വായ്പക്കാർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയുമുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ.
വായ്പ എടുക്കുന്നവർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും ഉണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ ഓർമിപ്പിച്ചു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നത് വഴി സഹകരണ സംഘങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക കടങ്ങളുടെ മൊറോട്ടോറിയത്തിന്റെ പേരിൽ കാർഷികേതര വായ്പ എടുത്തവർ പോലും വായ്പ തിരിച്ചടക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് ശരിയല്ല. മൊറട്ടോറിയം എന്നത് താൽക്കാലിക ആശ്വാസം മാത്രമാണ്. അത് എല്ലാവരും മനസ്സിലാക്കണം. കർഷകർക്ക് ന്യായമായ വിലയും വിപണിയും ഉറപ്പു വരുത്തിയാൽ മാത്രമേ കാർഷികമേഖല രക്ഷപ്പെടുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ തെക്കുംകര യിൽ വടക്കാഞ്ചേരി മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ, മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സംഘം പ്രസിഡന്റ് ഇ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ, കോൺസുമെർഫെഡ് ഡയറക്ടർ ശങ്കരൻകുട്ടി ,സഹകരണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സഹകാരികൾ, എന്നിവർ പങ്കെടുത്തു.