ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മില്‍മയുടെ കാലിത്തീറ്റ സബ്സിഡിയും ഇല്ലാതായി

Deepthi Vipin lal

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്കു ചാക്കൊന്നിനു നല്‍കി വന്നിരുന്ന 150 രൂപ സബ്സിഡി മില്‍മ പിന്‍വലിച്ചു. തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലെ ക്ഷീരകര്‍ഷകര്‍ക്കാണ് ഈ തിരിച്ചടി. കഴിഞ്ഞ ഡിസംബര്‍ മുതലാണു സബ്സിഡി നിര്‍ത്തലാക്കിയത്. നിലവിലെ മില്‍മ ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തിയതോടെയാണ് സബ്സിഡി ഇല്ലാതായതെന്നു മുന്‍ ചെയര്‍മാന്‍ കല്ലട രമേശന്‍ വിശദീകരിക്കുന്നു.

കാലിത്തീറ്റയുടെ തീവിലയ്ക്കു പുറമേ വൈക്കോലിന്റെ ലഭ്യതക്കുറവും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നു. കടുത്ത ചൂടും വേനല്‍ക്കാല രോഗങ്ങളും കാരണം പശുക്കളില്‍ പാല്‍ ഉല്‍പ്പാദനം കുറവാണ്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയായിരുന്നു ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കു മില്‍മ സബ്ഡിഡിയായി നല്‍കി വന്നിരുന്നത്. അനുവദിച്ച ഫണ്ട് തീര്‍ന്നതോടെയാണ് ജനുവരി മുതല്‍ ഇതു നിര്‍ത്തിയത്. മില്‍മയുടെ 50 കിലോ തൂക്കമുള്ള ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1300 രൂപ നല്‍കണം. ഇതേ തൂക്കത്തിലുള്ള സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് 1130 രൂപയേയുള്ളൂ.

കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതാണ് വിലവര്‍ദ്ധനവിനു കാരണമായി മില്‍മ പറയുന്നത്. മുന്‍വര്‍ഷം ഇതേ സമയത്തുണ്ടായിരുന്ന വിലയേക്കാള്‍ 50 ശതമാനത്തോളമാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലകൂടിയത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത്. ഇരുപതിലധികം അസംസ്‌കൃത വസ്തുക്കളുപയോഗിച്ചാണ് കാലിത്തീറ്റ നിര്‍മാണം. മൂവായിരം സൊസൈറ്റികള്‍ വഴിയാണ് കാലിത്തീറ്റകളുടെ വില്‍പ്പന. വില കൂടുതലായതിനാല്‍ മില്‍മയുടെ കാലിത്തീറ്റ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.

മാര്‍ച്ച് ആയെങ്കിലും ലാഭവിഹിതം തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കല്ലട രമേശന്‍ കുറ്റപ്പെടുത്തി. ബോര്‍ഡ് എടുക്കുന്ന പോലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തയാറാകാത്തതിന്റെ തിരിച്ചടി നേരിടുന്നത് കര്‍ഷകരാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ആറ് മാസം കഴിഞ്ഞാലെ പുതിയ ബോര്‍ഡ് അധികാരത്തില്‍ വരാന്‍ സാദ്ധ്യതയുള്ളു. കാലിത്തീറ്റയുടെ നിര്‍ത്തലാക്കിയ സബ്സിഡി പുന:സ്ഥാപിക്കാന്‍ പുതിയ ബോര്‍ഡ് നിലവില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയിലെയും മലമ്പുഴയിലെയും പ്ലാന്റുകളിലാണ് മില്‍മ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്നത്. ഓരോ പ്ലാന്റിലും 6000 ടണ്‍ ഉല്‍പ്പാദനശേഷിയുണ്ട്. പത്ത് ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിന് ഏഴ് കിലോഗ്രാം കാലിത്തീറ്റയെങ്കിലും നല്‍കേണ്ടതുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിനാല്‍, മില്‍മ ക്ഷീരകര്‍ഷകരെ സഹായിക്കുന്ന വിധത്തില്‍ സബ്സിഡി പുന;സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News