മലബാര്‍ കോഫിയുമായി ബ്രഹ്മഗിരി സൊസൈറ്റി

moonamvazhi
അഞ്ജു വി. ആര്‍

 

വയനാട്ടിലെ കര്‍ഷക ജനതയുടെ ഉന്നമനത്തിനായി 1999 ല്‍ രൂപം കൊണ്ട ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും കര്‍ഷകത്തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലും ലക്ഷ്യമിടുന്നു. ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ മലബാര്‍ കോഫി എന്ന പുതിയ പദ്ധതിയുമായാണ് സൊസൈറ്റി രംഗത്തു വരുന്നത്. അഞ്ചു മാസത്തിനുള്ളില്‍ സൊസൈറ്റിയുടെ കാപ്പിപ്പൊടി വിപണിയിലെത്തും.

യനാട്ടുകാര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ജീവിതമാര്‍ഗമില്ലെന്നു തന്നെ പറയാം. നെല്ലും കാപ്പിയും കുരുമുളകും പശു വളര്‍ത്തലുമാണ് മിക്ക കുടുംബങ്ങളുടെയും ഉപജീവന മാര്‍ഗം. ഇങ്ങനെ വയനാട്ടുകാരുടെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കടന്നുവരവ്. ക്ഷീര കര്‍ഷകര്‍ക്ക് അധിക വരുമാനം ലക്ഷ്യമിട്ട് സൊസൈറ്റി ആരംഭിച്ച പദ്ധതിയാണ് മലബാര്‍ മീറ്റ്. ആട്, കോഴി, പോത്ത്, താറാവ് തുടങ്ങിയവയുടെ മാംസം വില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. മലബാര്‍ മീറ്റിന്റെ വിജയത്തെത്തുടര്‍ന്ന് ഇപ്പോള്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൊസൈറ്റി. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം കൂട്ടുക എന്നതാണ് പുതിയ ലക്ഷ്യം. ‘മലബാര്‍ കോഫി’ എന്ന പേരിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ആശയം എങ്ങനെ ഉരുത്തിരിഞ്ഞു, എങ്ങനെയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്, പദ്ധതിയുടെ ലക്ഷ്യമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍മാനും മുന്‍ എം.എല്‍.എ. യുമായ പി. കൃഷ്ണപ്രസാദ് ‘ മൂന്നാംവഴി ‘ മാസികയോട് സംസാരിക്കുന്നു.

ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്

കാര്‍ഷിക മേഖലയിലെ ഇടപെടല്‍

1999 ല്‍ രൂപവത്കരിച്ച ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി കാര്‍ഷിക മേഖലയിലാണ് ഇടപെടുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയാണ് കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം. അവകാശങ്ങള്‍ നേടിയെടുക്കാനും സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനും കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നുണ്ടാക്കിയ സാമൂഹിക സഹകരണ സംഘമാണ് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി. 1860 ലെ ചാരിറ്റബിള്‍ സൊസൈറ്റി നിയമമനുസരിച്ച് രൂപം കൊണ്ട ബ്രഹ്മഗിരിയുടെ സ്ഥാപക ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. പി.വി. വര്‍ഗീസ് വൈദ്യരാണ്. വയനാട്ടിലെ എല്ലാ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളും ഈ സൊസൈറ്റിയില്‍ അംഗങ്ങളാണ്.

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയില്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ് സൊസൈറ്റി ആലോചിച്ചത്. കൃഷിയെ ആധുനികവല്‍ക്കരിച്ച് തൊഴിലും വരുമാനവും നല്‍കി ഇരുവിഭാഗങ്ങളുടെയും ജീവിത പുരോഗതി ഉറപ്പാക്കുക എന്ന ദൗത്യം് സൊസൈറ്റി ഏറ്റെടുത്തു. കര്‍ഷകര്‍ക്ക് ബദല്‍ വിപണി വേണം എന്ന ആശയം അവരെ ആവേശം കൊള്ളിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം ചെയ്ത് അതിലൂടെ കിട്ടുന്ന വരുമാനം സ്വകാര്യ ലാഭമാക്കി കൈയടക്കാതെ ചെലവു മാത്രമെടുത്ത് കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നു എന്നതാണ് ബ്രഹ്മഗിരിയുടെ പ്രത്യേകത.

ബ്രഹ്മഗിരി കോഫി പദ്ധതി

ഇന്ത്യയില്‍ 75 ശതമാനം കാപ്പിയും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്. വയനാട്ടില്‍ ഇത് 24 ശതമാനമാണ്. ( വയനാട്ടിലെ കര്‍ഷകരില്‍ 67 ശതമാനം വരും കാപ്പി കര്‍ഷകര്‍ ). രൂക്ഷമായ വിലത്തകര്‍ച്ചയാണ് വയനാട്ടില്‍ ഉണ്ടായത്. പ്രതീക്ഷിച്ച വില ലഭിക്കാതെ വന്നപ്പോള്‍ കാപ്പി കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യ കൂടിവന്നു. എന്നാല്‍, കാപ്പിക്ക് വില കുറഞ്ഞപ്പോള്‍ കാപ്പികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുകയാണുണ്ടായത്. 1999 ല്‍ കാപ്പി പരിപ്പിന് 90 രൂപയായിരുന്നു വില. അതേസമയം, കാപ്പിപ്പൊടിയുടെ വില 450 രൂപയായിരുന്നു. രണ്ടരക്കിലോ കാപ്പിപ്പരിപ്പ് വേണം ഒരു കിലോ കാപ്പിപ്പൊടി ഉണ്ടാക്കാന്‍. കാപ്പിപ്പൊടിയുണ്ടാക്കുന്ന കമ്പനികള്‍ വന്‍തോതില്‍ ഉല്‍പ്പാദനം കൂട്ടുകയും വില 450 ല്‍ നിന്ന് 900-1500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. വന്‍വരുമാനമാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ ഇതുവഴി ഉണ്ടാക്കുന്നത്.


ഈ സാഹചര്യത്തിലാണ് കാപ്പി മേഖലയില്‍ ഇടപെടണമെന്ന് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി തീരുമാനിച്ചത്. വയനാടിന് 29 വയസ് തികയുന്ന 2019 നവംബര്‍ ഒന്നിന് കാപ്പി കര്‍ഷകരുടെ രക്ഷയ്ക്കായി സൊസൈറ്റി പദ്ധതി ആവിഷ്‌കരിച്ചു. കോഫിബോര്‍ഡ് സീനിയര്‍ അഡൈ്വസര്‍ ഡോ. വൈ. രഘു രാമലു, കോഫി ബോര്‍ഡ് മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ ചുമതലയുള്ള ഡോ. ബി.ജെ. അശ്വനികുമാര്‍ എന്നിവരാണ് പദ്ധതി തയാറാക്കിയത്. അഡ്വ. വാസുവരാജ് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയെ സഹായിച്ചു. ഇവരുടെ സഹായത്തോടെ വയനാട്ടിലെ കാപ്പി കര്‍ഷകരുടെ യോഗം വിളിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തി. അതിനു പുറമേ കോഫി ബോര്‍ഡില്‍ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചു. ഇതിനുശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. ഒരു കോടി രൂപ ചെലവില്‍ ഹോപ്കോയുമായി സഹകരിച്ചാണ് വയനാട് കോഫി പദ്ധതി നടപ്പാക്കുന്നത്. ഹോപ്കോയുടെ പനമരത്തെ റോസ്റ്റ് ആന്‍ഡ് ഗ്രൗണ്ട് പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അഞ്ചു മാസത്തിനകം , അതായത് 2020 മാര്‍ച്ചില്‍, കാപ്പിപ്പൊടി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് സൊസൈറ്റി പ്രതീക്ഷിക്കുന്നു.

വയനാടിനെ ജൈവ കാപ്പിക്കൃഷിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇതിന് മൂന്നു വര്‍ഷം വേണ്ടിവരും. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഓര്‍ഗാനിക് കാപ്പി കൃഷിക്കു വേണ്ടി രജിസ്റ്റര്‍ ചെയ്യാം. അമിതമായി രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത കാപ്പി എല്ലാവര്‍ക്കും നല്‍കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

മലബാര്‍ മീറ്റ്

പതിനായിരം കോടി രൂപയുടെ മാംസ വിപണിയാണ് കേരളത്തിലുള്ളത്. ഇതില്‍ ഏഴായിരം കോടിയും കോഴിയുടേതാണ്. കന്നുകാലി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കാനാണ് ബ്രഹമഗിരി സൊസൈറ്റി മലബാര്‍ മീറ്റ് പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍, നബാര്‍ഡ്, കുടുംബശ്രീ തുടങ്ങിയവരുടെ സഹായത്തോടെ തുടങ്ങിയ മലബാര്‍ മീറ്റിന്റെ സംസ്‌കരണശാല പ്രവര്‍ത്തിക്കുന്നത് നെന്മേനി പഞ്ചായത്തിലെ മഞ്ഞാടിയിലാണ്. അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഈ സ്ഥാപനം വിവിധയിനം പക്ഷിമൃഗാദികളുടെ വന്‍കിട മാംസസംസ്‌കരണ സംരംഭമാണ്. ഏഷ്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. 2014 മാര്‍ച്ചില്‍ മലബാര്‍ മീറ്റ് എന്ന വ്യാപാര നാമത്തില്‍ മാംസ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറങ്ങി. മിതമായ വിലയ്ക്കാണ് മലബാര്‍ മീറ്റ് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കൊടുക്കുന്നത്. ബീഫ് കിലോയ്ക്ക് 300 രൂപ, കോഴിക്ക് 160 രൂപ, ആടിന്് 550 രൂപ എന്നിങ്ങനെയാണ് വില.

കേരള ചിക്കന്‍ പദ്ധതി മുന്‍നിര്‍ത്തി കേരളത്തില്‍ തുടക്കം കുറിക്കുന്ന ആധുനിക സഹകരണക്കൃഷി രാജ്യത്തിനുതന്നെ മാതൃകയാകാന്‍ പോവുകയാണ്. കേരള ചിക്കന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച മൂന്നു നോഡല്‍ ഏജന്‍സികളിലൊന്ന് ബ്രഹ്മഗിരി വികസന സംഘമാണ്. പദ്ധതിയിലെ ആദ്യത്തെ പൗള്‍ട്രി ഫാം സ്ഥാപിച്ചത് വയനാട്ടിലാണ്. ഇതുവരെയായി മലബാറില്‍ 88 ഫാമുകള്‍ സ്ഥാപിച്ചു. ഇതില്‍ 44 എണ്ണവും വയനാട്ടിലാണ്.

പശ്ചിമഘട്ട വികസന പദ്ധതി

പശ്ചിമഘട്ട വികസന പദ്ധതിയിലും ബ്രഹ്മഗിരി സൊസൈറ്റി ഭാഗഭാക്കാണ്. മണ്ണ്, ജല സംരക്ഷണത്തിനായുള്ള സുസ്ഥിര വികസന പദ്ധതിയാണിത്. ബ്രഹ്മഗിരി സൊസൈറ്റി ഇതിനു കീഴില്‍ 15 നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നാല് ഗ്രാമപ്പഞ്ചായത്തുകളിലാണിവ നടപ്പാക്കുന്നത്. നബാര്‍ഡിന്റെ നേതൃത്വത്തിലാണിവ. ഭൂമിയുടെ ചെരുവ് മനസ്സിലാക്കിയും തോട്, കുളങ്ങള്‍ എന്നിവയെപ്പറ്റി പഠിച്ചുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു പ്രദേശത്തിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ നീര്‍ത്തടങ്ങള്‍ക്കു കഴിയും.

ഡെയറി ഫാമുകള്‍, പച്ചക്കറിക്കൃഷി, നെല്‍ക്കൃഷി തുടങ്ങിയവക്കും ബ്രഹ്മഗിരി സൊസൈറ്റി സഹായം ചെയ്യുന്നുണ്ട്. 25-26 രൂപ കൊടുത്ത് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നുണ്ട്. ഈ നെല്ല് ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന നടത്തിവരുന്നു. പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും സംഭരിക്കുന്നു. നടീല്‍ വസ്തുക്കളുടെ നഴ്‌സറിയും
സൊസൈറ്റിയ്ക്കുണ്ട്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് തൊഴില്‍ കൊടുക്കുന്ന ‘അതിജീവനം’ എന്ന പദ്ധതിയും നടപ്പാക്കി വരുന്നു.


കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ്

ബ്രഹ്മഗിരിയും കുടുംബശ്രീയും കൈകോര്‍ത്താണ് 2018 ല്‍ കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിച്ച് വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വയനാട് ജില്ലയിലെ 26 ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഔട്ട്ലെറ്റുകളിലാണ് കര്‍ഷക സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുക. തുടര്‍ന്ന് ഘട്ടംഘട്ടമായി മലബാര്‍ ജില്ലകളില്‍ 300 മാര്‍ക്കറ്റുകള്‍ അനുവദിക്കും. കുടുംബത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും – മാംസം, മുട്ട, പാല്‍, പച്ചക്കറി, അരി, കാപ്പിപ്പൊടി, ചായപ്പൊടി, ശര്‍ക്കര, വെള്ളിച്ചെണ്ണ, മസാലപ്പൊടി തുടങ്ങിയവ – ഇവിടെ കിട്ടും.

ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകരെ രാഷ്ട്രശക്തിയായി മാറ്റിയെടുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നതിനുള്ള ഉത്തമ മാതൃകയാണ് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി.

Leave a Reply

Your email address will not be published.