മധുരിക്കുന്ന സംഘങ്ങള്‍
(2020 ആഗസ്റ്റ് ലക്കം)
ജി. മുരളീധരന്‍ പിള്ള
( ലക്ചറര്‍ / അസി. രജിസ്ട്രാര്‍, ഇ.ടി.സി. കൊട്ടാരക്കര )
രാജ്യത്ത് സഹകരണ മേഖലയില്‍ ഏറ്റവുമധികം പഞ്ചസാര മില്ലുകളുള്ളത് മഹാരാഷ്ടയിലാണ്. 1960 കള്‍ക്കു ശേഷം ഈ സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ഒട്ടേറെ പഞ്ചസാര മില്ലുകള്‍ സഹകരണ സംഘങ്ങളായി മാറുകയുണ്ടായി. കരിമ്പു കര്‍ഷകരെ സാമ്പത്തികമായി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള പഞ്ചസാര സഹകരണ സംഘങ്ങള്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നുണ്ട്. മഹാരാഷ്ട്രയുടെ സാമൂഹിക – സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പഞ്ചസാര സഹകരണ സംഘങ്ങള്‍ പ്രബലരായ പല രാഷ്ട്രീയ നേതാക്കളുടെയും അധികാര ശക്തിക്കു പിന്‍ബലവുമേകുന്നു.
മ നുഷ്യന്റെ രുചിയുടെ വകഭേദങ്ങളില്‍ മധുരത്തിനു തന്നെയാണ് പ്രഥമസ്ഥാനം. പഴവര്‍ഗങ്ങളും മധുര വാഹകരായ പച്ചക്കറി ഇനങ്ങളുമായിരുന്നു മനുഷ്യന്റെ മധുര സ്രോതസ്സിന്റെ ആദിമമായ ഇനങ്ങള്‍. ആദിമകാല മനുഷ്യനു കിട്ടിയിരുന്ന തേന്‍ ആയിരുന്നു മധുരത്തിന്റെ ഉറവിടമായി കണക്കാക്കിയിരുന്നത്. നവീന ശിലായുഗത്തിലെ ഗുഹാചിത്രങ്ങളില്‍ ( സ്പെയിനിലെ വെലന്‍സിയ ) തേന്‍ മോഷ്ടിച്ചു കൊണ്ടു പോകുന്ന ഒരു കള്ളന്റെ ചിത്രം രേഖപ്പെടുത്തിയിരിക്കുന്നതില്‍നിന്ന് തേനിന്റെ ഉപയോഗത്തിന്റെ കാലപ്പഴക്കം വ്യക്തമാണ്.
മധുരം വന്ന വഴി
ആധുനിക ലോകത്തെ ആദ്യത്തെ പഞ്ചസാര ഫാക്ടറി സ്ഥാപിതമായത് 1505 ല്‍ കാനറി ദ്വീപസമൂഹത്തിലെ മെഡേറിയ എന്ന സ്ഥലത്താണെന്നു കരുതപ്പെടുന്നു. 1512 ല്‍ ക്യൂബയിലെ വെലക്യൂസ് എന്നയാള്‍ കരിമ്പുകൃഷി ആരംഭിച്ചതായി കാണാം. എന്നാല്‍, 1576 ല്‍ മൂന്നു പഞ്ചസാര ഫാക്ടറികള്‍ ക്യൂബയിലെ ഹവാനക്കടുത്തു പ്രവര്‍ത്തനം തുടങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു. 1519 ല്‍ അമേരിക്കയിലും 1534 ല്‍ മെക്്‌സിക്കോയിലും പഞ്ചസാര വ്യവസായം ആരംഭിച്ചിരുന്നു. 1539 ല്‍ സാന്‍ഡിയാഗോയില്‍ നിന്ന് ആദ്യമായി കപ്പലില്‍ പഞ്ചസാര സ്‌പെയിനിലേക്ക് കയറ്റിയയച്ചതായി ചരിത്രരേഖകള്‍ പറയുന്നു.
പഞ്ചസാര വ്യവസായത്തിനു പേരുകേട്ട ബ്രസീലില്‍ 1532 ല്‍ സാവോവിസന്റെ എന്ന തീരപ്രദേശത്ത് ആദ്യത്തെ പഞ്ചസാര ഫാക്ടറി സ്ഥാപിച്ച് വന്‍തോതില്‍ ഉല്‍പാദനം ആരംഭിച്ചു. 1630 കളില്‍ വെസ്റ്റ്ിന്‍ഡീസിലും 1830 കളില്‍ ജാവയിലും വന്‍തോതിലുള്ള പഞ്ചസാര ഉല്‍പാദനം നടന്നതായി കാണാം. അങ്ങനെ കാര്‍ഷികാധിഷ്ഠിത വ്യവസായ ശൃംഖലയില്‍ പഞ്ചസാര വ്യവസായം ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചു.
പഞ്ചസാര വ്യവസായം ഇന്ത്യയില്‍
പരുത്തിത്തുണി വ്യവസായം കഴിഞ്ഞാല്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളില്‍ അടുത്ത സ്ഥാനം പഞ്ചസാര വ്യവസായത്തിനാണ്. ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദനം ബി.സി. 400 ല്‍ ആരംഭിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഗ്രീക്ക് ചരിത്രകാരനായ നിയര്‍ച്ചസിന്റെ ഗ്രന്ഥത്തില്‍ ‘ പഞ്ചസാരയും മധുരക്കുഴമ്പും ക്രിസ്തു വര്‍ഷത്തിനു മുമ്പുതന്നെ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അഥര്‍വ വേദത്തില്‍ ഒരു മധുര പദാര്‍ഥമായി പഞ്ചസാരയെപ്പറ്റി പറയുന്നു.
ഇന്ത്യന്‍ പഞ്ചസാര വ്യവസായത്തിന്റെ അടിസ്ഥാനമായ കരിമ്പ് കൃഷിക്ക് ഭൂമിശാസ്ത്രപരമായ ഒരു അനുകൂല ഘടകമുണ്ടായിരുന്നു. ഇന്ത്യ സ്ഥിതിചെയ്യുന്നത് ഭൂമധ്യരേഖയുടെ വടക്കു മാറിയാണ്. കരിമ്പ് കൃഷിക്ക് അനുകൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ ഘടനയും ഇന്ത്യയില്‍ പഞ്ചസാര വ്യവസായത്തിന് അനുകൂല ഘടകം സൃഷ്ടിച്ചു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിളയുന്ന ഒരു കൃഷിയായി കരിമ്പിന് സ്വീകാര്യത കിട്ടി.
സൂക്ക് സുഗര്‍ ഫാക്ടറി
ഇന്ത്യയിലെ ആദ്യത്തെ പഞ്ചസാര ഫാക്ടറി 1784 ല്‍ ഉത്തര്‍പ്രദേശിലെ സൂക്ക് സുഗര്‍ എന്ന സ്ഥലത്ത് ക്രോഫ്റ്റ്‌സ് എന്ന സ്വകാര്യ വ്യവസായി ആരംഭിച്ചു. തുടര്‍ന്ന് 1791 ല്‍ എല്‍.ടി. പാറ്റേഴ്‌സണ്‍ ബിഹാറിലും അതിനുശേഷം എഡ്വേഡ് കോംബര്‍ തൃശ്ശിനാപ്പള്ളിയിലും പഞ്ചസാര ഫാക്ടറികള്‍ ആരംഭിച്ചു.
കരിമ്പു തോട്ടങ്ങള്‍ സ്വന്തമായി നടത്താതെ പഞ്ചസാര മില്ലുകള്‍ വിജയകരമായി നടത്തിക്കൊണ്ടുപോകാനാവില്ലെന്ന ആശയം കോംബര്‍ അവതരിപ്പിച്ചു. ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യത്യസ്ത തരം കരിമ്പിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ രംഗത്തുള്ളവര്‍ ഉത്തര്‍പ്രദേശിലെ സരണ്‍ ജില്ലയില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തുകയുണ്ടായി. നൂറുകണക്കിന് കരിമ്പിനങ്ങള്‍ ഇന്നു ലോകത്ത് കൃഷി ചെയ്യുന്നത് ബിഹാറിലെയും യു.പി. യിലെയും കര്‍ഷകരുടെയും കൃഷി ശാസ്ത്രജ്ഞരുടെയും ശ്രമഫലമായാണ്.
അക്കാലത്ത് സ്വകാര്യ കരിമ്പ് കര്‍ഷകരുടെ താല്‍പര്യം അവരുടെതന്നെ കരിമ്പാട്ട് മില്ലുകളിലൂടെ ശര്‍ക്കര നിര്‍മിക്കാനായിരുന്നു. അതിനാല്‍ പഞ്ചസാര ഫാക്ടറികള്‍ക്ക് പലപ്പോഴും യഥേഷ്ടം കരിമ്പ് കിട്ടാതെ വന്നു. 1932 വരെ ഇന്ത്യന്‍ പഞ്ചസാര വ്യവസായം വലിയ പുരോഗതി കൈവരിച്ചിരുന്നില്ല. 1932 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പഞ്ചസാര വ്യവസായത്തിന് 14 വര്‍ഷത്തേക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
പഞ്ചസാര വ്യവസായം മഹാരാഷ്ട്രയില്‍
1919 ല്‍ ബ്രിട്ടീഷ് കമ്പനിയുടെ നേതൃത്വത്തില്‍ ഹെര്‍ഗോണില്‍ ആരംഭിച്ച പഞ്ചസാര ഫാക്ടറിയാണ് ആധുനികകാലത്ത് മഹാരാഷ്ട്രയില്‍ പഞ്ചസാര വ്യവസായത്തിന് തുടക്കമിട്ടത്. 1930 ല്‍ വാല്‍ച്ചന്ത് നഗര്‍ ഷുഗര്‍ഫാം മഹാരാഷ്ട്രയില്‍ ആരംഭിച്ചു. ഇതേ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാര്‍ താരിഫ് കമ്മീഷനെ നിയമിച്ച് കരിമ്പിന് വില നിശ്ചയിച്ചുനല്‍കി. ഇത് കരിമ്പുകൃഷിയെയും അതുവഴി പഞ്ചസാര വ്യവസായത്തെയും പുരോഗതിയിലേക്കു നയിച്ചു. രണ്ടാം ലോകയുദ്ധാവസാന കാലഘട്ടത്തില്‍ 12 വന്‍കിട പഞ്ചസാര ഫാക്ടറികളാണ് മഹാരാഷ്ട്രയില്‍ ആരംഭിച്ചത്. 1990 ല്‍ ഇന്ത്യയിലാകെ 97 പഞ്ചസാര ഫാക്ടറികളാണ് ഉണ്ടായിരുന്നത്. പത്തു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇത് 137 ആയി ഉയര്‍ന്നു.
സഹകരണ പഞ്ചസാര ഫാക്ടറികള്‍
കരിമ്പ് കര്‍ഷകരുടെ ഉല്‍പ്പന്നത്തിന് ന്യായമായ വില കിട്ടാതിരിക്കുകയും ശരിയായവിധം കരിമ്പു വിപണനം നടത്താന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍ അസ്വസ്ഥത ഉരുണ്ടുകൂടി. സ്വകാര്യ പഞ്ചസാര മില്ലുകളുടെ ചൂഷണം നേരിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിമ്പ് കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു. അവര്‍ സഹകരണ പഞ്ചസാര ഫാക്ടറികള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തി. 1930 കളുടെ ആദ്യപാദത്തില്‍ ഇത്തരം ശ്രമങ്ങള്‍ നടന്നതായി കാണാം. ഉത്തര്‍പ്രദേശിലെ ബിസ്മാനിലും ആന്ധ്രപ്രദേശിലെ തുമ്മാപല, എത്തിക്കോപ്പക, പൂച്ചൂരു എന്നിവിടങ്ങളിലും സഹകരണ പഞ്ചസാര ഫാക്ടറികള്‍ തുടങ്ങി. ഇതില്‍ ആന്ധ്രപ്രദേശിലെ എത്തിക്കോപ്പക ഒഴികെയുള്ളവ കാലക്രമേണ അടച്ചുപൂട്ടി. അതിനാല്‍ ഇന്ത്യയിലെ വിജയിച്ച ആദ്യത്തെ പഞ്ചസാര വ്യവസായ സഹകരണ സംഘമായി അറിയപ്പെടുന്നത് ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലെ എത്തിക്കോപ്പകയാണ്. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കിയെങ്കിലും മൂന്നാം പഞ്ചവത്സര പദ്ധതി മുതലാണ് പഞ്ചസാര സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. കാര്‍ഷികോല്‍പാദന, സംസ്‌കരണ സംഘങ്ങള്‍ക്ക് കൂടുതല്‍ സഹായം ഇക്കാലയളവില്‍ ലഭിക്കുകയും പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ പുരോഗതി കൈവരിക്കുകയും ചെയ്തു. 1956 ലെ വ്യവസായനയ പ്രഖ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ധാരാളം പഞ്ചസാര ഉല്‍പാദന ശാലകള്‍ തുറന്നു.
മഹാരാഷ്ട്രയിലെ സംഘങ്ങള്‍
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിലെ പഞ്ചസാര വ്യവസായം സ്വകാര്യ വ്യക്തികളുടെയോ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെയോ ഉടമസ്ഥതയിലായിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന 140 പഞ്ചസാര ഫാക്ടറികളില്‍ മൂന്നെണ്ണം മാത്രമേ സഹകരണ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. മഹാരാഷ്ട്രയില്‍ പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നത് 1948 ല്‍ ‘ പ്രവാര നഗര്‍ സഹകരണ ഷുഗര്‍ ഫാക്ടറി ‘ സ്ഥാപിച്ചതോടെയാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ വിത്തല്‍റാവു ഏകനാഥറാവു പാട്ടീല്‍, ഡോ. ഡി.ആര്‍. ഗാഡ്ഗില്‍ എന്നിവരുടെ പരിശ്രമഫലമായാണ് ഈ സംരംഭം ആരംഭിച്ചത്. കരിമ്പ് കര്‍ഷകര്‍ അക്കാലത്ത് ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഉല്‍പാദനച്ചെലവ് പോലും നല്‍കാതെയാണ് സ്വകാര്യ പഞ്ചസാര ഫാക്ടറി ഉടമകള്‍ കര്‍ഷകരെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. കരിമ്പു കര്‍ഷകരുടെ ഈ ദയനീയ സാഹചര്യം മനസ്സിലാക്കി അഹമ്മദ് നഗറിലെ ഉല്‍പതിഷ്ണുക്കളായ ഒരുകൂട്ടം കര്‍ഷകര്‍ തങ്ങളുടെ സ്വന്തം നിലയില്‍ കരിമ്പ് സംസ്‌കരിക്കുന്നതിനാവശ്യമായ ചില ക്രമീകരണങ്ങള്‍ ചെയ്തു. ഈ പരിശ്രമങ്ങളുടെ ഏകോപനമാണ് സഹകരണ പഞ്ചസാര ഫാക്ടറികള്‍ തുടങ്ങുന്നതിനിടയാക്കിയത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പഞ്ചസാര ഫാക്ടറികളുള്ളത്. രണ്ടായിരത്തിലെ കണക്കുപ്രകാരം മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിച്ചിരുന്ന 137 പഞ്ചസാര ഫാക്ടറികളില്‍ ഒമ്പതെണ്ണമേ സ്വകാര്യ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സഹകരണ മേഖലയിലാണ് .
1960 കള്‍ക്ക് ശേഷം മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായ മേഖലയിലുണ്ടായ ഒരു പ്രധാന പ്രവണത സ്വകാര്യ ഫാക്ടറികള്‍ സഹകരണ സംഘങ്ങളായി മാറുന്നതാണ്. 1968 ല്‍ അഹമ്മദ് നഗര്‍ ജില്ലയിലെ ഗംഗാപൂര്‍ പഞ്ചസാര മില്‍ സഹകരണ മേഖലയിലേക്ക് വന്നതോടെയാണ് ഈ പ്രവണതയ്ക്ക് തുടക്കമായത്. ഈ മാറ്റം വന്‍ വിജയമായിരുന്നു. 1985 ല്‍ കോലാപ്പൂര്‍ പഞ്ചസാര ഫാക്ടറിയെ രാജാറാം സഖര്‍ ഖര്‍ഖാന എന്ന കരിമ്പ് കര്‍ഷക കൂട്ടായ്മ സഹകരണ സംഘം ഏറ്റെടുത്തു. ഇന്ത്യയില്‍ സഹകരണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഫാക്ടറികള്‍ നിലവിലുള്ളത് മഹാരാഷ്ട്രയില്‍ത്തന്നെയാണ്.
ലക്ഷ്യം
സംഘത്തിലെ ഓരോ അംഗത്തിന്റെയും ഉല്‍പ്പന്നം ( കരിമ്പ് ) സംഭരിച്ച്, സംസ്‌കരിച്ച് പഞ്ചസാരയാക്കി വിറ്റ് സംസ്‌കരണ, വിപണനച്ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് നല്‍കുകയാണ് പഞ്ചസാര വ്യവസായ സഹകരണ സംഘത്തിന്റെ മുഖ്യലക്ഷ്യം. ചില അടിസ്ഥാന തത്ത്വങ്ങളിലുറച്ചാണ് ഓരോ സംഘവും പ്രവര്‍ത്തിക്കുന്നത്. ഓരോ സംഘത്തിലും കരിമ്പ് സംഭരണം, സംസ്‌കരണം, ചരക്കുനീക്കം, പണം ലഭ്യമാക്കല്‍, വിപണനം എന്നിവയെല്ലാം ക്രമീകൃതമായ രീതിയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
അംഗങ്ങള്‍ക്ക് വിളയിറക്കാന്‍ വായ്പ നല്‍കുന്നത് സഹകരണ സംഘങ്ങളാണ്. പുതിയ കരിമ്പിനങ്ങള്‍ വികസിപ്പിച്ച് അംഗങ്ങള്‍ക്ക് നല്‍കുക, ഓരോ ഫാക്ടറിയിലെയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം നല്‍കുക എന്നിവയും സംഘം നിര്‍വഹിച്ചുവരുന്ന ചുമതലകളാണ്. വായ്പയെ വിപണനത്തോട് ബന്ധപ്പെടുത്തുന്ന ഒരു പ്രത്യേക രീതിയും സംഘം അവലംബിച്ചിരിക്കുന്നു. വിളവിറക്കാനും മറ്റു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വായ്പ സംഘം നല്‍കും. കരിമ്പ് സംഘത്തിന് വില്‍ക്കുമ്പോള്‍ അതിന്റെ വിലയില്‍ നിന്ന് വായ്പയും പലിശയും ഈടാക്കി ബാക്കി തുക തിരികെ കര്‍ഷകര്‍ക്ക് നല്‍കും. 1954 ലെ അഖിലേന്ത്യാ ഗ്രാമീണ വായ്പ അന്വേഷണക്കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് വായ്പയെ വിപണനവുമായി ബന്ധപ്പെടുത്തിത്തുടങ്ങിയത്. വായ്പാ സംഘങ്ങളുടെ കുടിശ്ശിക കുറയ്ക്കാനും വിപണന സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള ഒരു ശുപാര്‍ശയായിരുന്നു ഇത്. പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങളുടെ പുരോഗതിക്ക് ഇതൊരു കാരണമായിട്ടുണ്ട്.
അംഗത്വവും ഘടനയും
അതത് സംസ്ഥാനത്തെ സഹകരണ സംഘ നിയമ പ്രകാരമാണ് പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓരോ സംഘവും സ്വന്തം നിലയില്‍ വ്യവസായ ശാലകള്‍ സ്ഥാപിക്കുന്നു. സംഘത്തിലെ അംഗത്വം നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ഉല്‍പാദക അംഗങ്ങള്‍, വ്യക്തികള്‍, സഹകരണ സ്ഥാപനങ്ങള്‍. 2. ഉല്‍പാദകരല്ലാത്ത അംഗങ്ങള്‍. പ്രധാനമായും കരിമ്പ് കര്‍ഷക സംഘങ്ങള്‍ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍. 3. സംഘവുമായി കച്ചവടബന്ധം മാത്രമുള്ള നാമമാത്ര അംഗങ്ങള്‍. 4.സംസ്ഥാന സര്‍ക്കാര്‍.
ഓരോ അംഗവും ഒരു ഓഹരിയെങ്കിലും എടുക്കേണ്ടതാണ്. എന്നാല്‍, കരിമ്പുല്‍പാദക സംഘാംഗമാണെങ്കില്‍ അയാള്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായോ സംഘത്തിന് നല്‍കുന്ന കരിമ്പിന്റെ അളവിന് ആനുപാതികമായോ സംഘത്തില്‍ നിന്നു ഓഹരി എടുത്തിരിക്കണം.
ഘടനാപരമായ രീതി
ഓരോ പഞ്ചസാര സഹകരണ സംഘത്തിന്റെയും പൊതുയോഗമാണ് എല്ലാ നയപരമായ തീരുമാനങ്ങളും എടുക്കുന്നത്. എന്നാല്‍, സംഘത്തിന്റെ മേല്‍നോട്ടവും നിയന്ത്രണവും പൊതുവായ ഭരണവും ഡയരക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. സാധാരണഗതിയില്‍ ഭരണസമിതിയില്‍ 15 പേരാണ് ഉണ്ടാവുക. അതില്‍ ഒമ്പതു പേര്‍ കരിമ്പുല്‍പാദകരായ അംഗങ്ങളില്‍ നിന്നായിരിക്കും. ഉല്‍പാദകരല്ലാത്തവരില്‍ നിന്നു മൂന്നു പേരുണ്ടാവും. മൂന്നു പേര്‍ സര്‍ക്കാര്‍ നോമിനികളുമായിരിക്കും. സര്‍ക്കാര്‍ ഗ്യാരണ്ടിയിലൂടെ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനാ ( IFC ) ണ്.
രണ്ട് തലങ്ങളിലായാണ് മഹാരാഷ്ട്രയില്‍ പഞ്ചസാര സഹകരണ സംഘങ്ങള്‍ ഫെഡറേഷനുകള്‍ രൂപവത്കരിച്ചിട്ടുള്ളത്. പ്രാഥമിക സംഘങ്ങള്‍ക്ക് മുകളിലായി സംസ്ഥാനതല ഫെഡറേഷനുണ്ട്. ദേശീയതലത്തില്‍ പഞ്ചസാര സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനുകളെ പ്രതിനിധാനം ചെയ്ത് ദേശീയ ഫെഡറേഷനുമുണ്ട്. പ്രാഥമിക സംഘങ്ങളുടെയും സംസ്ഥാന ഫെഡറേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, അവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, നിയന്ത്രിക്കുക, വിപണന സൗകര്യം ചെയ്തുകൊടുക്കുക, സാമ്പത്തികസഹായം ക്രമീകരിച്ച് നല്‍കുക എന്നിവയാണ് ദേശീയ ഫെഡറേഷന്റെ ചുമതലകള്‍. പ്രാഥമിക സംഘങ്ങളുടെ മൂലധന ഘടന മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി എടുക്കുന്നുണ്ട്. കൂടാതെ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനും ( NCDC ), എല്‍.ഐ.സി. യും എസ്.ബി.ഐ. യും വായ്പ നല്‍കി വരുന്നുണ്ട്.
സാങ്കേതിക മികവിലൂടെ മുന്നേറ്റം
ഓരോ സഹകരണ പഞ്ചസാര ഫാക്ടറിയും ഉയര്‍ന്ന സാങ്കേതിക അടിത്തറയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ആധുനിക യന്ത്രങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും കാലാകാലങ്ങളില്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ പദ്ധതികള്‍ ഓരോ സംഘവും ആവിഷ്‌കരിക്കുന്നു. അനേകം പഞ്ചസാര സഹകരണ ഫാക്ടറികള്‍ക്ക് പ്രത്യേകമായി ഒരു കൃഷി വിഭാഗം തന്നെയുണ്ട്. അതിലെ ജീവനക്കാര്‍ കരിമ്പ് കര്‍ഷകരായ അംഗങ്ങള്‍ക്ക് വേണ്ട സാങ്കേതിക മേല്‍നോട്ടം നല്‍കുന്നു- പ്രത്യേകിച്ച് കരിമ്പ് കൃഷിയിലും വിളവെടുപ്പിലും.
സംഘങ്ങളില്‍ത്തന്നെ ചരക്ക് നീക്കത്തിന് ആവശ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഒരുക്കുന്നു. ഇതു കൂടാതെ ഓരോ സംഘം തലത്തിലും സ്്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മുന്തിയ തരം കരിമ്പിനങ്ങളുടെ വിതരണം, ജലസേചന സൗകര്യമൊരുക്കല്‍, രാസ-ജൈവവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ വിതരണം തുടങ്ങിയവയും സംഘങ്ങള്‍ നല്‍കുന്ന സേവനങ്ങളാണ്. ഇത്തരം സേവനങ്ങള്‍ അംഗങ്ങളല്ലാത്തവര്‍ക്കും സംഘം നല്‍കുന്നുണ്ട്.
ഓരോ സഹകരണ പഞ്ചസാര ഫാക്ടറിക്കും അനുവദിച്ചുനല്‍കുന്ന ലൈസന്‍സ് ശേഷിക്കു വിധേയമായി മൂലധന ഘടനയും ഓഹരി പങ്കാളിത്തവും ഉണ്ടായിരിക്കണം. ഇത് കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമായിരിക്കും. വ്യക്തികളായ അംഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഓഹരിത്തുകക്ക് തുല്യമായി സര്‍ക്കാരും സംഘത്തിന് ഓഹരിയായി നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. വ്യവസായ വികസന ബാങ്കിന്റെ ( കഉആക ) വായ്പാ സഹായവും പഞ്ചസാര സഹകരണ സംഘങ്ങള്‍ക്ക് കിട്ടുന്നുണ്ട്.
വ്യവസായ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകള്‍ 50:50 എന്ന അനുപാതത്തില്‍ കൂട്ടായ ഗ്യാരണ്ടി നല്‍കുന്നു. എന്നാല്‍, സംഘത്തിന് ആവശ്യമായിവരുന്ന അടിയന്തര വായ്പകള്‍ നല്‍കുന്നത് പ്രാദേശിക സഹകരണ സംഘങ്ങളാണ്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് ഈ സംഘങ്ങള്‍ക്ക് വന്‍തോതില്‍ വായ്പകള്‍ നല്‍കിവരുന്നു. സംഘത്തിന്റെ പ്രവര്‍ത്തന മൂലധനത്തിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കുകളും വാണിജ്യ ബാങ്കുകളും വായ്പ നല്‍കുന്നു.
ഓഹരികള്‍ക്കുള്ള ലാഭവീതം
സംഘത്തില്‍നിന്ന് അംഗങ്ങള്‍ക്ക് മിച്ചധനം നല്‍കുന്നത് രണ്ടുവിധത്തിലാണ്. 1. നല്‍കുന്ന കരിമ്പിന്റെ വിലയ്ക്ക് ആനുപാതികമായ വിഹിതം.
2. ഓഹരി മൂലധനത്തിനുള്ള ലാഭവീതം. ഉല്‍പാദനം കൂട്ടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനാണ് കൊടുക്കുന്ന കരിമ്പിന്റെ അടിസ്ഥാനത്തില്‍ സംഘം ലാഭവിഹിതം നല്‍കുന്നത്. പേട്രണേജ് ഡിവിഡന്റ് എന്നതാണ് ഇതിന് അടിസ്ഥാനമായ സഹകരണ തത്വം. ഓരോ സംഘവും അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമൂഹിക ക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നു.
സംഘങ്ങളുടെ തൊഴില്‍ നയം
1960 കളിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ എല്ലാ സഹകരണ പഞ്ചസാര ഫാക്ടറികളിലുമായി 30,000 പേര്‍ സ്ഥിരം ജോലിക്കാരായുണ്ടായിരുന്നു. അതേസമയം, താല്‍ക്കാലിക ജീവനക്കാരായി ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തോളം പേര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, 2018 ലെ കണക്കനുസരിച്ച് സ്ഥിരം ജീവനക്കാരുടെ എണ്ണം 50,000 ആണ്.
വേജ് ബോര്‍ഡ് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്നതനുസരിച്ചാണ് തൊഴിലാളികളുടെ ശമ്പളവും കൂലിയും നിശ്ചയിച്ചിരുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് താമസസൗകര്യം സൗജന്യമാണ്. സംഘം നടത്തുന്ന സ്റ്റോറില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാധന സാമഗ്രികളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നു. സൗജന്യ വൈദ്യ സഹായവും കിട്ടും. ജീവനക്കാരുടെ കാര്യക്ഷമതക്കനുസൃതമായി ഇന്‍സെന്റീവ് നല്‍കുന്ന രീതിയും സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കുണ്ടായിരുന്നു.
തൊഴില്‍ നയം രൂപപ്പെടുത്തുന്നതിന് സംഘങ്ങള്‍ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കുന്നു :
1. സംഘം നടത്തുന്ന ഫാക്ടറികളുടെ ശേഷിയുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ തോതിലുള്ള ജീവനക്കാരെ മാത്രമേ നിയമിക്കാവൂ.
2. ശരിയായ യോഗ്യതയും പരിചയവുമുള്ളവരെ മാത്രമേ ജീവനക്കാരായും തൊഴിലാളികളായും നിയമിക്കാവൂ.
3. ജീവനക്കാരുടെ പ്രമോഷനും ഇന്‍ക്രിമെന്റ് അനുവദിക്കലിനും അവരുടെ കാര്യക്ഷമത എന്ന ഏക യോഗ്യതയേ പരിഗണിക്കൂ. ഇതിനായി ജീവനക്കാര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കിവരുന്നു.
4. വ്യക്തിഗത മാനേജ്‌മെന്റിന് മാനുഷിക പരിഗണന നല്‍കുന്നു. മാനേജ്‌മെന്റ് എപ്പോഴും തൊഴിലാളികളുടെ ഉറ്റ തോഴനും സഹായിയുമായി വര്‍ത്തിക്കുന്നു.
5. തൊഴിലാളികള്‍ക്കും മാനേജ്‌മെന്റില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന തൊഴില്‍നയമാണ് സംഘങ്ങള്‍ക്കുള്ളത്.
വൈവിധ്യവല്‍ക്കരണവും വിപുലീകരണവും
കാര്‍ഷിക സംസ്‌കരണ സംഘങ്ങളില്‍ ഉന്നതമായ സ്ഥാനമാണ് പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ക്കുള്ളത്. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര വ്യവസായനയം പ്രഖ്യാപിച്ചു. അതിന്റെ അന്ത:സത്ത ഇതായിരുന്നു :
1. കരിമ്പ് ഉല്‍പാദനത്തിലും സംസ്‌കരണത്തിലും കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക.
2. പഞ്ചസാര ഫാക്ടറിക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ സഹകരണ ഫാക്ടറികള്‍ക്ക് മുന്‍ഗണന നല്‍കുക.
3. വ്യവസായ ധനകാര്യ കോര്‍പറേഷനും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുക.
കരിമ്പ് കര്‍ഷകരുടെ സാമ്പത്തിക ഉന്നമനത്തിന് പഞ്ചസാര സഹകരണ സംഘങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. പഞ്ചസാര വ്യവസായ സംഘങ്ങളില്‍ നിന്നു അനേക തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മാണം തുടങ്ങിയിരുന്നു. മൊളാസസ്, കരിമ്പിന്‍ചണ്ടി കൊണ്ടുള്ള വളം, പേപ്പര്‍, ബോര്‍ഡുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. മഹാരാഷ്ട്രയിലെ നാല് പഞ്ചസാര ഫാക്ടറികളായ ഷെത്കാരി, വാര്‍ണാ, പഞ്ചഗംഗ, കൃഷ്ണ എന്നിവ സംയുക്തമായി ചേര്‍ന്ന് സര്‍ക്കാരില്‍ നിന്നു ലൈസന്‍സ് നേടി പേപ്പര്‍ നിര്‍മാണ പ്ലാന്റ് ആരംഭിച്ചു. പഞ്ചസാരയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന മൊളാസസ്സ് ഉപയോഗിച്ചാണ് രാജ്യത്തെ മദ്യ നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ആന്ധ്രപ്രദേശിലെ അനകപ്പേള്‍, മഹാരാഷ്ട്രയിലെ സാംഗ്ലി, ഗുജറാത്തിലെ ബിലേസ്വന്‍ എന്നീ സഹകരണ പഞ്ചസാര ഫാക്ടറികള്‍ സംയുക്തമായി ചേര്‍ന്ന് ഒരു മദ്യനിര്‍മാണശാല നടത്തുന്നുണ്ട്. ഇതു കൂടാതെ അനേകം പഞ്ചസാര സഹകരണ സംഘങ്ങള്‍ ഡിസ്റ്റിലറികള്‍ സ്വന്തം നിലയില്‍ നടത്തിവരുന്നുണ്ട്.
സാംഗ്ലി ജില്ലയില്‍ പഞ്ചസാര ഫാക്ടറികള്‍ക്കടുത്തായി ഒരു കാര്‍ഷികാധിഷ്ഠിത വ്യവസായ കോംപ്ലക്‌സുണ്ടായിരിക്കും. അങ്ങനെ പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഒരു ഹബ്ബായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇത് മറ്റ് അനേകം വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രചോദനമായി മാറുന്നു.
ഒരു സംസ്‌കരണ സംഘം എന്ന നിലയില്‍ ഇന്ത്യയില്‍ വന്‍തോതില്‍ വിജയിക്കാന്‍ കഴിഞ്ഞവരാണ് പഞ്ചസാര വ്യവസായ സംഘങ്ങള്‍. 2018-19 ലെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 173 സഹകരണ പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ആകെ പഞ്ചസാര ഉല്‍പാദനത്തില്‍ ഉത്തര്‍പ്രദേശിനാണ് ഒന്നാം സ്ഥാനം ( 24 ശതമാനം ). രണ്ടാം സ്ഥാനം മാത്രമാണ് മഹാരാഷ്ട്രക്കുള്ളത് ( 20 ശതമാനം ). മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകളുടെ 2017-18 ലെ ആകെ ഉല്‍പ്പാദനം ഒരു ലക്ഷം ടണ്‍ ആണ്. മഹാരാഷ്ട്രയുടെ മാത്രമല്ല ഇന്ത്യയുടെതന്നെ ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് ഈ വ്യവസായം വന്‍ സംഭാവനയാണ് നല്‍കിയിട്ടുള്ളത് എന്നു കാണാം.
പഞ്ചസാര വിലയിലുണ്ടായ ഇടിവ് ഈ രംഗത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പഞ്ചസാര സഹകരണ സംഘങ്ങളുടെ വിജയം മറ്റ് കാര്‍ഷിക ഉല്‍പന്ന, സംസ്‌കരണ സംഘങ്ങളുടെയും രൂപവത്കരണത്തിന് പ്രചോദനമായിത്തീര്‍ന്നതായി കാണാം. നെല്ല്, ഗോതമ്പ്, ഫലവര്‍ഗങ്ങള്‍, കൊക്കോ, പൈനാപ്പിള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സഹകരണ സ്പര്‍ശത്തിലൂടെ വിജയഗാഥകള്‍ രചിക്കുന്നു. അവയ്ക്കെല്ലാം അടിസ്ഥാനമായി പഞ്ചസാര വ്യവസായ സഹകരണ സംഘങ്ങള്‍ നിലകൊള്ളുന്നു.
പഞ്ചസാരയും രാഷ്ട്രീയവും
മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായവും രാഷ്ട്രീയവും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. പഞ്ചസാര വ്യവസായത്തിനനുകൂലമായി ഭരണകൂടത്തില്‍ നിന്നു നടപടികളെടുപ്പിക്കാന്‍ ശക്തമായ പഞ്ചസാര ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതില്‍ അത്ര വലിയ താല്‍പ്പര്യവും സമ്മര്‍ദവും സാധാരണ ഉണ്ടാവാറില്ല. അത് കര്‍ഷകരുടെ ഗുണത്തിനാണല്ലോ ? എന്നാല്‍, പഞ്ചസാരവില കൂട്ടിക്കിട്ടാന്‍ പഞ്ചസാര മില്ലുടമകള്‍ നടത്തുന്ന സമ്മര്‍ദം ഭരണകൂടത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ല. കാരണം, രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും കയ്യയച്ചു സംഭാവന ചെയ്യുന്നവരാണ് പഞ്ചസാര മുതലാളിമാര്‍. രാഷ്ട്രീയനേതാക്കള്‍തന്നെ മില്ലുടമകളാവുമ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പം.
സന്ദീപ് സുഖ്താങ്കര്‍ എന്ന ഗവേഷണ വിദ്യാര്‍ഥി പഞ്ചസാര വ്യവസായവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു പഠനം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ 183 പഞ്ചസാര മില്ലുകളെക്കുറിച്ചാണ് അദ്ദേഹം പഠിച്ചത്. 183 മില്ലുകളില്‍ 101 എണ്ണത്തിന്റെയും ചെയര്‍മാന്മാര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അവര്‍ രാഷ്ട്രീയത്തിലെ ആദ്യ അടവുകള്‍ പയറ്റുന്നത് ഇവിടെയാണ്. പിന്നീടവര്‍ വിശാലമായ രാഷ്ട്രീയ ഗോദയിലിറങ്ങും. ഈ 101 ചെയര്‍മാന്മാരും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിച്ചവരാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. ഇവരില്‍ പലരും ജയിച്ചുകയറി. ചിലര്‍ മന്ത്രിമാര്‍ വരെ ആയിട്ടുമുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന കരിമ്പിന്റെ വില 20 ശതമാനം വരെ കുറയ്ക്കുമത്രെ. ഇങ്ങനെ കിട്ടുന്ന പണം നേരെ പോകുന്നത് രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്കാണ്. കേന്ദ്ര ഭരണത്തില്‍ പിടിപാടുള്ള ചില പാര്‍ട്ടികളോട് കൂടുതല്‍ മമതയുണ്ടാകുമെങ്കിലും പഞ്ചസാര മുതലാളിമാര്‍ ആരെയും പിണക്കില്ല. എല്ലാവര്‍ക്കും കൊടുക്കും സംഭാവന. കാരണം, അവര്‍ക്ക് എല്ലാവരെയും വേണം. ആരെയും പിണക്കിക്കൂടാ.
പഞ്ചസാര വ്യവസായ മേഖല വലിയൊരു വോട്ട് ബാങ്കാണ്. സഹകരണ മേഖലയിലുള്‍പ്പെടെ രാജ്യത്താകെ 530 പഞ്ചസാര മില്ലുകളാണുള്ളത്. കരിമ്പു കര്‍ഷകരും മില്‍ത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമെല്ലാം കൂടി മൊത്തം ഏഴു കോടിയാളുകളുണ്ടാവും. മഹാരാഷ്ട്ര, യു.പി, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റുവുമധികം പഞ്ചസാര മില്ലുകളുള്ളത്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര തന്നെ- 195 മില്ലുകള്‍. യു.പി. യില്‍ 155, കര്‍ണാടകത്തില്‍ 31 എന്നിങ്ങനെയാണ് കണക്ക്. ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടി 156 ലോക്‌സഭാ സീറ്റുകളുണ്ടെന്നോര്‍ക്കണം. രാജ്യത്ത് പഞ്ചസാരയുടെ 81 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ഈ മൂന്നു സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടില്‍ ഇരുപത്തിനാലും ആന്ധ്രപ്രദേശില്‍ പതിനാറും ബിഹാറില്‍ എട്ടും മില്ലുകളുണ്ട്.
കരിമ്പു കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ചിലപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് കോടിക്കണക്കിനു രൂപ പലിശരഹിത വായ്പയായി നല്‍കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കേന്ദ്രത്തില്‍ പ്രമുഖനായിരുന്ന ഒരു മന്ത്രി വിവാദപരമായ ഒരു തീരുമാനമെടുത്തു. പഞ്ചസാരയുല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ( നമുക്ക് രണ്ടാം സ്ഥാനമാണ് ) ബ്രസീലിലേക്ക് പഞ്ചസാര കേറ്റി അയയ്ക്കാനും അവിടെനിന്ന് ഇങ്ങോട്ട് പഞ്ചസാര ഇറക്കുമതി ചെയ്യാനുമായിരുന്നു ഈ തീരുമാനം. കയറ്റിയയച്ചത് കുറഞ്ഞ വിലയ്ക്ക്. ഇറക്കുമതി ചെയ്തത് കൂടിയ വിലയ്ക്കും. ഈ നടപടിയിലൂടെ രാജ്യത്തിനുണ്ടായ ഭീമമായ നഷ്ടത്തിനെതിരെ അന്നത്തെ പ്രതിപക്ഷം ശബ്ദമുയര്‍ത്തുകയുണ്ടായി. പിന്നീടാണ് മന്ത്രിയുടെ വിചിത്ര നടപടിയുടെ ഗുട്ടന്‍സ് പുറത്തുവന്നത്. അദ്ദേഹത്തിന് ബ്രസീലിലും പഞ്ചസാര മില്ലുകളുണ്ടായിരുന്നുവത്രെ.