രാജ്യത്ത് രണ്ടാം ധവളവിപ്ലവത്തിനു സമയമായി- മന്ത്രി അമിത് ഷാ

moonamvazhi

പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൊത്തം പാലുല്‍പ്പാദനത്തിന്റെ 33 ശതമാനം ഇന്ത്യയിലായിരിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ഇപ്പോഴിതു 21 ശതമാനമാണ്. രാജ്യത്തു രണ്ടാം ധവളവിപ്ലവം നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ ( ഐ.ഡി.എ ) ഗുജറാത്തിലെ ഗാന്ധിനഗറില്‍ സംഘടിപ്പിച്ച 49-ാമതു ക്ഷീര വ്യവസായ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി അമിത് ഷാ.

ഇന്ത്യയുടെ ക്ഷീരമേഖലയെ ലോകത്തെ ഏറ്റവും ശക്തമായ മേഖലയാക്കി മാറ്റണമെന്നു അമിത് ഷാ ആവശ്യപ്പെട്ടു. 2033-34 ആകുമ്പോഴേക്കും നമ്മുടെ പാലുല്‍പ്പാദനം ലോകത്തിന്റെ മൊത്തം ഉല്‍പ്പാദനത്തിന്റെ 33 ശതമാനമാക്കണം. അതായത് ഓരോ കൊല്ലവും 330 ദശലക്ഷം മെട്രിക് ടണ്‍ പാലുല്‍പ്പാദിപ്പിക്കണം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ( ജി.ഡി.പി. ) നാലര ശതമാനം സംഭാവന ചെയ്യുന്നതു ക്ഷീര-മൃഗസംരക്ഷണ മേഖലയാണ്. അതുപോലെ ക്ഷീരമേഖല കാര്‍ഷികരംഗത്തിനു നല്‍കുന്ന സംഭാവന 24 ശതമാനമാണ്. ഇതു പത്തു ലക്ഷം കോടി രൂപവരും. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഈ സംഭാവന ഏറ്റവും വലുതാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ ഭാഗമാണു ക്ഷീരമേഖല. ഒമ്പതു കോടി ഗ്രാമീണവീടുകളിലെ 45 കോടി ആളുകള്‍ക്കാണ് ഈ മേഖല തൊഴില്‍ നല്‍കുന്നത്. പ്രത്യേകിച്ച് നാമമാത്ര കര്‍ഷകര്‍ക്കും വനിതകള്‍ക്കും – അമിത് ഷാ പറഞ്ഞു.

ക്ഷീരമേഖല ലോകത്തിന് ഒരു ബിസിനസ്സാണ്. പക്ഷേ, 141 കോടി ജനസംഖ്യയുള്ള ഇന്ത്യയെസംബന്ധിച്ചിടത്തോളം ഇതൊരു തൊഴില്‍ സൃഷ്ടിക്കുന്ന മേഖലയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ബദലാണ്. പോഷകാഹാരപ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ്. കൂടാതെ, സ്ത്രീശാക്തീകരണത്തിനുള്ള സാധ്യത കൂടുതലുള്ള മേഖലകൂടിയാണ് – മന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ പാവപ്പെട്ട കര്‍ഷകസ്ത്രീകളെ സ്വാശ്രയശീലരാക്കി മാറ്റാന്‍ ക്ഷീര സഹകരണസംഘങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. സഹകരണ മന്ത്രാലയവും ദേശീയ ക്ഷീര വികസന ബോര്‍ഡും മൃഗസംരക്ഷണവകുപ്പും ചേര്‍ന്നു രാജ്യത്തെ രണ്ടു ലക്ഷം പഞ്ചായത്തുകളില്‍ ഗ്രാമീണ ക്ഷീരോല്‍പ്പാദനകേന്ദ്രങ്ങള്‍ തുടങ്ങും. ഇതോടെ, ക്ഷീരമേഖലയുടെ വളര്‍ച്ച 13.8 ശതമാനത്തിലെത്തും. ഒരു ദിവസം 126 ദശലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനുള്ള ശേഷി നമുക്കുണ്ട്. ഇതു ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. നമ്മുടെ മൊത്തം പാലുല്‍പ്പാദനത്തിന്റെ 22 ശതമാനം സംസ്‌കരിക്കുന്നുണ്ട്. ഇതു ക്ഷീരകര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നു. ലോകത്തെ പാലുല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 21 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ നേട്ടത്തില്‍ അമുല്‍ മാതൃക വഹിച്ച പങ്ക് വളരെ വലുതാണ് – അമിത് ഷാ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News