ്ട്. എന്നാല്‍, ഈ വിജിലന്‍സ് സംവിധാനം അത്ര ശക്തമല്ല. ഒരു ഡി.ഐ.ജി. മേധാവിയും ഓരോ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്നു മേഖലാ ഓഫീസുകളുമായാണു നിലവിലെ സഹകരണ വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവയ്ക്കു സ്വന്തമായി പരാതി സ്വീകരിക്കാനോ പരാതിയില്‍ അന്വേഷണം നടത്താനോ അധികാരമില്ല. സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിക്കുന്ന കേസുകള്‍ അന്വേഷിച്ച് രജിസ്ട്രാര്‍ക്കുതന്നെ റിപ്പോര്‍ട്ട് നല്‍കുന്ന രീതിയാണുള്ളത്. ഈ റിപ്പോര്‍ട്ടില്‍പോലും തുടര്‍നടപടിയുണ്ടാകാറില്ല. അധികാരമില്ലാത്ത പദവി എന്ന ബോധ്യമുള്ളതിനാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സഹകരണ വിജിലന്‍സ് മേധാവിയായെത്താന്‍ മനസുകാണിക്കാറില്ല. അതുകൊണ്ട് സഹകരണ വിജിലന്‍സ് മേധാവി ഇല്ലാതായിട്ട് വര്‍ഷങ്ങളായി.

സഹകരണ വിജിലന്‍സിനെ സംബന്ധിച്ച് വകുപ്പ് 68 (എ)യില്‍ സമഗ്രഭേദഗതിയാണു കരടുനിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഇനി സഹകരണ പോലീസ് വിജിലന്‍സിനെ നയിക്കുക. സഹകരണ സംഘം രജിസ്ട്രാര്‍ക്കു പോലീസ് വിജിലന്‍സില്‍ നിയന്ത്രണമുണ്ടാവില്ല. ഇതു സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. റിപ്പോര്‍ട്ട് നല്‍കേണ്ടതും സര്‍ക്കാരിനാണ്. ഓരോ ജില്ലയിലും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണത്തിനു സ്ഥിരമായുണ്ടാകും. ഈ സംഘത്തില്‍ എത്ര പോലീസുകാരുണ്ടാകമെന്നതും ഓഫീസ് ഘടന എങ്ങനെയാകുമെന്നതും സര്‍ക്കാര്‍ തീരുമാനിക്കും. സഹകരണ സ്ഥാപനങ്ങളിലെ എല്ലാ പരാതികളും സഹകരണ വിജിലന്‍സ് പോലീസിന് അന്വേഷിക്കാം. വകുപ്പുതല അന്വേഷണം, ഓഡിറ്റ് റിപ്പോര്‍ട്ട്, സഹകരണ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് എന്നിവയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ രജിസ്ട്രാര്‍ക്കു സഹകരണ വിജിലന്‍സിന്റെ അന്വേഷണത്തിനു വിടാം. ഏതെങ്കിലും സഹകരണ സ്ഥാപനത്തെകുറിച്ച് പരാതി ലഭിച്ചാല്‍ വകുപ്പിന്റെ ശുപാര്‍ശയില്ലാതെ സര്‍ക്കാരിനു പോലീസിനു കൈമാറാം. സര്‍ക്കാരിനു ലഭിക്കുന്ന ഏതെങ്കിലും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും വിജിലന്‍സിന് അന്വേഷണം ഏറ്റെടുക്കാം. ഇതിനു പുറമെയാണു നേരിട്ട് പരാതി സ്വീകരിച്ച് അന്വേഷണം നടത്താനുള്ള അധികാരംകൂടി നല്‍കുന്നത്.

നേരിട്ട് പരാതി സ്വീകരിച്ച് അന്വേഷിക്കാന്‍ അധികാരം ലഭിക്കുന്ന രീതിയില്‍ സ്റ്റേഷന്‍ ഹൗസ് പോലീസിന്റെ പദവി സഹകരണ പോലീസ് വിജിലന്‍സിനു ലഭിക്കും. എന്നാല്‍, പൊതുജനങ്ങള്‍ക്കു പരാതി നല്‍കാമെന്ന നിര്‍ദേശം അവസാന ചര്‍ച്ചയില്‍ ഒഴിവാക്കി. സഹകരണ സംഘങ്ങള്‍ അവയിലെ അംഗങ്ങളുടെ സ്ഥാപനമാണ്. അതിനാല്‍, അംഗങ്ങളാത്തവര്‍ക്ക് അതിന്റെ പ്രവര്‍ത്തനത്തില്‍ പരാതി ഉന്നയിക്കാന്‍ അവസരം നല്‍കുന്നത് ഉചിതമല്ലെന്നതാണ് ഇത് ഒഴിവാക്കാന്‍ കാരണം. മാത്രവുമല്ല, രാഷ്ട്രീയകാരണങ്ങളാല്‍ ഇത്തരം പരാതി ഉയരാനുള്ള സാധ്യതയും ഏറെയാണ്. വകുപ്പിലെ വ്യവസ്ഥ തെറ്റായി ഉപയോഗപ്പെടുത്താനിടയുണ്ടെന്ന അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണു പൊതുജനങ്ങള്‍ക്കു പരാതി നല്‍കാമെന്ന വ്യവസ്ഥ മാറ്റിയത്. ഒരു സഹകരണ സംഘത്തെക്കുറിച്ച് ആ സംഘത്തിലെ അംഗങ്ങള്‍ക്കോ നിക്ഷേപകര്‍ക്കോ ഓഹരി ഉടമകള്‍ക്കോ പരാതി നല്‍കാം എന്ന നിര്‍ദേശമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സംഘത്തിന്റെ ഫിനാന്‍സിങ് സ്ഥാപനത്തിനും പരാതി നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഓഡിറ്റില്‍ സമഗ്ര
പരിഷ്‌കരണം

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് രീതിയില്‍ സമഗ്ര പരിഷ്‌കരണമാണു ഭേദഗതിസമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ടീം ഓഡിറ്റ് എന്നത് എല്ലാ സംഘങ്ങളിലും നടപ്പാക്കാന്‍ വ്യവസ്ഥ കൊണ്ടുവന്നു. രജിസ്ട്രാര്‍ക്കു ഭരണപരമായ നിയന്ത്രണം മാത്രമായിരിക്കും ഓഡിറ്റ് ഡയറക്ടറുടെ മേലുണ്ടാവുക. വ്യക്തിഗത ഓഡിറ്റ്‌രീതി മാറ്റി. എല്ലാ സഹകരണ സംഘങ്ങളിലും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ നിശ്ചയിക്കുന്ന ടീമായിരിക്കും ഓഡിറ്റ് നടത്തുക. ടീമിന്റെ ഘടന, ഓഡിറ്റ്‌രീതി, ഓഡിറ്റ് റിപ്പോര്‍ട്ട് തയാറേക്കണ്ട രീതി എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഓഡിറ്റ് സ്‌കീം തയാറാക്കും. ഇതു സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രാബല്യത്തില്‍ വരും. കമ്പ്യൂട്ടറൈസേഷന്റെ കാലത്ത് അതിനനുസരിച്ചുള്ള വ്യവസ്ഥ സഹകരണ ഓഡിറ്റിലുണ്ടായിരുന്നില്ല. ഇതും ഉള്‍പ്പെടുത്തി. ഓഡിറ്റ് ടീം കണക്കു മാത്രമല്ല, സോഫ്റ്റുവെയര്‍-ഹാര്‍ഡ്‌വെയര്‍ പരിശോധനകൂടി ഓഡിറ്റില്‍ ഉള്‍പ്പെടുത്തും. കമ്പ്യൂട്ടര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി തട്ടിപ്പ് നടത്തുന്ന രീതി തടയാനാണിത്. ഏതെങ്കിലും രീതിയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ഓഡിറ്റ് ഡയറക്ടറെയും രജിസ്ട്രാറെയും അറിയിക്കണം. ഇതും സഹകരണ പോലീസ് വിജിലന്‍സിനു നല്‍കി വിശദ അന്വേഷണത്തിനു നിര്‍ദേശം നല്‍കണം. ഏതെങ്കിലും വ്യക്തി രേഖകള്‍ നശിപ്പിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഓഡിറ്റ് സംവിധാനം സ്വതന്ത്രമാകാന്‍ ഓഡിറ്റ് ഡയറക്ടര്‍ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലായിരിക്കുമെന്ന വ്യവസ്ഥ മാറ്റി. ഓഡിറ്റ് ഘട്ടത്തില്‍ കണ്ടെത്തുന്ന ദുരുപയോഗം, കള്ളത്തരം, പണാപഹരണം, വസ്തുക്കളുടെ നഷ്ടം, ആസ്തി നഷ്ടം എന്നിവ സംബന്ധിച്ച് ഓഡിറ്റ് ടീം സ്‌പെഷല്‍ റിപ്പോര്‍ട്ടിലൂടെ ഓഡിറ്റ് ഡയറക്ടറെയും രജിസ്ട്രാറെയും അറിയിക്കണം. റജിസ്ട്രാറോ ഡയക്ടറോ ഇതു പോലീസ് വിജിലന്‍സ് വിഭാഗത്തെ അറിയിക്കണം. തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം ഒരേ സംഘത്തില്‍ ഒരേ അംഗങ്ങള്‍ ഓഡിറ്റ് നടത്താന്‍ പാടില്ല. ഓഡിറ്റ് 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. നഷ്ടവും ക്രമക്കേടും കണ്ടെത്തിയാല്‍ അതിനുത്തരവാദികളായ ഓരോരുത്തടെയും തുക അന്വേഷണ റിപ്പോര്‍ട്ടില്‍ തിട്ടപ്പെടുത്തണം. ഈ തുക തിരിച്ചുപിടിക്കാനുള്ള നിയമനടപടി അടിയന്തരമായി സ്വീകരിക്കണം. അന്വേഷണം ആറു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്നതു നാലു മാസമായി കുറച്ചു.

സര്‍ക്കാരിന്
അന്വേഷിക്കാം

സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരിനു നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ കൊണ്ടുവന്നിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം, സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാര്‍ സഹായത്തിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച് സര്‍ക്കാരിനു സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടാം. സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചാലും ഫിനാന്‍സിങ് ബാങ്ക്, ഭൂരിപക്ഷം അംഗങ്ങളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലും പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാരിനു നിയോഗിക്കാം. സഹകരണ സംഘം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ ആവശ്യപ്പെട്ടാലും പൊതുയോഗത്തിന്റെ ക്വാറത്തിനാവശ്യമായ അംഗങ്ങള്‍ ആവശ്യപ്പെട്ടാലും അന്വേഷണത്തിന് ഉത്തരവിടാം. സ്‌പെഷല്‍ ടീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന് അതിനും അധികാരമുണ്ടാകും. ഇതിനുള്ള പ്രത്യേക സ്‌കീം തയാറാക്കി അതു സഹകരണ സംഘം രജിസ്ട്രാറുമായും ഫിനാന്‍സിങ് ബാങ്കുമായും ആലോചിച്ച് നടപ്പാക്കാം.

രജിസ്ട്രാര്‍ നിയോഗിക്കുന്ന പ്രത്യേക സംഘത്തിന് ഏതു സഹകരണ സ്ഥാപനത്തിലും പരിശോധന നടത്താം. ഈ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ 15 ദിവസത്തിനകം ഭരണസമിതിയെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും അറിയിക്കണം. 30 ദിവസത്തിനുള്ളില്‍ ഇതിന് ഇനം തിരിച്ച് സംഘം ഭരണസമിതി മറുപടി നല്‍കണം. രജിസ്ട്രാറുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാം. ഒരു സഹകരണ സംഘത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തില്‍ അതിലെ ഭരണസമിതിയെ പിരിച്ചുവിട്ടാല്‍ ആ ഭരണസമിതി അംഗങ്ങള്‍ക്കു രണ്ടു ടേം ഒരു സഹകരണ സ്ഥാപനത്തിന്റെയും ഭരണസമിതി അംഗമായിരിക്കാന്‍ കഴിയില്ല. (അതായതു പത്തു വര്‍ഷം അവര്‍ അയോഗ്യരാകും). ഇത് ഒരു ടേമാക്കി കുറച്ചിട്ടുണ്ട്. ഇതിനു പുറമെ ഭരണസമിതിയെ പിരിച്ചുവിടുന്നതിനു പകരം സസ്‌പെന്‍ഷന്‍ എന്നൊരു വ്യവസ്ഥ കൂടി കൊണ്ടുവന്നു. സസ്‌പെന്‍ഷനു വിധേയരാകുന്ന ഭരണസമിതി അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടാകില്ല.

രണ്ടു ടേം നിബന്ധന
എല്ലാ സംഘങ്ങള്‍ക്കും

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കു രണ്ടു ടേം നിബന്ധന കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ക്രെഡിറ്റ് സംഘങ്ങള്‍ക്കു മാത്രമായി ഈ വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍, എല്ലാ സംഘങ്ങള്‍ക്കും ബാധകമാകുന്ന വിധത്തിലാണു കരട് തയാറാക്കിയിട്ടുള്ളത്. ഇതിനോടു സഹകാരികള്‍ക്ക് അത്ര യോജിപ്പില്ല. ഒരു സഹകരണ സംഘമെന്നതു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. സര്‍ക്കാരിന് അതില്‍ നിയന്ത്രണാധികാരം മാത്രമാണുള്ളത്. അല്ലെങ്കില്‍ അങ്ങനെയേ പാടുള്ളൂവെന്നാണു സഹകരണ കാഴ്ചപ്പാട്. ഒരു സംഘത്തിന്റെ ഭരണസമിതിയിലേക്കു മത്സരിക്കാനും അംഗങ്ങള്‍ പിന്തുണച്ചാല്‍ ഭരണസമിതി അംഗമാകാനുമുള്ള അവകാശം മൗലികമാണ്. അതു നിഷേധിക്കുന്നതു ജനാധിപത്യപരമല്ലെന്നാണു സഹകാരികള്‍ ഉന്നയിക്കുന്ന വിമര്‍ശനം. സ്ഥിരമായി ഒരു സ്ഥാനത്തു തുടരുന്നത് അഴിമതിക്കു വഴിവെക്കുമെന്ന മുന്‍വിധിയാണു ഭരണസമിതി അംഗത്തിനു ടേം വ്യവസ്ഥ നിശ്ചയിക്കാനുള്ള കാരണം. അഴിമതി കണ്ടെത്താനും അതു തടയാനുമുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുകയാണ് ഇതിനു വേണ്ടത് എന്നാണു സഹകാരികളുടെ നിര്‍ദേശം.

പ്രസിഡന്റ്സ്ഥാനം വഹിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഒരേ സ്വഭാവമുള്ള രണ്ട് സംഘങ്ങളില്‍ ഒരേസമയം പ്രസിഡന്റാവാന്‍ പാടില്ലെന്ന വ്യവസ്ഥയാണു നിലവിലുണ്ടായിരുന്നത്. ഇത് അതേ രീതിയില്‍ നിലനിര്‍ത്തി വ്യത്യസ്ത സ്വഭാവത്തിലുള്ള സംഘങ്ങളിലും പ്രസിഡന്റാകുന്നതിനു പരിധി കൊണ്ടുവന്നു. വ്യത്യസ്ത സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടിലേറെ സംഘങ്ങളില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയത്. സംഘം സെക്രട്ടറിമാരെ ഭരണസമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗമാക്കും. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല. പക്ഷേ, ഭരണസമിതി എടുക്കുന്ന തീരുമാനത്തില്‍ സെക്രട്ടറി എന്ന നിലയില്‍ അവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഭരണസമിതി തീരുമാനം നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ളപ്പോള്‍ത്തന്നെ അതിനോട് രേഖാപരമായി വിയോജിപ്പ് ഉറപ്പാക്കാന്‍ സെക്രട്ടറിക്കു കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഭരണസമിതി യോഗത്തില്‍ സെക്രട്ടറിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്നില്ല.

സംഘം ഭരണസമിതിയില്‍ ഏഴു പേരെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ മാറ്റി. കുറഞ്ഞത് ഒമ്പത് അംഗങ്ങളുണ്ടാകണമെന്നാണു പുതിയ നിര്‍ദേശം. ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്ന വിദഗ്ധരുടെ വ്യവസ്ഥയിലും മാറ്റം വരുത്തുന്നുണ്ട്. നിക്ഷേപകരുടെ പ്രതിനിധിയായി സംഘം ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നയാള്‍ക്കു കുറഞ്ഞത് 25,000 രൂപയെങ്കിലും സംഘത്തില്‍ നിക്ഷേപമുണ്ടാകണം. ബാങ്കിങ് വിദഗ്ധരായി സഹകരണ ബാങ്കുകളിലെ ജീവനക്കാരെയോ വിരമിച്ചവരെയോ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താം. സഹകരണം, മാനേജ്‌മെന്റ്, കൃഷി, പബ്ലിക് ഫിനാന്‍സ്, ഐ.ടി. മേഖലയില്‍നിന്നുള്ളവരാണു വിദഗ്ധരുടെ പാനലില്‍ ഉള്‍പ്പെടുന്ന മറ്റുള്ളവര്‍. പുതിയ ഭരണസമതി അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ ഇവരെ നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥയും നിയമത്തില്‍ കൊണ്ടുവരുന്നുണ്ട്.

വോട്ടവകാശത്തിലും
നിയന്ത്രണം

സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗങ്ങള്‍ക്കു വോട്ടവകാശം നല്‍കേണ്ടെന്നതാണു പുതുതായി കൊണ്ടുവരുന്ന വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണസമിതി പിരിച്ചുവിടുകയും, അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ച് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘം പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. അതിനാല്‍, പുതിയ ഭേദഗതി ഈ പരാതി കുറയ്ക്കും. ഒരു സംഘത്തിന്റെ ഭരണസമിതിക്കുള്ള എല്ലാ അധികാരങ്ങളും ഭരണസമിതിയുടെ അഭാവത്തില്‍ ആ ചുമതല നിര്‍വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉണ്ടാകുമെന്നതാണു നിലവിലെ വ്യവസ്ഥ. ഇതിലാണ് അംഗങ്ങളെ ചേര്‍ക്കുമ്പോഴുള്ള അധികാരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. സഹകരണ നിയമത്തിലെ 32 -ാം വകുപ്പില്‍ പുതിയ വ്യവസ്ഥയായാണ് ഇത് ഉള്‍പ്പെടുത്തുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗത്തിനു വോട്ടവകാശം ലഭിക്കണമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആ അംഗത്വം സാധൂകരിക്കണമെന്നാണു പുതിയ വ്യവസ്ഥ. ഈ അംഗങ്ങളെ ഭരണസമിതി അംഗീകരിച്ചില്ലെങ്കില്‍ അതിനു കൃത്യമായ കാരണം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ എന്നിവയിലേക്കു ഭരണസമിതി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള ബോര്‍ഡിന്റെ അധികാരം എടുത്തുകളയുകയാണ്. ഇത്തരത്തില്‍ ഭരണസമിതിയുടെ പ്രതിനിധി ആരാണെന്നതു നേരത്തെത്തന്നെ തിരഞ്ഞെടുക്കണം. ഇതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കി. ഈ അംഗത്തെ മാറ്റിനിര്‍ത്തേണ്ടിവരികയോ രാജിവെക്കുകയോ ചെയ്താല്‍ പുതിയ അംഗത്തെ തിരഞ്ഞെടുക്കാനും ഭരണസമിതി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടിവരും. കമ്മീഷനിലേക്കു സഹകരണ വകുപ്പില്‍നിന്നു വിരമിച്ചവരെ നിയമിക്കാമെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്. അഡീഷണല്‍ രജിസ്ട്രാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇത്തരത്തില്‍ നിയമിക്കാനാവുക.

രജിസ്ട്രാര്‍ക്ക്
പിഴ ചുമത്താം

സംഘങ്ങള്‍ക്കു പിഴ ചുമത്താനുള്ള അധികാരം രജിസ്ട്രാര്‍ക്കു നല്‍കുന്ന പുതിയ വ്യവസ്ഥ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെയോ നിലവിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായോ സംഘം ഏതെങ്കിലും വിധത്തില്‍ ഫണ്ട് ഉപയോഗിച്ചാലും നിക്ഷേപിച്ചാലും രജിസ്ട്രാര്‍ക്കു സംഘത്തിനെതിരെ പിഴ ചുമത്താനാകും. ഇതു റിസര്‍വ് ബാങ്ക് പിന്തുടരുന്ന രീതിയാണ്. അത് അതേരീതിയില്‍ സഹകരണ മേഖലയിലേക്കും ഉള്‍പ്പെടുത്താനാണു തീരുമാനിച്ചിട്ടുള്ളത്. പ്രാഥമിക സംഘങ്ങള്‍ അവയുടെ അപക്‌സ് ബാങ്കില്‍ മാത്രം നിക്ഷേപം നടത്തണമെന്നാണു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ മറ്റു വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നത്. ഇതിനു വാണിജ്യ ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. പുതിയ വ്യവസ്ഥയനുസരിച്ച് അത് അനുമതിയില്ലാത്ത ഫണ്ട് നിക്ഷേപമായി കണക്കാക്കാം. സംഘത്തിനു പിഴ ചുമത്താവുന്ന കുറ്റവുമാകാം.

 

 

[mbzshare]

Leave a Reply

Your email address will not be published.