പ്രാഥമികസംഘങ്ങള്‍ക്ക് അനുവദിച്ച 2373 ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ 241 എണ്ണം പ്രവര്‍ത്തനം തുടങ്ങി – മന്ത്രി അമിത് ഷാ
വിപണിയിലെ ബ്രാന്‍ഡഡ് മരുന്നുകളേക്കാളും 50-90 ശതമാനം വില കുറച്ചാണു ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നല്‍കുന്നത്. രണ്ടായിരത്തിലധികം ജനറിക് മരുന്നുകളും 300 സര്‍ജിക്കല്‍ ഇനങ്ങളും ഇങ്ങനെ വില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍നിന്നു ജന്‍ ഔഷധി ഷോപ്പുകള്‍ക്കായി 4470 അപേക്ഷകളാണു കിട്ടിയത്. ഇതില്‍ 2373 സംഘങ്ങള്‍ക്ക് അനുമതി നല്‍കി. ഇതുവരെയായി 241 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നുകഴിഞ്ഞു. കാന്‍സര്‍ചികിത്സക്കുള്ള 2250 രൂപ വിലയുള്ള മരുന്ന് 250 രൂപയ്ക്കാണ് ഇവിടെ നല്‍കുന്നത്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍നിന്നു ഒരു രൂപ നിരക്കിലാണു സാനിറ്ററി നാപ്കിന്‍ വില്‍ക്കുന്നത്- മന്ത്രി അറിയിച്ചു.
ജന്‍ ഔഷധി കേന്ദ്രങ്ങളുടെ നടത്തിപ്പില്‍ സഹായിക്കാനായി 40 ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. നിയമാവലിയനുസരിച്ചു പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഇതുവരെ കാര്‍ഷികവായ്പ നല്‍കാനേ അനുമതിയുണ്ടായിരുന്നുള്ളു. കേന്ദ്രത്തില്‍ സഹകരണമന്ത്രാലയം രൂപവത്കരിച്ചതോടെ സര്‍ക്കാര്‍ മാതൃകാനിയമാവലി കൊണ്ടുവന്നു പ്രാഥമികസംഘങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ചു. പ്രാഥമികസംഘങ്ങള്‍ അടച്ചുപൂട്ടിപ്പോകുന്നതു തടയാനാണു മാതൃകാ നിയമാവലി കൊണ്ടുവന്നത്. കാരണം, ഇതുവരെ സംഘങ്ങള്‍ക്കു കാര്‍ഷികവായ്പ കൊടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. എന്നാല്‍, മാതൃകാനിയമാവലി നടപ്പായതോടെ ഇരുപത്തിരണ്ടോളം മറ്റു പ്രവര്‍ത്തനങ്ങള്‍കൂടി സംഘങ്ങള്‍ക്കു ചെയ്യാന്‍ കഴിയും. കാര്‍ഷികവായ്പക്കു പുറമേ ചില പ്രാഥമിക സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നടത്തുന്നു, പൊതുസേവനകേന്ദ്രങ്ങള്‍ നടത്തുന്നു, പാചകവാതക സിലിണ്ടറുകളും വളങ്ങളും വിതരണം ചെയ്യുന്നു, പെട്രോള്‍ പമ്പും റേഷന്‍ ഷോപ്പും നടത്തുന്നു. അടുത്തുതന്നെ ഇവ വിമാന ടിക്കറ്റ് ബുക്കിങ് സര്‍വീസും തുടങ്ങും- മന്ത്രി പറഞ്ഞു.