മലപ്പുറത്തെ സഹകാരികളെ മോശമാക്കിയാൽ ജില്ലാ ബാങ്ക് ജീവനക്കാർ ഭാവിയിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് നേതൃത്വം.
മലപ്പുറത്തെ സഹകാരികളെ മോശപ്പെടുത്തി മുന്നോട്ടു പോയാൽ ഭാവിയിൽ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാർ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് നേതൃത്വം മുന്നറിയിപ്പുനൽകി. മലപ്പുറത്തെ മൊത്തം യുഡിഎഫ് സഹകാരികളെ മോശമാക്കി മുന്നോട്ടുപോകുന്നത് ജീവനക്കാർക്ക് ഗുണം ചെയ്യില്ലെന്നും മലപ്പുറത്തെ സഹകാരികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതാണ് ജീവനക്കാരുടെ മാന്യതയെന്നും മുസ്ലിം ലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മായിൽ മൂത്തേടം പറഞ്ഞു.
എം.ഡി.സി ബാങ്കിനെ വളർത്തിയത് ജില്ലയിലെ സഹകാരികൾ ആണ്. 129 സർവീസ് സഹകരണ ബാങ്കിലെ ഡെപ്പോസിറ്റ് കൊണ്ടാണ് എം.ഡി.സി ബാങ്ക് ഉന്നത നിലവാരത്തിൽ എത്തിയത്. കാലാകാലങ്ങളിലെ ഭരണസമിതിയുടേയും സർക്കാരിന്റെയും ജീവനക്കാരുടെയും പിന്തുണ ഉണ്ടായിട്ടുണ്ട്. വളർന്നതിന്റെ അവകാശം ഒരു കൂട്ടർക്ക് മാത്രമുള്ളതല്ല. ഇത്തരം പ്രസ്താവനകൾ ജീവനക്കാരുടെ നേതാക്കളുടെ അല്പത്തരം ആണ് കാണിക്കുന്നത്.
കോടതി വിധികൾ അനുകൂലമാകുമ്പോൾ ജഡ്ജിയെ നന്നായി പറയുകയും പ്രതികൂലം ആകുമ്പോൾ മോശം ആക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മേൽ കോടതി വിധികളെ മാനിക്കാൻ മലപ്പുറം ജില്ലയിലെ സഹകാരികൾ തയ്യാറാണ്. കേരള ബാങ്ക് വിഷയത്തിൽ മാർച്ച് 31നകം മുഴുവൻ വ്യവസ്ഥകളും പൂർത്തീകരിച്ച് അപേക്ഷ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ കേരള ബാങ്ക് യാഥാർഥ്യമാകൂ. ഇപ്പോഴും ത്രി ടയർ സംവിധാനത്തിലാണ് കേരളത്തിൽ സഹകരണമേഖല പ്രവർത്തിക്കുന്നതെന്ന് ജീവനക്കാരുടെ നേതാക്കൾ മനസ്സിലാക്കുന്നത് നല്ലതാണ്. മലപ്പുറം ജില്ലയിലെ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കി ജനുവരി 20 മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചാൽ അതിനെ ശക്തമായി നേരിടുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.