പൊലിയം തുരുത്തില്‍ സഹകരണ ടൂറിസം പദ്ധതി ഒരുങ്ങുന്നു
കാസര്‍കോട് ജില്ലയില്‍ കാറഡുക്ക ബ്ലോക്കിലെ കര്‍മംതൊടി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രയാണമാരംഭിച്ചു കഴിഞ്ഞു. പത്തു കോടി രൂപ ചെലവിട്ട് പൊലിയംതുരുത്തിനെ ഇക്കോ ഫ്രണ്ട്‌ലിയായ ടൂറിസം കേന്ദ്രമാക്കാനാണു ഈ സഹകരണ
സംഘം ലക്ഷ്യമിടുന്നത്.
കാസര്‍കോട്ടെ പൊലിയംതുരുത്തില്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ തേടിക്കൊണ്ട് സഹകരണമേഖലയില്‍ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു. ഇക്കേരി നായ്ക്കന്മാരുടെ കോട്ട കൊത്തളങ്ങള്‍കൊണ്ട് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പേരു ചാര്‍ത്തിയ കാസര്‍കോടിനു വിനോദസഞ്ചാരമേഖലയില്‍ പ്രമുഖസ്ഥാനം കിട്ടാന്‍ ഇനിയും കാതങ്ങള്‍ പിന്നിടേണ്ടിയിരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ കാറഡുക്ക ബ്ലോക്കിലെ കര്‍മംതൊടി ആസ്ഥാനമായി ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രയാണത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു.
സമ്പന്നമായ
കലാവൈവിധ്യം
തെയ്യങ്ങളുടേയും കലകളുടെയും നിരവധി ചരിത്രങ്ങളും സ്മാരകങ്ങളും തലനീട്ടുന്ന ഈ സപ്തഭാഷാ സംഗമഭൂമി ടൂറിസത്തിനു വന്‍സാധ്യതകളുള്ള പ്രദേശമാണ്. ബ്രഹ്മഗിരി മലനിരകളിലൂടെ ഉദ്ഭവിച്ച് കാസര്‍കോടിനെ ഉര്‍വരപ്പെടുത്തുന്ന ചന്ദ്രഗിരിപ്പുഴയുടെ ഓരങ്ങള്‍ നിരവധി ജൈവവൈവിധ്യങ്ങളുടെ കലവറകൊണ്ട് സമ്പന്നമാണ്. തെയ്യം, യക്ഷഗാനം, പൂരക്കളി, തിടമ്പുനൃത്തം, കോല്‍ക്കളി, ഒപ്പന, അറവനമുട്ട്, പാവകളി, ബയലാട്ട, ബൊമ്മെയാട്ട, പരിചമുട്ട്, ദഫ്മുട്ട് എന്നിങ്ങനെ നിരവധി കലാവൈവിധ്യങ്ങളാല്‍ സമ്പന്നമാണു കാസര്‍കോട്. ഒരുകാലത്തു പയ്യന്നൂര്‍ മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണ്ണം വരെയുള്ള വിശാലമായ ഭൂപ്രദേശം തുളുനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. ചെന്തമിഴ്, കന്നട എന്നിവയുമായി വളരെ സാദൃശ്യമുള്ള തുളുഭാഷയുടെ ഊരുഭൂമിയായിരുന്നു തുളുനാട്. തുളുനാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും കാലാന്തരേണ വകഭേദം വന്നിട്ടുണ്ടെങ്കിലും തുളുനാടിന്റെ സാംസ്‌കാരികഗരിമ ഇന്നും പച്ചപിടിച്ചുനില്‍പ്പുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, പൊവ്വല്‍ കോട്ട എന്നിവയുടെ രാജകീയ പ്രൗഢഭംഗികളുടെ തിരുശേഷിപ്പ് ഇന്നും കാസര്‍കോടിന്റെ മണ്ണിലുണ്ട്. കാഞ്ഞിരക്കൂട്ടമെന്ന് അര്‍ഥം വരുന്ന കുസിരകൂടെന്ന കന്നട പദത്തില്‍ നിന്നാണു കാസര്‍കോട് എന്ന പേരുണ്ടായതെന്നാണു പറയപ്പെടുന്നത്. അനേകം നദികളാലും അവയുടെ കൈവഴികളാലും കേരളത്തിലെ മറ്റേതൊരു ജില്ലയേയും അതിശയിപ്പിക്കുന്ന പ്രകൃതിചൈതന്യം കൊണ്ട് സമ്പുഷ്ടമാണ് കാസര്‍കോട്.
കാസര്‍കോട് ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പൊലിയംകുന്ന് സടകുടഞ്ഞെഴുന്നേല്‍ക്കുകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും ജില്ലയിലെ മികച്ച സഹകാരിയും പൊതുപ്രവര്‍ത്തകനുമായ സിജി മാത്യുവാണു ഇതിനു നേതൃത്വം നല്‍കുന്നത്. പയസ്വിനിപ്പുഴയ്ക്കു നടുവിലായി ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിനു സമീപമാണു അഞ്ചേക്കര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചപ്പട്ടുടുത്തുനില്‍ക്കുന്ന പൊലിയംതുരുത്ത് പ്രദേശം. ഇക്കോ ടൂറിസം വില്ലേജിന്റെ ആസ്ഥാനം ഈ പ്രദേശത്താണു വിഭാവനം ചെയ്തിട്ടുള്ളത്. ഉത്തരമലബാറിലെ വേറിട്ടതും ജൈവസംസ്‌കൃതി കൊണ്ട് സമ്പന്നവുമായ ഒരു ടൂറിസം പദ്ധതിക്കു ഇവിടെ തുടക്കം കുറിക്കുകയാണ്. ഉത്തരമലബാറിലെത്തന്നെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാവാനുള്ള എല്ലാവിധ സാധ്യതകളും ഇവിടെ പ്രയോജനപ്പെടുത്താനാകും.
2018 ല്‍
തുടക്കം
2018 ല്‍ കാസര്‍കോട് താലൂക്കിലെ കര്‍മംതൊടി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ചന്ദ്രഗിരി ഇക്കോടൂറിസം സൊസൈറ്റി കാസര്‍കോട് താലൂക്ക് പ്രവര്‍ത്തനപരിധിയായാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യകാല പ്രസിഡന്റ് കെ. ശങ്കരനായിരുന്നു. തുടര്‍ന്ന് 2020 മുതല്‍ സിജി മാത്യുവാണു പ്രസിഡന്റ്. അംഗീകൃത ഓഹരിമൂലധനം രണ്ടരക്കോടി രൂപയാണ്.
സഹകരണ നിയമത്തിനനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘം പൊതുജനങ്ങളില്‍ നിന്നു നിക്ഷേപങ്ങളും ഓഹരിമൂലധനവും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായങ്ങളും സ്വീകരിച്ചാണു മുന്നോട്ടുപോകുന്നത്. പൊലിയംതുരുത്തില്‍ ഇക്കോ ഫ്രണ്ട്‌ലിയായി ഒരു ‘പൊലിയംതുരുത്ത്’ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുവരെ ആരും കണ്ടെത്താതിരുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയുള്ള പൊലിയംതുരുത്ത് ഇക്കോ വില്ലേജിന്റെ നിര്‍മാണത്തിലൂടെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താനാകുമെന്നാണു സംഘം പ്രസിഡന്റ് സിജി മാത്യുവും സെക്രട്ടറി ജി.കെ. ലിഗേഷ്‌കുമാറും അഭിപ്രായപ്പെടുന്നത്. സമീപവാസികള്‍ക്കും തൊട്ടടുത്ത പ്രദേശങ്ങളിലെ അനേകം പേര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടും.
കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നു 26 കിലോ മീറ്റര്‍ കിഴക്കായാണു പൊലിയംതുരുത്ത് സ്ഥിതി ചെയ്യുന്നത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് 83 കിലോ മീറ്ററും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു 118 കിലോമീറ്ററും അകലെയാണു പൊലിയംതുരുത്ത് ഇക്കോ പാര്‍ക്ക്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, പ്രകൃതിദത്തമായ താമസസ്ഥലങ്ങള്‍, നീന്തല്‍ക്കുളം, നാടന്‍-മറുനാടന്‍ വിഭവങ്ങളുള്‍പ്പെടുന്ന ഭക്ഷണശാല, കോഫീ ഷോപ്പ്, സൈക്കിള്‍ ട്രാക്ക്, ബോട്ടിംഗ്, ഫിഷിംഗ്, വാച്ച് ടവര്‍, പൂന്തോട്ടം, പച്ചക്കറിത്തോട്ടങ്ങള്‍, യോഗ, ആയുര്‍വേദം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
കാസര്‍കോടിന്റെ തനതു കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും എഴുത്തുകാര്‍ക്കും കലാ-സാംസ്‌കാരിക മേഖലയിലുള്ളവര്‍ക്കും ഒത്തുകൂടുന്നതിനും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള അന്തരീക്ഷം ഇവിടെയൊരുക്കും. പ്രൊഫഷണലുകള്‍, ടെക്നോക്രാറ്റുകള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ള ടൂറിസംവില്ലേജിന്റെ നിര്‍മാണമാണു പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. തൂക്കുപാലം നിര്‍മിച്ചുകൊണ്ട് കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള വഴി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു കോടി രൂപയോളം ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. 10 കോടിയോളം രൂപയാണു മൊത്തം എസ്റ്റിമേറ്റ്. ജില്ലയിലെ ആദ്യ ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട നെയ്യങ്കയം പൊലിയംതുരുത്തിന് അല്‍പ്പം അകലെയാണ്. പയസ്വിനിപ്പുഴയുടെ മനോഹാരിത ദൃശ്യപ്പെടുത്തുന്ന പനക്കുളംതട്ടും തുരുത്തിന് അധികമകലെയല്ലാതെ കാണാനാവും. ദേലമ്പാടി, മുളിയാര്‍, ബേഡകം, കാറഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശംകൂടിയാണ് പൊലിയംതുരുത്ത്. കാസര്‍കോടിന്റെ നാടന്‍കലാ ചേരുവകളും ജൈവസങ്കേതങ്ങളും ഉള്‍ച്ചേര്‍ന്ന വിഭവസമൃദ്ധമായ കാഴ്ച്ചകളാണു വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നത്.