മൊറട്ടോറിയം:- ബാങ്കുകൾ വലിയ പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
മൊറട്ടോറിയം:- ബാങ്കുകൾ വലിയ പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ആഗസ്റ്റ് 30 ന് ആറു മാസത്തെ മൊറട്ടോറിയം അവസാനിക്കുമ്പോൾ എന്തു സംഭവിക്കും?വലിയ പ്രതിസന്ധി ഉണ്ടാകും, മന്ത്രി പറഞ്ഞു.
വായ്പയെടുത്തവർ ആറു മാസത്തെ പലിശയടക്കം തിരിച്ചടവ് ആരംഭിക്കണം. പക്ഷെ, സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചിട്ടുവേണ്ടേ വായ്പകളെല്ലാം തിരിച്ചടയ്ക്കാൻ. പകർച്ചവ്യാധി പടരുകയാണ്. രൂക്ഷമായ മാന്ദ്യം തുടരുകയാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാനുളളശേഷി ഭൂരിപക്ഷം പേർക്കും ഉണ്ടാവില്ല. അവർ വീഴ്ച വരുത്തും. ഫലം ബാങ്കുകളുടെ നിഷ്ക്രിയാസ്തികൾ പെരുകും. സ്റ്റാൻഡേർഡ് & പുവർ എന്ന റേറ്റിംഗ് ഏജൻസിയുടെ കണക്കു പ്രകാരം നിഷ്ക്രിയാസ്തികളുടെ ശതമാനം 2019-20ൽ 8.5 ശതമാനം ആയിരുന്നത് 2020-21ൽ 14 ശതമാനമായെങ്കിലും ഉയരുമെന്നാണ്.
വർദ്ധിക്കുന്ന നിഷ്ക്രിയാസ്തികൾക്ക് പരിഹാരത്തുക (Bad Debt Provisioning) നടത്തുമ്പോൾ ബാങ്കുകളുടെ മൂലധനത്തിൽ വലിയ ചോർച്ചയുണ്ടാകും. ഇതോടെ ഡെപ്പോസിറ്റുകളും മൂലധനവും തമ്മിൽ പാലിക്കേണ്ട തോത് അഥവാ Capital Adequacy Ratio പാലിക്കാൻ പറ്റാതെയാകും. ബാങ്കുകൾ പ്രതിസന്ധിയിലാകും.
ഒന്നുകിൽ അവർ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി വിൽക്കണം അല്ലെങ്കിൽ കേന്ദ്രസർക്കാർ കൂടുതൽ മൂലധനം നിക്ഷേപിക്കണം. 1.2 ലക്ഷം കോടി രൂപയെങ്കിലും ഇതിനു വേണ്ടിവരുമെന്നാണ് ഫിച്ച് റേറ്റിംഗ് വിലയിരുത്തിയിട്ടുള്ളത്. ഇത്രയും പണം കേന്ദ്രസർക്കാർ എങ്ങനെ കണ്ടുപിടിക്കും?
ഒരുപക്ഷെ, കേന്ദ്രസർക്കാരിന്റെ മുന്നിലുള്ള മാർഗ്ഗം മൊറട്ടോറിയംകാലം വീണ്ടും ഒന്നുകൂടി നീട്ടിക്കൊടുക്കുക എന്നുള്ളതാണ്. പക്ഷെ, ഇവിടെയും ഒരു കുരുക്കുണ്ട്. സുപ്രിംകോടതിയിൽ മൊറട്ടോറിയം സംബന്ധിച്ച് കേസ് നടക്കുകയാണ്. പലിശയുടെ മേൽ പലിശ നിങ്ങൾ എങ്ങനെയാണ് ചുമത്തുകയെന്ന് സുപ്രിംകോടതി ചോദിച്ചു കഴിഞ്ഞു. ഇതിനൊരു മറുപടി കണ്ടിട്ടുവേണം ഇനിയും മൊറട്ടോറിയം നീട്ടാൻ.
അങ്ങനെ അഴിക്കാൻ കഴിയാത്ത ഊരാക്കുടുക്കുകളിലേയ്ക്ക് സമ്പദ്ഘടന വീണുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
സഹകരണമേഖലയിൽ മോറട്ടോറിയം മൂലം തിരിച്ചടവ് വർഷങ്ങളായി തന്നെ ഇല്ല എന്ന് പറയാം. ഇത് ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി ചെറുതല്ല. അതിനു പുറമേയാണ് കോവിഡ് മൂലമുള്ള പുതിയ രൂക്ഷമായ പ്രതിസന്ധിയും ബി. ആർ ആക്ട് ഭേദഗതി മൂലമുണ്ടായ പ്രതിസന്ധിയും.