മില്‍മ സ്വയംപര്യാപ്തമായി; പാലുല്‍പാദനത്തില്‍ നേട്ടം കൊയ്ത് കേരളം

Deepthi Vipin lal

പാലുല്‍പാദനത്തില്‍ ഗണ്യമായ നേട്ടമുണ്ടാക്കി കേരളം. സഹകരണ മേഖലയിലെ പ്രധാന സ്ഥാപനമായ മില്‍മയ്ക്ക് വിപണനത്തിന് ആവശ്യമായ അത്രയും പാല്‍ ഇവിടെനിന്നുതന്നെ സംഭരിക്കാനായി. വില്‍പന നടത്തുന്നതിലും ഒരുലക്ഷത്തോളം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ ഇപ്പോള്‍ സംഭരിക്കുന്നത്. മലബാര്‍ മേഖലയില്‍നിന്നുള്ള പാല്‍ സംഭരണമാണ് മില്‍മയെ സ്വയം പര്യാപ്തമാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നുജില്ലകളില്‍ രണ്ടെണ്ണവും മലബാര്‍ മേഖലയിലാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാറിലെ പാല്‍ സംഭരണം വിപണനത്തേക്കാള്‍ 1.26ലക്ഷം ലിറ്റര്‍ കൂടുതലായിരുന്നു. മലബാറില്‍ അധികമുള്ള പാല്‍ തിരുവനന്തപുരം, എറണാകുളം മേഖലകള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. ഈ വര്‍ഷം മലബാറില്‍ പാല്‍സംഭരണം പിന്നെയും കൂടി. 50,000ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഓരോദിവസവും വിപണനത്തേക്കാള്‍ അധികമായിരുന്ന പാലിന്റെ അളവ് 2.12 ലക്ഷം ലിറ്ററായി. ഇത് മറ്റുരണ്ടുമേഖലകളിലേക്ക് കൈമാറുന്നതോടെ മില്‍മയ്ക്ക് ആവശ്യമുള്ള പാല്‍ മുഴുവന്‍ കേരളത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിതിയാകും.


നിലവില്‍ ഒരുദിവസം ശരാശരി 13.25 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍പന നടത്തുന്നത്. 2019-20 സാമ്പത്തിക വര്‍ഷം കേരളത്തില്‍ മില്‍മ സംഭരിച്ചിരുന്നത് ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനുവേണ്ട അധിക പാലിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആവിന്‍, കെ.എം.എഫ് പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പാല്‍ എത്തിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ മില്‍മയ്ക്ക് കഴിയും.

പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് മില്‍മയെ സ്വയംപര്യാപ്തമാക്കിയത്. ഓഖി, പ്രളയം, നിപ, കോവിഡ് എന്നീ പ്രതികൂല ഘടകകങ്ങളെല്ലാം അതിജീവിച്ചാണ് ഈ നേട്ടം. ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമാണ് കേരളത്തെ നല്ലപാലിന്റെ കേന്ദ്രമാക്കി മാറ്റാനായി എന്നാണ് ക്ഷീര വികസന വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 502 ക്ഷീര സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പുതുതായി രൂപംകൊണ്ടത്. ഇതില്‍ കൂടുതലും തിരുവനന്തപുരം മേഖലയിലാണ്. 232 എണ്ണം. മലബാറില്‍ 175, എറണാകളും 95 എന്നിങ്ങനെയാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ സംഘങ്ങള്‍.

ക്ഷീരകര്‍ഷകരെയും സഹകരണ സംഘങ്ങളെയും സഹായിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയതും പാല്‍ ഉല്‍പനാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കാരണമായി. ക്ഷീരഗ്രാമം, ഇന്‍ഷൂറന്‍സ് പരിരക്ഷ, രാത്രികാല ചികിത്സ സൗകര്യം, കാലിത്തീറ്റയുടെ വിലനിയന്ത്രണം, ഗുണമേന്മയുള്ള കാലത്തീറ്റ ഉറപ്പുവരുത്താനുള്ള ഇടപെടല്‍, പ്രവാസി പാക്കേജ് എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്. നിരവധി ഡയറി ഫാമുകള്‍ സംരംഭ അടിസ്ഥാനത്തില്‍ പുതുതായി തുടങ്ങി. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളും ഡയറി ഫാം തുടങ്ങുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് ഈ നേട്ടത്തിന് പിന്നിലെ ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News