സംഘങ്ങൾ നൽകിയ അഞ്ചുലക്ഷം രൂപക്കു മുകളിലുള്ള വായ്പ തിരിച്ചു പിടിക്കാൻ സർഫാസി രൂപത്തിലുള്ള നിയമം വേണം -എൻ.കെ.അബ്ദുറഹിമാൻ
സഹകരണ സംഘങ്ങളിലെ കുടിശ്ശിക ക്രമാതീതമായി പെരുകിയിരിക്കുന്ന സാഹചര്യത്തിൽ അഞ്ചു വർഷം കഴിഞ്ഞ അഞ്ചു ലക്ഷം രൂപക്കു മുകളിലുള്ള വായ്പകൾ തിരിച്ചുപിടിക്കാൻ സർഫാസി രൂപത്തിൽ നിയമനിർമാണം ഉണ്ടാക്കണമെന്ന് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വലിയ സമ്പന്നർക്കുപോലും നൽകിയ പത്തുവർഷം പഴക്കമുള്ള വായ്പകൾ കോവിഡിൻ്റെ പേരുപറഞ്ഞ് തിരിച്ചടയ്ക്കുന്നില്ലെന്ന് അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി.
സംഘങ്ങളിലെ കുടിശ്ശിക ക്രമാതീതമായി പെരുകിയിരിക്കുകയാണ്. കൊടുത്ത വായ്പകൾ തിരിച്ചു കിട്ടുന്നില്ല. എന്നാൽ, സംഘങ്ങളിൽ നിക്ഷേപിച്ചവർക്ക് പലിശ നൽകണം. ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. വാടകയും വൈദ്യുതി ബില്ലും നൽകണം. മറ്റു ചെലവുകളും നോക്കണം. ഇന്നത്തെ നടപടിക്രമങ്ങൾ ദുർബലമായതിനാൽ കുടിശ്ശിക തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്ത അഞ്ചു ലക്ഷത്തിനു മുകളിലുള്ള വായ്പകൾ തിരിച്ചുപിടിക്കാൻ സർഫാസി രൂപത്തിൽ നിയമനിർമാണം ഉണ്ടാക്കണം – അദ്ദേഹം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.