മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘത്തിന് വിദേശങ്ങളിലേക്ക് അരി അയക്കാന്‍ അനുമതി
ദേശീയതലത്തില്‍ പുതുതായി രൂപംകൊണ്ട മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘത്തിനു വിദേശത്തേക്ക് അരി കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സിംഗപ്പൂര്‍, മൗറീഷ്യസ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കാണു അരി അയക്കുന്നത്.
ബസ്മതിയിനത്തില്‍പ്പെടാത്ത 1.43 ലക്ഷം ടണ്‍ വെള്ളയരിക്കാണ് ഈ രാജ്യങ്ങളില്‍നിന്നു ഓര്‍ഡര്‍ കിട്ടിയിരിക്കുന്നത്. സിംഗപ്പൂരിലേക്കു 50,000 ടണ്ണും മൗറീഷ്യസിലേക്കു 14,000 ടണ്ണും ഭൂട്ടാനിലേക്കു 79,000 ടണ്ണുമാണു കയറ്റി അയക്കുക. ബസ്മതിയിനത്തില്‍പ്പെടാത്ത വെള്ളയരി കയറ്റിയയക്കുന്നതിനു ജൂലായ് 20 മുതല്‍ രാജ്യത്തു നിരോധനം നിലവിലുണ്ടെങ്കിലും മാനുഷിക പരിഗണന നല്‍കിയാണു മൂന്നു രാജ്യങ്ങളിലേക്ക് അരി അയക്കുന്നത്. ആഭ്യന്തരവിപണിയില്‍ ജനങ്ങള്‍ക്കു ന്യായവിലയ്ക്കു അരി കിട്ടാനാണു കയറ്റുമതി നിരോധിച്ചിരിക്കുന്നത്. മൂന്നു രാജ്യങ്ങളിലേക്കുള്ള അരിയുടെ കയറ്റുമതി ഒക്ടോബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.
ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡിന്റെ ( NCEL ) അംഗീകൃത ഓഹരിമൂലധനം 2000 കോടി രൂപയും തുടക്കത്തിലെ അടച്ചുതീര്‍ത്ത ഓഹരിമൂലധനം 500 കോടി രൂപയുമാണ്. കയറ്റുമതി സഹകരണസംഘത്തിന് ഇഫ്‌കോ, ക്രിഭ്‌കോ, നാഫെഡ്, ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷന്‍, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ എന്നീ സഹകരണസ്ഥാപനങ്ങള്‍ 100 കോടി രൂപ വീതം മൂലധനമായി നല്‍കും.