യു.പി. കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം നല്‍കാന്‍ എല്ലാ പ്രാഥമിക സംഘങ്ങളും മൈക്രോ എ.ടി.എം.സൗകര്യമൊരുക്കും
ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കു വാതില്‍പ്പടി സേവനം നല്‍കാനായി സംസ്ഥാനത്തെ 7400 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും മൈക്രോ എ.ടി.എം. സൗകര്യമൊരുക്കും. സംസ്ഥാനത്തെ 5000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും ഇതിനകം കമ്പ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞു.
സംസ്ഥാന സഹകരണ മന്ത്രി ജെ.പി.എസ്. റാത്തോഡ് അറിയിച്ചതാണ് ഈ വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നുമിടയില്‍ 4635 കോടി രൂപയാണു ജില്ലാ സഹകരണ ബാങ്കുകള്‍ വിളവായ്പയായി നല്‍കിയത്. ഈ കാലയളവില്‍ കരിമ്പു കര്‍ഷകര്‍ക്കായി 560.45 കോടി രൂപയുടെ വായ്പയാണു സംസ്ഥാന സഹകരണ ബാങ്ക് അനുവദിച്ചത്. സംസ്ഥാന സഹകരണ ബാങ്ക് പുതുതായി 13 ശാഖകള്‍ കൂടി തുറന്നു. ഇതോടെ, മൊത്തം ശാഖകളുടെ എണ്ണം നാല്‍പ്പതായി – മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ക്കു ദീര്‍ഘകാല വായ്പകള്‍ നല്‍കാനായി യു.പി. സഹകാരി ഗ്രാമവികാസ് ബാങ്കിനു സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ ബാങ്ക് ഗാരന്റിയായി അനുവദിച്ചു. നൂറു പുതിയ ഗോഡൗണുകളാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികതലത്തില്‍ കരുതിവെയ്ക്കാന്‍ ഇതു കര്‍ഷകരെ സഹായിക്കും.
[mbzshare]