മലബാറിന്റെ അത്താണി
മലബാറുകാരുടെ രോഗാകുലതക്ക് ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും അത്താണിയാണ് മലപ്പുറം പെരിന്തല്‍മണ്ണ ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രി. ‘കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ’ എന്ന ദൗത്യവുമായി രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഈ ആശുപത്രി, കരുത്തിലും കാമ്പിലും മലബാറിലെ മികച്ച ആശുപത്രികളിലൊന്നാണ്. രോഗികളുടെ ആശ്വാസച്ചുവടുകള്‍ മാത്രമല്ല, സേവനാഭിമുഖ്യമുള്ള സഹകരണ സ്ഥാപനത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള പൊതു സമൂഹത്തിന്റെ ആവേശവും ചേരുമ്പോള്‍ പാണമ്പിയിലെ ചെറുകുന്നിന്‍ മുകളിലെ ഈ ആതുരാലയം ചികിത്സയുടെ ആകാശപ്പൊക്കത്തില്‍ എത്തുകയാണ്. നിലവില്‍ 30,571 അംഗങ്ങള്‍. ഓഹരി മൂലധനമായി നൂറു കോടിയോളം രൂപ. ഈ ജനപങ്കാളിത്തമാണ് ആസ്പത്രിയുടെ വികസന കാല്‍വെയ്പിന് എപ്പോഴും കരുത്തു പകര്‍ന്നിട്ടുള്ളതും.
ആധുനിക ചികിത്സക്ക് പേരുകേട്ട ഈ ആതുരാലയം നിര്‍ധനരുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മുന്നിട്ടുനില്‍ക്കുന്നു. 2007 മുതല്‍ ഐ.എസ്.ഒ 9001 – 2015 സര്‍ട്ടിഫിക്കറ്റോടെ പ്രവര്‍ത്തിച്ചുവരുന്ന ആസ്പത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കൗണ്‍സിലിന് കീഴിലുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ( എന്‍.എ.ബി.എച്ച് )ന്റെ അംഗീകാരവുമുണ്ട്. 2017 ഏപ്രിലില്‍ ഇത് മൂന്നു വര്‍ഷത്തേക്ക് പുതുക്കി നല്‍കി. ഇന്ത്യയില്‍ സഹകരണ മേഖലയില്‍ ഇങ്ങനെയൊരു അംഗീകാരം ലഭിച്ച ഏക ആസ്പത്രിയാണിത്. പ്രവര്‍ത്തന മികവിലും വൈപുല്യത്തിലും രാജ്യത്തെ സഹകരണ രംഗത്ത് മുന്‍പന്തിയിലാണ് ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രി ആന്‍ഡ് റിസേര്‍ച് സെന്റര്‍.
ബദല്‍ ചികിത്സയുടെ ഗൗരവ ചിന്തകള്‍
തൊണ്ണൂറുകളുടെ മധ്യത്തിലാണ് പെരിന്തല്‍മണ്ണയില്‍ ആദ്യത്തെ സ്വകാര്യ ആസ്പത്രി വരുന്നത്. അവിടെ ചികിത്സക്കിടയില്‍ ഒരു രോഗി മരിക്കാനിടയായി. കൂടിയ ചാര്‍ജും പരിമിത ചികിത്സയും എന്ന ആക്ഷേപം തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ചികിത്സാ രംഗത്ത് ഒരു ബദല്‍ സംവിധാനം വേണം എന്നതിനെക്കുറിച്ച് അക്കാലത്ത് പെരിന്തല്‍മണ്ണയില്‍ പൊതുരംഗത്തും ആരോഗ്യ രംഗത്തും പ്രവര്‍ത്തിച്ചിരുന്നവര്‍ ആലോചിച്ചു തുടങ്ങി. ഈ ചിന്തയാണ് ഇ.എം.എസ്. ആസ്പത്രിയുടെ ആദ്യ രൂപത്തിനിടയാക്കിയതെന്ന് തുടക്കം മുതലേ ഈ സ്ഥാപനത്തിന്റെ മുന്‍നിരയിലുള്ള പി.പി. വാസുദേവന്‍ ഓര്‍ത്തെടുക്കുന്നു.
ഇതിനിടക്ക് കട്ടിപ്പാറ എന്ന സ്ഥലത്ത് ചെറിയ രീതിയില്‍ ഒരു സഹകരണാശുപത്രി പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ഡോക്ടര്‍മാരുടെ മികച്ച സേവനത്തില്‍ ആശുപത്രിയെ ധാരാളം പേര്‍ ആശ്രയിച്ചു. എന്നാല്‍, ഡോക്ടര്‍മാര്‍ അവിടെ നിന്നു മാറിപ്പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം മങ്ങി. ഒടുവില്‍ നിലച്ചു. ഈയൊരു പശ്ചാത്തലത്തില്‍, പുതിയ സഹകരണാശുപത്രിയുടെ ആലോചനയെ ചിലര്‍ നിരാശയോടെ വീക്ഷിച്ചുവെങ്കിലും അത് പരിഹരിച്ചു കൊണ്ടുതന്നെ മുന്നോട്ടു പോയി.
പൊതു പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നാല്പതോളം പേര്‍ പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് 1996 ല്‍ സഹകരണ ആശുപത്രിക്ക് തുടക്കമിടുന്നത്. കുറഞ്ഞ ചെലവില്‍ എങ്ങനെ മികച്ച ചികിത്സ കൊടുക്കാനാവും എന്നതായിരുന്നു പ്രധാന ആലോചന. ഒടുവില്‍ സഹകരണ മേഖലയുടെ സാധ്യത ഉപയോഗപ്പെടുത്താം എന്ന തീരുമാനത്തിലെത്തി. ഡോ. എ. മുഹമ്മദ് ചീഫ് പ്രൊമോട്ടറായി സഹകരണ സംഘം രൂപവത്കരിച്ച് ഓഹരി സമാഹരണം തുടങ്ങി. രാഷ്ട്രീയ രംഗത്ത് വ്യക്തിപ്രഭാവമുള്ള പി.പി. വാസുദേവന് പുറമെ ആശുപത്രി സേവന പരിചയമുള്ള ടി.കെ.കരുണാകരന്‍, പ്രഗത്ഭനായ ഡോക്ടര്‍ വി.യു.സീതി എന്നിവരായിരുന്നു മുന്‍നിരയില്‍. ഇവരിപ്പോഴും ഭരണസമിതിയില്‍ ഉണ്ടെന്നത് ആശുപത്രിയുടെ ദിശാബോധത്തിന് കൃത്യത കൂട്ടുന്നു. തുടക്കത്തില്‍ത്തന്നെ ഓഹരി സമാഹരണത്തില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ആദ്യ ഘട്ടത്തില്‍ തന്നെ 50 ലക്ഷം രൂപയുടെ ഓഹരി മൂലധനമുണ്ടാക്കി.
പട്ടാമ്പി റോഡില്‍ ഒരു വാടകക്കെട്ടിടത്തില്‍ 1998 ലാണ് ആശുപത്രി ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങിയത്. 50 പേരെ കിടത്തി ചികില്‍സിക്കാവുന്ന സൗകര്യമാണ് ഉണ്ടായിരുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ ഇ.എം.എസ്. അന്തരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിരുന്നുള്ളു. ആ ഓര്‍മയില്‍ ആദരസൂചകമായി, പെരിന്തല്‍മണ്ണയില്‍ നിന്നു പടര്‍ന്നു പന്തലിച്ച ജനകീയ നേതാവിന്റെ പേര് തന്നെ ആശുപത്രിക്ക് നല്‍കി. അതിലൂടെ ഒരു ജനകീയ ആശുപത്രിയുടെ എളിമയും പ്രൗഢിയും എടുത്തണിയുകയായിരുന്നു, ഇ.എം.എസ്. സഹകരണ ആശു്പത്രി.
പ്രയാസത്തിലെ പ്രവര്‍ത്തനക്കരുത്ത്
തുടക്കത്തില്‍ വായ്പാ സമ്പാദനത്തില്‍ ഉണ്ടായ പ്രയാസങ്ങള്‍ പലപ്പോഴും പ്രവര്‍ത്തനത്തില്‍ കരുത്തുണ്ടാക്കാന്‍ വഴിവെച്ചുവെന്ന് പി.പി. വാസുദേവന്‍ പറയുന്നു. മികച്ച ധനശേഷിയുള്ള സഹകരണ ബാങ്ക് പോലും വിജയ സാധ്യതയില്ലെന്ന് പറഞ്ഞുകൊണ്ട് ആശു്പത്രിയുടെ വായ്പാ അപേക്ഷ മടക്കി. അതേസമയം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന രീതിയില്‍ കുറഞ്ഞ പലിശക്ക് വായ്പ നല്‍കാന്‍ പൊതു മേഖലാ ബാങ്കുകള്‍ തയാറായി. വായ്പ കിട്ടാനുള്ള പ്രയാസം വന്നപ്പോള്‍ ഓഹരി ശേഖരണത്തില്‍ ശ്രദ്ധയൂന്നി. നിശ്ചിത സമയ പരിധി ( 15 20 ദിവസം ) പറഞ്ഞുള്ള ഓഹരി ശേഖരണം, ജനങ്ങളില്‍ നിന്നു മികച്ച പ്രതികരണമുണ്ടാക്കി. പുതിയ വികസന പദ്ധതികള്‍ക്കായി ഇപ്പോഴും ഇത്തരത്തില്‍ ഓഹരി ശേഖരണത്തിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുതിയ കെട്ടിടത്തിനായി കഴിഞ്ഞ വര്‍ഷം ഓഹരിയിലൂടെ സമാഹരിച്ചത് 45 കോടി രൂപയാണ്.
വിദഗ്ധ ഡോക്ടര്‍മാരുടെ മികച്ച സേവനം, ചികിത്സാ ചെലവുകളില്‍ പരമാവധി കുറവ്, ഭരണ സംവിധാനത്തില്‍ കൃത്യതയും വേഗതയും – ഇതിനെല്ലാം പര്യാപ്തമാവുന്ന നടപടിക്രമങ്ങളാണ് തുടക്കത്തിലേ സ്വീകരിക്കുന്നതെന്ന് വാസുദേവന്‍ പറയുന്നു. ആദ്യഘട്ടത്തില്‍ത്തന്നെ മോഹന്‍ദാസ്, ജോസഫ്, കൊച്ചു.എസ്.മണി, ശ്യാമള, കാര്‍ത്തികേയന്‍, വി.യു. സീതി തുടങ്ങിയ മികവുറ്റ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി. എം.ആര്‍.ഐ. സ്‌കാനിന് പുറത്ത് 6000 രൂപ വാങ്ങുമ്പോള്‍ ഇവിടെ 3000 രൂപയാക്കി. ഓ.പി. ചാര്‍ജും പൊതു നിരക്കില്‍ നിന്ന് കുറച്ചു. ഇതെല്ലാമായപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇ.എം.എസ്. ആശുപത്രിയെ ആശ്രയിക്കുന്ന സ്ഥിതി വന്നു. മറ്റു സ്വകാര്യ ആശുപത്രികളും ചെറിയ തോതില്‍ നിരക്കില്‍ കുറവ് വരുത്തി. ആശുപത്രിയുടെ വിജയച്ചുവടുകള്‍ അന്നുതന്നെ കണ്ടുതുടങ്ങിയതായി വാസുദേവന്‍ ഓര്‍ക്കുന്നു.
ഉറച്ച ചുവടില്‍ ഉയര്‍ന്നുയര്‍ന്ന്
2004 ലാണ് മണ്ണാര്‍ക്കാട് റോഡില്‍ പാണമ്പി എന്ന സ്ഥലത്തെ ചെറിയ കുന്നിന്‍ പ്രദേശത്തു നിര്‍മിച്ച കെട്ടിട സമുച്ചയത്തിലേക്ക് ആശുപത്രി മാറിയത്. വന്നുപോകുന്ന രോഗികള്‍ക്കായി അഞ്ചു നില കെട്ടിടവും അഡ്മിറ്റു ചെയ്യുന്ന രോഗികള്‍ക്കായി പത്തു നില കെട്ടിടവുമാണ് ഇവിടെയുള്ളത്. 550 കിടക്കകളുള്ള ആശുപത്രിയാണിത്. ഇതില്‍ 70 കിടക്കകള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിങ്ങനെ 28 പരിശോധനാ വിഭാഗങ്ങളിലായി നൂറു ഡോക്ടര്‍മാരുടെ വിദഗ്ധ സേവനം. 1500 ജീവനക്കാരുടെ അര്‍പ്പിത സേവനം. ആധുനിക സജ്ജീകരണങ്ങളോടെ ഒമ്പതു ശസ്ത്രക്രിയാ മുറികള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ചികിത്സാ വിഭാഗം. മുഴുവന്‍ സമയവും തുറക്കുന്ന ലാബും ഫര്‍മസിയും. മിതമായ നിരക്കിലെ മരുന്നു വില്പന. ജനങ്ങളുടെ ആശ്വാസത്തുരുത്തായി ഇ.എം.എസ്. ആശുപത്രി മാറിയതിനു പിന്നില്‍ ആര്‍ദ്രതയിലൂന്നിയ ഭരണ സ്പര്‍ശമുണ്ട്.
പ്രതിദിനം 1500 പേര്‍ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. മലബാറില്‍ നിന്നു മാത്രമല്ല കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നു പോലും രോഗികള്‍ വരുന്നുണ്ട്. മാസ്റ്റര്‍, എക്‌സിക്യൂട്ടീവ്, കോംപ്രിഹെന്‍സീവ് എന്നീ ആരോഗ്യ പരിശോധനാ പാക്കേജുകളുണ്ട്. ആരോഗ്യ പരിചരണം, രോഗ പ്രതിരോധം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികളാണിത്. ഇ.സി.എച്ച്.എസ്., ഇ.എസ്.ഐ. തുടങ്ങിയ ചികിത്സാ പദ്ധതികളുടെ സേവന ദാതാക്കളാണ് ഇ.എം.എസ്. ആശുപത്രി. ഇതിനു പുറമെ എഫ്.സി.ഐ., ബി.എസ്.എന്‍.എല്‍. തുടങ്ങിയ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കുമായി ആവിഷ്‌കരിച്ച ചികിത്സാ പദ്ധതികളും ഇവിടെ നടത്തിക്കൊടുക്കുന്നുണ്ട്. നിര്‍ധന രോഗികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ചികിത്സ പദ്ധതികള്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയും ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്. ആശുപത്രിയുടെ ഓഹരി ഉടമകള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇതിനു പുറമെ ഓഹരി ഉടമകള്‍ക്കും ആശ്രിതര്‍ക്കും പരിശോധനക്കും ചികിത്സക്കുമായി വരുന്ന തുകയില്‍ ചെറിയ തോതില്‍ ഇളവുകളും നല്‍കും.
സേവനത്തിന്റെ ഹൃദയമിടിപ്പുകള്‍
എന്നും ജനസേവകനായിരുന്ന നേതാവിന്റെ ഓര്‍മയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ജനസേവനം ചികിത്സയുടെ കാതലാവുന്നതില്‍ അത്ഭുതമില്ല. 2002 ല്‍ തുടങ്ങിയ ഇ.എം.എസ്. മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നിരവധി നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കിവരുന്നുണ്ട്. തുടക്കത്തില്‍ ഡയാലിസിസ് യൂണിറ്റാണ് ആരംഭിച്ചത്. സ്ഥിരമായി ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ അത് നടത്തിക്കൊടുക്കുന്നു. ആറു യന്ത്രങ്ങളുടെ സഹായത്തോടെ പ്രതിമാസം ശരാശരി 550 പേര്‍ക്ക് ഇങ്ങനെ ഡയാലിസിസ് നടത്തുന്നുണ്ട്. ട്രസ്റ്റിനായി വിവിധ സഹകരണ ബാങ്കുകള്‍ ഡയാലിസിസ് യന്ത്രങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ധാരാളം ഓഹരി ഉടമകളും അവരുടെ ഡിവിഡന്റ് തുക ട്രസ്റ്റിന് സംഭാവനയായി നല്‍കുന്നുണ്ട്.
അടുത്തിടെ ‘ഹാര്‍ട്ട് ഫൗണ്ടേഷന്‍’ എന്ന പേരില്‍ പുതിയ സേവന പദ്ധതി ട്രസ്റ്റ് തുടങ്ങി. അര്‍ഹതപ്പെട്ട നൂറു പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കന്നതാണ് ഈ പദ്ധതി. ഇതിനകം 24 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിക്കൊടുത്തു. ഹോം കെയര്‍, പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ച് പാവപ്പെട്ട എല്ലാ രോഗികള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കാനാണ് മുന്‍ എം.പി., എ.വിജയരാഘവന്‍ ചെയര്‍മാനായ ട്രസ്റ്റ് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ആട്ടപ്പാടി സഹകരണ ആരോഗ്യ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇ.എം.എസ്. സഹകരണ ആശുപത്രിക്കാണ്. പന്ത്രണ്ടര കോടി രൂപയുടെ ആദിവാസി ആരോഗ്യ പദ്ധതി അഞ്ചു വര്‍ഷത്തേക്കാണ്. ഇതില്‍ ഒരു കോടി രൂപ ആശു ്പത്രിയുടെ വിഹിതമാണ്. പദ്ധതിയുടെ ഭാഗമായി നൂറിലേറെ ആദിവാസികള്‍ക്ക് പ്രതിമാസം സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ചികിത്സ നല്‍കി വരുന്നു. വിവിധ സംഘടനകളുടെ സഹായത്തോടെ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലക്കകത്തും പുറത്തും ആശുപത്രി നടത്തുന്നുണ്ട്. ആശു്പത്രിക്ക് കീഴില്‍ പെരിന്തല്‍മണ്ണ പട്ടണത്തില്‍ മാര്‍ക്കറ്റിനു സമീപമുള്ള നീതി മെഡിക്കല്‍ സ്റ്റോറില്‍ 10 മുതല്‍ 55 വരെ ശതമാനം വിലക്കുറവില്‍ മരുന്നു വില്പനയുമുണ്ട്. ആശുപത്രി ജീവനക്കാര്‍ക്ക് തുടക്കത്തില്‍ നിശ്ചിത വേതനമാണ് നല്കിയിരുന്നതെങ്കിലും പിന്നീട് 2006 ലെ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വേതനഘടന പുതുക്കി നിശ്ചയിച്ചു.
പുതുനാമ്പുകള്‍ക്കൊപ്പം
ചികിത്സാ രംഗത്തേക്ക് കടന്നു വരുന്ന പുതിയ തലമുറയ്ക്ക് ഈ മേഖലയില്‍ കൂടുതലറിവും തൊഴില്‍മികവും നേടാനാവും വിധം പഠനാന്തരീക്ഷം ഒരുക്കികൊണ്ട് മൂന്നു കലാലയങ്ങള്‍ ആശു്പത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, കോളേജ് ഓഫ് നഴ്‌സിംഗ്, കോളേജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സസ് എന്നിവയാണവ. ബി.എസ്.സി. നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് എന്നീ കോഴ്‌സുകളാണ് നഴ്‌സിംഗ് പഠന രംഗത്തുള്ളത്. പാരാ മെഡിക്കല്‍ സയന്‍സ് വിഭാഗത്തില്‍ വിവിധ ബിരുദ, ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. ആശുപത്രിയില്‍ നിന്നു രണ്ട് കി.മീറ്റര്‍ മാറി അമ്മിണിക്കാട് എന്ന സ്ഥലത്തെ പ്രകൃതി രമണീയമായ കുന്നിന്‍ താഴ്‌വരയിലാണ് കോളേജ് ക്യാംപസ്. ആയിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പുതിയ കാല്‍വെയ്പുകള്‍
‘ആശുപത്രിയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമുണ്ടാകും. ഇ.എം.എസ്. ആശുപത്രി സര്‍ക്കാര്‍, സ്വകാര്യ ആശു്പത്രികള്‍ക്കിടയില്‍ വളരേണ്ട സ്ഥാപനമാകണം’ – മുന്‍ എം.എല്‍.എ.യും ആശുപത്രി ഭരണസമിതി എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ വി.ശശികുമാര്‍ പറയുന്നു. സര്‍ക്കാര്‍ – സ്വകാര്യ മേഖലകള്‍ക്കിടയില്‍ വലിയൊരു ഇടമുണ്ട്. അതിനിടയില്‍ നിന്നുകൊണ്ട് ജനങ്ങളുടെ ആഗ്രഹത്തിനും ആശ്വാസത്തിനും ഒപ്പം ഉയരണം.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം നടക്കുകയാണ്. എട്ടു നിലകളിലായി പണിയുന്ന പുതിയ കെട്ടിടത്തില്‍ ഹൈടെക് രീതിയില്‍ സഞ്ചാര സൗകര്യം, വിശാലമായ താമസ മുറികള്‍ തുടങ്ങിയവ ഉണ്ടാകും. നൂറു കോടി രൂപയാണ് കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡോ. എ മുഹമ്മദ് ചെയര്‍മാനും ഡോ.വി.യു.സീതി വൈസ് ചെയര്‍മാനുമായുള്ള ഭരണസമിതിയില്‍ പി.കെ.സൈനബ, ടി.കെ.കരുണാകരന്‍, വി. രമേശന്‍, അഡ്വ. ടി.കെ. റഷീദലി, പി. നാരായണന്‍, കൃഷ്ണന്‍ കരങ്ങാട്ട്, ടി.കെ. ഹഫ്‌സ മുഹമ്മദ്, എ. വിശ്വംഭരന്‍, പി. സുചിത്ര എന്നിവരും അംഗങ്ങളാണ്. എം. അബ്ദുന്നാസിര്‍ ജനറല്‍ മാനേജരും ഡോ.കെ. മോഹന്‍ദാസ് മെഡിക്കല്‍ സൂപ്രണ്ടുമാണ്.