ബി.പി.സി.എല്‍.സ്വകാര്യവത്കരണംതത്ക്കാലമില്ല

[mbzauthor]

– പി.ആര്‍. പരമേശ്വരന്‍
( സാമ്പത്തിക വിദഗ്ധനും
മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്ററും )

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സാമ്പത്തിക പുനസ്സംഘടനാ പാക്കേജില്‍ പ്രധാനപ്പെട്ട ഒന്നാണു പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം. 1.64 ലക്ഷം കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍സംരംഭങ്ങളുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിലൂടെ ലക്ഷ്യമിട്ടത്. കോവിഡ് മഹാമാരി മൂലം ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം എയറിന്ത്യാ വില്‍പ്പനയിലൂടെ വര്‍ഷങ്ങളായി കടബാധ്യതയേറുന്ന ഒരു കമ്പനിയെ കേന്ദ്ര സര്‍ക്കാരിനു കൈയൊഴിയാനായി. തുച്ഛമായ വിലയ്ക്കാണു കേന്ദ്രം ടാറ്റയ്ക്കു എയറിന്ത്യയുടെ ഉടമസ്ഥത കൈമാറിയതെന്ന് ആരോപണമുണ്ട്. 18,000 കോടിയുടേതായിരുന്നു ഇടപാട്. ഇതില്‍ 2700 കോടി രൂപ കേന്ദ്രത്തിനു പണമായി നല്‍കണം. ബാക്കി 15,300 കോടി രൂപ എയറിന്ത്യയുടെ കടബാധ്യത ഏറ്റെടുക്കുന്നതിലുള്ള ബാധ്യതയാണ്. ഇതിനു പിന്നാലെ 2022-23 ല്‍ 64,000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാനാണു കേന്ദ്രം ലക്ഷ്യമിട്ടത്. അതില്‍ പ്രധാനപ്പെട്ട ഇടപാട് ബി.പി.സി.എല്ലിന്റെ ( ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) സ്വകാര്യവത്കരണമായിരുന്നു. എന്നാല്‍, ഈ വര്‍ഷം മെയ് അവസാനം ഇതിനായി താല്‍പ്പര്യപത്രം നല്‍കിയ മൂന്നു കമ്പനികളില്‍ രണ്ടെണ്ണവും പിന്‍വാങ്ങിയതോടെ കേന്ദ്രം ബി.പി.സി.എല്‍. സ്വകാര്യവത്കരണ നടപടികള്‍ തത്ക്കാലം നിര്‍ത്തിവെച്ചു. യുക്രൈന്‍ യുദ്ധവും ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതത്വവും പെട്രോളിയം മേഖലയിലെ ലഭ്യതാശൃംഖലയില്‍ വന്ന ചങ്ങല മുറിയലുമാണ് ഈ തിരിച്ചടിക്കു കാരണമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി-ഓഹരി വിറ്റഴിക്കല്‍ വകുപ്പിന്റെ വിശദീകരണം. എന്നാല്‍, ഇതു യാഥാര്‍ഥ്യത്തിന്റെ പാതിയേ ആകൂ. ഈ പിന്‍വാങ്ങലിന്റെ കാരണങ്ങള്‍ കൂടുതല്‍ ആഴമേറിയതാണ്.

കേരളത്തിന്റെ കാര്യമെടുത്താല്‍ കൊച്ചി വ്യവസായമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണു ബി.പി.സി.എല്‍. കേന്ദ്ര സര്‍ക്കാരിന്റെ നവരത്‌ന സംരംഭങ്ങളില്‍ ഒന്നുമാണിത്. ലാഭത്തില്‍ നടക്കുന്ന ബി.പി.സി.എല്ലിന്റെ സ്വകാര്യവത്കരണം തൊഴിലാളി യൂണിയനുകളുടെയും ബി.ജെ.പി. ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനിടയിലാണു കേന്ദ്രം നടപ്പാക്കാന്‍ തുനിഞ്ഞത്. ഇപ്പോള്‍ അതു വേണ്ടെന്നുവെച്ചത് അതുകൊണ്ടൊന്നുമല്ലെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളില്‍ പൊതുമേഖലയില്‍ രണ്ടാം സ്ഥാനത്തുള്ള ബി.പി.സി.എല്ലിന്റെ സ്ഥാനം ആകെയെടുത്താല്‍ മൂന്നാമതാണ്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണശാലയായ ജാംനഗറിലെ ( ഗുജറാത്ത് ) റിലയന്‍സ് പെട്രോ കെമിക്കല്‍ യൂണിറ്റാണ് ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. കൊച്ചി റിഫൈനറി ബി.പി.സി.എല്ലിന്റെ ഉടമസ്ഥതയിലാണ്. 155 ലക്ഷം ടണ്ണാണ് ഇതിന്റെ ശുദ്ധീകരണശേഷി. കൂടാതെ, 120 ലക്ഷം ടണ്‍ ശേഷിയുള്ള മുംബൈ എണ്ണ ശുദ്ധീകരണശാല, 78 ലക്ഷം ടണ്‍ ശേഷിയുള്ള മധ്യപ്രദേശിലെ ബിനാ യൂണിറ്റ് എന്നിവയാണു ബി.പി.സി.എല്ലിന്റെ മറ്റു സുപ്രധാന സംരംഭങ്ങള്‍. പെട്രോള്‍, ഡീസല്‍ വിതരണ രംഗത്തും ഇവര്‍ മുന്‍പന്തിയിലുണ്ട്. 20,088 പെട്രോള്‍ പമ്പുകള്‍, 6220 എല്‍.പി.ജി. ഏജന്‍സികള്‍, ആകെയുള്ള 270 സ്റ്റേഷനുകളില്‍ 60 വിമാന ഇന്ധന വിതരണ യൂണിറ്റുകള്‍ എന്നിങ്ങനെ ആരും കൊതിക്കുന്ന, ലാഭമുണ്ടാക്കുന്ന കമ്പനിയാണിത്. ബി.പി.സി.എല്ലിന്റെ കൊച്ചി യൂണിറ്റില്‍ത്തന്നെ പെട്രോളിയം ഉപോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള വികസന പദ്ധതികള്‍ക്കു തുടക്കമിട്ടതും അടുത്തിടെയാണ്.

അനില്‍ അഗര്‍വാളിന്റെ വേദാന്ത, അവരുടെതന്നെ ലണ്ടന്‍ കേന്ദ്രീകരിച്ച വേദാന്ത റിസോഴ്‌സസ് ഇന്റര്‍നാഷണലുമായി ചേര്‍ന്നു രൂപവത്കരിച്ച ഒരു പ്രത്യേകോദ്ദേശ്യ സംരംഭവും അപ്പോളോ മാനേജ്‌മെന്റ്, ഐസ്്ക്വയേഡ് കാപ്പിറ്റലിന്റെ തിങ്കി ഗ്യാസ് എന്നിവയുമാണു ബി.പി.സി.എല്‍. ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യമെടുത്തത്. ഇന്ത്യയില്‍ ഖനന, ചെമ്പുരുക്ക് ഉല്‍പ്പാദന മേഖലകളില്‍ സാന്നിധ്യമുള്ള വേദാന്തക്കായിരുന്നു സാധ്യത കൂടുതലും. എന്നിട്ടും രണ്ടു കമ്പനികള്‍ അവസാന നടപടികളോടടുത്തപ്പോള്‍ അവരുടെ ഉദ്യമത്തില്‍ നിന്നു പിന്മാറി. ഇതോടെയാണു കേന്ദ്ര സര്‍ക്കാര്‍ ബി.പി.സി.എല്‍. സ്വകാര്യവത്കരണ നടപടികള്‍ തത്ക്കാലം നിര്‍ത്തിവെച്ചത്. രാജ്യത്തു പെട്രോള്‍, ഡീസല്‍ വിതരണ രംഗത്തു നിലനില്‍ക്കുന്ന ആശങ്കകളാണു, പ്രത്യേകിച്ചും വില സംബന്ധിച്ച്, ഈ പിന്‍വാങ്ങലിനു കാരണം.

നാട്ടില്‍ കൊടുത്താല്‍
കൈപൊള്ളും

ഊര്‍ജാവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയില്‍ 85 ശതമാനത്തിനും രാജ്യം ആശ്രയിക്കുന്നത് ഇറക്കുമതിയെയാണ്. ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ ഏറ്റവും ഭീമമായ തുകയും ക്രൂഡോയില്‍ ഇറക്കുമതിക്കാണ്. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ റെക്കോഡ് കൈവരിച്ചു. 2021 ഏപ്രിലിനും 2022 മാര്‍ച്ചിനുമിടയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയും മറ്റു പെട്രോളിയം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്ത് ഇന്ത്യ നേടിയതു 42,200 കോടി ഡോളറാണ്. കയറ്റുമതിയില്‍ നിന്നു രാജ്യം നേടിയ പത്തു ഡോളറില്‍ ഒരു ഡോളര്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതിയില്‍ നിന്നാണെന്നര്‍ഥം. എന്നാല്‍, ഈ കയറ്റുമതിവരവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ പങ്ക് നിസ്സാരമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നില്‍ ജാംനഗറിലെ റിലയന്‍സ് പെട്രോ കെമിക്കല്‍സാണ്. രണ്ടാം സ്ഥാനത്തു റഷ്യന്‍ സംയുക്ത സംരംഭമായ റോസ്‌നെഫ്റ്റിന്റെ നയാരാ എനര്‍ജിയാണ്. റോസ്‌നെഫ്റ്റിനു ഗുജറാത്തിലെ വഡിനാറിലാണ് എണ്ണശുദ്ധീകരണശാലയുള്ളത്. ഇവ രണ്ടും പെട്രോളും ഡീസലുമാണു പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര വിപണിയിലേക്കുള്ള പെട്രോള്‍, ഡീസല്‍ വിഹിതം കുറച്ചുകൊണ്ടാണു ഇവ ഈ നേട്ടം കൈവരിക്കുന്നത്. കാരണം ലളിതം. ആഭ്യന്തര വിപണിയില്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ താഴ്ന്ന നിരക്കില്‍ പെട്രോളും ഡീസലും നല്‍കണം. കയറ്റുമതി ചെയ്യുമ്പോള്‍ അതു വേണ്ട. അതതു സമയത്തെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചുള്ള വര്‍ധനയും ലാഭവും ഈ കമ്പനികള്‍ക്കു കിട്ടും.
രാജ്യത്തു പെട്രോള്‍, ഡീസല്‍ വിലകള്‍ വിപണിവിലയ്ക്കനുസരിച്ച് ഉല്‍പ്പാദകര്‍ക്കു നിശ്ചയിക്കാമെന്നാണു നിയമം. എന്നാല്‍, ആഭ്യന്തര വിപണിയില്‍ പൊതുമേഖലാ കമ്പനികള്‍ നിശ്ചയിച്ച വിലയ്ക്കാണു സ്ഥാനം. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 121 ദിവസത്തേക്കാണ്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനു വില കൂടിയിട്ടും, ആഭ്യന്തര വിപണിയില്‍ ഒരു മാറ്റവും വരാതിരുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ ശുദ്ധീകരണശാലക്കാരായ റിലയന്‍സിനും നയാര എനര്‍ജിക്കും പെട്രോളും ഡീസലും കയറ്റിയയക്കാനാണു താല്‍പ്പര്യം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കയറ്റുമതിയില്‍ 10 മുതല്‍ 20 ശതമാനം വരെയേ പങ്കുള്ളു. അതില്‍ കൂടുതലും നാഫ്തയും ഫര്‍ണസ് ഓയിലും ലൂബ്രിക്കന്റ്‌സുമാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിനു ലിറ്ററിനു 13 രൂപവരെയും ഡീസലിനു 24 രൂപവരെയും നഷ്ടം സഹിച്ചാണു പലപ്പോഴും വില നിശ്ചയിക്കുന്നത്. യുക്രൈന്‍ യുദ്ധം തുടരുന്നതിനാല്‍ ഇന്ത്യയുടെ പെട്രോളിയം കയറ്റുമതിക്കു സാധ്യതകള്‍ വര്‍ധിച്ചുവരികയും ചെയ്യും.

ബി.പി.സി.എല്‍. സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സ്വകാര്യ സംരംഭകര്‍ക്കു താത്പര്യമില്ലാത്തതിന്റെ കാരണവും ഈ അന്തരം തന്നെ. കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തങ്ങളാല്‍ നിയന്ത്രിക്കുന്നില്ലെന്നാണു പൊതുവേ പുലര്‍ത്തുന്ന നിലപാട്. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴി പിന്‍സീറ്റ് നിയന്ത്രണമാണ് ആഭ്യന്തര വിപണിയില്‍. അതുകൊണ്ടുതന്നെ ഇന്ധനമേഖലയിലെങ്കിലും കേന്ദ്രം ഉറച്ച തീരുമാനമെടുക്കണം. പരിഷ്‌കരണമോ സര്‍ക്കാര്‍ നിയന്ത്രണമോ, ശുദ്ധീകരണം കയറ്റുമതിക്കോ ആഭ്യന്തര വിപണിക്കോ, വിപണിവിലയോ അതോ സര്‍ക്കാര്‍ നിയന്ത്രിത വിലയോ ? ഇക്കാര്യങ്ങളില്‍ തീരുമാനമാവാതെ നവരത്‌ന കമ്പനികളില്‍പ്പെട്ട എണ്ണക്കമ്പനികളുടെ സ്വകാര്യവത്കരണം നടപ്പാകാന്‍ സാധ്യത വിരളമാകും.

എല്‍.ഐ.സി.
ഓഹരിവില
12 ശതമാനം താഴെ

വിശ്വാസ്യത, ഭദ്രത, പ്രീമിയം വരവിലും വര്‍ധനയിലും ബഹുദൂരം മുന്നില്‍, ഇടപാടുകാരുടെ എണ്ണത്തിലും മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേക്കാള്‍ മുന്നില്‍. എന്നിട്ടും ഓഹരിവിപണിയില്‍ എല്‍.ഐ.സി.യുടെ പ്രകടനം നിക്ഷേപകര്‍ക്ക് ആഹ്‌ളാദം പകരുന്നതായില്ല. ഒരോഹരിക്കു 949 രൂപ എന്ന നിരക്കില്‍ ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും ഡിസ്‌കൗണ്ടുണ്ടായിരുന്നു. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരി ഒന്നിനു ജൂണ്‍ പത്തിനു 12 ശതമാനത്തിലേറെ താഴ്ന്ന് 709 രൂപ മാത്രം മൂല്യം. നിക്ഷേപകര്‍ക്ക് ആകെ നഷ്ടം 1400 കോടിയിലേറെ രൂപവരും. പൊതുവെയുള്ള ഓഹരിവിപണിയുടെ ഇടിവിലും എല്‍.ഐ.സി.യുടെ നില കൂടുതല്‍ ദയനീയമാണ്. ഇത്രയേറെ പോളിസി കരുത്തോ വിശ്വാസ്യതയോ ഭദ്രതയോ ഇല്ലാത്ത സ്വകാര്യ ഇന്‍ഷുറന്‍സ് ഓഹരികള്‍ എല്‍.ഐ.സി.യേക്കാള്‍ ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവെക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പൊതുനന്മയുടെ ഭാരത്തില്‍ ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത്തരമൊരു ഭാരമില്ലല്ലോ ? റെയില്‍വേ വികസനത്തിനും റോഡു നിര്‍മാണത്തിനും ക്ഷീണിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ രക്ഷയ്ക്കും പലപ്പോഴും എല്‍.ഐ.സി.യുടെ കരുതല്‍ നിക്ഷേപമാണു പൊതുനന്മക്കായി ഉപയോഗിക്കുന്നത്. ഓഹരിവിപണിയുടെ ലാഭക്കണ്ണില്‍ പൊതുനന്മ ഒരു ഘടകമേയല്ലല്ലോ ?

ഒരു സുപ്രീം
കോടതിവിധിയും
ജി.എസ്.ടി.യും

അഹമ്മദാബാദിലെ ഒരു ഇറക്കുമതിസ്ഥാപനം തങ്ങളുടെ അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിക്കു കേന്ദ്രം അധികനികുതി ചുമത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ജി.എസ്.ടി. നടത്തിപ്പിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും പുനരാലോചന ആവശ്യപ്പെടുംവിധം വിവാദമായിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനു നിയമസാധുതയില്ലെന്നു വ്യക്തമാക്കിയ വിധിയില്‍ ജി.എസ്.ടി.സമിതി തീരുമാനങ്ങള്‍ക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളുവെന്നും സമിതിയുടെ തീരുമാനങ്ങള്‍ ശരിവെക്കാനും ഭേദഗതിയോടെ അംഗീകരിക്കാനും പാര്‍ലമെന്റിനും അതതു സംസ്ഥാന നിയമസഭകള്‍ക്കും തുല്യാവകാശങ്ങളുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 279 ( എ ) വകുപ്പുപ്രകാരം നികുതി സംബന്ധമായ തീരുമാനങ്ങളെടുക്കാന്‍ അധികാരം പാര്‍ലമെന്റിനും അതതു നിയമസഭകള്‍ക്കുമാണെന്ന് അടിവരയിട്ടു പ്രഖ്യാപിക്കുകയാണ് ഈ വിധി ചെയ്തത്.

ജി.എസ്.ടി. സംബന്ധിച്ച തീരുമാനങ്ങളില്‍ കേന്ദ്രം അമിതാധികാരം എടുക്കുന്നു, പലപ്പോഴും സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍പോലും കണ്ടില്ലെന്നു നടിക്കുന്നു എന്ന ആക്ഷേപം ഉയരുമ്പോഴാണ് ഈ സുപ്രീംകോടതിവിധി വന്നത്. വിധിക്കാധാരമായ കേസ് വെറും നികുതിത്തര്‍ക്കമാണ്. ഇറക്കുമതിച്ചെലവിന്മേല്‍ കേന്ദ്രം ചുമത്തുന്ന സി.ജി.എസ്.ടി.ക്കു പുറമേ വിദേശസ്ഥാപനം ചരക്കു കയറ്റിയതിനുള്ള നിരക്കിന്മേല്‍ സര്‍വീസ് ചാര്‍ജും ചുമത്തിക്കൊണ്ടുള്ള കേന്ദ്ര തീരുമാനം ഇരട്ട നികുതിക്കു തുല്യമാണെന്നും ഇത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു മോഹിത് മിനറല്‍സ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈയാവശ്യം അംഗീകരിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്രം നല്‍കിയ അപ്പീലില്‍ ഇങ്ങനെ നികുതി ചുമത്താന്‍ കേന്ദ്രത്തിന് എല്ലാ അധികാരവുമുണ്ടെന്നുള്ള പരാമര്‍ശമാണ് ഏറെ വിവാദം സൃഷ്ടിച്ച നിരീക്ഷണങ്ങള്‍ക്കു കാരണമായത്.

തമിഴ്‌നാടും കേരളവും ബംഗാളുമുള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിവിധി തങ്ങളുടെ പരാതികള്‍ ശരിവെക്കുന്നതാണെന്നു പ്രഖ്യാപിച്ചതാണു വിവാദത്തിനിടയാക്കിയത്. കേന്ദ്ര സര്‍ക്കാരാവട്ടെ വിധിയില്‍ പുതുതായൊന്നുമില്ലെന്നും ഭരണഘടനയിലും ജി.എസ്.ടി. ആക്ടിലും ഉറപ്പാക്കുന്ന പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും പരമാധികാരം ഉറപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും പ്രസ്താവിച്ച് വഴുതിമാറുകയാണു ചെയ്യുന്നത്. ജി.എസ്.ടി. നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാര കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടണമെന്നു പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതിനിടെയാണ് ഈ വിധി വന്നത്.

നികുതിനിര്‍ണയ
അവകാശം നഷ്ടമായി

ജി.എസ്.ടി. നിയമത്തോടെ സ്വതന്ത്രമായി ചരക്കുകളിലും സേവനങ്ങളിലും സ്വന്തം ബോധ്യങ്ങളില്‍ നികുതി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം ഇല്ലാതായി. ഒപ്പംതന്നെ കേന്ദ്രത്തിനും ഇക്കാര്യത്തിലുള്ള പരമാധികാരം നഷ്ടപ്പെട്ടിട്ടുണ്ട്. മദ്യം, പെട്രോള്‍, ഡീസല്‍, വൈദ്യുതി എന്നിവയുടെ നിരക്കിന്മേല്‍ നികുതി ചുമത്താനേ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുള്ളു. ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി.എസ്.ടി. യാഥാര്‍ഥ്യമാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴേ ഇക്കാര്യങ്ങള്‍ സുവ്യക്തമായിരുന്നു. ജി.എസ്.ടി. സമിതിയുടെ തീരുമാനങ്ങള്‍ പൊതുസമ്മതത്തോടെയാവണം, വോട്ടെടുപ്പ് കഴിയുന്നത്ര ഒഴിവാക്കണം എന്നാണു നിയമനിര്‍മാണസമയത്തുണ്ടായിരുന്ന ഏക ലക്ഷ്യം. ഇത് ഒട്ടൊക്കെ യാഥാര്‍ഥ്യമാവുന്ന രീതിയിലാണു ജി.എസ്.ടി.സമിതിയുടെ പ്രവര്‍ത്തനങ്ങള്‍.

അതേസമയം, ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കു കുറവു വരുന്ന നികുതിക്കു നഷ്ടപരിഹാരം നല്‍കാന്‍ ഒരു സൂത്രവാക്യം ആദ്യമേ അംഗീകരിച്ചിരുന്നു. ഇതിനായി കേന്ദ്രം പ്രത്യേക കോമ്പന്‍സേഷന്‍ സെസ്സ് ചുമത്തി പ്രത്യേക ഫണ്ടു രൂപവത്കരിക്കുന്നുണ്ട്. കോമ്പന്‍സേഷന്റെ കാലപരിധി രണ്ടു വര്‍ഷംകൂടി നീട്ടണമെന്നും ആദ്യം വിഭാവനം ചെയ്ത അഞ്ചുവര്‍ഷപരിധിയില്‍ രണ്ടു വര്‍ഷം കോവിഡ് മഹാമാരിമൂലം വരുമാനമില്ലായ്മയില്‍ ക്ലേശിച്ച് നഷ്ടപ്പെട്ട ഈ കാലപരിധികൂടി ചേര്‍ക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിലും രാഷ്ട്രീയ പരിഗണനകള്‍ കടന്നുവരുന്നതിനാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതില്‍ പിടിവാശി കാണിക്കുന്നില്ല. തുടക്കത്തില്‍ വിഭാവനം ചെയ്ത അഞ്ചുവര്‍ഷ കാലാവധി ഈ ജൂലായില്‍ തീരും. കേന്ദ്രം ഇനിയും ഈ പരിധി നീട്ടാന്‍ ഒരുക്കമല്ല. ഇതിനു മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ കുടിശ്ശികയും ( ഇതു 86,912 കോടി രൂപ വരും ) കേന്ദ്രം വിതരണം ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ 30 വരെയാണു നഷ്ടപരിഹാരത്തിനു സംസ്ഥാനങ്ങള്‍ക്ക് അവകാശം. സംസ്ഥാനങ്ങളെപ്പോലെത്തന്നെ തങ്ങള്‍ക്കും കോവിഡ് നിഷ്‌ക്രിയത്വം മൂലം വരുമാനനഷ്ടം ഉണ്ടായെന്നും രണ്ടു വര്‍ഷങ്ങളിലായി 2.6 ലക്ഷം കോടി രൂപയോളം പൊതുവിപണിയില്‍ നിന്നു കടമെടുത്താണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അവകാശമില്ലെങ്കിലും 2025-26 വരെ കോമ്പന്‍സേഷന്‍ സെസ്സ് കേന്ദ്രം പിരിക്കും. ഇതുവരെ കോമ്പന്‍സേഷന്‍ നല്‍കാനായി കേന്ദ്രം കടമെടുത്ത പണം തിരിച്ചുനല്‍കാനാണ് ഈ സെസ്സ് തുടരുന്നത് എന്നു കേന്ദ്രം വ്യക്തമാക്കുന്നു.

എന്തായാലും, കക്ഷിരാഷ്ട്രീയത്തിനതീതമായി സഹകരണാത്മകവും പങ്കാളിത്തഭാവത്തോടും കൂടിയുള്ള പ്രവര്‍ത്തനത്തിലൂടെ ജി.എസ്.ടി.സമിതിയില്‍ തുറന്ന ചര്‍ച്ചകളും സമവായവും ഭദ്രമായ ജി.എസ്.ടി നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. ജി.എസ്.ടി. തീരുമാനങ്ങളില്‍ ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ കണ്ട തുറന്ന അഭിപ്രായങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളില്‍ ദൃശ്യമല്ലെന്നുള്ളത് അനുഭവസാക്ഷ്യമാണ്. 2018 മുതല്‍ കേന്ദ്രവിഹിതം നിര്‍ണയിക്കുന്നതിലും ജി.എസ്.ടി. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും കേന്ദ്രത്തിന്റെ വല്യേട്ടന്‍ മനോഭാവം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നു സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജി.എസ്.ടി.സമിതിയില്‍ സമവായമുണ്ടായില്ലെങ്കില്‍, വോട്ടിംഗ് വേണ്ടിവന്നാല്‍, കേന്ദ്രത്തിന്റെ വോട്ടിനു മൂന്നിലൊന്നും സംസ്ഥാനങ്ങള്‍ക്കാകെ മൂന്നില്‍ രണ്ടും മൂല്യമേയുള്ളുവെന്നതു ഫെഡറല്‍ മൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കുന്നതല്ല. എന്നാല്‍, കഴിയുന്നത്ര തീരുമാനങ്ങള്‍ വോട്ടിംഗ് വരെ പോകാതെ സമവായത്തിലൊതുങ്ങിയാല്‍ ഈയൊരു പരാതി ഇല്ലാതാകും. അതിനു ജി.എസ്.ടി. അജണ്ട തീരുമാനിക്കുന്നതിലും ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കു വര്‍ധിച്ച പങ്കാളിത്തം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഏതായാലും, കോമ്പന്‍സേഷന്‍ കാലാവധി തീര്‍ന്ന ജൂണ്‍ മുതല്‍ ജി.എസ്.ടി. പരീക്ഷണത്തില്‍ പുതിയൊരു അധ്യായമാണ് ആരംഭിക്കുക. കക്ഷിരാഷ്ട്രീയഭേദങ്ങള്‍ക്കതീതമായി സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്രവും കേന്ദ്രത്തിന്റെ പ്രഥമസ്ഥാനം അംഗീകരിക്കാന്‍ സംസ്ഥാനങ്ങളും തയാറായാല്‍ ജി.എസ്.ടി. നടത്തിപ്പ് സുഗമമായിത്തന്നെ മുന്നേറും.

നിരക്കുയര്‍ത്തി
ആര്‍.ബി.ഐ.

പ്രതീക്ഷിച്ചതുപോലെ ജൂണ്‍ എട്ടിനവസാനിച്ച നാണ്യനയസമിതി തീരുമാനപ്രകാരം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അടിയന്തരമായി പണം ലഭ്യമാക്കുന്നതിനുള്ള പലിശനിരക്ക് അര ശതമാനം വര്‍ധിപ്പിച്ചു. മേയില്‍ ക്രമം വിട്ട ഒരു സമിതിയോഗത്തിനുശേഷം 0.4 ശതമാനം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനാല്‍ ഇപ്പോഴത്തെ നിരക്ക് 4.9 ശതമാനമാണ്. പണപ്പെരുപ്പം അറുതി കാണാതെ വര്‍ധിക്കുന്നതിനാല്‍ പണലഭ്യത കുറച്ച് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണു റിസര്‍വ് ബാങ്ക്. പണപ്പെരുപ്പത്തിന്റെ പോക്ക് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലേ മയപ്പെടൂ എന്നാണു റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ആദ്യത്തെ മൂന്നു പാദങ്ങളില്‍ 7.1, 7.3, 7.4 എന്നിങ്ങനെ തുടരുന്ന പണപ്പെരുപ്പം അവസാന പാദമാകുമ്പോഴേക്കും 6.2 എന്ന തോതില്‍ മയപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ.

പെട്രോള്‍, ഡീസല്‍വില, വൈദ്യുതിച്ചാര്‍ജ്, ധാന്യങ്ങളും ഭക്ഷ്യഎണ്ണയുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ആഗോള സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടുള്ള അനിശ്ചിതത്വവും മാന്ദ്യവും, വികസിതരാജ്യങ്ങളെപ്പോലും ബാധിച്ച അനിയന്ത്രിതമായ പണപ്പെരുപ്പം, വിദേശവിപണിയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ മൂല്യം കുറയുന്ന രൂപ, വര്‍ധിച്ചുവരുന്ന വ്യാപാരശിഷ്ടം എന്നിങ്ങനെ രാജ്യത്തെ നേരിടുന്ന പ്രതിബന്ധങ്ങള്‍ക്ക് ഒരു ശമനത്തിന് അല്‍പ്പം കാത്തിരിക്കേണ്ടിവരുമെന്നുതന്നെയാണു വിദഗ്ധരുടെ അഭിപ്രായം.

പണലഭ്യത കുറച്ചാല്‍
മാത്രം പോരാ

അതേസമയം, പണലഭ്യത കുറച്ചതുകൊണ്ടുമാത്രം പണപ്പെരുപ്പം നേരിടാനാവില്ലെന്നു കരുതുന്നുവരുണ്ട്. വികസിതരാജ്യങ്ങളില്‍ നിന്നു ഭിന്നമായി ഇന്ത്യയുടെ പണപ്പെരുപ്പത്തിനു കാരണം ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യതയില്‍ വരുന്ന പ്രതിബന്ധങ്ങളാണ്. പണലഭ്യത കുറഞ്ഞതുകൊണ്ടുമാത്രം ഇവിടെ സ്ഥിതി മെച്ചപ്പെടില്ല എന്നാണ് ഇവരുടെ വാദം. ഏതായാലും, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ആറു രൂപയും ഒമ്പതു രൂപയും പ്രകാരം നികുതി കുറച്ച് ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാന്‍ നടപടിയായിട്ടുണ്ട്. ഭക്ഷ്യമേഖലയിലാകട്ടെ ഗോതമ്പിന്റെ ആഗോളവിപണി യിലെ വര്‍ധിച്ച ആവശ്യം മുന്‍നിര്‍ത്തി കയറ്റുമതി നിയന്ത്രിക്കാന്‍ ഗോതമ്പു കയറ്റുമതിതന്നെ നിരോധിച്ചു. അടുത്തുതന്നെ അരിയുടെയും പരുത്തിയുടെയും കയറ്റുമതിയും നിരോധിക്കുമെന്നു വാര്‍ത്തകളുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഉരുക്കിനു ഡിമാന്റുയര്‍ന്നത് ആഭ്യന്തര വിപണിയിലും ഉരുക്കിന്റെ വിലയുയര്‍ത്തി. ഏതായാലും, ഉരുക്കിന്റെ ക്ഷാമം ആഭ്യന്തര ആവശ്യങ്ങളെ ബാധിക്കരുതെന്നു കണക്കുകൂട്ടി ഉരുക്കിനു 15 ശതമാനം കയറ്റുമതിനികുതിയും ചുമത്തി. ആഭ്യന്തര സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചാണു റിസര്‍വ് ബാങ്കും റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയത്. ആഗസ്റ്റിലെ അടുത്ത നാണ്യനയസമിതി യോഗത്തിലും ഇതേഗതി തുടരാനാണു സാധ്യത. കോവിഡ് മഹാമാരിക്കു രണ്ടു കൊല്ലം മുമ്പുള്ള റിപ്പോ നിരക്കായ 5.15 ശതമാനത്തിലേക്കു വായ്പാനിരക്കുകള്‍ ഉയര്‍ത്താനാണു സാധ്യത.

കയറ്റുമതി നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ വ്യാപാരശിഷ്ടത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 2021-22 സാമ്പത്തികവര്‍ഷാവസാനം ഇന്ത്യയുടെ വ്യാപാരശിഷ്ടം 19,070 കോടി ഡോളറാണ്. 2013 ലെ 19,030 കോടി ഡോളര്‍ എന്നതിനെയും മറികടക്കുന്നതായി ഇത്. 2020-21 സാമ്പത്തികവര്‍ഷം വ്യാപാരശിഷ്ടം 10,260 കോടി ഡോളര്‍ മാത്രമായിരുന്നു എന്നോര്‍ക്കണം. കയറ്റുമതിയേക്കാള്‍ ഇറക്കുമതിച്ചെലവു വര്‍ധിച്ച് വ്യാപാരശിഷ്ടത്തില്‍ 85.8 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ഇറക്കുമതി ഇരട്ടിയോളമാണു വര്‍ധിച്ചത്.

ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഗോതമ്പ്, പഞ്ചസാര, ഉരുക്ക് എന്നിവയാണ്. ഇറക്കുമതിയാവട്ടെ ക്രൂഡോയില്‍, പ്രകൃതിവാതകം, കല്‍ക്കരി, രാസവളം എന്നിവയും. ഇറക്കുമതിവസ്തുക്കളുടെ വില അനുദിനം വര്‍ധിച്ചുവരുന്ന പ്രവണതയാണു 2022ല്‍ കണ്ടുവരുന്നത്. ഇന്ത്യയുടെ പെട്രോളിയം കയറ്റുമതിയില്‍ കാര്യമായ വര്‍ധന കാണപ്പെടുന്നുണ്ടെങ്കിലും ഇതിനാവശ്യമായ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന പോരായ്മയുണ്ട്. ഉരുക്കിന്റെയും മറ്റും കാര്യത്തില്‍ ഇത്തരമൊരു പ്രതിബന്ധമില്ല.

പലിശഭാരം
കൂടും

റിസര്‍വ് ബാങ്ക് നിരക്കുകളുയര്‍ത്തിയതോടെ ഭവന, വാഹന വായ്പകളുള്‍പ്പെടെ ചെറുകിട വ്യവസായങ്ങള്‍ക്കും മറ്റു ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പലിശഭാരം വര്‍ധിക്കുകയേയുള്ളു. മേയില്‍ റിപ്പോ നിരക്കില്‍ 0.4 ശതമാനം വര്‍ധന വരുത്തിയപ്പോള്‍ റീട്ടെയില്‍, ചെറുകിട വ്യവസായ സംരംഭകരുടെ വായ്പകളുടെ പലിശഭാരം 12,152 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പഠനം പറയുന്നു. റിപ്പോനിരക്ക് നൂറില്‍ ഒന്നു വര്‍ധിക്കുമ്പോള്‍ സാധാരണ വായ്പകളുടെ പലിശഭാരം 305 കോടിവെച്ചാണ് ഉയരുക. ഈ പലിശഭാരം മുഴുവന്‍ ഉപഭോക്താക്കളിലേക്കു കൈമാറുമ്പോള്‍ ജീവിതച്ചെലവുയര്‍ന്ന് പണപ്പെരുപ്പവും കഷ്ടപ്പാടും വര്‍ധിക്കുകയാവും ഫലം. ഡോളറുമായി രൂപയുടെ വിനിമയമൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ വില കുറയുന്ന രൂപ ഇന്ത്യയുടെ ഇറക്കുമതിച്ചലവ് ഉയര്‍ത്തുകയേയുള്ളു. ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലം വിദേശ ഓഹരി നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു വന്‍തോതില്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം പിന്‍വലിക്കുന്നതും അടുത്ത ഒരു കൊല്ലത്തേക്കു തിരിച്ചടിയാവും.

[mbzshare]

Leave a Reply

Your email address will not be published.