സബ്സിഡി കിട്ടാനില്ല; റബ്ബര്‍ സംഭരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍
സര്‍ക്കാര്‍ സബ്സിഡി നല്‍കി നടപ്പാക്കിയിരുന്ന വിലസ്ഥിരതാ പദ്ധതി പാളിയതോടെ റബ്ബര്‍ സംഭരണത്തിലുള്ള സഹകരണ സംഘങ്ങളും കര്‍ഷകരും പ്രതിസന്ധിയില്‍. ആറു മാസം മുമ്പ് 170 രൂപ വരെ ലഭിച്ചിരുന്ന റബറിന് ഇപ്പോള്‍ 153 രൂപയേയുള്ളു. സംഭരിക്കുന്നതിലേറെയും റബര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ വഴിയാണ്. സര്‍ക്കാര്‍ സബ്സിഡി നിലച്ചതോടെ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തി. ഇതാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കിയത്.
അഞ്ചു മാസമായി ഷീറ്റ് വിറ്റ് ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്ന നടപടികള്‍ നിശ്ചലമാണ്. റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റികള്‍ (ആര്‍.പി.എസ്) മുഖേനയാണ് കര്‍ഷകരും തൊഴിലാളികളും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സംഘങ്ങളില്‍ നിന്ന് കിട്ടിയ അപേക്ഷകള്‍ യഥാസമയം റബര്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് തരം തിരിക്കാനാകുന്നില്ലെന്നതാണ് നിലവിലെ പ്രതിസന്ധി.
സംഘങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ പരിശോധിക്കാന്‍ ഒരുതാലൂക്കില്‍ ഏഴ് ഉദ്യോഗസ്ഥര്‍വരെയുണ്ടായിരുന്നു. ഇത് മിക്കയിടത്തും ഇപ്പോള്‍ ഒന്നായി ചുരുങ്ങി. വെബ്സൈറ്റിന്റെ തകരാറും കാലതാമസത്തിനിടയാക്കുന്നതായി ബോര്‍ഡ് അധികൃതര്‍ പറയുന്നു. ലാറ്റക്സിന് 140 രൂപ ഉറപ്പാക്കുന്ന പദ്ധതിയും പാതിവഴിയിലാണ്. ഈ വര്‍ഷം അവസാനിച്ചാലും വിറ്റ ഷീറ്റിന്റെയും ലാറ്റക്സിന്റെയും സബ്സിഡിത്തുക കര്‍ഷകനു കിട്ടാത്ത സാഹചര്യമാണുള്ളത്.
ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷയും വെറുംവാക്കായി. പ്രതിവര്‍ഷം 500 രൂപ നിരക്കില്‍ തൊഴിലാളികള്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ അക്കൗണ്ടില്‍ ഉള്ളപ്പോള്‍ നയാപൈസയുടെ ഉപകാരം ഈ പാവങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. തൈ നട്ട് അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകന് സബ്സിഡിയും ഇന്‍ഷ്വറന്‍സും ഉറപ്പ് നല്‍കിയിരുന്നതും അധികൃതര്‍ മറന്ന മട്ടാണ്. കര്‍ഷകര്‍ അംഗങ്ങളായ ഉത്പാദക സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഇനത്തില്‍ റബര്‍ ബോര്‍ഡ് വാഗ്ദ്ധാനം ചെയ്തിരുന്ന വിഹിതത്തെ പറ്റിയും മിണ്ടാട്ടമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റബര്‍ ബോര്‍ഡ്. ബോര്‍ഡിന്റെ ധനസഹായ പദ്ധതികളില്‍ അധികവും റബര്‍ ഉത്പാദക സംഘങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, റബര്‍ ബോര്‍ഡിന്റെ കമ്പനികള്‍ എന്നിവ മുഖേനയാണ് നടപ്പാക്കുന്നത്. പുതുകൃഷി, ആവര്‍ത്തന കൃഷി എന്നീ കാര്യങ്ങള്‍ക്കുവേണ്ടി നല്‍കുന്ന സബ്സിഡി, തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയാണ് വ്യക്തികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നത്. കൊവിഡ് തലയുയര്‍ത്തിയശേഷം പൂര്‍ണമായും നിര്‍ജ്ജീവാവസ്ഥയിലാണ് റബര്‍ ബോര്‍ഡ്.
[mbzshare]