മൊറട്ടോറിയം- ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുംവരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി.

adminmoonam

മൊറട്ടോറിയം വിഷയത്തിലുള്ള ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുംവരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്നും, അതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ വ്യക്തമാക്കി.മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്.

രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ടും കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിരീക്ഷിച്ചു. വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാനും പാടില്ല. അവരെ സംരക്ഷിക്കേണ്ട കടമയുമുണ്ട്.ബാങ്കുകള്‍ തീരുമാനവും എടുക്കട്ടെയെന്ന് പറയാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനമെടുക്കണം. വായ്പ നേരത്തെ മുടക്കിയവര്‍ക്ക് മൊറട്ടോറിയം ലഭിക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. കൊവിഡ് സാഹചര്യത്തില്‍ അവരുടെ പ്രയാസം ഇരട്ടിയായി മാറിയിരിക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് മൊറട്ടോറിയമെന്നും, പലിശ ഒഴിവാക്കാനല്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു. റിസര്‍വ് ബാങ്കിന് ബാങ്കുകള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ബാങ്കിംഗ് മേഖല രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അടുത്ത വ്യാഴാഴ്ച കേസിൽ വാദം തുടരും..

Leave a Reply

Your email address will not be published.

Latest News
error: Content is protected !!