വനിത ഹോട്ടലും ഡ്രൈവിങ് സ്‌കൂളും തുടങ്ങാന്‍ സഹകരണ വനിതാഫെഡറേഷന്‍
വൈവിധ്യവല്‍ക്കരണത്തിലൂടെ വരുമാനവും സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് കേരള വനിത സഹകരണ ഫെഡറേഷന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന കോഫീ ഷോപ്പ്, വനിത ഹോട്ടല്‍, ഡ്രൈവിങ് സ്‌കൂള്‍ എന്നിവ തുടങ്ങുന്നതാണ് പദ്ധതി. വനിത സഹകരണ സംഘങ്ങള്‍ക്കും ഫെഡറേഷനുമായി ഇതിനായി 1.52 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു.
വനിതാഫെഡറേഷന്റെ പദ്ധതി സംബന്ധിച്ചുള്ള പ്രപ്പോസല്‍ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകാരം നല്‍കുകയും ചെയ്തു. 2022 ഡിസംബറില്‍ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ പണം അനുവദിക്കുന്നതിന് ഭരണാനുമതിയും നല്‍കി. സബ്‌സിഡി, ഓഹരി എന്നീ ഇനങ്ങളിലായി പണം അനുവദിക്കാനാണ് പുതിയ ഉത്തരവ്. 92 ലക്ഷം രൂപയാണ് സബ്‌സിഡിയായി അനുവദിക്കുക. 60 ലക്ഷവും ഫെഡറേഷനിലെ സര്‍ക്കാര്‍ ഓഹരിയായി മാറ്റും. ഈ ഫണ്ട് വിനിയോഗം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക വനിത സംഘങ്ങള്‍ക്ക് പണം അനുവദിക്കുന്നതിന് വനിത ഫെഡിന് മാര്‍ഗ രേഖയുണ്ട്. സി-ക്ലാസ് വിഭാഗത്തിന് താഴെയല്ലാത്ത സംഘങ്ങള്‍ക്കാണ് സഹായം ലഭിക്കാന്‍ യോഗ്യതയുള്ളത്. ഇതിനുള്ള അപേക്ഷയ്‌ക്കൊപ്പം കൃത്യമായ പദ്ധതി രേഖയുണ്ടാകണം. പദ്ധതി നടപ്പാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തെ കുറിച്ചുള്ള വിവരങ്ങളടങ്ങിയതാകണം പദ്ധതി രേഖ. സംഘത്തിന് പെയ്ഡ് സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഉണ്ടാകണം. ഇങ്ങനെ ഒമ്പത് വിഭാഗങ്ങളിലായുള്ള വ്യവസ്ഥകളാണ് വനിതാഫെഡിന് മാര്‍ഗരേഖയിലുള്ളത്.