ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം; സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണം
കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (സര്‍വ്വീസ് സഹകരണ ബാങ്ക്) പേരിനോടൊപ്പം ‘ബാങ്ക്’ എന്ന വാക്കും ചെക്കും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടി വരുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വ്യക്തത തേടണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചേരി, സെക്രട്ടറി വി.കെ ഹരികുമാര്‍ എന്നിവര്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും വകുപ്പ് സെക്രട്ടറിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രാഥമിക വായ്പാ കാര്‍ഷിക സഹകരണ സംഘങ്ങള്‍ പേരിനോടൊപ്പം ‘ബാങ്ക്’ എന്ന വാക്കും ചെക്കും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടി വരുമെന്ന സഹകരണ മന്ത്രിതന്നെ പറഞ്ഞതായി വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ആര്‍.ബി.ഐ ലൈസന്‍സില്ലാത്ത പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവക്ക് ‘ബാങ്ക്’ എന്ന വാക് ഉപയോഗിക്കാനോ, ചെക്ക് ഉപയോഗിക്കാനോ ഇനി മുതല്‍ കഴിയില്ലെന്നാണ് എം.എല്‍.എമാരുടെ ചോദ്യത്തിനുത്തരമായി മന്ത്രി പ്രതികരിച്ചത്.
പ്രാഥമിക വായ്പാ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേരും ചെക്കും ഉപയോഗിക്കാതിരുന്നാല്‍ ‘ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം’ ബാധകമാകില്ല. അതുകൊണ്ട് പ്രാഥമിക സഹകരണ ബാങ്കുകളും കാര്‍ഷിക വികസന ബാങ്കുകളും ബാങ്ക് എന്ന പേരും ഇടപാടുകള്‍ക്ക് ചെക്ക് നല്‍കുന്നതും ഒഴിവാക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വാസ്തവത്തില്‍ കഴിഞ്ഞ 2020 ജൂണ്‍ 26ന് പ്രാബല്യത്തില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം ജൂണ്‍ 29മുതല്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഈ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് പുതിയ തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. നിയമത്തില്‍ പറയാത്ത കാര്യങ്ങളാണ് പലരും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് ബാധകമല്ല. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് നിലവിലുള്ള രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ചെക്ക് കളക്ഷന്‍ നടത്തുന്നതിനും ഇനി മുതല്‍ സാധിക്കില്ല എന്ന തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പലരും നടത്തുന്നത്. അതിനിടയില്‍ മന്ത്രിയുടെതായ പ്രസ്താവനയും ഇതോടനുബന്ധിച്ച് പുറത്തു വരുന്നത് ഖേദകരമാണ്. ഇത് സഹകാരികളിലും പൊതു സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്. അര്‍ബന്‍ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയാണ് സഹകരണ ബാങ്കുകള്‍. എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഒന്നാണെന്ന രീതിയിലാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇവ രണ്ടും രണ്ടാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. കേരളത്തില്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് നിയമത്തില്‍ തന്നെ പരിരക്ഷയുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് കളക്ഷന്‍ നടത്തുന്നതിന് ആര്‍.ബി.ഐയുടെ അനുമതി വേണ്ട. ചെക്ക് ക്ലിയറിംഗിന് മുമ്പും അനുമതിയില്ല. കാരണം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ആര്‍.ബി.ഐ ലൈസന്‍സോ ബി.ആര്‍ ആക്‌റ്റോ ബാധകമല്ല. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ശക്തമായ സഹകരണ മേഖലയെ തകര്‍ക്കാനാണ് സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കില്ല എന്നും ഇതില്‍ ഒരു വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈയ്യില്‍ നിന്നും ഒരു ക്ലാരിഫിക്കേഷന്‍ വാങ്ങണമെന്നും കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെന്റര്‍ ഭാരവാഹികള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.