ഫിന്‍ടെക് മേഖലയില്‍ വന്‍ കുതിപ്പ്
സിദ്ധാര്‍ഥന്‍
സാങ്കേതികവിദ്യയുടെ കുതിപ്പ് നമ്മുടെ സാമ്പത്തിക ഇടപാടിന്റെ രീതിയാകെ മാറ്റിക്കഴിഞ്ഞു. കോവിഡ് വ്യാപനം ഇ – കൊമേഴ്‌സ് രംഗത്ത് വന്‍സാധ്യതയാണ് തുറന്നിട്ടത്. ഡിജിറ്റല്‍ ബാങ്കിങ് സഹകരണ മേഖലയിലും എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമം തുടങ്ങിയിരിക്കയാണ്.
ഡിജിറ്റല്‍ ഇക്കോണമി എന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രഖ്യാപിത നയമാക്കി മാറ്റിക്കഴിഞ്ഞു. എല്ലാവര്‍ക്കും അക്കൗണ്ടുണ്ടാക്കാനും ആ അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായും ആധാറുമായും ബന്ധിപ്പിച്ച് സുതാര്യമായ ഇടപാട് സാധ്യമാക്കാനുമുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെയായി. ‘ ഫിനാന്‍ഷ്യന്‍ ഇന്‍ക്ലൂഷന്‍ ‘ പ്രവര്‍ത്തനം ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുകയും അത് ഒരു പ്രചരണ പരിപാടിയായി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഗ്രാമീണതലത്തില്‍പ്പോലും ബാങ്കിങ് പ്രവര്‍ത്തനം ജനകീയമാക്കാന്‍ വഴിവെച്ചു. നോട്ട് നിരോധനത്തിനു ശേഷം പണമിടപാടുകളില്‍ വന്ന നിയന്ത്രണം ഡിജിറ്റല്‍ ഇക്കോണമിക്ക് പ്രാധാന്യം കൈവരുത്തി. ‘ മണി വാലറ്റുകള്‍ ‘ കൂട്ടത്തോടെ മൊബൈല്‍ ഫോണുകള്‍ കീഴടക്കി. പണമിടപാടില്‍ മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്ന സഹകരണ ബാങ്കുകള്‍പോലും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറാന്‍ തുടങ്ങി. കേരളത്തിലടക്കം പല സഹകരണ ബാങ്കുകളും ഇതിനായി സ്വന്തമായി ആപ്പ് തന്നെ തയാറാക്കിക്കഴിഞ്ഞു.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി എന്നത് ഇന്നൊരു പരിചിതമായ വാക്കു മാത്രമല്ല, അനിവാര്യമായ സാമ്പത്തിക ഇടപാടുരീതിയുടെ സാങ്കേതികനാമം കൂടിയാണ്. ഈ മേഖലയില്‍ ഇനിയുള്ള കാലത്ത് വലിയ സാധ്യതകളാണുള്ളതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ദുബായ് ആണ്. ഇതനുസരിച്ചാണ് ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഫോറം സംഘടിപ്പിക്കാന്‍ 2017 ല്‍ തീരുമാനിച്ചത്. 2017 നവംബറില്‍ നടന്ന പ്രഥമ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ 100 ദശലക്ഷം ഡോളര്‍ ഫണ്ടാണ് ദുബായ് ഫിന്‍ടെക് മേഖലയ്ക്കായി പ്രഖ്യാപിച്ചത്. ലണ്ടന്‍, ന്യുയോര്‍ക്ക്, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളാണ് ആഗോള ധനകാര്യ സേവന ഹബ്ബായി കണക്കാക്കുന്നത്. ഈ നഗരങ്ങളുടെ നിരയിലേക്ക് ദുബായിയേയും കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം. 2017 ല്‍ ‘ ദ ബാങ്കര്‍ ‘ മാഗസിന്‍ പുറത്തുവിട്ട അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്റര്‍ റാങ്കില്‍ ദുബായ് പത്താം സ്ഥാനത്തായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1750 കമ്പനികളാണ് ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ഫോറത്തിന്റെ രണ്ടു പതിപ്പുകള്‍ ഇതിനകം ദുബായ് സംഘടിപ്പിച്ചുകഴിഞ്ഞു. ഇതിനൊപ്പം, ഫിന്‍ടെക് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരാനുള്ള ദൗത്യത്തിലാണ്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന യു.കെ.യിലെ പ്രധാന കമ്പനിയാണ് സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പ്. ഇതുമായി ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളി സെന്റര്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഫിന്‍ടെക്, ഇന്‍ഷൂര്‍ടെക് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുകയാണ് ഈ സഹകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം. ദുബായ്, അബുദാബി, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫിനാന്‍ഷ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് വിവിധ പദ്ധതികളാണ് നിലവിലുള്ളത്.
കേരളവും ഒരുങ്ങുന്നു
ഫിന്‍ടെക് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് കേരളവും നടത്തുന്നത്. ബാങ്കിങ് ടെക്‌നോളജി രംഗത്ത് ഒട്ടേറെ സാധ്യതകള്‍ കേരളത്തിലുമുണ്ട്. പ്രത്യേകിച്ച് ചെറുകിട ബാങ്കിങ് രംഗത്ത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം പ്രാദേശിക ബാങ്കിങ് നെറ്റ് വര്‍ക്ക് കേരളത്തിലുണ്ട്. സഹകരണ ബാങ്കിങ് മേഖല ശക്തമായതുകൊണ്ടാണിത്. ഡിജിറ്റല്‍ ബാങ്കിങ് രംഗം സഹകരണ മേഖലയിലെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് വഴിവെക്കും. ഇത്തരം സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് ഇടപെടാനുള്ള ശ്രമമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്നത്. റീട്ടെയില്‍ ബാങ്കിങ് , ട്രാന്‍സാക്ഷന്‍ ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് തുടങ്ങിയ ബാങ്കിങ് മേഖലകളില്‍ ലോകത്തെ പ്രമുഖ ഫിനാന്‍ഷ്യല്‍ സാങ്കേതികവിദ്യാ സ്ഥാപനമായ ‘ഫിനസ്ട്ര’ യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, ഭാവി ധനകാര്യ മേഖലകളിലെ നൂതനമായ സാഹചര്യങ്ങളില്‍ സഹകരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയാണ് ഈ സഹകരണത്തിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്. റീട്ടെയില്‍ ബാങ്കിങ്, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍, വായ്പ കൊടുക്കല്‍, ട്രഷറി-ക്യാപിറ്റല്‍ വിപണികള്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ ഫിനസ്ട്രയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ലോകത്തിലെ നൂറു മുന്‍നിര ബാങ്കുകളില്‍ തൊണ്ണൂറും ഉപയോക്താക്കളായുള്ള ഫിനസ്ട്രയുടെ പ്രതിശീര്‍ഷ വരുമാനം 1,345 കോടി രൂപയാണ്. പതിനായിരത്തോളം ഉദ്യോഗസ്ഥരും ഒന്‍പതിനായിരത്തിലധികം ഉപഭോക്താക്കളും ഫിനസ്ട്രയ്ക്കുണ്ട്. നിലവിലുള്ള പ്രവര്‍ത്തന സംവിധാനവും ഉപഭോക്തൃ സേവന രീതികളും മെച്ചപ്പെടുത്താന്‍ ക്ലൗഡ് സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി തുടങ്ങിയ നൂതന സമ്പ്രദായങ്ങളാണ് ഫിനസ്ട്ര അവലംബിക്കുന്നത്.
മലയാളികളുടെ സംരംഭങ്ങള്‍ ഇതിനകംതന്നെ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗങ്ങളില്‍ പേരെടുത്തുകഴിഞ്ഞിട്ടുണ്ട്. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജി.യും എച്ച്.ടു. വെഞ്ചേഴ്‌സും ചേര്‍ന്നു തയാറാക്കിയ ഫിന്‍ടെക് 100 പട്ടികയില്‍ ഒരു മലയാളി സംരംഭവവുമുണ്ട്. ബംഗളൂരു ആസ്ഥാനമായ നിയോ ബാങ്കിങ് സ്റ്റാര്‍ട്ടപ്പായ ‘ ഓപ്പണ്‍ ‘ ആണ് പട്ടികയില്‍ ഇടം നേടിയത്. മലയാളി യുവാക്കളായ അനീഷ് അച്യുതന്‍, അജീഷ് അച്യുതന്‍, മാബെല്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ്, അക്കൗണ്ടിങ്, ബില്ലിങ് തുടങ്ങിയ പണമിടപാട് സംബന്ധിയായ എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുക്കുകയാണ് ഓപ്പണ്‍ ചെയ്യുന്നത്. ഇന്ത്യയില്‍നിന്നു പേ ടിഎം, ഒല മണി, പോളിസി ബസാര്‍, ലെന്‍ഡിങ് കാര്‍ട്ട് തുടങ്ങിയവയും ഓപ്പണിനെക്കൂടാതെ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഫിന്‍ടെക് രംഗത്തേക്ക് ആമസോണും
വന്‍കിട ഇ-കൊമേഴ്‌സ് കമ്പനിയാണ് ആമസോണ്‍. കോവിഡ് വ്യാപനം ഇ-കൊമേഴ്‌സ് രംഗത്ത് വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും വില്‍പ്പന കൂടി. മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസ് ക്രമീകരിക്കാന്‍ എല്ലാ ഘട്ടത്തിലും ശ്രമിച്ചിട്ടുള്ള കമ്പനിയാണ് ആമസോണ്‍. ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് ഇന്ത്യ മാറിത്തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ അതിനനുസരിച്ച് ബിസിനസ് ഉറപ്പിക്കാന്‍ ആമസോണ്‍ ശ്രമിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പേമെന്റിലേക്ക് കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതിനായി 2016 ല്‍ ആമസോണ്‍ പേ ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഏതാനും മാസങ്ങളായി ഫിനാന്‍ഷ്യല്‍ ടെക്നോളജി ( ഫിന്‍ടെക് ) മേഖലയില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്തേക്ക് വന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യത കണ്ടറിഞ്ഞാണ് ആമസോണ്‍ ഫിന്‍ടെക് മേഖലയില്‍ തങ്ങളുടെ വിപണി വിപുലമാക്കുന്നത്.
സ്വര്‍ണവും ഇന്‍ഷൂറന്‍സും ആമസോണ്‍ വഴി വാങ്ങാനുള്ള ക്രമീകരണമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കോവിഡ് കാലത്തെ സാഹചര്യം പഠിച്ച് മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനുള്ള നടപടിയും ആമസോണ്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് ഇന്ത്യയിലെ ഫിന്‍ടെക് വിപണി കൈയടക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ജൂലായില്‍ത്തന്നെ ഓട്ടോ ഇന്‍ഷുറന്‍സും ആഗസ്റ്റില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളും ആമസോണ്‍ ആരംഭിച്ചിരുന്നു. ആമസോണ്‍ ഫാര്‍മ എന്ന സംരംഭത്തിലൂടെയാണ് ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്ക് കടന്നത്. ഓണ്‍ലൈന്‍ മെഡിസിന്‍ വില്‍പ്പനയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണിത്. തുടക്കം എന്ന നിലയില്‍ ബംഗളൂരുവിലാണ് ഈ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പനക്കാരില്‍നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമെ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നാണ് ആമസോണ്‍ വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് കാലത്ത് കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്നു വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളായ പ്രാക്ടോ, നെറ്റ് മെഡ്‌സ്, വണ്‍ എം.ജി., ഫാം ഈസി, മെഡ് ലൈഫ് എന്നിവ വന്‍കുതിച്ചുചാട്ടമാണ് ഈ ഘട്ടത്തിലുണ്ടാക്കിയത്. ഫണ്ടിങ് പ്രവര്‍ത്തനങ്ങളിലും ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്തുള്ള കാല്‍വെപ്പാണ് ആമസോണും നടത്തുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസം അവധി
ജീവിത രീതിയിലും ജോലിയിലും മാറ്റങ്ങളുണ്ടാക്കിയ മഹാമാരിയാണ് കോവിഡ് – 19. വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കേണ്ട ഘട്ടത്തിലേക്ക് എല്ലാ ബിസിനസ് മീറ്റുകളും മാറി. സൂം ആപ്പ് ഏറ്റവും ജനപ്രിയമായ ഘട്ടമാണിത്. കോവിഡ് കാലത്തെ സൂമിന്റെ വളര്‍ച്ച വളരെ വലുതാണ്. ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നവര്‍ വീടുകളിലേക്ക് മാറേണ്ടിവന്നുവെന്നതാണ് കോവിഡ് കാലത്തെ മറ്റൊരു മാറ്റം. വീട് തൊഴിലിടമാകുന്നതിലേക്ക് തൊഴില്‍ രീതി മാറി. ഇത് വീടിന്റെ അന്തരീക്ഷത്തെയും മാറ്റിമറിച്ചു. ജോലിയിലെ സമ്മര്‍ദം തൊഴിലിടത്തില്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു ഐ.ടി. പ്രൊഫഷണലുകളുടെ രീതി. എന്നാല്‍, ആ സമ്മര്‍ദം വീട്ടിലെത്തിയതിന്റെ അസ്വസ്ഥത ജീവനക്കാര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് ശ്രദ്ധേയമായ നടപടിയാണ് ഗൂഗിള്‍ സ്വീകരിച്ചത്.
ആഴ്ചയില്‍ മൂന്നു ദിവസം അവധി എന്നതാണ് വര്‍ക് ഫ്രം ഹോം സമ്മര്‍ദമകറ്റാനുള്ള ഗൂഗ്ളിന്റെ പുതിയ രീതി. ആഴ്ചയില്‍ നാലുദിവസമായി പ്രവൃത്തി ദിനങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ് ഗൂഗിള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ലഭിക്കും. വെള്ളിയാഴ്ച ജോലി ചെയ്യേണ്ടിവന്നാല്‍ ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി എടുക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. അടിയന്തിരമായി ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ പകരം അടുത്ത പ്രവൃത്തി ദിവസം അവധിയെടുക്കാം. കമ്പനി എപ്പോഴും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതാവണമെന്നതാണ് ഗുഗിളിന്റെ നയം. ജീവനക്കാര്‍ക്ക് വേണ്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നവീനമായ പദ്ധതികള്‍ നടപ്പാക്കുന്നതിലും ലോകശ്രദ്ധ നേടാന്‍ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ തൊട്ട് ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറു മാസത്തിലേറെയാകുന്നു. ഇതിനെത്തുടര്‍ന്ന് പല ജീവനക്കാരും തൊഴില്‍ സമ്മര്‍ദത്തിലാണ്. പ്രത്യേകിച്ചും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പലര്‍ക്കും. ഇതിനുള്ള പരിഹാരമായാണ് ആഴ്ചയില്‍ മൂന്നു ദിവസം അവധിയെന്ന പരിഷ്‌കാരം നടപ്പാക്കിയത്. സമൂഹ മാധ്യമങ്ങളാകെ ഗൂഗിളിന്റെ പുതിയ പരിഷ്‌കാരത്തെ കൈയടിച്ചാണ് സ്വീകരിച്ചിട്ടുള്ളത്.
സൂമിന്റെ വളര്‍ച്ച
കോവിഡ് കാലത്തെ സൂമിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് മറ്റൊന്ന്. 9.4 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ സൂമിന്റെ കമ്പനി മൂല്യം. ഒരു വര്‍ഷം മുമ്പു വരെ അധികമാരും അറിയാത്ത ടെക് കമ്പനിയായിരുന്ന സൂം. കോവിഡ് പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് ലോകം അധികമൊന്നും കേട്ടിട്ടില്ലാത്ത പേരായിരുന്നു സൂം എന്ന ക്ലൗഡ് കമ്യൂണിക്കേഷന്‍ കമ്പനിയുടേത്. എന്നാല്‍, കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ വെര്‍ച്വല്‍ മീറ്റ് ഓരോ ചെറിയ ഓഫീസിലും അനിവാര്യമായി വന്നു. വിദ്യാഭ്യാസം, ബിസിനസ്, കമ്യൂണിക്കേഷന്‍ മേഖലകളിലെല്ലാം സൂം പ്രധാന ഘടകമായി മാറി. കമ്പനിയുടെ മൂല്യത്തിലും ഈ മാറ്റം പ്രതിഫലിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൂല്യം 12,900 കോടി ഡോളറില്‍ ( 9.4 ലക്ഷം കോടി രൂപ ) എത്തി. ഇതിനിടയില്‍ ഒറ്റ ദിവസം ഓഹരി വിലയില്‍ 41 ശതമാനം വരെ ഉയര്‍ച്ചയും ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൂമിന്റെ ആകെ വരുമാനം 623 ദശ ലക്ഷം ഡോളറും ലാഭം 22 ദശലക്ഷം ഡോളറുമായിരുന്നു. എന്നാല്‍, കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം 664 ദശലക്ഷം ഡോളര്‍ വരുമാനവും 186 ദശലക്ഷം ഡോളര്‍ ലാഭവും നേടാന്‍ സൂമിനായി. കമ്പനിക്ക് മാത്രമല്ല, സൂമിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എറിക് യുവാന്റെ സമ്പാദ്യത്തിലും വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1.68 ലക്ഷം കോടി രൂപ മൂല്യവുമായി അദ്ദേഹം ലോകത്തെ ഏറ്റവും വലിയ 50 സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. 2020 ല്‍ മാത്രം 1950 കോടി ഡോളറിന്റെ വര്‍ധനയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ടായത്.
[mbzshare]