സഹകരണമേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ സഹകാരികളുടെ പ്രതിഷേധം അണപൊട്ടി: കേരളത്തിലെ സഹകരണ മേഖലയെ പിണറായി വിജയൻ തകർക്കുകയാണെന്ന് സി.പി. ജോൺ.
കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സഹകരണ വകുപ്പോ സർക്കാരോ ഇടപെടുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ സഹകാരികളും ജീവനക്കാരും നടത്തിയ സഹകാരി മഹാസംഗമത്തിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി. ആയിരക്കണക്കിന് സഹകാരികൾ ആണ് തിരുവനന്തപുരത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് തുടങ്ങി യുഡിഎഫിലെ പ്രധാന കക്ഷി നേതാക്കളെല്ലാം തന്നെ സംഗമത്തിൽ സംസാരിച്ചു.
നരേന്ദ്ര മോദി നോട്ട് നിരോധിച് ഇന്ത്യയിലെ സാമ്പത്തിക രംഗം തകർത്തത് പോലെ കേരള ബാങ്ക് രൂപീകരിച്ചുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയെ പിണറായി വിജയൻ തകർക്കുകയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കേരള ബാങ്കിൽ റിസർവ് ബാങ്ക് നിയന്ത്രണം വരുന്നത് നല്ലതാണെന്ന് പിണറായി വിജയൻ പറഞ്ഞത് വഴി ആർഎസ്എസും പിണറായിയും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി. ജോൺ പറഞ്ഞു. ആർഎസ്എസ് ന്റെ കൈയിലാണ് റിസർവ് ബാങ്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകം ടാക്സ് വിഷയം, കേരള ബാങ്ക് വിഷയം തുടങ്ങി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് മഹാ സഹകാരി സംഗമം നടത്തിയത്.