സമ്പത്ത് ഉല്‍പ്പാദനം, വൈജ്ഞാനികസമൂഹം:സഹകരണമേഖല തന്ത്രപ്രധാനം
– വി.എന്‍. പ്രസന്നന്‍
ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോ -2022 ലെ സെമിനാറുകള്‍ കേരളത്തിലെ സമ്പത്തുല്‍പ്പാദനം ശക്തമാക്കുന്നതിലും കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാനുള്ള പ്രയാണത്തിലും സഹകരണ മേഖലയ്ക്കു നിര്‍ണായക പങ്ക്
വഹിക്കാനുണ്ടെന്നു വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സെമിനാറില്‍ സംസാരിച്ച സഹകാരികളും രാഷ്ട്രീയ നേതാക്കളും വിവിധ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചവതരിപ്പിച്ച വിദഗ്ധരും സഹകരണ മേഖലയ്ക്കു പുതിയ ദിശാബോധം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സമ്പത്തുല്‍പ്പാദനം കൂടിയേ തീരൂ. ഇതിനു വൈജ്ഞാനിക സമൂഹമായി മാറേണ്ടതും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കേണ്ടതും നേതൃത്വത്തിലടക്കം പ്രൊഫഷണലിസം കൊണ്ടുവരേണ്ടതും യുവാക്കളെ ആകര്‍ഷിക്കേണ്ടതും അനിവാര്യം. ഇതിന്റെയൊക്കെ വിവിധ വശങ്ങളെപ്പറ്റി സമഗ്രമായ ചര്‍ച്ചകളാണു എക്‌സ്‌പോ സെമിനാറുകളില്‍ നടന്നത്. ഇതില്‍ ആരോഗ്യ, കുടുംബക്ഷേമ മേഖലയെയും ബാങ്കിങ് റെഗുലേഷന്‍ ഭേദഗതിനിയമത്തെയും കുറിച്ചുള്ള സെമിനാറുകളെപ്പറ്റി മൂന്നാംവഴിയുടെ മെയ് ലക്കത്തില്‍ പ്രതിപാദിച്ചിരുന്നു. ( ആശുപത്രി സഹകരണ സംഘങ്ങളുടെ കൂട്ടായ്മ മരുന്നുല്‍പ്പാദന രംഗത്തേക്കുവരെ കടക്കുമെന്നാണു സൂചന. ബാങ്കിങ് റെഗുലേഷന്‍ നിയമഭേദഗതിയുടെയും ആദായനികുതിയുടെയുമൊക്കെ പ്രശ്‌നങ്ങളില്‍ ജാഗ്രത കാട്ടുകയും പ്രായോഗിക സമീപനമെടുക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും സെമിനാറില്‍ വ്യക്തമായി ). ബാക്കിയുള്ള സെമിനാറുകളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഇവയില്‍ ഏറ്റവും ഒടുവിലത്തെതിനെക്കുറിച്ച്് ആദ്യം പറയേണ്ടിയിരിക്കുന്നു. വിവിധ സെമിനാറുകളിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതിഫലിച്ചതിനൊപ്പം സമ്പത്തുല്‍പ്പാദനത്തിലും വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിലും രാസത്വരകമാകേണ്ട വിവര സാങ്കേതികവിദ്യയടക്കമുള്ള മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍ കൂടിയായിരുന്നു അത് എന്നതുകൊണ്ടാണിത്.
‘വിവര സാങ്കേതികവിദ്യയും സഹകരണ മേഖലയുടെ സാധ്യതകളും’ എന്ന ആ സെമിനാര്‍ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് ആണ് ഉദ്ഘാടനം ചെയ്തത്. നെതര്‍ലാന്റ്‌സിലെ അംബാസഡര്‍ തന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹം പങ്കുവച്ചു. ആ രാജ്യത്തെ ഗതാഗത നിയന്ത്രണസംവിധാനം പ്രവര്‍ത്തിപ്പിക്കപ്പെടുന്നതു കേരളത്തിലിരുന്നുകൊണ്ടാണ് എന്നതാണ് ആ കാര്യം. വിവര സാങ്കേതികവിദ്യയ്ക്കു ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ഇവിടെയിരുന്നുതന്നെ എത്താന്‍ കഴിയുമെന്നു മാത്രമല്ല, ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള തൊഴില്‍ ഇവിടേക്കു കൊണ്ടുവരാനും കഴിയും. അതുകൊണ്ടു വീടുകള്‍ കേന്ദ്രീകരിച്ചുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങാനാവും. ഡിജിറ്റലൈസേഷന്‍ വൈജ്ഞാനിക മേഖലയും സഹകരണ മേഖലയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഈടുറ്റതാക്കും. ഇതിനായി സഹകരണ സംഘങ്ങളുടെ മാനേജ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തണം. ഇക്കാര്യത്തില്‍ അടിസ്ഥാനതത്വം പ്രധാനമാണ്. ഉപഭോക്താവിന്റെ സംതൃപ്തിയും വിശ്വാസവും ആര്‍ജിക്കുക എന്നതായിരിക്കണം അടിസ്ഥാനതത്വം. തത്വം ശരിയായാല്‍ നയം ശരിയാവും, നയം ശരിയായാല്‍ പ്രയോഗം ശരിയാവും. ഇതിന് ഓരോ സഹകരണ സംഘവും നല്ല സോഫ്റ്റ്‌വെയര്‍ വച്ചു നല്ല രീതിയില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അതിനു നടപടികള്‍ നടന്നുവരുന്നു. അങ്ങനെ ആധുനിക മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കി വിവര സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതല്‍ വിപുലമാക്കിയാല്‍ ദൂര സ്ഥലങ്ങളില്‍നിന്നുപോലും ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവും. ഇതിന് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് എന്ന സംവിധാനം പ്രയോജനപ്പെടുത്തണം. അതുവഴി സഹകരണ പ്രസ്ഥാനവും ഉപഭോക്താക്കളും തമ്മില്‍ കൂടുതല്‍ കണക്ടഡ് ആവും – അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടു രംഗത്തു വിപ്ലവമുണ്ടായിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച ലേബര്‍ കമ്മീഷണര്‍ എസ്. ചിത്ര ചൂണ്ടിക്കാട്ടി. കോവിഡിനുമുമ്പ് 85 ശതമാനവും കാഷ് ഇടപാടുകളായിരുന്നു. വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു. സഹകരണവകുപ്പില്‍ പ്രവര്‍ത്തിക്കവെ സഹകരണ സംഘങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അവര്‍ വിശദീകരിച്ചു. ഇതിനായി വിശദപദ്ധതി തയാറാക്കി. വ്യത്യസ്ത സംഘങ്ങളില്‍ വ്യത്യസ്ത സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഇത് ഏകീകരിക്കുക എളുപ്പമല്ല. എങ്കിലും, ജനങ്ങളുടെ വിശ്വാസവും ആവശ്യവും കണക്കിലെടുത്തുകൊണ്ട് ഇത്തരമൊരു സോഫ്റ്റ്‌വെയര്‍ വൈകാതെ കൊണ്ടുവരാനാവും എന്നു ചിത്ര പ്രതീക്ഷ പ്രകടിപ്പിച്ചു.
അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സപോര്‍ട്ട് ഡവലപ്‌മെന്റ് അതോറിട്ടി (അപ്പേഡ) ചെയര്‍മാന്‍ ഡോ. എം. അംഗമുത്തു മുഖ്യാതിഥിയായിരുന്നു. തങ്ങള്‍ കയറ്റുമതി ചെയ്യുന്ന സാധനങ്ങളില്‍ ഇരുപതോളം ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍നിന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അമ്പതിലധികമായി വര്‍ധിപ്പിച്ച് 5000 കോടിയില്‍പരം രൂപയുടെ കയറ്റുമതിയിലേക്കുയരാന്‍ കേരളത്തിനു കഴിയും. ഇതിനു ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും കയറ്റുമതിക്കാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യണം. കൃഷിയിടത്തില്‍നിന്നു തുറമുഖത്തേക്ക് എന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനവും സാങ്കേതികവിദ്യയും വികസിപ്പിക്കണം. ഇതിനു ഡാറ്റാബേസ് തയാറാക്കല്‍, പ്രൊഡക്ട് ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹകരണ വകുപ്പിനെ സഹായിക്കാന്‍ അപ്പേഡയ്ക്കു കഴിയും. അതുകൊണ്ടു കയറ്റുമതിക്ക് ഉതകുംവിധം വന്‍തോതിലുള്ള ഉല്‍പ്പാദനശേഷി കൈവരിച്ചെടുക്കാന്‍ അദ്ദേഹം സഹകരണ വകുപ്പിനോട് അഭ്യര്‍ഥിച്ചു.
സോഫ്റ്റ്‌വെയര്‍
ഏകീകരണം
സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിന്റെ കാര്യത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിതന്നെ അതിന്റെ ദൗര്‍ബല്യമായി മാറിയിരിക്കുകയാണെന്ന് ആസൂത്രണ ബോര്‍ഡംഗം ഡോ. ആര്‍. രാംകുമാര്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളുടെ സാമ്പത്തികോല്‍പ്പന്നങ്ങള്‍ ഇന്നുള്ളത്രയും പോരാ. ഇന്നു നടത്തിക്കൊണ്ടുപോകുന്ന വിധത്തില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയാല്‍ പോരാ. ആധുനികീകരണം ഏറ്റവും പ്രധാനമാണ്. സാമ്പത്തികക്ഷമതയും പ്രൊഫഷണല്‍ മാനേജ്‌മെന്റും വേണം. ഇതിനു സഹായകമായ സാങ്കേതിക സംവിധാനം ഉണ്ടാകണം. ഇവിടെയാണു ശക്തിതന്നെ ദൗര്‍ബല്യമാവുന്നത്. സഹകരണ മേഖല വ്യത്യസ്തങ്ങളായ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും ബാധകമായ സാങ്കേതിക സംവിധാനം കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഓരോ പ്രാഥമിക സഹകരണ സംഘത്തിന്റെയും പ്രവര്‍ത്തന ശൈലിയും ഉല്‍പ്പന്നങ്ങളും വ്യത്യസ്തങ്ങളാണ്. ഏകസ്വഭാവം കൊണ്ടുവരാന്‍ 2015 ല്‍ ഇടുക്കിയില്‍ പൊതുബാങ്കിങ് സംവിധാനത്തിനുതകുന്ന (സി.ബി.എസ്) സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമിച്ചു. ഒരേ പ്രാഥമിക സംഘത്തിന്റെതന്നെ രണ്ടു ശാഖകളില്‍പോലും രണ്ടു വ്യത്യസ്തതരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന തരത്തില്‍ അത്രയ്ക്ക് ഏകീകരണമില്ലാത്ത രീതിയായിരുന്നു. 2018 ആയപ്പോഴേക്കും 72 സംഘങ്ങളില്‍ 64 ലും പേരിനെങ്കിലും സി.ബി.എസിലേക്കു കൊണ്ടുവന്നു. അടിസ്ഥാനതത്വങ്ങളില്‍പോലും ഏകസ്വഭാവമില്ല. ഇതൊക്കെ മൂലം കുറെ സംഘങ്ങള്‍ പഴയ രീതിയിലേക്കു മടങ്ങിപ്പോകുകയാണുണ്ടായത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള സോഫ്റ്റ്‌വെയര്‍ ഏകീകരണം ബുദ്ധിമുട്ടാണ്. ഒരു അടിസ്ഥാന മിനിമം ചട്ടക്കൂടിലേക്ക് എല്ലാവരെയും കൊണ്ടുവരാന്‍ കഴിയണം. സഹകരണ മേഖലയില്‍ ആധുനികീകരണം നടക്കരുതെന്ന വാശിതന്നെയുള്ള സ്ഥാപിതതാല്‍പര്യങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു.
വന്‍തുക ചെലവഴിച്ചു സാങ്കേതിക സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടും അതിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായി പരിപാലിക്കുന്നതില്‍ ജാഗ്രതക്കുറവു വന്നതുകൊണ്ട് കുറെക്കാലം മുമ്പു വലിയൊരു സഹകരണ ബാങ്കില്‍ പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയില്‍ എട്ട് ഇടപാടുകളിലായി 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവമുണ്ടായെന്നു ബാങ്കിന്റെ പേരു പറയാതെ സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാട്് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ ജീവനക്കാര്‍ക്കു സ്വയം അവബോധം ഉണ്ടാവുകയും സെക്യൂരിറ്റി കാര്യങ്ങളില്‍ അവര്‍ക്കു പരിശീലനം നല്‍കുകയും വേണം. കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും തന്നെ മറ്റു മേഖലകളിലുള്ളത്ര സാങ്കേതികവിദ്യാ വിദഗ്ധര്‍ സഹകരണ മേഖലയില്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നതും തീരുമാനമെടുക്കുന്നതും വിവര സാങ്കേതികവിദ്യാ യോഗ്യതകളുള്ളവരല്ല. വിവര സാങ്കേതികവിദ്യാ നയം തീരുമാനിക്കുന്നതുപോലും വിവര സാങ്കേതികവിദ്യാ രംഗത്തു നിന്നുള്ളവരല്ല. അതുകൊണ്ടു സാങ്കേതികവിദ്യാത്തകരാറുകള്‍ (ലേരവിീഹീഴശരമഹ ൃലഷലരശേീി) സാധാരണമാണ്. ഇതു മനുഷ്യാധ്വാനം നഷ്ടപ്പെടുത്തലാണ്. വലിയ പണം മുടക്കി സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും തകരാറുണ്ടാവാന്‍ പാകത്തിലുള്ള സംവിധാനങ്ങളാണു പലരും ഇത്തരം സ്ഥാപനങ്ങളുടെ തലയ്ക്കു വച്ചുകൊടുക്കുന്നത്. ഇതിന്റെ കാര്യങ്ങള്‍ പഠിക്കാന്‍ മാനസികമായ ഒരു സന്നദ്ധതയില്ലായ്മ സഹകരണ സംഘങ്ങളില്‍ പലര്‍ക്കുമുണ്ട്. ഓപ്പറേഷണല്‍ ഫീസിബിലിറ്റിയില്‍ ശ്രദ്ധിക്കാതെ എന്തു ചെയ്തിട്ടും കാര്യമില്ല- അദ്ദേഹം പറഞ്ഞു.
ഡബിള്‍ ചെക്കര്‍
സംവിധാനം വേണം
പൊതു സോഫ്റ്റ്‌വെയര്‍ അല്ല, അതിനുമേലെ നിലനില്‍ക്കുന്ന ഒരു ലെയറാണു വേണ്ടതെന്നു നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസറായിരുന്ന കെ. സുരേഷ് പറഞ്ഞു. സാങ്കേതികവിദ്യയെ പേടിക്കേണ്ടതില്ല. എന്നാല്‍, ഡബിള്‍ ചെക്കര്‍ സംവിധാനം വേണം. ഡാറ്റാ അറ്റ് റെസ്റ്റും ഡാറ്റാ ഓണ്‍ മൂവ്‌മെന്റുമുണ്ട്. ചോരാന്‍ സാധ്യത കൂടുതല്‍ ഡാറ്റാ ഓണ്‍ മൂവ്‌മെന്റ് ആയ ഡാറ്റാ ഓണ്‍ പെന്‍ഡ്രൈവ് വഴിയാ ണ്. ജനങ്ങളുമായി നിരന്തരബന്ധമുള്ള സംവിധാനമാണു സഹകരണ ബാങ്ക്. കുറഞ്ഞത് ഒരു ലോഗ്ബുക്ക് എങ്കിലും സഹകരണ ബാങ്കുകളില്‍ വേണം. സി.സി.ടി.വി.യും മോണിറ്ററിങ് സംവിധാനവും ഉണ്ടാകണം. ഒരു സിസ്റ്റത്തില്‍ അതിക്രമിച്ചുകടക്കാന്‍ പലപ്പോഴും നാലു പാസ്‌വേര്‍ഡ് വരെയൊക്കെ വേണ്ടിവരുമെന്നുള്ളതുകൊണ്ട് അതൊക്കെ കടന്നു തട്ടിപ്പു നടത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ അമിതമായി പേടിക്കേണ്ടതില്ല – അദ്ദേഹം പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഗ്രൂപ്പ് സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മോഡറേറ്ററായിരുന്നു. ഉപഭോക്താക്കളിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സോഫ്റ്റ്‌വെയറിലേക്കു വരുമ്പോഴുള്ള പ്രശ്‌നം സഹകരണ മേഖലയ്ക്കു മാത്രമുള്ളതല്ല. കേരളത്തില്‍ രണ്ടു കോടിയില്‍പരം ആളുകള്‍ ഇന്നു സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ കണക്ടഡ് അല്ല. ഇതിനുള്ള പരിഹാരമാണു വിവര സാങ്കേതികവിദ്യ. വിവര സാങ്കേതികവിദ്യാ കാര്യങ്ങള്‍ പുറമെ നിന്നാരെങ്കിലും വന്നു ചെയ്യുക എന്നതു നടക്കില്ല. അതു നമ്മള്‍ സമര്‍പ്പണ ബോധത്തോടെ ചെയ്യുകതന്നെയേ മാര്‍ഗമുള്ളൂ. ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ അവസരങ്ങളാണ്. അതുകൊണ്ട് അതിനെ ഭയങ്കരമായി പേടിക്കേണ്ടതില്ല. ലോകം പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. യൂബര്‍ ഒക്കെ അങ്ങനെയാണ്. ഇതിന്റെയൊക്കെ പരികല്‍പന സഹകരണ മേഖലയ്ക്കു തുല്യമാണ്. നടത്തുന്നത് സ്വകാര്യ സംരംഭകരാണെന്നു മാത്രം. ആ സ്ഥാനത്തു സഹകരണപ്രസ്ഥാനത്തെ സങ്കല്‍പിച്ചു ചിന്തിച്ചാല്‍ത്തന്നെ ഇതു വ്യക്തമാവും. ഇവിടത്തെ ഡ്രൈവര്‍മാര്‍ യൂബര്‍പോലെ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയാണെങ്കില്‍ യൂബറിനു കൊടുക്കേണ്ട 20 ശതമാനം തുക ലാഭിക്കാന്‍ കഴിയും. അത്തരം പ്ലാറ്റ്‌ഫോം സഹകരണ സംഘങ്ങള്‍ നമുക്ക് ഉണ്ടാക്കാനാവും. അതില്‍ ഡ്രൈവര്‍മാര്‍തന്നെ ആ സംവിധാനത്തിന്റെ ഉടമകളായി വരും. അവര്‍തന്നെയാണു കമ്പനി നടത്തുന്നത്. പണ്ടായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമായിരുന്നില്ല. സമ്പദ്‌വ്യവസ്ഥയിലെ അസമത്വം വലിയൊരു പരിധി വരെ പരിഹരിക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയും. ഈ രീതിയിലുള്ള സാമ്പത്തിക വിതരണത്തിനു വിവര സാങ്കേതികവിദ്യ സഹായകമാണ്. ക്ലൗഡ് അധിഷ്ഠിത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സാങ്കേതികവിദ്യ വലിയൊരു കാര്യമാണ്. ഓരോ സ്ഥാപനവും പ്രത്യേകമായി വലിയ മുതല്‍മുടക്കോടെ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ചെലവു കുറഞ്ഞ രീതിയില്‍ ഇതിലൂടെ പൊതുവായി കാര്യങ്ങള്‍ ഏര്‍പ്പെടുത്താനാവും. ഇതിനു സഹകരണ പ്രസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്നു സഹകരണ പ്രസ്ഥാനങ്ങളുടെതായ ഒരു സഹകരണ പ്രസ്ഥാനമുണ്ടാക്കി ക്ലൗഡ് ബേസ്ഡ് സംവിധാനം ഒരുക്കാനാവും. അപ്പോള്‍ ഓരോ സംഘത്തിനും പ്രത്യേകം സര്‍വറുകള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം പൊതുസര്‍വര്‍ മതിയാകും. അടിസ്ഥാന സൗകര്യത്തിനു വേണ്ടിവരുന്ന ചെലവ് കുറയ്ക്കാനുമാവും. വിവര സാങ്കേതിക സംവിധാനങ്ങള്‍ക്കായി വരുന്ന ചെലവ് പത്തിലൊന്നായി ചുരുക്കാന്‍ ഇതുകൊണ്ടു കഴിയും. എല്ലാവര്‍ക്കുമായി വിദഗ്ധരുടെ പൊതുസംഘമുണ്ടാക്കി സുരക്ഷാ പ്രശ്‌നങ്ങള്‍ കുറയ്ക്കാനുമാവും. വിവര സാങ്കേതിക കാര്യങ്ങള്‍ക്കായി ഒരു സഹകരണ സംഘം നന്നായിരിക്കും – രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.ബി. ജയപ്രകാശ്, മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, മലപ്പുറം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജിങ് ഡയരക്ടര്‍ മുജീബ് കാടേരി തുടങ്ങിയവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ അനുഭവങ്ങള്‍ പങ്കുവച്ചു.
തിരുത്തലും
പരിഷ്‌കാരവും
സഹകരണ മേഖലയില്‍ വേണ്ട തിരുത്തലുകളെയും പരിഷ്‌കാരങ്ങളെയും പറ്റിയുള്ള സെമിനാര്‍ ശ്രദ്ധേയമായിരുന്നു. 24 നു നടന്ന ആ സെമിനാര്‍ മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ സഹകരണനിയമ പരിഷ്‌കരണ നടപടികള്‍ നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതനുസരിച്ചുള്ള സമഗ്ര പരിഷ്‌കരണം കാലതാമസമില്ലാതെ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹ്രസ്വകാല വായ്പാ മേഖല ഡിജിറ്റലൈസേഷന്റെയും പ്രൊഫഷലൈസേഷന്റെയും പാതയിലാണ്. വായ്പാമേഖലയിലുണ്ടായത്ര പുരോഗതി ഇതര മേഖലകളില്‍, പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങളുടെയും വനിതകളുടെയും പുരോഗതിക്കായുള്ള സംഘങ്ങളുടെ മേഖലയില്‍, ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. സഹകരണ ഓഡിറ്റും ശക്തമാക്കണമെന്നു അദ്ദേഹം പറഞ്ഞു. സഹകരണ ബിരുദാനന്തര,ഗവേഷണ കോഴ്‌സുകളിലൂടെ കൂടുതല്‍ സഹകരണ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചുവരികയാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞു.
കേരള ദിനേശ് സഹകരണ സംഘം പ്രസിഡന്റ് എം.കെ. ദിനേശ് ബാബു പ്രബന്ധം അവതരിപ്പിച്ചു. വായ്പ, വായ്‌പേതര സംഘങ്ങളെ വ്യവച്ഛേദിക്കാന്‍പോലും കഴിയാത്ത സ്ഥിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കുലറുടെ ബാഹുല്യം സമഗ്ര നിയമ പരിഷ്‌കരണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നു. 2023-ഓടെത്തന്നെ പുതിയ സഹകരണ നിയമം കൊണ്ടുവരാന്‍ കഴിയണം. ക്ലാസിഫിക്കേഷനിലെ അപാകം മൂലം ശമ്പളപരിഷ്‌കരണം പല സംഘങ്ങള്‍ക്കും താങ്ങാന്‍ പ്രയാസമാണ്. ഭരണസമിതിയംഗങ്ങള്‍ക്കു യോഗ്യതകള്‍ നിശ്ചയിക്കുകയും സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാവുകയും വേണം. ഏതാനും സംഘങ്ങളിലെ അഴിമതിയുടെ പേരില്‍ മറ്റു സംഘങ്ങളെയും ആളുകള്‍ സംശയിക്കുന്ന സ്ഥിതിയുണ്ട്. സഹകരണ സംഘങ്ങളുടെ ഗ്രേഡ് നിര്‍ണയിക്കുമ്പോള്‍ സാമ്പത്തികമികവ് മാത്രമല്ല, പ്രാദേശിക വികസനത്തിലും ഉല്‍പ്പാദന മേഖലയിലും നടത്തുന്ന പ്രവര്‍ത്തനങ്ങളും പരിഗണിക്കണം. ദേശസാല്‍കൃത ബാങ്കുകളെയും മറ്റും പോലെ സഹകരണ സംഘങ്ങളുടെയും ബോര്‍ഡുകള്‍ക്ക് ഏകരൂപം നല്‍കണം – അദ്ദേഹം പറഞ്ഞു.
പല സംഘങ്ങള്‍ക്കും ആറു കോടിയും പത്തു കോടിയുമൊക്കെ ആദായനികുതി അടക്കാന്‍ വന്നിരിക്കുന്ന നോട്ടീസ് വലിയ ഭീഷണിയാണെന്നു് മുന്‍ എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.എം. മോനായി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ഭീഷണി മറുഭാഗത്ത്. വായ്പാമേഖലയില്‍ കര്‍ശന നിയന്ത്രണം വേണം. 40-50 ശതമാനം സംഘങ്ങളിലും കുടിശ്ശിക വര്‍ധിക്കുകയാണ്. ഒരു പരിഷ്‌കാരവും പ്രാഥമിക സംഘങ്ങളെ മറന്നുകൊണ്ടാകരുത്. ഇവയുടെയൊക്കെ ഓഡിറ്റ് നടത്തുമ്പോള്‍ ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തിലെ നിഷ്‌ക്രിയ സ്വത്ത് നിബന്ധനകളും പ്രൂഡന്‍ഷ്യല്‍ നോംസുമൊക്കെ ഏര്‍പ്പെടുത്തുന്നതു യുക്തിയല്ല. ഒരേ ഉല്‍പ്പന്നംതന്നെ വ്യത്യസ്ത സംഘങ്ങള്‍ നിര്‍മിച്ചു വിപണി കിട്ടാതെ വിഷമിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യകത പഠിക്കുകയും സംരംഭകത്വ പരിശീലനങ്ങള്‍ നല്‍കുകയും ഉല്‍പ്പാദന മേഖലയില്‍ ബിസിനസുകള്‍ ആരംഭിക്കുകയും വേണം – അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് അമുല്‍ തങ്ങളുടെ വില്‍പനയില്‍ 700 കോടി രൂപയുടെ വര്‍ധന കൈവരിച്ചതു നൂതന മാര്‍ഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായി സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എം.എസ്. ഷെറിന്‍ പറഞ്ഞു. പരസ്യങ്ങള്‍ മൂന്നിരട്ടിയാക്കിയും ഡിജിറ്റല്‍ ട്രാക്ക്‌സിസ്റ്റത്തിലൂടെ ശക്തിദൗര്‍ബല്യ കേന്ദ്രങ്ങള്‍ മനസ്സിലാക്കി മാറ്റങ്ങള്‍ വരുത്തി അതനുസരിച്ച് ഉല്‍പ്പാദനശേഷിയുടെ പതിനഞ്ചിലൊരു ഭാഗം മാത്രം വിനിയോഗിച്ചു ചെലവുകുറച്ചും ട്രക്കുകള്‍ക്കു പകരം തീവണ്ടികളെ ആശ്രയിച്ചും ബാഹ്യവിതരണക്കാരെ ഏര്‍പ്പെടുത്തിയുമാണ് ഇതു സാധിച്ചത്. കേരളത്തിലും വിപണനത്തിനു സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. നേതൃത്വത്തിനും അംഗങ്ങള്‍ക്കും പരിശീലനങ്ങള്‍ നല്‍കണം. സ്‌കൂള്‍ മുതലേ സഹകരണപ്രസ്ഥാനത്തെപ്പറ്റി പഠിപ്പിക്കണം. ആഭ്യന്തര നിയന്ത്രണ സംവിധാനം ശക്തമാക്കുകയും ഏകീകൃത അക്കൗണ്ട്‌സ് കോഡ് നടപ്പാക്കുകയും ഫലപ്രദമായ ഓഡിറ്റ് മോണിറ്ററിങ് ഏര്‍പ്പെടുത്തുകയും വേണം – അവര്‍ പറഞ്ഞു.
വായ്പയ്ക്കും
ഏകീകരണം വേണം
സഹകരണ വിദ്യാഭ്യാസം ജെ.ഡി.സി, എച്ച്.ഡി.സി, ബികോം.(കോ-ഓപ്പറേഷന്‍) കോഴ്‌സുകളിലായി ഒതുങ്ങുന്നതു മാറണമെന്നും വായ്പ-വായ്‌പേതര മേഖലകളിലെ ഓഡിറ്റിനു ദിശാബോധം നല്‍കുംവിധം ഓഡിറ്റ് പരിഷ്‌കരണം വേണമെന്നും നിയമവും ചട്ടവും ഏകീകരിക്കണമെന്നും സഹകരണ ബാങ്കുകള്‍ തമ്മില്‍ ബിസിനസ് കൂട്ടായ്മ വേണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. വാഹിദ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ മേഖലയെയും ബന്ധിപ്പിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണ മേഖലയിലൂടെ നടപ്പാക്കണം. പലിശയ്ക്കു മാത്രമല്ല വായ്പയ്ക്കും ഏകീകരണം വേണം. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ സഹായിക്കാത്ത സമീപനമാണു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റേത് – അവര്‍ പറഞ്ഞു. കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്‍ മോഡറേറ്ററായിരുന്നു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങാപ്പള്ളി എന്നിവരും സംസാരിച്ചു.
ആധുനികീകരണം
നിര്‍ബന്ധം
പുതിയ മേഖലയായ യുവ സഹകരണ സംരംഭങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി അന്നുതന്നെ ‘യുവജനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും’ എന്ന സെമിനാറും നടന്നു. യുവജനക്ഷേമമന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനത്തെ എങ്ങനെ ഇല്ലാതാക്കാമെന്നു ഗവേഷണം നടക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനവും പ്രതികൂലമാണ്. സഹകരണ പ്രസ്ഥാനത്തില്‍ ഏറ്റവും ആവശ്യം ആധുനികീകരണമാണ്. യുവസംഘങ്ങള്‍ രൂപവല്‍ക്കരിച്ചു കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ചുവടുവയ്പാണു നടത്തിയിരിക്കുന്നത്. റോഡും പാലവുമൊക്കെ ഉണ്ടാക്കുന്നതിനെക്കാള്‍ പ്രധാനമാണ് ഇത്തരം സംരംഭങ്ങള്‍. നാലു വര്‍ഷം കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ യുവജന രംഗത്തായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളും മറ്റും ശുചീകരിച്ചു സൗന്ദര്യവല്‍ക്കരിക്കുന്ന ചുമതല ഏറ്റെടുത്തുനടത്താന്‍ ഒരു സഹകരണ സംഘം ആകാവുന്നതാണ്. മാലിന്യ നിര്‍മാര്‍ജനം, സിനിമാ നിര്‍മാണം, വിപണന മേഖല, എക്കോ ടൂറിസം, ജൈവക്കൃഷി, വാണിജ്യം, ഫിഷറീസ് മേഖലകളിലൊക്കെ സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ വരേണ്ടതാണ്. സഹകരണ സംഘങ്ങള്‍ക്ക് ആര്‍ട്ട് ഹബ്ബുകള്‍ പോലുള്ള നൂതനകാര്യങ്ങളും കൊണ്ടുവരാവുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
25 യുവ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ 33 എണ്ണം തുടങ്ങാന്‍ കഴിഞ്ഞുവെന്നതു എടുത്തുപറയേണ്ടതാണെന്നു വട്ടിയൂര്‍ക്കാവ് യുവജന സംരംഭകത്വ സഹകരണ സംഘം ഭരണസമിതിയംഗം കൂടിയായ അധ്യക്ഷന്‍ വി.കെ. പ്രശാന്ത് എം.എല്‍.എ പറഞ്ഞു. സഹകരണ നിയമത്തില്‍ ഇത്തരമൊരു മാതൃക ഇല്ല. ബ്യൂറോക്രസിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുണ്ടാക്കണം. സര്‍ക്കാര്‍പദ്ധതികള്‍ മുഖാന്തരം ഇത്തരം സംഘങ്ങളെ സഹായിക്കണം. എം.എല്‍.എ ഫണ്ട്, എം.പി. ഫണ്ട്, ഡി.ടി.പി.സി. തുടങ്ങിയവയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇത്തരം സംഘങ്ങള്‍ക്ക് അനുമതി നല്‍കണം. എല്ലാ ജില്ലയിലും ഇത്തരം സംഘങ്ങള്‍ രൂപവല്‍ക്കരിക്കണം. ഇവയിലെ അംഗങ്ങള്‍ക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി ദുരന്ത നിവാരണ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തണം. ഓഹരിയധിഷ്ഠിതമാണ് ഇത്തരം സംഘങ്ങള്‍. വായ്പാ, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതു പരിമിതിയാണ് – അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണ കാര്യത്തില്‍ യുവ സഹകരണ സംഘങ്ങള്‍ ആവശ്യമാണെന്നു പ്രബന്ധം അവതരിപ്പിച്ച കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെടുന്നവരെ ഉള്‍ക്കൊള്ളാനും യുവ സഹകരണ സംഘങ്ങള്‍ക്കു കഴിയണമെന്നു അദ്ദേഹം പറഞ്ഞു.
യുവ സംഘങ്ങള്‍
വ്യാപിപ്പിക്കണം
യുവാക്കള്‍ സഹകരണ രംഗത്തേക്കു വരേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്നതില്‍ കേരളം ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നു വൈകുണ്ഡമേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയരക്ടര്‍ ഹേമ യാദവ് പറഞ്ഞു. യുവത്വത്തിനും മെച്ചപ്പെട്ട തൊഴിലിനും ജീവിതത്തിനും സഹകരണമാണു മാര്‍ഗം. ഇതിനാവശ്യമായ പരിശീലനം നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാണ്. സഹകരണ പ്രസ്ഥാന നേതൃത്വത്തിലേക്കു യുവാക്കള്‍ വരണം. ഇതിനും പരിശീലനം നല്‍കാനാവും. യുവ സഹകരണ സംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കണമെന്ന് ആഗ്രഹമുണ്ട് – അവര്‍ പറഞ്ഞു.
പുതിയ കാലത്തിന്റെ സാധ്യതകള്‍ സ്വാംശീകരിക്കുന്നതില്‍ സഹകരണ പ്രസ്ഥാനം വിമുഖമാണെന്ന പ്രതീതി മാറ്റി സഹകരണ പ്രസ്ഥാനത്തെ യുവത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാനാണു സര്‍ക്കാരിന്റെ ശ്രമമെന്നു വ്യക്തമാണെന്നു യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിലെ വികസിത രാജ്യങ്ങള്‍ക്കു തുല്യമായ കേരളത്തിന്റെ നേട്ടം തുടരണമെങ്കില്‍ സമ്പത്തുല്‍പ്പാദനം ശക്തമാക്കണം. ഇതിനുള്ള ബദല്‍മാര്‍ഗങ്ങളില്‍ സഹകരണ മേഖലയും പൊതു മേഖലയും പ്രധാനമാണ്. 25 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുള്ള പദ്ധതിയില്‍ ഏറ്റവും പങ്കു വഹിക്കാനാവുക സഹകരണ പ്രസ്ഥാനത്തിനാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള വിപണനം സഹകരണ സംരംഭങ്ങള്‍ ചെയ്യേണ്ടതാണ്. കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വിപണിപ്രശ്‌നം നേരിടുന്നുണ്ട്. സാധനങ്ങള്‍ വീടുകളിലെത്തിച്ചുകൊടുക്കുന്ന ഡെലിവറി ബോയ്‌സിനെ ലഭ്യമാക്കാന്‍ യുവജന ക്ഷേമബോര്‍ഡിനു കഴിയും. പല സംഘങ്ങള്‍ ഒരേ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിക്ക് ഏകീകൃത ബ്രാന്‍ഡിംഗ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പു മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. ശശിധരന്‍ നായര്‍ മോഡറേറ്ററായിരുന്നു. കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനവും യുവാക്കളാണെന്നതും ഇവര്‍ അഭ്യസ്തവിദ്യരാണെന്നതും യുവ സഹകരണ സംരംഭങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളുടെ തുടക്കകാലത്തു വ്യാവസായിക സഹകരണ സംരംഭങ്ങളെപ്പറ്റി കാര്യമായി ചിന്തിച്ചിരുന്നില്ലെന്നതിനാല്‍ ഇനി അവയ്ക്കാവശ്യമായ വിശദനിയമങ്ങള്‍ ഉള്‍ക്കൊള്ളുംവിധം നിയമത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പല സഹകരണസംഘങ്ങളും ഉണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണയ്ക്കു തുല്യമായ ഉല്‍പ്പന്നമാണു ബേബി ഓയില്‍ എന്ന പേരില്‍ കോര്‍പറേറ്റ് കമ്പനികള്‍ വലിയ വിലയ്ക്കു വിപണനം നടത്തുന്നത്. ആവശ്യകതയും വിപണിയും പഠിച്ച് ഉല്‍പ്പാദനം നടത്തിയാല്‍ സഹകരണ സംഘങ്ങള്‍ക്ക് ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. ഇതിനൊക്കെ പരിശീലനം ആവശ്യമാണ്. ഇതിനുതകുംവിധം പ്രോജക്ട് അപ്രൈസല്‍ പരിശീലനം ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. വ്യാവസായിക-സേവന സംരംഭങ്ങള്‍ക്കു വ്യവസായ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാവും. ലാന്റ് പൂളിങ് പോലുള്ള സംവിധാനങ്ങള്‍ ആലോചിക്കണം. ഭൗമസൂചികാ പദവികള്‍ പ്രയോജനപ്പെടുത്തുകയും കേരള സഹകരണ ബ്രാന്‍ഡ് കൊണ്ടുവരികയും വേണം. സ്‌കൂളുകളിലും കോളേജുകളിലും ഒരു പാഠമെങ്കിലും സഹകരണ പ്രസ്ഥാനത്തെപ്പറ്റിയും എങ്ങനെ സംരംഭകരാവാം എന്നതിനെപ്പറ്റിയും ഉണ്ടായിരിക്കണം – അദ്ദേഹം പറഞ്ഞു.
കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. വസീഫ്, കൊല്ലം ജില്ലാ ലൈവ് സ്റ്റോക്ക് ആന്റ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രസിഡന്റ് എസ്. രാജേന്ദ്രന്‍, കോട്ടയം ജില്ലാ യുവജന സംരംഭക സഹകരണ സംഘം പ്രസിഡന്റ് അജയ്.കെ.ആര്‍, ചിറ്റൂര്‍ ബ്ലോക്ക് യുവ സഹകരണ സംഘം പ്രസിഡന്റ് ആര്‍. ജയദേവന്‍, ആര്‍ട്‌കോ ചെയര്‍മാന്‍ വി.എസ്. അനൂപ് എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനരംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു.
കയറ്റുമതി
സംസ്ഥാനമാകണം
മേളയിലെ ആദ്യെസമിനാര്‍ ഏപ്രില്‍ 19 നു നടന്ന ‘കൃഷി-കാര്‍ഷികാനുബന്ധ മേഖലകളിലെ സഹകരണ ഇടപെടലുകളും വികസന സാധ്യതകളും’ ആയിരുന്നു. മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറായിരുന്നു ഉദ്ഘാടകന്‍. കോര്‍പറേറ്റ്‌വല്‍ക്കരണത്തിനു ബദലായി സഹകരണ സംരംഭങ്ങളുടെ കാര്‍ഷിക ഇടപെടലുകളുടെതായ മാതൃക സൃഷ്ടിക്കണം എന്ന ലക്ഷ്യം കൃഷി വകുപ്പിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 16 കാര്‍ഷികവിളകള്‍ തറവില കൊടുത്തു സംഭരിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. മൂല്യവര്‍ധിതോല്‍പ്പന്ന രംഗത്തു ധാരാളം വ്യവസായങ്ങളും വ്യവസായികളും വരുന്നുണ്ടെങ്കിലും, കൃഷിക്കാര്‍ക്കു നേട്ടമുണ്ടാകണമെങ്കില്‍ കൃഷിക്കാര്‍തന്നെ സംരംഭകരാവുകയോ സഹകരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങുകയോ ചെയ്യണം. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ വഴി മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കണം. ഇതിനൊക്കെ വേണ്ടിയാണു വാല്യു അഡീഷന്‍ ഫോര്‍ ഇന്‍കം ജനറേഷന്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ (വൈഗ) എന്ന പദ്ധതി കൃഷിവകുപ്പ് ആരംഭിച്ചത്. എന്നാല്‍, ഏറ്റവും പ്രധാന പ്രശ്‌നം മൂലധനമാണ്. കയറ്റുമതിസാധ്യതയുടെ രണ്ടു ശതമാനം പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും പരമാവധി കഴിവ് ഉപയോഗിക്കാനാവുന്നില്ല. ഉദാഹരണമായി, ഉല്‍പ്പാദിപ്പിക്കാവുന്നതിന്റെ 20 ശതമാനം തേന്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ചക്കപ്പഴത്തില്‍നിന്നു വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാനാവും. ഇതിന്റെയൊക്കെ സാധ്യതകള്‍ ഏറ്റവുമാദ്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതു സഹകരണ മേഖലയാണ്. കേരളത്തിന് ഉല്‍പ്പാദന സംസ്ഥാനം മാത്രമല്ല കയറ്റുമതി സംസ്ഥാനമായിത്തന്നെ മാറാന്‍ കഴിയും – അദ്ദേഹം പറഞ്ഞു.
സമൂഹത്തിനു വേണ്ടത്
ഉണ്ടാക്കണം
താന്‍ സഹകരണ സെക്രട്ടറിയായിരിക്കെ ടെലിവിഷന്‍- ഡോക്യുമെന്ററി രംഗത്തു സഹകരണ സംരംഭം തുടങ്ങാനുള്ള നിര്‍ദേശം വന്നത് ഓര്‍ത്തുകൊണ്ടായിരുന്നു മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസിന്റെ അവതരണത്തിന്റെ തുടക്കം. ഏതു രംഗത്തും സഹകരണ സംഘമാവാം. യൂറോപ്പില്‍ സാമൂഹിക സഹകരണ സംഘങ്ങളുണ്ട്. സമൂഹത്തിന് ആവശ്യമുള്ളതെന്തോ അത് ഉണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. മാലിന്യ സംസ്‌കരണം പോലുള്ള മേഖലകളില്‍ ഇവിടെയും ഇത്തരം സഹകരണ സംരംഭങ്ങള്‍ ആകാവുന്നതാണ്. ബാങ്കിങ്ങില്‍ മാത്രമായി ഒതുങ്ങിയ പല സംഘങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഒരു വ്യവസായത്തെ ആശ്രയിച്ചുമാത്രം സ്ഥാപിക്കപ്പെട്ട സംഘങ്ങളും ആ വ്യവസായം പ്രതിസന്ധിയിലായപ്പോള്‍ പൂട്ടി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 2007 ല്‍ സൈബര്‍ പാര്‍ക്കിനുള്ള നിര്‍ദേശവുമായി വന്നപ്പോള്‍ ഒരു ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് എങ്ങനെ സൈബര്‍ പാര്‍ക്ക് നടത്താനാവും എന്നാണു പലരും ചോദിച്ചത്. ആ സംശയം അസ്ഥാനത്തായിരുന്നുവെന്നു തെളിഞ്ഞു – അവര്‍ പറഞ്ഞു.
കോവിഡ് രൂക്ഷമായ കാലത്തും ഒരു മുടക്കവുമില്ലാതെ വെളിയിലിറങ്ങി ജനങ്ങള്‍ക്കിടയില്‍ വെള്ളിനക്ഷത്രം പോലെ പ്രവര്‍ത്തിച്ച മേഖലയാണു ക്ഷീര സഹകരണ മേഖലയെന്ന് അധ്യക്ഷത വഹിച്ച മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. കോവിഡ് കാലത്തു 40 ശതമാനം പാല്‍ വില്‍പന നടത്താനാവാതെവന്ന അധികോല്‍പ്പാദന പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തിനു പുറത്തു 13 പാല്‍പ്പൊടി ഫാക്ടറികളില്‍ കൊണ്ടുപോയി പാല്‍പ്പൊടിയുണ്ടാക്കി. കോവിഡ് കാലത്തു മടങ്ങിവന്ന പ്രവാസികള്‍ക്കു ക്ഷീര സഹകരണ മേഖല ആശ്രയമായതിനു മലപ്പുറം പോലുള്ള ജില്ലകള്‍ ഉദാഹരണമാണ്. മില്‍മയുടെ പാലിന്റെ വിലയുടെ 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്കാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികോല്‍പ്പാദന സംഘങ്ങള്‍ ഉല്‍പ്പാദനം മുതല്‍ മൂല്യവര്‍ധന വരെ നടപ്പാക്കണമെന്നു കേരള ബാങ്ക് അഗ്രി അലൈഡ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി സ്‌കറിയ പറഞ്ഞു. 30-35 ലക്ഷം രൂപ മുതല്‍മുടക്കി ഒന്നരക്കോടി രൂപ വരെ വിറ്റുവരവു നേടിയ കാര്‍ഷിക സംഘങ്ങളുണ്ട്. ഇവരെയൊക്കെ സഹായിക്കാന്‍ കേരള ബാങ്കിനു വിവിധ പദ്ധതികളുണ്ട്. ഈടില്ലാതെ വായ്പ നല്‍കുന്ന ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുണ്ട്. കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ഒരു സംഘത്തിനു രണ്ടു കോടി രൂപ വരെ വായ്പ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 135 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 1000 സംഘങ്ങളിലെങ്കിലും ഇത്തരം പ്രവര്‍ത്തനം സാധ്യമാകണമെന്നാണു കേരള ബാങ്കിന്റെ ആഗ്രഹം. എന്നാല്‍, പദ്ധതികള്‍ക്കു നിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ സാങ്കേതികത്തികവില്ലാത്ത പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പോരാ. നാലു ശതമാനം പലിശയ്ക്കു 10 കോടി രൂപവരെ വായ്പ നല്‍കുന്ന ബാങ്കേഴ്‌സ് മള്‍ട്ടി സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാണ്. ഒരു സഹകരണ ബാങ്കിനു കീഴില്‍ ഒരു കാര്‍ഷികോല്‍പ്പാദന സംഘമെങ്കിലും രൂപവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍, മോഡറേറ്ററായിരുന്ന ബാലരാമപുരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രതാപചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഒരു വര്‍ഷം,
ലക്ഷം സംരംഭം
ഏപ്രില്‍ 23 നു നടന്ന ‘വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്-അവസരങ്ങളും സാധ്യതകളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി പി. രാജീവ് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പുതിയസംരംഭങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ വിജയത്തിനു സഹകരണ പ്രസ്ഥാനത്തിലാണു പ്രധാനമായും പ്രതീക്ഷയര്‍പ്പിക്കുന്നതെന്നു സൂചിപ്പിച്ചു. സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ തങ്ങളെക്കൊണ്ട് എത്രത്തോളം കഴിയുന്നുവെന്നതു പ്രത്യേക പ്രാധാന്യത്തോടെ പരിഗണിക്കണം. സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകളെ ഉല്‍പ്പാദനവുമായി കണ്ണിചേര്‍ക്കണം. കേരളത്തിലെ മികച്ച വിദ്യാഭ്യാസ, ആരോഗ്യ സൂചകങ്ങളെ ഇനി ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉയര്‍ന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിചരണവുമായി ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസിത രാജ്യങ്ങള്‍ ഉല്‍പ്പാദന മേഖലയില്‍നിന്നുള്ള സമ്പത്തിനെ ആശ്രയിച്ചാണു മുന്നേറുന്നത്. എന്നാല്‍, കേരളത്തില്‍ ഉല്‍പ്പാദന മേഖലയില്‍ അവയ്ക്കു തുല്യമായ സമ്പത്തുല്‍പ്പാദനം നടക്കുന്നില്ല. ഈ ദൗര്‍ബല്യം പരിഹരിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ഈ കാഴ്ചപ്പാടോടെ കാര്‍ഷിക മേഖലയില്‍ എങ്ങനെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാമെന്നാണു നോക്കിയത്. കേരളത്തില്‍ ഭൂമിലഭ്യത കുറവാണ്. ഒരുവശത്തു പശ്ചിമഘട്ടമാണ്. തീരദേശത്തു തീരപരിപാലന നിയമത്തിന്റെയും മറ്റും നിയന്ത്രണങ്ങളുണ്ട്. നമ്മുടെ ശക്തി യോഗ്യതാസമ്പന്നമായ മനുഷ്യവിഭവ ശേഷിയാണ്. ഇതു വിനിയോഗിക്കാന്‍ കഴിയുന്ന എക്കോസിസ്റ്റം രൂപപ്പെടുത്തണം. ഇതിനായുള്ള എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് ( ഇ.എസ്.ജി ) നിക്ഷേപത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എം.എസ്.എം.ഇ.കള്‍ക്കും മറ്റും പ്രയോജനപ്പെടുന്ന വിധത്തില്‍ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 2000 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലും പുതിയ വ്യവസായങ്ങള്‍ വരും. ഭക്ഷ്യസംസ്‌കരണ വ്യവസായമാണ് ഒന്ന് – മന്ത്രി പറഞ്ഞു.
10 ഭക്ഷ്യ സംസ്‌കരണ
വ്യവസായങ്ങള്‍
കേരളത്തില്‍ 10 ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. കെല്‍ട്രോണ്‍ 650 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ഒരു മേഖലയായിരിക്കും. പെട്രോ കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കും. ഇതിനൊക്കെ കണ്‍സോര്‍ഷ്യം രൂപവല്‍ക്കരിക്കുകയെന്നതു ഫോക്കസ് ഏരിയയായി മാറുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് എം.എസ്.എം.ഇ.കള്‍ വരിക. അഞ്ചു വര്‍ഷംകൊണ്ടു കേരളത്തില്‍ എം.എസ്.എം.ഇ.കള്‍ ഇരട്ടിച്ചു. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം എം.എസ്.എം.ഇ.കള്‍ ആണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പും സഹകരണ വകുപ്പുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കുവഹിക്കേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികളില്‍ കിന്‍ഫ്രയുമായി ചേര്‍ന്നു പദ്ധതികള്‍ നടപ്പാക്കും. 10 ഏക്കറില്‍ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ സ്വകാര്യ വ്യവസായപാര്‍ക്ക് ആവാം എന്നു തീരുമാനിച്ചിട്ടുണ്ട്. ഇതു സഹകരണ മേഖലയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വ്യവസായങ്ങള്‍ക്കു മൂന്നു കോടി രൂപ വരെ സര്‍ക്കാര്‍ ഇന്‍സന്റീവ് നല്‍കും. നടപ്പാക്കാവുന്ന പദ്ധതികള്‍ക്കായി പ്രൊജക്ട് റിപ്പോര്‍ട്ടുകളുടെ ഒരു സമാഹാരം തന്നെ തയാറാക്കിവച്ചിട്ടുണ്ട്. കോമണ്‍ ഫെസിലിറ്റി സംവിധാനം ഉണ്ടാക്കിയാല്‍ ഉല്‍പ്പാദനച്ചെലവു കുറയ്ക്കാം. വിവിധയിനം ഉല്‍പ്പന്നങ്ങള്‍ക്കായി പൊതുവായി കേരള ബ്രാന്റ് തുടങ്ങും. വിപണനത്തിനായി ഇ-കോമേഴ്‌സ് ശക്തിപ്പെടുത്തും. മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റും ഒരുക്കാവുന്നതാണ്. വെളിച്ചണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രീതികള്‍ ടൂറിസ്റ്റുകള്‍ക്കും മറ്റും കാണാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ ചെറിയ മില്ലുകള്‍ സ്ഥാപിക്കാം. ജാതി, കാന്താരിമുളക് തുടങ്ങിയവകൊണ്ടുവരെ വീഞ്ഞ് ഉണ്ടാക്കാനാവും. ചെറു സ്റ്റാര്‍ട്ടപ്പുകള്‍ വരണം. തൊഴില്‍സൃഷ്ടിക്കും ഉല്‍പ്പാദനവര്‍ധനയ്ക്കും ഉതകുന്നതായി സഹകരണ മേഖല മാറണം. വീടുകളുടെ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ സജ്ജീകരിച്ച് വര്‍ക്ക് ഫ്രം ഹോം ആയി ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തണം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ ഏറ്റവും കൂടുതലുള്ള നാടാണു കേരളം. ഇവരെ കാലഘട്ടത്തിനനുസരിച്ചു നൈപുണ്യം സ്‌കെയില്‍അപ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതില്‍ സഹകരണ സംഘങ്ങള്‍ക്കു സഹായിക്കാന്‍ കഴിയും. സംരംഭകത്വ വികസനത്തിനായി 1150 ഇന്റേണുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബി.ടെക്കും എം.ബി.എ.യുമൊക്കെ ഉള്ളവരാണിവര്‍. ഇവര്‍ക്കു താലൂക്കുതലങ്ങളില്‍ വ്യവസായ സംരംഭഫെസിലിറ്റേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. സഹകരണ സ്ഥാപനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ മാതൃകയില്‍ വൈവിധ്യവല്‍ക്കരണം നടത്തണം – പി. രാജീവ് പറഞ്ഞു.
പരിസ്ഥിതിയെ ബാധിക്കാത്ത വ്യവസായങ്ങളായിരിക്കും കേരളത്തില്‍ ഭാവിയില്‍ നല്ലത് എന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഇവിടെ തൊഴില്‍രംഗത്തു വേണ്ടത്ര നൈപുണ്യമുള്ളവര്‍ വാര്‍ത്തെടുക്കപ്പെടുന്നുണ്ടോ എന്നു ഗൗരവമായി പരിശോധിക്കണം. സാധാരണ എഞ്ചിനിയറിങ് കോളേജുകള്‍ മിക്കതും പ്രതിസന്ധി നേരിടുകയാണ്. എഞ്ചിനിയറിങ് ബിരുദധാരികള്‍ സാധാരണതൊഴിലിനായി തങ്ങളെ സമീപിക്കാറുണ്ട്. തൊഴില്‍ നൈപുണിയുടെ മൂല്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയ്ക്ക് ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സഹകരണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സാമൂഹികപദവി ഉയരേണ്ടത് ഇതിനാവശ്യമാണ്. സ്‌പെയിനിലെ മോണ്‍ഡ്രഗോണ്‍ സഹകരണ പ്രസ്ഥാനത്തിന്റെ അനുഭവം നമുക്കുണ്ട്. അവയുടെ വിജയത്തിനു ഗവേഷണ യൂണിറ്റുണ്ട്. മൂല്യവര്‍ധനക്കാര്യത്തില്‍ വിവിധ മേഖലകളിലുള്ളവരെ സഹകരിപ്പിച്ചു ഗവേഷണം നടത്തേണ്ടതുണ്ട്. ആശുപത്രികളുടെ കൂട്ടായ്മയിലൂടെ മെഡിക്കല്‍ ഗവേഷണ സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്. സഹകരണ കണ്‍സോര്‍ഷ്യത്തിന് ഏതു വന്‍പദ്ധതിയും നടപ്പാക്കാനാവും – അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. പതിനാലാം പഞ്ചവല്‍സരപദ്ധതി സഹകരണ പ്രസ്ഥാനത്തിനു മുന്നില്‍ വലിയൊരു അവസരം തുറന്നിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിക്കു നിക്ഷേപ സമാഹരണം തന്നെ തെളിവ്. 6000 കോടി രൂപ ലക്ഷ്യം വച്ചപ്പോള്‍ 7200 കോടി സമാഹരിക്കാനായി. കേരള ബാങ്കാവട്ടെ 1035 കോടി ലക്ഷ്യമിട്ടപ്പോള്‍ 3335 കോടി സമാഹരിച്ചു. കേരളത്തിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ലോകോത്തര മാതൃകയാണ്. താഴെത്തട്ടിലെ നിര്‍മാണ മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന് ഇടപെടാന്‍ കഴിയും. വന്‍വ്യവസായങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍ പരിമിതിയുണ്ടെങ്കിലും ചെറുകിട സംരംഭങ്ങള്‍ക്ക് ഒരുപാടു സാധ്യതയുണ്ട്. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ഇടപെടുന്നതിനായി 2015 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പോലുള്ള പരീക്ഷണങ്ങള്‍ നടത്തി. 22 കോടിയില്‍പരം രൂപയുടെ വിറ്റുവരവു സൂപ്പര്‍മാര്‍ക്കറ്റിലൂടെ മാത്രം നേടാനായിട്ടുണ്ട്. വിലയില്‍ നല്ല കുറവു നല്‍കാന്‍ കഴിയുകയും ചെയ്യുന്നു. കുടുബശ്രീ യൂണിറ്റുകള്‍ എന്‍.ആര്‍.ഇ.ജി.എസുമായി കോര്‍ത്തിണക്കിയപ്പോള്‍ ജീവിതമാര്‍ഗം മെച്ചപ്പെടുത്തുന്നതില്‍ വലിയ നേട്ടമുണ്ടായെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കു വായ്പയുടെ ഒഴുക്കു പ്രധാനമാണെന്നു എന്‍.സി.ഡി.സി. റീജിയണല്‍ ഡയരക്ടര്‍ തെഹദൂര്‍ റഹ് മാന്‍ പറഞ്ഞു. ഇവയ്ക്കു സഹകരണത്തിന്റെ കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ വിലപേശല്‍ശേഷി വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അതിനു സഹകരണ പ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി. രാമുണ്ണി പറഞ്ഞു. പട്ടികജാതി-വര്‍ഗ സഹകരണ സംഘങ്ങളുടെ പുരോഗതിക്കു വലിയ തോതില്‍ സര്‍ക്കാര്‍സഹായം ആവശ്യമാണെന്നും ഖാദി ബോര്‍ഡും ഇത്തരം സംഘങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതാണെന്നും പട്ടികജാതി-വര്‍ഗ സഹകരണ ഫെഡറേഷന്‍ പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി അഭിപ്രായപ്പെട്ടു. പണ്ടു കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിചെയ്തിരുന്ന കൈത്തറി മേഖലയിലേക്ക് ഇന്ന് ആളുകള്‍ കടന്നുവരുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് കെ. ശശി പറഞ്ഞു. പി.സി.പി (പബ്ലിക്-കോ-ഓപ്പറേറ്റീവ് പാര്‍ട്ടിസിപ്പേഷന്‍), സംരംഭങ്ങള്‍ക്കു ക്രൗഡ് ഫണ്ടിങ്, സഹകരണ പ്രസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം, ഫണ്ടിന്റെ പങ്കാളിത്ത ഉപയോഗം തുടങ്ങിയ നവീനാശയങ്ങള്‍ കേരളം സഹകരണരംഗത്തു സംരംഭകത്വ വളര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചിട്ടുണ്ടെന്നു മോഡറേറ്റര്‍ ഡോ. ഇ.ജി. രഞ്ജിത്കുമാര്‍ പറഞ്ഞു.
പ്രാദേശിക വികസനവും
സഹകരണ മേഖലയും
22 നു ‘സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും’ സെമിനാര്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പ്രാദേശിക വികസനത്തില്‍ സഹകരണ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നേരത്തേ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയും മറ്റും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുള്ള കാര്യങ്ങളാണ്. സ്വയംസമ്പൂര്‍ണ ഗ്രാമങ്ങള്‍ രൂപപ്പെട്ടാല്‍ അവയുടെ ട്രഷറിയായി പ്രവര്‍ത്തിക്കേണ്ടതു സഹകരണ പ്രസ്ഥാനമായിരിക്കണം എന്ന ആശയം പണ്ടേയുള്ളതാണ്. ഫെഡറല്‍ സംവിധാനത്തില്‍ യൂണിയന്‍ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റും ഉള്ളതുപോലെ പ്രാദേശിക സര്‍ക്കാരുകള്‍ക്കായുള്ള ലിസ്റ്റും വേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ ആധുനിക വികസനത്തിനു പശ്ചാത്തലമൊരുക്കിയ ഗോശ്രീ പാലം പണിതതു സഹകരണ മേഖലയുടെ പണം കൊണ്ടാണെന്നതു സഹകരണ മേഖല പ്രാദേശിക സാമ്പത്തിക വികസനത്തില്‍ വഹിക്കുന്ന സുപ്രധാന പങ്കിനു തെളിവാണെന്ന് അധ്യക്ഷത വഹിച്ച മുന്‍ സഹകരണ മന്ത്രി എസ്. ശര്‍മ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജ് തുടങ്ങിയതും സഹകരണ മേഖലയിലാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചതു സഹകരണ മേഖല നല്‍കിയ അഞ്ചു കോടി രൂപ കൊണ്ടാണ്. അതുകൊണ്ടു പ്രാദേശിക വികസനത്തില്‍ മറ്റ് ഏതു മേഖലയെക്കാളും പങ്കു വഹിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയും. ഭൂപരിഷ്‌കരണവും സഹകരണവും പരസ്പരപൂരകമായി പ്രാദേശിക വികസനത്തില്‍ പങ്കുവഹിച്ചു. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സഹകരണ സംഘങ്ങളില്‍ അംഗത്വമെടുക്കാമെന്ന വ്യവസ്ഥ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. 2,57,000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ മേഖലയുടെ അധിക ഫണ്ടുകൊണ്ടു ലാഭക്ഷമമായ പ്രോജക്ടുകളെ സഹായിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രദേശത്തിനുമിണങ്ങിയ സമ്പത്തുല്‍പ്പാദന മേഖലയെ തിരിച്ചറിയേണ്ടതു പ്രധാനമാണെന്നു ‘കില’ മുന്‍ ഡയരക്ടര്‍ ഡോ. എന്‍. രമാകാന്തന്‍ പ്രബന്ധത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിന് ഇതു കഴിയും. രണ്ടിലും പുതിയൊരു നേതൃത്വം ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രൊഫഷണലും സാങ്കേതികവിദ്യാ യോഗ്യവുമായ നേതൃത്വം ഈ രംഗങ്ങളില്‍ വരണം. കാര്യങ്ങള്‍ക്കു ഭാവനാപൂര്‍ണമായി നേതൃത്വം നല്‍കുന്ന സ്ട്രാറ്റജിക് ലീഡര്‍ഷിപ്പാണു വേണ്ടത്. വെറും വായ്പയ്ക്കു ശുപാര്‍ശ ചെയ്യലല്ല നേതൃത്വത്തിന്റെ ഉത്തരവാദിത്വം. പ്രാദേശിക സമ്പത്തുല്‍പ്പാദനമാണ് ഇനി പ്രധാനം. ഇതനുസരിച്ചു വരുംകാല വായ്പാനയത്തില്‍ മാറ്റം വരുത്തണം. പാരമ്പര്യേതരഊര്‍ജമേഖലയെ സംരംഭകത്വവുമായി ബന്ധിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകണം. സഹകരണ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സംയോജന സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തണം. നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളുടെ സഹായം ഉപയോഗപ്പെടുത്തണം. സഹകരണ പ്രസ്ഥാനങ്ങള്‍ കാഴ്ചക്കാരായാല്‍ പോരാ, കളിക്കാരായി മാറണം – അദ്ദേഹം പറഞ്ഞു.
കേരളം വികസന ചരിത്രത്തില്‍ ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്നു ആസൂത്രണ ബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് പറഞ്ഞു. സാമ്പത്തികവളര്‍ച്ച നിശ്ചലമാണ്. പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ മാത്രം 35,000 കോടി രൂപയുടെ നഷ്ടമുണ്ടായി. സര്‍ക്കാര്‍ ഒരു സാമ്പത്തിക പുനരുജ്ജീവനപ്പാക്കേജ് തയാറാക്കിയിട്ടുണ്ട്. കുടുംബശ്രീക്ക് അപ്പുറത്തേക്കു സംരംഭകത്വം വികസിപ്പിക്കേണ്ടതുണ്ട്. അതിന് അനുരൂപകമായി തൊഴിലവസരങ്ങള്‍ വികസിപ്പിച്ചെടുക്കണം. കൃഷി കൂടുതല്‍ ആധുനികീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിന്റെ തനതു മൂലധനസ്രോതസ്സാകാന്‍ കേരള ബാങ്കിനു കഴിയുന്നുണ്ട്. ചൈന, ജപ്പാന്‍, മലേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ അനുവര്‍ത്തിച്ചു വിജയിച്ച ചെറുകിട സംരംഭങ്ങളുടെ ശൃംഖല ഇവിടെയും ഉണ്ടാക്കണം. ഇതിനെ പതിനാലാം പഞ്ചവല്‍സര പദ്ധതിയുമായി ഉള്‍ച്ചേര്‍ക്കണം. തൊഴിലുമായി ബന്ധപ്പെട്ട് ആധുനികമായ പുതിയസംവിധാനങ്ങളുണ്ട്. ഹ്രസ്വകാല ജോലികളുടെതായ ജിഗ് ഇക്കോണമിയുണ്ട്. കുടുംബശ്രീയില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ചേര്‍ത്തു സര്‍ക്കാര്‍ പുതിയ പ്ലാറ്റ്‌ഫോം രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഓക്‌സിലിയറി കുടുംബശ്രീ എന്ന പേരിലാണിത്. ഇവര്‍ക്കു പുതിയ തൊഴില്‍മേഖലകളിലേക്കു പോകാന്‍ കഴിയും. നൈപുണ്യ വികസനത്തിനു പ്രത്യേക പരിപാടിയുണ്ട്. പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും എഞ്ചിനിയര്‍മാരുടെയുമൊക്കെ സഹകരണ പ്രസ്ഥാനങ്ങള്‍ ഇനിയുണ്ടാകും. കേരള വികസനത്തിന്റെ നട്ടെല്ല് സഹകരണ പ്രസ്ഥാനമാണ്. പതിനാലാം പദ്ധതിയില്‍ ഈ മേഖലയിലെ വളര്‍ച്ചയ്ക്കു വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായ്കുമാര്‍, മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ. സോണി സെബാസ്റ്റിയന്‍, റെയ്ഡ്‌കോ ചെയര്‍മാന്‍ വല്‍സന്‍ പനോളി, വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.
കണ്ണൂര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് പി.പി. ദിവ്യ മോഡറേറ്ററായിരുന്നു. പതിനാലാം പഞ്ചവല്‍സര പദ്ധതി മാര്‍ഗരേഖയില്‍ ഏറ്റവും ഊന്നല്‍ നല്‍കിയിരിക്കുന്നതു സഹകരണ മേഖലയ്ക്കാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേര്‍ന്നു മിനി വ്യവസായ എസ്റ്റേറ്റുകള്‍ രൂപവല്‍ക്കരിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസ
മേഖലയില്‍ ഇടപെടണം
22 നു ‘വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളും ഇടപെടല്‍ സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഒന്നാം പിണറായിസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ നല്ല കാര്യങ്ങളെത്തുടര്‍ന്നു പൊതുവിദ്യാലയങ്ങളിലേക്കു വന്‍തോതില്‍ വിദ്യാര്‍ഥികള്‍ കടന്നുവരുന്ന പ്രവണതയുണ്ടായെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതിന്റെ സ്വാഭാവികത്തുടര്‍ച്ച ഉന്നത വിദ്യാഭ്യാസരംഗത്തും ഉണ്ടാകണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സഹകരണ മേഖലയ്ക്കു ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിദ്യാഭ്യാസ മേഖലയുടെയും സഹകരണ മേഖലയുടെയും പാരസ്പര്യത്തിന്റെ കണ്ണി നാം ഏറ്റെടുക്കാന്‍ വൈകി. ഈ വിളക്കിച്ചേര്‍ക്കലിന് അനന്തസാധ്യതകളുണ്ട്. കേപ്പിന്റെ എഞ്ചിനിയറിങ് കോളേജുകള്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണു നടത്തുന്നത്. എന്നാല്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ രണ്ടു സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. സഹകരണ മേഖലയില്‍ കൂടുതല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങണം. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനം തീരെ ഇടപെട്ടിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ സഹകരണ മേഖലയ്ക്കു കഴിയണം. കുട്ടികളുടെ സാമൂഹികവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും ആദ്യത്തെ ഘട്ടമായ ഇതില്‍ ഇടപെടാന്‍ സഹകരണ മേഖലയ്ക്കാവണം. വിദേശങ്ങളിലെ റോട്ടര്‍ മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കണം. വിദ്യാഭ്യാസവും തൊഴിലുമായുള്ള ബന്ധം നൈപുണീ വികാസത്തിലൂടെ വര്‍ധിപ്പിക്കാം. ‘പഠിപ്പിനിടെ പണമുണ്ടാക്കു’ (ഏണ്‍ വൈല്‍ യു ലേണ്‍ )പദ്ധതി അതിനായാണു തുടങ്ങിയിട്ടുള്ളത്. ഇതു നന്നായി മുന്നോട്ടുപോകുന്നുണ്ട്. പല കലാലയങ്ങളിലും പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങി. ഇതില്‍ ബഹുജന പങ്കാളിത്തം വേണം. നൈപുണ്യവിടവ് കേരളത്തില്‍ വലിയ പ്രശ്‌നമാണ്. സംരംഭക താല്‍പ്പര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. നൈപുണ്യ പാര്‍ക്കുകളില്‍ കുടംബശ്രീ അംഗങ്ങള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കും. നൈപുണ്യ പരിശീലനത്തിനുള്ള ‘അസാപ്പി’ന്റെ സേവനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കണം. നവവൈജ്ഞാനിക സമൂഹമാണു സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായങ്ങളുമായുള്ള സഹകരണത്തിലൂടെ വൈദഗ്ധ്യം നേടിക്കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. യുവ മസ്തിഷ്‌കങ്ങളിലെ നൂതന സംരംഭകത്വാശയങ്ങള്‍ വികസിപ്പിക്കാന്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ ഏര്‍പ്പെടുത്തും. പോളിടെക്‌നിക്കുകളില്‍ ‘ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്’ പദ്ധതി നടപ്പാക്കിവരികയാണ്. ട്രാന്‍സ്ലേഷണല്‍ ഗവേഷണവും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത്തരം ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ സമൂഹത്തിനു നല്‍കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ യത്‌നിക്കണം. വിദ്യാര്‍ഥികളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പാലമാകാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയും. വനിതകള്‍ക്കു ഗ്രാഫിക് ഡിസൈനിങ്ങിലും നിര്‍മിത ബുദ്ധിയിലുമൊക്കെ പരിശീലനം നല്‍കുന്ന ചുമതല വനിതാഫെഡ് ഏറ്റെടുക്കണം. പുന്നപ്രയില്‍ ഫിനിഷിങ് സ്‌കൂളുണ്ട്. സഹകരണ പ്രസ്ഥാനങ്ങള്‍ അത്തരം ഫിനിഷിങ് സ്‌കൂളുകള്‍ കൂടുതലായി തുടങ്ങണം. പുതുതലമുറ കോഴ്‌സുകളിലേക്കും പ്രായോഗിക പ്രവര്‍ത്തനങ്ങളിലേക്കും പോകാന്‍ സഹകരണ അക്കാദമി എല്ലാ ജില്ലയിലും സ്ഥാപനങ്ങള്‍ ആരംഭിക്കണം. മസ്തിഷ്‌കച്ചോര്‍ച്ച നിര്‍ത്തി മസ്തിഷ്‌കനേട്ടമാണു ലക്ഷ്യം. മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകളെങ്കിലും നടത്താന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു കഴിയണം. സഹകരണ പ്രസ്ഥാനം ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കണം – മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഇന്നു പുരോഗതി വിലയിരുത്തുന്നതു മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരം നോക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്ഥാനം ഇതില്‍ വളരെ പിന്നിലാണെങ്കിലും സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം തൊണ്ണൂറുകളില്‍ത്തന്നെ നല്ല സ്ഥാനം നേടിയിരുന്നു. ഇതിനു കാരണം വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളാണ്. സാധാരണ, സാമ്പത്തിക മേഖലയിലെ വികാസത്തിനുശേഷമാണു വിദ്യാഭ്യാസ മേഖലയില്‍ വികാസം ഉണ്ടാകാറുള്ളത്. 13 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ട്. പക്ഷേ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗ്രോസ് എന്റോള്‍മെന്റ് റേറ്റ് (ജി.ഇ.ആര്‍) ദേശീയ ശരാശരിയെക്കാള്‍ പത്തു ശതമാനത്തോളം കൂടുതലാണു കേരളത്തിലെങ്കിലും വികസിത രാജ്യങ്ങളിലെ ജി.ഇ.ആറിനെക്കാള്‍ കാര്യമായി കുറവാണ്. കേപ്പും സിപാസും പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച ഇടപെടല്‍ നടത്തിയിട്ടുണ്ട്. പ്രവേശന കാര്യത്തിലും ജീവനക്കാരുടെ വേതനക്കാര്യത്തിലും യോഗ്യതയും സാമൂഹികനീതിയും ഉള്‍ക്കൊള്ളുന്ന മാനദണ്ഡമാണു സഹകരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്തു പുലര്‍ത്തുന്നത് -അദ്ദേഹം പറഞ്ഞു.
മുമ്പു മതസാമുദായിക സ്ഥാപനങ്ങള്‍ക്കു സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമിയും മറ്റും നല്‍കിയതുപോലെ സഹകരണപ്രസ്ഥാനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇവ നല്‍കേണ്ടതാണെന്നു മുന്‍ പി.എസ്.സി. ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് പ്രബന്ധം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു. ശമ്പളം കൊടുക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സഹായിക്കണം. പുതിയപുതിയ മേഖലകളിലേക്കു സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനിയറിങ് ബിരുദധാരികളില്‍ 23 ശതമാനത്തിനുമാത്രമേ എംപ്ലോയബിലിറ്റിയുള്ളൂ എന്ന് അസോച്ചത്തിന്റെ ഒരു പഠനത്തില്‍ വ്യക്തമായകാര്യം ഐ.സി.എം. കണ്ണൂര്‍ ഡയരക്ടര്‍ ശശികുമാര്‍ എം.വി. ചൂണ്ടിക്കാട്ടി. സാമ്പ്രദായിക വിദ്യാഭ്യാസരീതി സഹകരണപ്രസ്ഥാനം ആവര്‍ത്തിക്കേണ്ടതില്ല. സഞ്ചരിച്ചിട്ടില്ലാത്ത മേഖലകളിലേക്കു പോകണം. ഫീസുവ്യത്യാസം മാത്രം പോരാ. മറ്റാരും കൊടുക്കാത്ത വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയണം. എല്ലാ സ്ഥാപനങ്ങളും തുടങ്ങിയത് ബ്രാന്‍ഡില്ലാത്ത രീതിയിലാണെങ്കിലും ഒരു ബ്രാന്‍ഡ് നിര്‍വചിച്ചു വ്യതിരിക്തമാകാന്‍ കഴിയണം. എടുത്തുപറയാന്‍ നമ്മുടെതുമാത്രമായ സവിശേഷതകള്‍ ഉണ്ടാകണം. ചുറ്റുപാടുകളെ പഠിച്ചുകൊണ്ടേയിരിക്കണം. കാരണം, അഭിരുചികളും മുന്‍ഗണനകളും മാറിക്കൊണ്ടിരിക്കുകയാണ്. പി.സി.പി.യും (പബ്ലിക് കോ-ഓപ്പറേറ്റീവ് പാര്‍ട്ടിസിപ്പേഷന്‍) സി.സി.പി.യും (കോ-ഓപ്പറേറ്റീവ് കോ- ഓപ്പറേറ്റീവ് പാര്‍ട്ടിസിപ്പേഷന്‍) ആണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തിലെ സഹകരണ മേഖലയില്‍ ആവശ്യത്തിലേറെ നിക്ഷേപമുണ്ട്. അതു പ്രയോജനപ്പെടുത്താന്‍ സഹകരണ കണ്‍സോര്‍ഷ്യങ്ങള്‍ ഉണ്ടാക്കണം. പരിവര്‍ത്തനോന്‍മുഖമായ നേതൃത്വമാണ് ഇനി വേണ്ടത്. സഹകരണ മേഖലയ്ക്കു പ്രൊഫഷണലിസം കൈവരിക്കാനായിട്ടില്ല. അതു പരിഹരിക്കാനുതകുന്ന പാഠ്യപദ്ധതി തയാറാക്കണം. ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ‘ഹാപ്പി കരിക്കുലം, ഹാപ്പി സിലബസ്’ പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്് – അദ്ദേഹം പറഞ്ഞു. ഒരു സഹകരണ സര്‍വകലാശാലയെക്കുറിച്ചുതന്നെ ചിന്തിക്കേണ്ടതാണെന്നു റബ്‌കോ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലയിലും
നൈപുണ്യ- തൊഴില്‍
ക്ഷമതാ കേന്ദ്രം
പ്രീ സ്‌കൂള്‍ മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സഹകരണ പ്രസ്ഥാനത്തിനു നടത്താന്‍ കഴിയുമെന്നതിനു തെളിവായി തൃശ്ശൂര്‍ ജില്ലയിലെ ഇത്തരമൊരു സ്ഥാപനത്തെ മോഡറേറ്ററായിരുന്ന കേപ് ഡയരക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ ഉദാഹരിച്ചു. 4500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന അവിടെ അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം പ്രവേശനം കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. സഹകരണ സ്ഥാപനങ്ങള്‍ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങണം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. മെഡിക്കല്‍ കോളേജുകളടക്കം സഹകരണ മേഖലയില്‍ ആരംഭിക്കാന്‍ കഴിയണം. ഇതിനാവശ്യമായ മൂലധനം കൊണ്ടുവരാന്‍ കേരള ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ക്കു കഴിയും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘംപോലുള്ളവയും ഇത്തരം കാര്യങ്ങള്‍ക്കു രംഗത്തുവരണം. ആറു പുതുതലമുറ ഡിപ്ലോമാ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കേപ്പിനു കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ ‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റി’നെ വൈജ്ഞാനിക-വൈദഗ്ധ്യ വികസനകേന്ദ്രം (നോളജ് ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍) ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും കേപ്പിന്റെ നേതൃത്വത്തില്‍ നൈപുണ്യ-തൊഴില്‍ക്ഷമതാ കേന്ദ്രങ്ങള്‍ (സ്‌കില്‍ ആന്റ് എംപ്ലോയബിലിറ്റി സെന്റര്‍) തുടങ്ങും. ഇരുപതോളം മികവിന്റെ കേന്ദ്രങ്ങള്‍ കേപ്പിനുണ്ട്. എങ്കിലും, കേപ്പ് ഇന്നത്തെ പ്രവര്‍ത്തന മാതൃകയില്‍ തുടര്‍ന്നാല്‍ മതിയോ എന്നാലോചിക്കേണ്ടതുണ്ട്. ജീവനക്കാരുടെ മനോഭാവവും മാറണം. ബിടെക് കോഴ്‌സുകളില്‍ മാത്രമായി പരിമിതപ്പെട്ടാല്‍ പോരാ. സഹകരണ വിദ്യാഭ്യാസ മേഖല കരകയറാന്‍ സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ഇടപെടല്‍ ഉണ്ടാകണം. കേപ്പിന്റെ സ്ഥാപനങ്ങളില്‍ സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് അഞ്ചു ശതമാനം സീറ്റുകള്‍ നീക്കിവച്ചുവെങ്കിലും വളരെക്കുറച്ചുപേര്‍ മാത്രമാണ് ആ സീറ്റുകളിലേക്കു പ്രവേശനം തേടിയത്. പല ശാഖകളിലായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അക്കാദമിക് സ്വയംഭരണത്തോടെ കൊണ്ടുവരേണ്ടതാണ്. 900 കോടി രൂപയുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിയതും മറ്റും ആശ്വാസകരമാണ്. എഞ്ചിനിയറിങ് മേഖലയില്‍ 15 ലക്ഷം സീറ്റുകള്‍ ഉണ്ടായിരുന്നത് 7-8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേക്കു വിദ്യാര്‍ഥികളുടെ തിരിച്ചൊഴുക്കുണ്ട്. വിവര സാങ്കേതികവിദ്യയിലും നിര്‍മിതബുദ്ധിയിലും ഡാറ്റാ സയന്‍സിലുമൊക്കെയാണ് ഇനി കൂടുതല്‍ കോഴ്‌സുകള്‍ ഉണ്ടാകേണ്ടത് – അദ്ദേഹം പറഞ്ഞു.
സബ്‌സിഡിക്ക്
അപേക്ഷിക്കുന്നില്ല
‘സ്ത്രീശാക്തീകരണത്തിനും വരുമാന വര്‍ധനവിനും സഹകരണ മേഖലയിലൂടെയുളള ഇടപെടല്‍’ എന്ന വിഷയത്തില്‍ 21 നു നടന്ന സെമിനാര്‍ വനിതാ സഹകരണ സംഘങ്ങള്‍ നേരിടുന്ന അപര്യാപ്തതകളിലേക്കു വിരല്‍ചൂണ്ടി. മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സബ്‌സിഡികളെക്കുറിച്ചുള്ള അറിവില്ലായമ് മൂലം പല സംരംഭങ്ങളുടെയും സബ്‌സിഡികള്‍ക്ക് അപേക്ഷ നല്‍കപ്പെടാതെ പോകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സബ്‌സിഡികളുള്ള നിരവധി പദ്ധതികളുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ത്രീകള്‍ക്കു മുഖ്യപങ്കുണ്ട്. സ്ത്രീശാക്തീകരണത്തിലൂടെയേ സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനാവൂ. കൃഷി-മൃഗസംരക്ഷണ-മൃഗപരിപാലന രംഗങ്ങളില്‍ ഒട്ടനവധി തൊഴിലവസരങ്ങളുണ്ട്. ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങളില്‍ പ്രസിഡന്റ് സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ സ്ത്രീകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ 40 ശതമാനവും സ്ത്രീകളാണ്. ക്ഷീരശ്രീ സംയുക്ത സംഘങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ സത്രീസാന്നിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. വിവിധ പദ്ധതികള്‍ക്കുള്ള സബ്‌സിഡികള്‍ക്ക് കെ.എല്‍.ഡി. ബോര്‍ഡു വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പല പദ്ധതികള്‍ക്കും അനുവദിക്കുന്ന തുകയുടെ പകുതിയും സബ്‌സിഡിയാണ്. സഹകരണ മേഖല ആര്‍ക്കും അവഗണിക്കാനാവാത്ത കുതിച്ചുചാട്ടമാണു നടത്തുന്നത് – അവര്‍ പറഞ്ഞു.
ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. മിനി സുകുമാര്‍ അധ്യക്ഷത വഹിച്ചു. പുതിയ മേഖലകളിലേക്കുളള വ്യാപനത്തിനായിരിക്കണം സ്ത്രീശാക്തീകരണപദ്ധതികള്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് അവര്‍ പറഞ്ഞു. പരമ്പരാഗത മേഖലകളെ സംരക്ഷിക്കുന്നതിനൊപ്പം ലിംഗനീതിക്കും വരുമാനവര്‍ധനവിനും പ്രാധാന്യം നല്‍കണം. സഹകരണ രംഗത്തു സ്ത്രീപങ്കാളിത്തം ആഗ്രഹിക്കുന്നത്ര ശക്തമല്ല. സ്ത്രീകള്‍ കൂടുതലും ഗുണഭോക്താക്കളായി നില്‍ക്കുന്ന മേഖലയാണിത്. അതുമാറ്റി നേതൃപദവികളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ശക്തമാക്കുകയും വേണം. കുടുംബശ്രീയ്‌ക്കൊപ്പം നിന്നുകൊണ്ടുതന്നെ സഹകരണ രംഗത്തെ വനിതാസ്വാധീനം വര്‍ധിപ്പിക്കണം. സഹകരണ, കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലാണു സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍. വനിതാഫെഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ യുവതലമുറയെ പുതുതലമുറ ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയുംവിധം പരിഷ്‌കരിക്കണം – അവര്‍ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് ഏറ്റവും ശക്തമായ മാര്‍ഗമാണു സഹകരണ പ്രസ്ഥാനമെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ടു മുന്‍ എം.എല്‍.എ കെ.കെ. ലതിക അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണത്തില്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കു 10 ശതമാനം ഫണ്ട് നീക്കിവച്ചിട്ടുണ്ട്. കുടുംബശ്രീ രൂപവല്‍ക്കരണം വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. സഹകരണ പ്രസ്ഥാനത്തെയും കുടുംബശ്രീയെയും തമ്മില്‍ കൂട്ടിയിണക്കണം. ജന്റര്‍ ബജറ്റിങ്ങിനു പ്രാധാന്യം കൈവന്നിട്ടുണ്ട് ഇപ്പോള്‍. ഓരോ പദ്ധതിയും സ്ത്രീകളെ എങ്ങനെ പരിഗണിക്കുന്നു എന്നതു പ്രധാനമാണ്. വനിതകളുടെ സംയുക്ത ബാധ്യതാസംഘങ്ങള്‍ക്കു വായ്പ കൊടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു പ്രത്യേക താല്‍പര്യമുണ്ട്. തിരിച്ചടവ് ഉറപ്പാണെന്നതാണു കാരണം. കുടുംബശ്രീകള്‍ സ്വകാര്യവായ്പയെ ആശ്രയിക്കുന്നതു മാറ്റി സഹകരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന രീതി വരണം. സ്ത്രീകളെ അടുക്കളയില്‍നിന്നിറക്കി അവരുടെ കഴിവുകള്‍ സമ്പത്തുല്‍പ്പാദന മേഖലയിലേക്കു കൊണ്ടുവരണം. ഒറ്റയ്ക്കല്ല, ഒരുമിച്ചാണു വളരേണ്ടത്. ഇത്രയാളുകള്‍ക്കു തൊഴില്‍ കൊടുക്കാന്‍ കഴിഞ്ഞെന്നും ഇത്ര പുരോഗതി നാട്ടിലുണ്ടാക്കാന്‍ കഴിഞ്ഞെന്നും അഭിമാനിക്കാന്‍ കഴിയുന്നവിധത്തില്‍ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വളരണം – അവര്‍ പറഞ്ഞു.
സമ്പത്തുല്‍പ്പാദന പ്രക്രിയയില്‍ക്കൂടി വനിതകളുടെ പങ്ക് ഉറപ്പാക്കണമെന്നും അതേസമയം പലിശബാധ്യത വരാതെ നോക്കണമെന്നും മുന്‍എം.എല്‍.എ. ഇ.എസ്. ബിജിമോള്‍ പറഞ്ഞു. ഒമ്പതു തവണ വായ്പ എഴുതിത്തള്ളലുകള്‍ നടന്നുകഴിഞ്ഞു. എല്ലാക്കാലത്തും എഴുതിത്തള്ളലുകളെ ആശ്രയിക്കുന്ന സ്ഥിതി മാറണം. സ്ത്രീകള്‍ക്കു ഭരണപങ്കാളിത്തം എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത മേഖലകളുണ്ട്. അവിടങ്ങളിലും എത്തിപ്പെടണം. അറിവും ജ്ഞാനവും വര്‍ധിപ്പിക്കണം. ഒരു കോടി രൂപയുടെ വായ്പയില്‍ 50 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്ന സ്ത്രീശാക്തീകരണപദ്ധതികളുണ്ട്. അത്രയും തുകയുടെ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ കഴിവുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു കണ്ടെത്താന്‍ കഴിയണം – അവര്‍ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന്
വൈവിധ്യവല്‍ക്കരണം വേണം
വനിതാസംഘങ്ങളായല്ല, മറ്റിനം സംഘങ്ങള്‍ക്കുള്ള വിഭാഗത്തിലാണു മിക്ക വനിതാ സംഘങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതെന്നു ചുങ്കത്തറ വനിതാസഹകരണ സംഘം പ്രസിഡന്റ് പി.കെ. സൈനബ പറഞ്ഞു. ഇതു പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്. വനിതാഫെഡിനെ കേരള ബാങ്കിന്റെ ഭാഗമാക്കാത്തതും പ്രശ്‌നമാണ്. വനിതാസഹകാരികളെ ശാക്തീകരിക്കാന്‍ പരിശീലനം നല്‍കണം. ലക്ഷക്കണക്കിന് അംഗങ്ങള്‍ കുടുംബശ്രീയിലുണ്ട്. അവരുടെ അക്കൗണ്ട് വനിതാ സഹകരണ സംഘത്തിലേക്കു കൊണ്ടുവരാനുള്ള പരിമിതി നീക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കേ കുടുംബശ്രീയുടെ സബ്‌സിഡി കിട്ടൂ. എന്നാല്‍, ഇടത്തരക്കാരെ സഹായിക്കാന്‍ വനിതാസംഘങ്ങള്‍ക്കു കഴിയും. വൈവിധ്യവല്‍ക്കരണം കൊണ്ടേ സ്ത്രീശാക്തീകരണം ഫലപ്രദമാകൂ. വനിതാസംഘങ്ങള്‍ക്ക് എന്‍.സി.ഡി.സിയുടെയും നബാര്‍ഡിന്റെയും സര്‍ക്കാര്‍വകുപ്പുകളുടെയുമൊക്കെ സഹായം കുറവാണ്. പ്രായോഗികതലത്തിലുള്ള പ്രയാസങ്ങള്‍ നീക്കി ആധുനികരീതിയിലേക്കു സേവനങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ സഹായിക്കണം. പുതുതലമുറയെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ആധുനികീകരണം നടപ്പാക്കണം. കേരളത്തില്‍ അഞ്ചു ശതമാനം സ്ത്രീകളുടെ പേരിലേ സ്വത്തുള്ളൂ. ഇതുമൂലം വായ്പ അനുവദിക്കാന്‍ ഈട് ഇല്ലാതെ വരുന്നു. ഉത്തരവാദിത്വടൂറിസം പദ്ധതികളെയും കെ.എസ്.ആര്‍.ടി.സി.യുടെ ടൂറിസം പാക്കേജുകളെയും വനിതാ സംഘങ്ങളുമായി ബന്ധപ്പെടുത്തണമെന്നും സൈനബപറഞ്ഞു. ചക്കിട്ടപ്പാറ വനിതാസഹകരണ സംഘം പ്രസിഡന്റ് എം.കെ. ത്രേസ്യയും മാറാടി വനിതാ സഹകരണ സംഘം പ്രസിഡന്റ് ലീലാ കുര്യനും തങ്ങളുടെ പ്രവര്‍ത്തനരംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു.
സാമ്പത്തികോല്‍പ്പാദന പ്രക്രിയയില്‍ ഇടപെട്ടുകൊണ്ടല്ലാതെ വനിതാസംഘങ്ങള്‍ക്കു മുന്നോട്ടുപോകാനാവില്ലെന്നു മോഡറേറ്ററായിരുന്ന വനിതാഫെഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. വനിതാഫെഡിന്റെ സാമ്പത്തിക പിന്‍ബലം സര്‍ക്കാരില്‍നിന്നുള്ള സഹായവും ഓഹരിയും മാത്രമാണ്. കേരള ബാങ്കില്‍ നമ്മള്‍ ആരുമല്ല. വാസ്തവത്തില്‍ കുടുംബശ്രീയ്ക്കും മുമ്പേയുള്ളതാണു വനിതാ സഹകരണ സംഘങ്ങള്‍. കുടുംബശ്രീകളെയും വനിതാ സംഘങ്ങളെയും സമാന സഹകരണ പ്രസ്ഥാനങ്ങളെയും സംയോജിപ്പിക്കാന്‍ ആസൂത്രണബോര്‍ഡ് ശ്രമിക്കേണ്ടതാണ് – അവര്‍ പറഞ്ഞു.
ഉപഭോക്തൃസഹകരണ
മേഖലയെ തഴയുന്നു
21 നുതന്നെ ‘ഉപഭോക്തൃമേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍-പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ടി.ജെ. വിനോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃസംഘങ്ങള്‍ക്ക് ഒന്നുരണ്ടു വില്‍പനശാലകളിലൂടെ പൊതുവിപണിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃരംഗം കോര്‍പറേറ്റ് ഭീമന്‍മാരുടെ ചൂഷണത്തില്‍നിന്നു മുക്തമാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ സഹകരണ മേഖല ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പ്രബന്ധം അവതരിപ്പിച്ചു. ഉപഭോക്തൃ സഹകരണ മേഖല തഴയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സംഘങ്ങളെക്കൂടി ചേര്‍ത്ത് ഈ മേഖല പുന:സംഘടിപ്പിക്കുക, സഹകരണ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു വില്‍പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിലൂടെ ഏകീകൃത സംവിധാനം ഒരുക്കുക, ഉല്‍പ്പാദനകേന്ദ്രങ്ങളില്‍നിന്നു നേരിട്ടും കണ്‍സ്യൂമര്‍ കോര്‍പറേഷനും നാഫെഡുമൊക്കെ വഴിയും ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു വിപണനം നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിനെ ചുമതലപ്പെടുത്തുകയും അതിനു സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുകയും ചെയ്യുക, കണ്‍സ്യൂമര്‍ഫെഡിന് അതിര്‍ത്തിജില്ലകളില്‍ വലിയ ഗോഡൗണുകളും കോള്‍ഡ് സ്‌റ്റോറേജുകളും ആരംഭിക്കാന്‍ പാട്ടവ്യവസ്ഥയില്‍ സ്ഥലവും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുക, വിതരണശൃംഖലാ മാനേജ്‌മെന്റിന് യൂബര്‍ മാതൃകയില്‍ ലോജിസ്റ്റിക്‌സ് സംവിധാനം ഒരുക്കാന്‍ പിന്‍ബലം ലഭ്യമാക്കുക, വാതില്‍പ്പടി വിതരണസൗകര്യം വികസിപ്പിക്കാന്‍ സാങ്കേതിക സൗകര്യങ്ങള്‍ വിപുലമാക്കുക, കയറ്റുമതി-ഇറക്കുമതി ബിസിനസിനു കണ്‍സ്യൂമര്‍ഫെഡിനെ ചുമതലപ്പെടുത്തുക എന്നീ നിര്‍ദേശങ്ങള്‍ ഉപഭോക്തൃ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം മുന്നോട്ടുവച്ചു.
മാടായി ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ദാമോദരന്‍ അധ്യക്ഷനായിരുന്നു. ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ക്കു പ്രത്യേക ക്ലാസിഫിക്കേഷന്‍ ഇല്ലാത്തതിന്റെ പ്രശ്‌നം അദ്ദേഹം അവതരിപ്പിച്ചു. ഈ മേഖലയില്‍ ആഗോളഭീമന്‍മാര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയുക കണ്‍സ്യൂമര്‍ഫെഡിനാണ്. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടനിര്‍മാണസാമഗ്രികളുടെ വ്യാപാരം നടത്തുന്ന തങ്ങള്‍ ട്രേഡിങ് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നു കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാല്‍ പറഞ്ഞു. സഹകരണ മേഖലയിലെ ശമ്പളം കൊടുത്തുകൊണ്ടു ട്രേഡിങ് ബിസിനസ് നടത്താന്‍ പ്രയാസമാണ്. പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കണ്‍സോര്‍ഷ്യം ഉപഭോക്തൃ രംഗത്തു വേണം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംവിധാനവും ഉണ്ടാകണം. ഹൈപ്പര്‍മാര്‍ക്കറ്റുകളാണിപ്പോള്‍ സഹകരണ മേഖലയിലുള്ളത്. അവയ്ക്കു മല്‍സരിക്കാനുള്ളത് അതിനെക്കാള്‍ വലിയ സ്വകാര്യ മേഖലയുമായിട്ടാണ് – അദ്ദേഹം പറഞ്ഞു.
ഫണ്ടുലഭ്യതക്കുറവും മറ്റു സംസ്ഥാനങ്ങളിലേക്കു വിപണനത്തിനു കേന്ദ്രീകൃത സംവിധാനമില്ലാത്തതും പ്രശ്‌നങ്ങളാണെന്നു കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. അനില്‍ പറഞ്ഞു. ജി.എസ്.ടി.യിലൂടെ പോകുന്ന പണം റീഇംബേഴ്‌സ് ചെയ്യാന്‍ സംവിധാനം ഉണ്ടാക്കണം. സംസ്ഥാനങ്ങള്‍ തമ്മില്‍ ഉല്‍പ്പന്നക്കൈമാറ്റത്തിന് എന്‍.സി.ഡി.സി.പോലുള്ള സംവിധാനം വേണം. ഓരോ സ്ഥാപനവും വ്യത്യസ്തരീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു പകരം സംസ്ഥാനത്താകെ ഏകോപിതമായ രീതിയില്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹകരണ മേഖലയില്‍ പരസ്യക്കമ്പനി തുടങ്ങുന്ന കാര്യം ആലോചിക്കണം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആവശ്യമാണ്. കണ്‍സ്യൂമര്‍ഫെഡിനാണ് ഇത് ഏര്‍പ്പെടുത്താന്‍ കഴിയുക. സംസ്ഥാന സഹകരണ കണ്‍സോര്‍ഷ്യം വേണമെന്നും വിദേശവിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഭോക്തൃമേഖലയില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഏജന്‍സിയായി കണ്‍സ്യൂമര്‍ഫെഡ് മാറണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അനില്‍ പറഞ്ഞു. പ്രാഥമിക ഉപഭോക്തൃ സംഘങ്ങളെയും ജില്ലാ മൊത്തവ്യാപാരസ്റ്റോറുകളെയും പുനരുജ്ജീവിപ്പിക്കണം. ഇതിനായി സര്‍ക്കാര്‍ നിക്ഷേപം നടത്തണം. സപ്ലൈക്കോയെപ്പോലെ ഉപഭോക്തൃമേഖലയിലെ സഹകരണ സംഘങ്ങളെയും സര്‍ക്കാര്‍ സഹായിക്കണം – അദ്ദേഹം പറഞ്ഞു.
താഴെത്തട്ടിലെ ഉപഭോക്തൃസംഘങ്ങളെ സഹായിക്കാന്‍ സംവിധാനമില്ലെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി എം.കെ. മുഹമ്മദാലി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതു സഹകരണ സ്ഥാപനങ്ങളില്‍ നിന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം കെ.ഡി. ഷാജി മോഡറേറ്ററായിരുന്നു. റിലയന്‍സ് പോലുള്ള ഭീമന്‍മാരോടു മല്‍സരിക്കാന്‍ ശക്തമായ മാതൃക സഹകരണമേഖല ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.