വായ്പാ സംഘങ്ങള്‍ക്ക് കേന്ദ്രീകൃത നിയന്ത്രണ അതോറിറ്റി
സഹകരണ വായ്പാ സംഘങ്ങളെ മൊത്തത്തില്‍
നിയന്ത്രിക്കാനും നയിക്കാനും പ്രത്യേകം ഏജന്‍സി
കേന്ദ്രതലത്തില്‍ കൊണ്ടുവരാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു.
അതായത്, റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത
വായ്പാ സഹകരണ സംഘങ്ങളെ മൊത്തത്തില്‍ റിസര്‍വ്
ബാങ്കിനുവേണ്ടി നിയന്ത്രിക്കുന്ന ഏജന്‍സി.
കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇതാണ്.
റിസര്‍വ് ബാങ്ക് രൂപവത്കരണത്തിനുശേഷമാണു ഗ്രാമീണ വായ്പാ മേഖലയിലടക്കം ഇടപെടലുകളുണ്ടായത്. എന്നാല്‍, സഹകരണ സംഘങ്ങളുടെ നിയന്ത്രണം ബാങ്കിങ് കമ്പനികളെപ്പോലെ സാധ്യമല്ലാത്തതിനാലും ഗ്രാമീണ മേഖലയില്‍ ധനലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നതിനാലും മറ്റൊരു ഏജന്‍സി വേണമെന്ന വിലയിരുത്തല്‍ ദേശീയതലത്തിലുണ്ടായി. അങ്ങനെയാണു നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) എന്ന സ്ഥാപനം രൂപംകൊണ്ടത്. സഹകരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു നബാര്‍ഡ്. ജില്ലാ ബാങ്കുകളെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനമായിട്ടാണു നബാര്‍ഡ് കാണുന്നത്. അതുകൊണ്ടാണു ജില്ലാ ബാങ്കുകളുടെ നിയന്ത്രണാധികാരം നബാര്‍ഡ് ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കായിരുന്നിട്ടും ജില്ലാ ബാങ്കുകളില്‍ ആര്‍.ബി.ഐ. നേരിട്ട് ഇടപെടുന്ന രീതി സ്വീകരിക്കാതിരുന്നത് അതിന്റെ സഹകരണസ്വഭാവം നഷ്ടപ്പെടാതിരിക്കാനാണ്.
കേരളത്തില്‍ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണു കേരള ബാങ്ക് രൂപവത്കരിച്ചത്. ഇതോടെ, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആശ്രയമായി മാറുന്ന ഒരു അപ്പക്‌സ് സ്ഥാപനം ഇല്ലാതായി എന്നതാണു സഹകരണമേഖലയില്‍ സംഭവിച്ചത്. മൂന്നു തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വായ്പാമേഖല രണ്ടു തട്ടിലേക്കു മാറിയെന്ന് ഈ ഘടനാമാറ്റത്തെ വിശേഷിപ്പിക്കാം. അതു സഹകരണ വായ്പാഘടനയില്‍ ശക്തമായ ഒരു ബാങ്കിനെ സൃഷ്ടിച്ചു എന്നതും വസ്തുതയാണ്. പക്ഷേ, വായ്പ-വായ്‌പേതരമേഖലയിലെ എല്ലാ പ്രാഥമിക സംഘങ്ങള്‍ക്കും ആശ്രയിക്കാവുന്ന ബാങ്കിങ്‌രീതിയാണു നബാര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് ജില്ലാ ബാങ്കുകള്‍ക്ക് ഉണ്ടായിരുന്നത്. പ്രഥമിക സംഘങ്ങളുടെ ആ ‘ഉടയോന്‍’ ആണു കേരള ബാങ്ക് വന്നതോടെ ഇല്ലാതായത്. മാത്രവുമല്ല, നബാര്‍ഡിന്റെ സഹകരണ കാഴ്ചപ്പാടില്‍നിന്നു റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് കമ്പനി കാഴ്ചപ്പാടിലേക്കു കേരള ബാങ്കിന്റെ പ്രവര്‍ത്തനരീതി മാറ്റേണ്ടിവന്നു. ഇതിന്റെ പ്രശ്‌നങ്ങള്‍ കേരളം അനുഭവിച്ചുതുടങ്ങുകയാണ് ഇപ്പോള്‍.
സഹകരണ വായ്പാ സംഘങ്ങളെ മൊത്തത്തില്‍ നിയന്ത്രിക്കാനും നയിക്കാനും പ്രത്യേകം ഏജന്‍സി കേന്ദ്രതലത്തില്‍ കൊണ്ടുവരാനുള്ള ആലോചനയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റേത്. അതായത്, റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത വായ്പാ സഹകരണ സംഘങ്ങളെ മൊത്തത്തില്‍ റിസര്‍വ് ബാങ്കിനുവേണ്ടി നിയന്ത്രിക്കുന്ന ഏജന്‍സി. അതാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള നിര്‍ദേശം റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്നത് ഇതിന്റെ ആദ്യചുവടായിരുന്നു. ഈ അംബ്രല്ല ഓര്‍ഗനൈസേഷനെ സഹകരണ വായ്പാസംഘങ്ങളുടെ നിയന്ത്രണ അതോറിറ്റിയാക്കി മാറ്റാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. നിയന്ത്രണം മാത്രമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. സംഘങ്ങള്‍ക്കു സാങ്കേതികസഹായം, ഡിജിറ്റല്‍ പണമിടപാടിനുള്ള സംവിധാനം, സംഘങ്ങള്‍ക്കുവേണ്ടി ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റിന്റെ ഭാഗമാകല്‍, സര്‍ക്കാര്‍പദ്ധതികളുടെ നിര്‍വഹണം ഏറ്റെടുക്കല്‍ എന്നിങ്ങനെയുള്ള ദൗത്യവും ഈ കേന്ദ്രനിയന്ത്രണ ഏജന്‍സിക്കു നല്‍കാനാണു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ആര്‍.ബി.ഐ.
മുന്നോട്ടുവെക്കുന്നത്
സഹകരണനയം, മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിലെ ഭേദഗതി എന്നിവ സംബന്ധിച്ചെല്ലാം കേന്ദ്ര സഹകരണമന്ത്രാലയം റിസര്‍വ് ബാങ്കില്‍നിന്നു നിര്‍ദേശം സ്വീകരിച്ചിട്ടുണ്ട്. സഹകരണ വായ്പാമേഖലയില്‍ നിയന്ത്രണവും നിക്ഷേപകര്‍ക്കു സുരക്ഷയും ഉണ്ടാകണമെന്ന കാര്യത്തില്‍ ഊന്നിയാണു റിസര്‍വ് ബാങ്ക് മറുപടി നല്‍കിയിട്ടുള്ളത്. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായിട്ടുള്ള മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങള്‍ക്കു ഡിജിറ്റല്‍ ഇടപാട് നടത്താനുള്ള സംവിധാനം എങ്ങനെ ഒരുക്കാമെന്നതായിരുന്നു സഹകരണ മന്ത്രാലയം തേടിയ മറ്റൊരു കാര്യം. രാജ്യം മുഴുവന്‍ ഡിജിറ്റര്‍രീതി പ്രോത്സാഹിപ്പിക്കുന്ന ഘട്ടത്തില്‍ സഹകരണ സംഘങ്ങളെ അതില്‍നിന്നു മാറ്റിനിര്‍ത്തുന്ന രീതി ഗുണകരമായതല്ല എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതേസമയം, ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്കുകളെപ്പോലെ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമല്ല. അതിനാല്‍, സംഘങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളില്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ‘തട്ടിക്കിഴിക്കല്‍’ എങ്ങനെ സാധ്യമാകുമെന്നതാണു പ്രശ്‌നം. ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലാതെ ഇത്തരം സംവിധാനങ്ങളുണ്ടായാല്‍ അതു രാജ്യത്തിന്റെ സാമ്പത്തികസംവിധാനംതന്നെ അപകടത്തിലാക്കുമെന്നാണു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഡിജിറ്റല്‍രീതി പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണു റിസര്‍വ് ബാങ്കിനുമുള്ളത്. അതുകൊണ്ടാണ്ു യു.പി.ഐ. പെയ്‌മെന്റുകള്‍ക്കു പണമീടാക്കാനുള്ള ബാങ്കുകളുടെ നിര്‍ദേശത്തെ റിസര്‍വ് ബാങ്ക് എതിര്‍ത്തത്. ഇത്തരം കൈമാറ്റത്തിനു കമ്മീഷന്‍ ഈടാക്കിയാല്‍ അതു ഡിജിറ്റല്‍ പെയ്‌മെന്റുകളോടുള്ള ജനങ്ങളുടെ ആഭിമുഖ്യം കുറയ്ക്കും എന്നതാണു കാരണം. മാത്രവുമല്ല, പണത്തിനു പകരം ഇ-രൂപ റിസര്‍വ് ബാങ്ക് പുറത്തിറക്കിക്കഴിഞ്ഞു. ഹോള്‍സെയില്‍-റീട്ടെയില്‍ രീതിയില്‍ ഇ-രൂപ വരുമെന്നാണു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടിനാണു ഹോള്‍സെയില്‍ ഇ-രൂപ. അതു നവംബറില്‍ നിലവില്‍ വന്നുകഴിഞ്ഞു. പക്ഷേ, ഇതും സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ഏതു രീതിയില്‍ ഉപയോഗിക്കാനാകുമെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഡിജിറ്റല്‍
ഇടപാട്
ആദ്യം സഹകരണ സംഘങ്ങളെ ഡിജിറ്റല്‍ ഇടപാടിന്റെ ഭാഗമാക്കുക എന്നതിനാണു കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് ഇതിന് ആര്‍.ബി.ഐ. പരിഹാരം മുന്നോട്ടുവെക്കുന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാനാണു വിശ്വനാഥന്‍കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. അര്‍ബന്‍ ബാങ്കുകളെ ഇടപാടിന്റെ തോത് അടിസ്ഥാനമാക്കി നാലു വിഭാഗമാക്കി തിരിക്കാനും അതില്‍ വലിയ ബാങ്കുകളെ മാത്രം ആര്‍.ബി.ഐ. നേരിട്ട് നിയന്ത്രിക്കുന്ന രീതി കൊണ്ടുവരാനുമാണു കമ്മിറ്റിയുടെ ശുപാര്‍ശ. മറ്റു അര്‍ബന്‍ ബാങ്കുകള്‍ക്കായി ദേശീയതലത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കാനാണു നിര്‍ദേശിച്ചത്. റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന രീതിയില്‍ ഈ അംബ്രല്ല ഓര്‍ഗനൈസേഷന്‍ അര്‍ബന്‍ ബാങ്കുകളില്‍ നിയന്ത്രണവും മറ്റ് ഇടപെടലും നടത്തും. ഈ രീതി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ അടക്കമുള്ള എല്ലാ വായ്പാ സംഘങ്ങളിലും കൊണ്ടുവരാമെന്ന നിര്‍ദേശമാണ് ആര്‍.ബി.ഐ. മുന്നോട്ടുവെച്ചിട്ടുള്ളത്.
സഹകരണ ബാങ്കിങ് സംവിധാനത്തില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കര്‍ശനമാക്കാനുള്ള നടപടി നേരത്തെ തുടങ്ങിയിരുന്നു. ഇതിനാണു ബാങ്കിങ് നിയന്ത്രണനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. അര്‍ബന്‍ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും ഭരണപരമായ ഇടപെടലിനുള്ള ക്രമീകരണവും റിസര്‍വ് ബാങ്ക് വരുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കു പുറമെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരിക്കാനുള്ള നിര്‍ദേശം, ബോര്‍ഡിലെ അംഗങ്ങള്‍ക്കു യോഗ്യത നിശ്ചയിച്ചത്, മാനേജിങ് ഡയറക്ടറെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കിയത് എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്. അംഗങ്ങളുമായി മാത്രം വായ്പാബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളിലും നിയന്ത്രണസംവിധാനം വേണമെന്നാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ അതതു സംസ്ഥാനങ്ങളിലെ സഹകരണ നിയമമനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരാണ് ഇവയുടെ നിയന്ത്രണ അതോറിറ്റി. ഈ നിയന്ത്രണം കാര്യക്ഷമമല്ലെന്നും പല സംഘങ്ങളും ബാങ്കിങ് ബിസിനസാണു നടത്തുന്നതെന്നുമാണു റിസര്‍വ് ബാങ്ക് വിലയിരുത്തുന്നത്. കേരളംപോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇവ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണു പ്രത്യേകമായ നിയന്ത്രണസംവിധാനം വേണമെന്ന ആവശ്യമുന്നയിക്കാന്‍ കാരണം. അങ്ങനെവന്നാല്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളും ഈ അംബ്രല്ല ഓര്‍ഗനൈസേഷന്റെ ഭാഗമാകേണ്ടിവരും. അല്ലെങ്കില്‍, കാര്‍ഷിക സംഘങ്ങളെന്ന രീതിയില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തേണ്ടിവരും.
അംബ്രല്ല
ഓര്‍ഗനൈസേഷന്‍
വിശ്വനാഥന്‍കമ്മിറ്റി ശുപാര്‍ശയ്ക്കുശേഷം അര്‍ബന്‍ ബാങ്കുകള്‍ക്ക് അംബ്രല്ല ഓര്‍ഗനൈസേഷന്‍ ദേശീയതലത്തില്‍ രൂപവത്കരിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി അപക്‌സ് കോ-ഓപ്പ് ഫിനാന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ് ലിമിറ്റഡ് എന്ന പേരിലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കമ്പനിയായാണ് അപ്പക്‌സ് കോ-ഓപ്പിന്റെ പിറവി. സഹകരണനിയമമനുസരിച്ചുള്ള സ്ഥാപനങ്ങളില്‍ നിയന്ത്രണാധികാരം പ്രശ്‌നമാണെന്നതിനാലാണു സഹകരണ അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇത് അര്‍ബന്‍ ബാങ്കുകളെ മാത്രം ലക്ഷ്യമിട്ടല്ല തുടങ്ങിയത് എന്നു നേരത്തെത്തന്നെ വ്യക്തമായിരുന്നു. ‘എന്താണ് അപക്‌സ് കമ്പനി’ എന്നതു സംബന്ധിച്ച് 2021 ഒക്ടോബറില്‍ ‘ മൂന്നാംവഴി ‘ നല്‍കിയ ലേഖനത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. അതിനു കൂടുതല്‍ സ്ഥിരീകരണം നല്‍കുന്നതാണ് എല്ലാ വായ്പാ സഹകരണ സംഘങ്ങള്‍ക്കും ദേശീയതലത്തില്‍ നിയന്ത്രണ അതോറിറ്റി വേണമെന്ന ചര്‍ച്ച.
അപക്‌സ് കോ-ഓപ്പ് എന്നത് അര്‍ബന്‍ സഹകരണ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷനാണ് എന്നു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നുണ്ട്. അതേസമയം, സംസ്ഥാന സഹകരണനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍, ക്രെഡിറ്റ് സൊസൈറ്റികള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കും വായ്പ-വായ്പേതര സഹായം ലഭ്യമാക്കുന്ന ഏജന്‍സിയായി പ്രവര്‍ത്തിക്കാമെന്നു ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഈ കമ്പനിക്കു കീഴില്‍ എതൊക്കെ സംഘങ്ങളെ കൊണ്ടുവരണമെന്നതുസംബന്ധിച്ച് നേരത്തെ ആലോചന നടന്നിരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഇതിനനുസരിച്ചാണു തയാറാക്കിയിട്ടുള്ളത്. വളര്‍ച്ച, വികസനം, സാമ്പത്തികസ്ഥിരത എന്നിവ സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും കൈവരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണു ലക്ഷ്യമെന്നാണു പറയുന്നത്. സാമ്പത്തികസഹായത്തില്‍ റീഫിനാന്‍സ് സൗകര്യം എന്നതാണു കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യത്തില്‍ ഊന്നിപ്പറയുന്ന ഒന്ന്. സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും റീഫിനാന്‍സ് സൗകര്യവും മൂലധനസഹായവും ഉറപ്പാക്കുകയെന്നതാണു സാമ്പത്തികസഹായത്തില്‍ ഉള്‍പ്പെടുന്നത്. മുന്‍ഗണനാവിഭാഗത്തിനു വായ്പ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഉപദേശങ്ങളും കമ്പനി നല്‍കും.
അംബ്രല്ല ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഭാഗമാണ് ഈ ഘട്ടത്തില്‍ ഏറെ പ്രധാനമായിട്ടുള്ളത്. അതു സംഘങ്ങളുടെ സാങ്കേതിക-ബാങ്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള സഹായമാണ്. സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആധുനിക ഐ.ടി. സേവനങ്ങള്‍ ലഭ്യമാക്കുക, ഡാറ്റ സെന്റര്‍ സ്ഥാപിക്കുക, സൈബര്‍ സെക്യുരിറ്റി ഉറപ്പുവരുത്തുക, എ.ടി.എം. ശൃംഖല കൊണ്ടുവരിക, സഹകരണ പെയ്‌മെന്റ് ഗേറ്റ്‌വേ സൃഷ്ടിക്കുക, മറ്റു ബാങ്കുകളുമായുള്ള ഇടപാടുകളുടെ സെറ്റില്‍മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക തുടങ്ങിയവ അപക്‌സ് കോ-ഓപ്പ് ഫിനാന്‍സ് കമ്പനി ചെയ്യും. റിസ്‌ക് മാനേജ്‌മെന്റ്, മ്യൂച്ചല്‍ഫണ്ട്, ഇന്‍ഷൂറന്‍സ് കണ്‍സള്‍ട്ടന്‍സി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും നിര്‍വഹിക്കും. സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി അവ വിഭജിക്കുന്നതിനും ലയിപ്പിക്കുന്നതിനും ഒന്നിലേറെ സംഘങ്ങളെ ഒരുമിപ്പിച്ച് പുതിയ സംഘമുണ്ടാക്കുന്നതിനുമെല്ലാമുള്ള മാര്‍ഗനിര്‍ദേശവും അപക്സ് കമ്പനി ഏറ്റെടുക്കും. സഹകരണ ബാങ്കുകളുടെ സ്വയംനിയന്ത്രണ അതോറിറ്റി എന്നാണ് അപക്‌സ് കോ-ഓപ്പ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് ലിമിറ്റഡിനെ വിശേഷിപ്പിക്കുന്നത്. അതായത്, ഒരേസമയം സഹകരണ ബാങ്കുകള്‍ക്കു സാമ്പത്തിക-സാമ്പത്തികേതര സഹായം നല്‍കുന്ന കേന്ദ്രസ്ഥാപനമായും റിസര്‍വ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജന്‍സിയായും ഈ കമ്പനി പ്രവര്‍ത്തിക്കും. ഏതു നിയമമനുസരിച്ച് രൂപംകൊണ്ട സഹകരണ വായ്പാസംഘമാണെങ്കിലും അവ കേന്ദ്രനിയന്ത്രണ ഏജന്‍സിയുടെ കീഴിലേക്കു വരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫലത്തില്‍, സംസ്ഥാന നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന വായ്പാ സംഘങ്ങളിലും പരോക്ഷരീതിയില്‍ കേന്ദ്രനിയന്ത്രണം വരും. സംസ്ഥാനങ്ങള്‍ക്കുള്ള നിയന്ത്രണം പരിമിതപ്പെടുകയും ചെയ്യും.