രാജ്യത്ത്  സഹകരണ സര്‍വകലാശാലയ്ക്കായി ആവശ്യമുയരുന്നു

Deepthi Vipin lal

രാജ്യത്ത് ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI  )  സംഘടിപ്പിച്ച ദേശീയ വെബിനാറില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. സഹകാരികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും വെബിനാറില്‍ പങ്കെടുത്തു.

സഹകരണ സര്‍വകലാശാലകള്‍ പരമ്പരാഗതരീതിയിലുള്ള സര്‍വകലാശാലകളേക്കാള്‍ മികച്ചതാവുമെന്നു വെബിനാറില്‍ പങ്കെടുത്ത ജാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍ അഭിപ്രായപ്പെട്ടു. സഹകരണ മേഖല അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ കാലഘട്ടത്തില്‍ സഹകരണ വിദ്യാഭ്യാസ സമ്പ്രദായം പരിപോഷിപ്പിക്കാന്‍ ഒരു സഹകരണ സര്‍വകലാശാല അത്യാവശ്യമാണ്. സാമൂഹികനീതിയുടെയും സഹകരണ തത്വങ്ങളുടെയും മൂല്യങ്ങളുടെയും വലിയൊരു മുന്നേറ്റത്തിനു സഹകരണ സര്‍വകലാശാല വഴിയൊരുക്കും – അവര്‍ അഭിപ്രായപ്പെട്ടു.

വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയതു ബംഗളൂരു ചാണക്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. യശ്വന്ത് ഡോംഗ്രെയാണ്. സഹകരണ സംഘങ്ങളാണു സഹകരണ സര്‍വകലാശാല തുടങ്ങേണ്ടതെങ്കിലും കേന്ദ്രത്തില്‍ ഒരു പ്രത്യേക മന്ത്രാലയം രൂപീകൃതമായ മാറിയ സാഹചര്യത്തില്‍ മികവിന്റെ കേന്ദ്രം എന്ന നിലയില്‍ സഹകരണ സര്‍വകലാശാല സ്ഥാപിക്കേണ്ടതു സര്‍ക്കാരാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ സംഘടനകള്‍ക്ക് ഇതില്‍ പങ്കാളികളാകാം. സഹകരണ സര്‍വകലാശാല യുവാക്കള്‍ക്കു തൊഴിലവസരം ഉറപ്പു നല്‍കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന സര്‍ക്കാര്‍നയത്തിന് അനുസൃതമായാണു സഹകരണ സര്‍വകലാശാല സ്ഥാപിക്കേണ്ടത് എന്നാണു വെബിനാറില്‍ അധ്യക്ഷനായിരുന്ന NCUI  പ്രസിഡന്റ് ദിലീപ് സംഘാനി അഭിപ്രായപ്പെട്ടത്. സഹകരണ പരിശീലന സ്ഥാപനങ്ങളിലെ ഡിപ്ലോമകള്‍ക്കു വേണ്ടത്ര വില കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരം നല്‍കാന്‍ സഹകരണ സര്‍വകലാശാല വഴിയൊരുക്കുമെന്നു അദ്ദേഹം പ്രത്യാശിച്ചു.

വിപണീസമ്പദ് വ്യവസ്ഥയോടു പൊരുതേണ്ടിവരുന്ന സഹകരണ സംഘങ്ങള്‍ക്കു ശക്തമായൊരു എച്ച്.ആര്‍. നയം ആവശ്യമാണെന്നും അതിനു സഹകരണ സര്‍വകലാശാല അനിവാര്യമാണെന്നും NCUI യുടെ മുന്‍ പ്രസിഡന്റ് ജി.എച്ച്. അമീന്‍ നിര്‍ദേശിച്ചു. സഹകരണ മേഖലയിലെ ഗവേഷണ നിലവാരമുയര്‍ത്താനാകണം സഹകരണ സര്‍വകലാശാല പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നു കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായ ഡോ. കെ.കെ. ത്രിപാഠി അഭിപ്രായപ്പെട്ടു. സഹകരണ രംഗത്തിനാവശ്യമായ വിദ്യാഭ്യാസ, പരിശീലന പരിപാടികളെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ വേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. VAMNICOM ഡയരക്ടര്‍ ഹേമ യാദവും IRMA യിലെ പ്രൊഫ. ശൈലേന്ദ്രയും സഹകരണ തത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സര്‍വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സഹകരണ സര്‍വകലാശാല സഹകരണ മേഖലയിലെ അറിവിന്റെ വിടവു നികത്തുമെന്നു ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സിലെ അസോസിയേറ്റ് പ്രൊഫസറായ മല്ലിക കുമാര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News