മൂല്യങ്ങളും സമത്വവും തിരികെ പിടിക്കുക

moonamvazhi

 

-സി. രവീന്ദ്രനാഥ്
( മുന്‍ വിദ്യാഭ്യാസ മന്ത്രി )

സൂക്ഷ്മ – സ്ഥൂല സമ്പദ് വ്യവസ്ഥകളുടെ പരസ്പര പൂരകത നിലനിര്‍ത്തുന്നതു
സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. എന്നാല്‍,
ജനകീയ മൂലധനമായ സഹകരണ മേഖലയുടെ മൂലധനത്തെപ്പോലും
ഊഹക്കച്ചവട മൂലധനമാക്കി മാറ്റാനാണു നവലിബറല്‍ നയങ്ങള്‍ ശ്രമിക്കുന്നത്.
ഇതിനിടയിലും കേരള സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തെ
സര്‍വ്വസമ്പന്നമാക്കിക്കൊണ്ട് ബദലുകള്‍ തീര്‍ക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണു സഹകരണ പ്രസ്ഥാനം. കേരളത്തില്‍ ഈ പ്രസ്ഥാനത്തിനു സമ്പന്നമായ ചരിത്രമുണ്ട്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ധനകാര്യ പ്രസ്ഥാനമാണിത്. ദേശീയ സമ്പദ്‌വ്യവസ്ഥയിലും സഹകരണ പ്രസ്ഥാനത്തിനു വലിയ പങ്ക് വഹിക്കാനുണ്ട്.

നമ്മുടെ രാജ്യത്തു പലവിധത്തിലുളള ധനകാര്യ സ്ഥാപനങ്ങളുണ്ട.് ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ന്യൂ ജനറേഷന്‍ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പണമിടപാട് നടത്തുന്ന പലതരം സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണു പ്രധാന സ്ഥാപനങ്ങള്‍. ഇവയെല്ലാം ചേര്‍ന്നുകൊണ്ടാണു സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. ഓരോ സ്ഥാപനവും ഓരോ പ്രത്യേക മേഖലയിലാണ് ഇടപെടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ കൃഷി, വ്യവസായം തുടങ്ങിയ അടിസ്ഥാന മേഖലകളെ പരിപോഷിപ്പിക്കുന്നു. സ്ഥൂല സമ്പദ്വ്യവസ്ഥയെ ( macro economic area ) നിലനിര്‍ത്തുക എന്നതാണു സഹകരണ മേഖലയൊഴികെയുളള ബാങ്കുകളുടെ പ്രവര്‍ത്തനലക്ഷ്യം. സൂഷ്മ സമ്പദ്വ്യവസ്ഥയെ (micro economic area ) ശ്രദ്ധിക്കുക എന്നതാണു സഹകരണ സ്ഥാപനത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണു പ്രദേശിക സമ്പദ്വ്യവസ്ഥയിലെ പ്രധാന സാമ്പത്തിക സ്ഥാപനമായി സഹകരണ മേഖല അറിയപ്പെടുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ സമ്പദ്വ്യവസ്ഥകളുടെ പരസ്പര പൂരകത നിലനിര്‍ത്തുന്നത് ഈ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. ഈ സാമ്പത്തിക പ്രക്രിയകളെ നിയന്ത്രിക്കുന്നതു രാജ്യത്തു നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളാണ്. ഇന്ത്യയിലിപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതു നവ ലിബറല്‍ സാമ്പത്തിക നയങ്ങളാണ്.

മൂന്നു കാലഘട്ടങ്ങള്‍

സഹകരണ മേഖലയെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. 1. ജനകീയാസൂത്രണത്തിനു മുമ്പ്്, 2. ജനകീയാസൂത്രണത്തിനു ശേഷം, 3. വര്‍ത്തമാനകാലം. ഈ മൂന്നു ഘട്ടങ്ങളിലും നവ ലിബറല്‍ നയങ്ങളാണു സമ്പദ്വ്യവസ്ഥയെ നയിച്ചത്. ഈ മൂന്നു ഘട്ടങ്ങളെ മറ്റൊരു രീതിയിലും കാണാം. 1. അധികാര വികേന്ദ്രീകരണത്തിനു മുമ്പ്, 2. അധികാര വികേന്ദ്രീകരണത്തിന്റെ ആരംഭം, 3. സ്വകാര്യവല്‍ക്കരണഘട്ടം. അധികാര വികേന്ദ്രീകരണത്തിനു മുമ്പു പൊതുമേഖലാ ബാങ്കുകള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ കുറെയൊക്കെ സഹായിച്ചിരുന്നു. കൃഷിക്കു പ്രഥമ പരിഗണന നല്‍കിയിരുന്നതിനാല്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുക എന്ന ദൗത്യമാണു സഹകരണ മേഖലക്കുണ്ടായിരുന്നത്. അന്നു നയപരമായ പിന്തുണ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. അതായതു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന ജനകീയ ഭരണകൂടമില്ലാത്ത കാലത്തു പൊതുമേഖലാ ബാങ്കുകളുടെ പിന്തുണയോടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുക എന്ന ദൗത്യമാണു സഹകരണ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്.

കേരളത്തില്‍ പുരോഗമന രാഷ്ട്രീയത്തിന്റേയും നവോത്ഥാന ആശയങ്ങളുടേയും പിന്തുണയോടെയാണു സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാല്‍ പ്രാദേശിക ഭരണകൂട പിന്തുണയുണ്ടായിരുന്നില്ലെങ്കിലും ദിശാബോധത്തോടെത്തന്നെ പ്രാദേശിക വികസനത്തിനു കഴിഞ്ഞിരുന്നു. തല്‍ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിന്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ സഹകരണ മേഖല വികസിച്ചു വന്നു. ഇവിടെ പൊതുവിദ്യാഭ്യാസവും പൊതു ആരോഗ്യവും സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷവും സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തിനു ദാര്‍ശനിക പരിസരമൊരുക്കിയിരുന്നു. ചുരുക്കത്തില്‍, ആദ്യഘട്ടത്തില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിനു മാതൃകയായിരുന്നു.

രണ്ടാം ഘട്ടമാണു പ്രധാനപ്പെട്ടത്. ജനകീയാസൂത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന പ്രാദേശിക ജനകീയ ഭരണകൂടം വികസിച്ചുവന്നു. ഈ ഭരണകൂടത്തിന്റെ ലക്ഷ്യവും പ്രാദേശിക സമ്പദ്ഘടനാ വികാസവും പ്രാദേശിക വികസനവുമാണ്. പക്ഷേ, ഇക്കാലമാകുമ്പോഴേക്കും നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി നരസിംഹം കമ്മറ്റി മുതല്‍ വര്‍മ കമ്മറ്റി വരെയുളള ബാങ്കിങ് പരിഷ്‌കരണ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഈ പുതിയ സമീപനം പൊതുമേഖലാ ബാങ്കിങ്് രംഗത്തു മാറ്റങ്ങളുണ്ടാക്കി. കൃഷിക്കും പ്രാദേശിക വികസനത്തിനുമുണ്ടായിരുന്ന പ്രഥമ പരിഗണന മാറ്റപ്പെട്ടു. ധനമൂലധനത്തിന്റെ താല്‍പ്പര്യത്തിനു പൂരകമായി പരിഗണനകള്‍ മാറ്റപ്പെട്ടു. പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണ വര്‍ധിച്ചപ്പോള്‍ പൊതുമേഖലാ ബാങ്കിന്റെ പിന്തുണ കുറഞ്ഞുപോയി. അപ്പോള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയിലെ സഹകരണ മേഖലയുടെ പങ്ക് വര്‍ധിച്ചു. സഹകരണ മേഖലയും പ്രാദേശിക ഭരണകൂടവും തമ്മിലുളള ബന്ധം കൂടുതല്‍ വളരാന്‍ അവസരമുണ്ടായപ്പോള്‍ പൊതുമേഖലാ ബാങ്കിന്റെ പിന്തുണ കുറഞ്ഞു. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ കൂടുതല്‍ക്കൂടുതല്‍ വളര്‍ന്നുവരുന്തോറും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക പിന്തുണാ സാധ്യത കുറഞ്ഞുവന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയോട് ധന മൂലധനത്തിനു താല്‍പ്പര്യമില്ല. ഈ കാര്യംകൂടി ഗൗരവമായി ഓര്‍ക്കണം. ദേശീയ നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ കാഴ്ചപ്പാടിനുളളില്‍ നിന്നുകൊണ്ടാണു മേല്‍പ്പറഞ്ഞ മാറ്റങ്ങളുണ്ടായത് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ഇന്നും ഈ നയങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടവും സഹകരണ സ്ഥാപനവും ചേര്‍ന്നു നടത്തിയ പ്രാദേശിക വികസനങ്ങള്‍ മാതൃകയായി ഉദാഹരിക്കാം.

സുസ്ഥിര സമ്പൂര്‍ണ ഭവന പദ്ധതി

പ്രതിസന്ധികള്‍ക്കിടയിലും രണ്ടാം ഘട്ടം അനുകരണീയവും മാതൃകാപരവുമായിരുന്നു. പഴയ കൊടകര നിയോജകമണ്ഡത്തിലെ ( ഇന്നത്തെ പുതുക്കാട് മണ്ഡലം ) സുസ്ഥിര സമ്പൂര്‍ണ ഭവന പദ്ധതി നല്ല ഒരുദാഹരണമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരണ ബാങ്കില്‍ നിന്നു ലോണെടുക്കുകയും ഗുണഭോക്താക്കള്‍ക്കു വീട് നല്‍കുകയും ചെയ്യുക എന്നതാണു പദ്ധതി. അന്നത്തെ നിയമമനുസരിച്ച് ഗുണഭോക്താക്കള്‍ പലിശ വഹിക്കണം. പിന്നീട് ഈ പലിശ സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇ.എം.എസ്. പാര്‍പ്പിട പദ്ധതി ഉണ്ടായത്. സഹകരണ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ സംരംഭമായിരുന്നു ഇത്. ഈ പദ്ധതിയിലൂടെ 5000 വീടുകള്‍ നല്‍കിക്കൊണ്ട് സമ്പൂര്‍ണ ഭവന മണ്ഡലമായി പുതുക്കാടിനെ മാറ്റി. ഇത്തരം മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കണം. ജനകീയമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റും എന്നതു ധീരമായ ചെറുത്തുനില്‍പ്പുംകൂടിയാണ്. വിദേശപ്പണത്തെ ആശ്രയിക്കാതെ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നതിനു തെളിവാണിത്.

മൂന്നാം ഘട്ടത്തിലാണ് നാമിപ്പോള്‍ നില്‍ക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തെ സര്‍വ്വസമ്പന്നമാക്കിക്കൊണ്ട് ബദലുകള്‍ തീര്‍ക്കുകയാണ്. ജനകീയാസൂത്രണത്തിന്റെ നാലു ഘടകങ്ങളേയും സമ്പുഷ്ടമാക്കാനാണു ബദല്‍ ശ്രമിക്കുന്നത്. 1. അധികാര വികേന്ദ്രീകരണം. 2. ആസൂത്രണ വികേന്ദ്രീകരണം 3. സമ്പത്തിന്റെ വികേന്ദ്രീകരണം. 4. ഭരണപരമായ വികേന്ദ്രീകരണം. ഗ്രാമവികസനമാണ് അടിസ്ഥാന വികസനം എന്ന സങ്കല്‍പ്പത്തിലൂടെ നവകേരളം സൃഷ്ടിക്കാനുളള ശ്രമമാണ് ഏറ്റവും ഉദാത്തമായത്. സഹകരണ മേഖലയുടെ ജനകീയവത്കരണം അതേ അര്‍ഥത്തില്‍ത്തന്നെ നടക്കുകയാണ്. സാര്‍വ്വദേശീയ തലത്തില്‍ത്തന്നെ മാതൃകയായിക്കൊണ്ടിരിക്കുന്ന കുടുംബശ്രീയുടെ പ്രധാന വിഭവസ്രോതസ്സായി സഹകരണ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ചാക്രിയ പ്രക്രിയ (Economic Cycle) പൂര്‍ത്തീകരിച്ചുകൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന സാമ്പത്തിക ദര്‍ശനമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീശാക്തീകരണം എന്ന പ്രാദേശിക വികസനത്തിന്റെ ശക്തിദുര്‍ഗം സമാനതകളില്ലാത്ത അവസ്ഥയിലേക്കെത്തിക്കാനാണു ശ്രമം. പക്ഷേ, പ്രതിബന്ധങ്ങള്‍ ദിവസവും വളരുകയാണ്. ധനമേഖല കൂടുതല്‍ക്കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. ബാങ്കിങ് മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബാഡ് ബാങ്ക് എന്ന സങ്കല്‍പ്പംപോലും യാഥാര്‍ഥ്യമാവുകയാണ്.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കുന്നു

മുഖ്യ ധനകാര്യ മേഖലകളെല്ലാം പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് എതിരായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക വികസനത്തെ സഹായിക്കുന്ന സഹകരണ മേഖലയേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ജനകീയ മൂലധനമായ സഹകരണ മേഖലയുടെ മൂലധനത്തെപ്പോലും ഊഹക്കച്ചവട മൂലധനമാക്കി മാറ്റാന്‍ നവലിബറല്‍ നയങ്ങള്‍ ശ്രമിക്കുകയാണ്. ഇതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഉല്‍പ്പാദനമേഖലക്കും സാമൂഹിക സ്വസ്ഥതക്കും മുന്‍ഗണന നല്‍കുന്ന ഉല്‍പ്പാദന മൂലധനവും ഊഹക്കച്ചവടത്തിനും ചരക്കുവല്‍കരണത്തിനും മുന്‍ഗണന നല്‍കുന്ന ധന മൂലധനവും തമ്മിലുളള സംഘര്‍ഷമാണു വര്‍ത്തമാനകാല ധനകാര്യ പ്രശ്നം. ഈ സംഘര്‍ഷത്തിന്റെ മുഖ്യ ഇരകളിലൊന്നു സഹകരണ മേഖലയാണ്. ഈ സംഘര്‍ഷത്തില്‍ പ്രാദേശിക വികസനത്തിന് ഊര്‍ജം പകരാന്‍ രണ്ട് സ്ഥാപനങ്ങളെക്കൂടി ഒപ്പം നിര്‍ത്താന്‍ സഹകരണ മേഖലയ്ക്ക് കഴിയണം. 1. ജനകീയ ഭരണകൂടമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2. നവോത്ഥാനത്തെ മണ്ണിലുറപ്പിച്ച വായനശാലകള്‍. ഈ ജനകീയ സ്ഥാപനങ്ങളുടെ ലയം തീര്‍ക്കുന്ന ലോകം വിസ്മയിപ്പിക്കുന്നതാകും. ജനകീയതയുടെ ശക്തിയെന്തെന്നു തെളിയിക്കാന്‍ പറ്റുന്നതാണ് ഈ ബന്ധം.

മതനിരപേക്ഷത, പാരിസ്ഥിതിക മൂല്യങ്ങള്‍, സാമൂഹിക സ്വസ്ഥത, പൊതു വിദ്യാഭ്യാസം, പൊതു ആരോഗ്യം, പൊതു വിതരണം എന്നിവയെല്ലാം വെല്ലുവിളികളെ നേരിടുകയാണ്. ഇതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വവും അരാഷ്ട്രീയതയും ഭയാനകമാണ്. അക്ഷരാര്‍ഥത്തില്‍ ഇതൊരു സംക്രമണ ഘട്ടമാണ്. അല്ലെങ്കില്‍ ഒരു നവോത്ഥാന ഘട്ടമാണ്. മൂല്യങ്ങളേയും സമത്വത്തേയും തിരികെ പിടിക്കണം. അതാണു നവ നവോത്ഥാനം. സാമ്പത്തികമായ സമഗ്രമായ ഉള്‍ച്ചേരലും ഡിജിറ്റലൈസേഷനും നവമാധ്യമങ്ങളെ യഥാവിധി ഉപയോഗിക്കലും സഹകരണ മേഖലയുടെ അടിയന്തര കടമയാണ്. ഇതെല്ലാം ജനകീയമായാണു ചെയ്യേണ്ടത്. കമ്പോള താല്‍പ്പര്യങ്ങള്‍ ഇതിലെല്ലാം കടന്നുകൂടാനുളള ശ്രമങ്ങളുണ്ടാകും എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയൊരു നവമാധ്യമ ശൃംഖല തീര്‍ക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയണം. ഗ്രാമത്തിലെ വായനശാലകളുമായി ഒത്തുചേര്‍ന്ന് ഈ ശൃംഖല ഉപയോഗിച്ചാല്‍ സാംസ്‌കാരിക വികസനത്തിനും മതനിരപേക്ഷ വികസനത്തിനൂം ഉപകരിക്കും. ഈ വഴിക്കുളള ചിന്തകള്‍ക്കു വഴിപാകണം.

Leave a Reply

Your email address will not be published.