മാര്‍ടെക്‌സ്: സഹകരണ ടെക്‌സ്‌റ്റൈല്‍ രംഗത്തെ മലനാടന്‍ വിജയഗാഥ

[mbzauthor]

കോഴിക്കോട് ജില്ലയിലെ കുടിയേറ്റ കേന്ദ്രമായ
തിരുവമ്പാടിയില്‍ മലനാട് കാര്‍ഷികോല്‍പ്പന്ന
വിപണന സഹകരണ സംഘത്തിന്റെ കീഴിലുള്ള
മാര്‍ടെക്‌സ് തുണിക്കച്ചവടത്തില്‍ മുന്നേുകയാണ്.
വെളിച്ചെണ്ണയുണ്ടാക്കി വിപണി പിടിച്ച ഈ സംഘത്തിന്റെ
സഹകരണ ടെക്സ്റ്റയില്‍സ് ഷോറൂമില്‍ എഴുപതോളം
പേരാണു ജീവനക്കാരായുള്ളത്. വന്‍കിട
വസ്ത്രവ്യാപാരികളെ വെല്ലുന്നവിധത്തിലാണു
ഷോറൂമിന്റെ പ്രവര്‍ത്തനം.

 

മലനാട് സംഘം എന്നു കേള്‍ക്കുമ്പോള്‍ കോഴിക്കോടിനു കിഴക്കുള്ള കര്‍ഷകര്‍ക്ക് ആദ്യം ഓര്‍മ വരിക കൊപ്രവിപണിയും വെളിച്ചെണ്ണക്കുപ്പിയുമൊക്കെയാണ്. കേരളത്തില്‍ ആദ്യമായി സഹകരണമേഖലയില്‍ കൂറ്റന്‍ കൊപ്രസംസ്‌കരണ യൂണിറ്റ് തുടങ്ങി വെളിച്ചണ്ണയുണ്ടാക്കി വീടുകളിലെത്തിച്ച്, ദേശീയതലത്തില്‍ അംഗീകാരം നേടിയ സഹകരണസംഘമിപ്പോള്‍ ടെക്‌സ്‌റ്റൈല്‍ രംഗത്താണു ചുവടുറപ്പിക്കുന്നത്. കോടികള്‍ മുടക്കി വമ്പന്‍ ഷോറൂമുകള്‍ തുറന്നു പരസ്യതന്ത്രങ്ങളില്‍ പതിനെട്ടടവും പയറ്റുന്ന സ്വകാര്യ ടെക്സ്റ്റയില്‍ ഭീമന്മാരോടു മത്സരിച്ചു കുടിയേറ്റകേന്ദ്രമായ തിരുവമ്പാടിയില്‍ മലനാട് കാര്‍ഷികോല്‍പ്പന്ന വിപണന സഹകരണസംഘത്തിന്റെ കീഴിലുള്ള മാര്‍ടെക്‌സ് തുണിക്കച്ചവടത്തില്‍ താരമാവുകയാണ്. നഗരത്തിലെ ഒന്നാംകിട തുണിക്കടകളെ വെല്ലുന്ന ഷോറൂമില്‍ വര്‍ണവൈവിധ്യങ്ങളുടെ വിസ്മയ വസ്ത്രലോകമൊരുക്കി, മാറുന്ന ഫാഷനുകള്‍ക്ക് ഒപ്പം സഞ്ചരിച്ച്, ഉപഭോക്തൃസൗഹൃദത്തിന്റെ സകലപാഠങ്ങളും പഠിപ്പിച്ച്, എഴുപതോളം പേരെ ജീവനക്കാരായി നിയമിച്ച്, മത്സരിച്ചു മുന്നേറുകയാണു കര്‍ഷകരുടെ തുണിക്കട.

കുടിയേറ്റകര്‍ഷകരുടെ ആദ്യകാല ഉല്‍പ്പന്നങ്ങളായ രാമച്ചവും പുല്‍ത്തൈലവും വിപണനം നടത്താന്‍ 1960 ല്‍ 40 കര്‍ഷകര്‍ 10,000 രൂപ മൂലധനവുമായി തുടങ്ങിയതാണു മലനാട് സംഘം എന്നറിയപ്പെടുന്ന കേരള മലനാട് കര്‍ഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസെറ്റി. പിന്നീട് കുരുമുളക്, ഇഞ്ചി, അടക്ക, റബ്ബര്‍, നാളികേരം തുടങ്ങിയവയുടെ വിപണനരംഗത്തേക്കും കടന്നു. നാളികേരത്തിന്റെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനാണു സംഘം തിരുവമ്പമ്പാടിയില്‍ രാജീവ് ഗാന്ധി കോക്കനട്ട് കോംപ്ലക്‌സ് തുറന്നത്. നിത്യേന 25,000 തേങ്ങ സംസ്‌കരിച്ചു വെളിച്ചെണ്ണയാക്കി ഹാര്‍ട്ടോണിക്ക, മലനാട് സുപ്രീം എന്നീ പേരുകളിലാണു വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേരസംസ്‌കരണ യൂണിറ്റിനുളള കേന്ദ്ര നാളികേര വികസനബോര്‍ഡിന്റെ അവാര്‍ഡ് സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഷോപ്പിന്റെ തുടക്കം
1980 ല്‍

1973 ല്‍ കണ്‍ട്രോള്‍ തുണിത്തരങ്ങളുടെ വില്‍പ്പന സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കു കൈമാറിയപ്പോള്‍ മലനാട് സംഘം അതേറ്റെടുക്കുകയും ഒരു ജീവനക്കാരനെ തുണിവിതരണത്തിനു നിയോഗിക്കുകയും ചെയ്തു. കണ്‍ട്രോള്‍ തുണിക്കു പുറമെ മറ്റു തുണികളും ചെറിയ തോതില്‍ വിറ്റ് ഇതൊരു തുണിക്കടയായി മാറി. 1980 ലാണു മാര്‍ടെക്‌സ് എന്ന പേരില്‍ ചെറിയ ഷോപ്പ് തുറന്നത്. പാരമ്പര്യമായി തുണിക്കട നടത്തുന്നവരുള്‍പ്പെടെയുളള സ്വകാര്യ കടക്കാരുമായുള്ള മത്സരത്തില്‍ സഹകരണസ്ഥാപനത്തിനു വലിയ പിന്തുണയാണു നാട്ടുകാര്‍ നല്‍കിയത്. 2009 ല്‍ സംഘത്തിന്റെ സ്വന്തം കെട്ടിടത്തിലേക്കു മാര്‍ടെക്‌സ് മാറി. 2019 ലാണ് ആധുനികസൗകര്യങ്ങളോടെ വലിയ ഷോറും തുറന്നത്. എല്ലാ വിഭാഗം ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ക്കനുസരിച്ചു വസ്ത്രങ്ങള്‍ നല്‍കാനുളള വലിയ സജ്ജീകരണങ്ങളാണു നല്ല മുതല്‍മുടക്കില്‍ മാര്‍ടെക്‌സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വലിയ പട്ടണങ്ങളിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളെ വെല്ലുന്ന രീതിയിലാണു വെഡ്ഡിങ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും പണക്കാരുടേയും വിവാഹാവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുക എന്നതിനാണു പരിഗണന. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കു പ്രായം തിരിച്ചും ഇനം തിരിച്ചും വില്‍പ്പന വിഭാഗങ്ങളുണ്ട്. സാരി, ചുരിദാര്‍, നൈറ്റി, ഷര്‍ട്ട്, പാന്റ്‌സ് തുടങ്ങി കൈലി മുണ്ടിനുവരെ സെക്ഷനുകള്‍ തിരിച്ചതോടെ തൊഴിലവസരങ്ങളും കൂടി. റെഡിമെയ്ഡ് ഇനങ്ങളുടെ വന്‍ശേഖരവുമുണ്ട്.

മില്ലുകാരുമായി
ഇടപാട് നേരിട്ട്

അഹമ്മദാബാദ്, സൂറത്ത്, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ടെക്‌സ്‌റ്റൈല്‍ കമ്പനികളില്‍ നിന്നു നേരിട്ട് തുണി സാധനങ്ങള്‍ വാങ്ങിയാണു മാര്‍ടെക്‌സ് വില്‍പ്പന നടത്തുന്നത്. ഇടനിലക്കാര്‍ ലാഭം കൊയ്യുന്ന ടെക്സ്റ്റയില്‍മേഖലയില്‍ മില്ലുകാരുമായി നേരിട്ട് ഇടപാട് നടത്തുന്നതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ് ഉപഭോക്താക്കള്‍ക്കു നേരിട്ട് അനുഭവപ്പെടുന്നുണ്ട്. ബാങ്കിന്റെ ഡയറക്ടര്‍മാരും ജീവനക്കാരുമടങ്ങിയ പര്‍ച്ചേസ് കമ്മിറ്റി സുതാര്യമായ രീതിയിലാണു പര്‍ച്ചേസ് നടത്തുന്നതെന്നു സംഘം പ്രസിഡന്റ് ബാബു മാസ്റ്റര്‍ പൈക്കാട്ടില്‍ പറഞ്ഞു. തുണിത്തരങ്ങള്‍ക്കു സംഘം എടുക്കുന്ന ലാഭത്തിന്റെ ശതമാനം കുറവായതിനാലാണു കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ നല്‍കി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവുന്നതെന്നും സഹകരണമേഖലയില്‍ കേരളത്തിലെ വലിയ ടെക്സ്റ്റയില്‍സായി മാര്‍ടെക്‌സിനു വളരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മാര്‍ടെക്‌സിലെത്തുന്നുണ്ട്. ആഘോഷവേളകളില്‍ തിരക്ക് കൂടുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്കു പുറമെ പ്ലസ് ടു കോഴ്‌സുകള്‍ കഴിഞ്ഞ് നില്‍ക്കുന്നവരേയും ബിരുദവിദ്യാര്‍ഥികളേയും വില്‍പ്പനക്കു സഹായികളായി നിയോഗിക്കുന്നുണ്ട്. ഇവര്‍ക്കു തുടര്‍പഠനത്തിനുളള വരുമാനം ഇതില്‍ നിന്നു ലഭിക്കുന്നു. ആഘോഷസമയങ്ങളില്‍ സമ്മാനപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. വാര്‍ഷിക വിറ്റുവരവ് 15 കോടി രൂപ കവിഞ്ഞതോടെ പുതിയ വികസന സാധ്യതകള്‍ തേടുകയാണു സംഘം.

ഒഴുക്കിനെതിരെ നീന്താന്‍ മടിയില്ലാത്ത മലനാട് സംഘം മുമ്പു ലഘുപാനീയവിപണിയില്‍ ബഹുരാഷ്ട കുത്തകകള്‍ക്കെതിരെ പൊരുതാന്‍ നാടുനീളെ ഇളനീര്‍ പാര്‍ലറുകള്‍ തുറന്നിരുന്നു. സംസ്‌കരിച്ച തേങ്ങാവെള്ളം കയറ്റിയയച്ചും ചിരട്ടക്കരിയുണ്ടാക്കി ഉത്തരേന്ത്യന്‍ വിപണിയിലെത്തിച്ചും ഡല്‍ഹി മലയാളികള്‍ക്ക് ഓണക്കാലത്തു നാളികേരമെത്തിച്ചുമൊക്കെ ശ്രദ്ധ നേടിയ സംഘം കാര്‍ഷികമേഖലയിലെ പ്രതിസന്ധിഘട്ടങ്ങളില്‍ കര്‍ഷകര്‍ക്കു താങ്ങാണ്. സംഘത്തിനു കീഴില്‍ തിരുവമ്പാടിയിലും കുന്ദമംഗലത്തും ബാങ്കിങ്‌സൗകര്യങ്ങളുണ്ട്. കര്‍ഷകരുടെ സമ്പാദ്യങ്ങള്‍ സ്വരൂപിക്കാനും അവശ്യഘട്ടങ്ങളില്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കാനുമുളള നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നതായി സംഘം പ്രസിഡന്റ് ബാബു മാസ്റ്റര്‍ പൈക്കാട്ടിലും സെക്രട്ടറി പി.എന്‍. പ്രശാന്ത് കുമാറും പറഞ്ഞു.

 

                                                                        (മൂന്നാംവഴി സഹകരണമാസിക ആഗസ്റ്റ് ലക്കം – 2023)

 

 

 

 

 

[mbzshare]

Leave a Reply

Your email address will not be published.