പുല്ലിന് ഊടും പാവും നെയ്ത് പച്ചപ്പ് തേടുന്ന ജീവിതങ്ങള്‍

- അനില്‍ വള്ളിക്കാട്

മുത്തങ്ങപ്പുല്ലില്‍ നിന്നു പുല്‍പ്പായ നെയ്യുന്ന ഏക സഹകരണ
സംഘം തൃശ്ശൂര്‍ കള്ളിമംഗലത്തു പ്രവര്‍ത്തിക്കുന്നു.സര്‍ക്കാരിന്റെ
ഒരു നോട്ടം ഇവിടെ വീണാല്‍ ഏഴു പതിറ്റാണ്ടായി മുടക്കമില്ലാതെ
പ്രവര്‍ത്തിക്കുന്ന ഈ സംഘം ദുരിതത്തില്‍ നിന്നു കരകയറും.
ഇവിടത്തെ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം
നമ്മളെ ഞെട്ടിക്കും – നൂറ്റമ്പതു രൂപ.

 

മുത്തങ്ങപ്പുല്ലില്‍ നിന്നു മികവാര്‍ന്ന പായകള്‍. കരവിരുതിന്റെ കമനീയത ചാലിക്കുമ്പോഴും കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍. സംസ്ഥാനത്തു പുല്‍പ്പായ നെയ്യുന്ന ഏക സഹകരണ സ്ഥാപനം തൃശ്ശൂര്‍ ജില്ലയിലെ കിള്ളിമംഗലത്താണ്. നെയ്തുതീരാത്ത തൊഴില്‍ജീവിതത്തിന്റെ വീര്‍പ്പുമുട്ടലിലും ഏഴു പതിറ്റാണ്ടായി മുടക്കമില്ലാതെ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു എന്നതില്‍ സഹകരണ കേരളത്തിന് അഭിമാനിക്കാം.

അതിരാത്രത്തിലൂടെ അതിപ്രശസ്തമായ പാഞ്ഞാള്‍ ഗ്രാമത്തിലാണു കിള്ളിമംഗലം. ഇവിടത്തെ പ്രധാന ആരാധനാലയമായ ലക്ഷ്മിനാരായണ ക്ഷേത്രം പാഞ്ചാല രാജാവ് ദ്രുപദന്‍ നിര്‍മിച്ചുവെന്നാണു വിശ്വാസം. പാഞ്ഞാള്‍ എന്ന പേരിന്റെ പിറവിക്ക് അതാണു കാരണമെന്നും കരുതുന്നു. ഭാരതപ്പുഴയുടെ തീരത്തെ ചെറുതുരുത്തിയില്‍ നിന്നു ഒമ്പതു കിലോമീറ്റര്‍ മാറി പ്രകൃതിരമണീയമായ പ്രദേശമാണു കിള്ളിമംഗലം. കൂത്തും കൂടിയാട്ടവും കഥകളിയുമൊക്കെയായി കലയുടെ മേളത്തുടിപ്പാര്‍ന്ന ഗ്രാമം. ഇവിടെ, 1953 ല്‍ ആരംഭിച്ച കിള്ളിമംഗലം പുല്‍പ്പായ നെയ്ത്തു സഹകരണ സംഘത്തില്‍ നിന്നു പരമ്പരാഗത പുല്‍ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, കരവിരുതിന്റെ ചാരുതയും വര്‍ണവിസ്മയവും ഇഴചേര്‍ന്നുള്ള പരിഷ്‌കൃതമായ പുല്‍വസ്തുക്കളും പുറത്തിറങ്ങുന്നുണ്ട്. ഉല്‍പ്പന്നമികവും പ്രവര്‍ത്തനമേന്മയും കണക്കിലെടുത്തു യുനെസ്‌കോയുടെ ‘സ്‌കില്‍ ഓഫ് എക്‌സലന്‍സ്’ അവാര്‍ഡ് 2005 ല്‍ ഈ ചെറുസംഘത്തെ തേടിയെത്തിയെന്നതിലും സഹകരണ കേരളത്തിന് അഭിമാനിക്കാം.

മുത്താണ്
മുത്തങ്ങപ്പുല്ല്

വെറുതെയങ്ങനെ ‘പുല്ലേ’ എന്നു വിളിച്ച് മുത്തങ്ങപ്പുല്ലിനെ തള്ളാനാവില്ല. പുഴമണ്ണില്‍ പാഴ്‌ച്ചെടിയായി വളര്‍ന്നു വെള്ളിപ്പൂക്കള്‍ വിരിയിക്കുന്ന മുത്തങ്ങപ്പുല്ല് നിസ്സാരക്കാരിയല്ല. അരിഞ്ഞുണക്കിയെടുത്താല്‍ വിലപിടിപ്പുള്ള പുല്‍ത്തണ്ട്. നിരവധി സംസ്‌കരണ പ്രക്രിയയിലൂടെ ഈ പുല്‍ത്തണ്ടാണു തറികളില്‍ നെയ്‌തെടുത്തു പായയും മറ്റ് അനുബന്ധ വസ്തുക്കളുമായി മാറ്റിയെടുക്കുന്നത്. അമ്പത് ഇഞ്ച് നീളത്തോളം വളരുന്ന പുല്ല് പുഴക്കരികിലും നടുവിലും ചെന്നു വെട്ടിയെടുക്കാന്‍ അധികമാളുകള്‍ മിനക്കെടാറില്ല. ചെറുതുരുത്തി പുഴയില്‍ ധാരാളമുണ്ടെങ്കിലും വെട്ടിക്കൊണ്ടുവരാന്‍ ആളില്ല. എന്നാല്‍, ചിറ്റൂര്‍പ്പുഴയില്‍ നിന്നു പുല്ല് വെട്ടി ഉണക്കിയെടുക്കുന്ന ജോലി ആ ഭാഗത്തെ സ്ത്രീകള്‍ ചെയ്യുന്നുണ്ട്. മറ്റൊരാവശ്യവും ഈ പുല്ല് വെട്ടിയെടുക്കുന്നതിനു കാരണമാകുന്നുണ്ട്. അമ്പലങ്ങളില്‍ പൂമാല കെട്ടാന്‍ ഈ പുല്ലിന്റെ ചീന്താണ് ഉപയോഗിക്കുന്നത്. നാലായി മുറിച്ച നാരുകൊണ്ട് മാലകെട്ടും. എന്നാല്‍, പായ നെയ്യുന്നതിനു ആറായി കീറണം. പുല്ല് ശേഖരണം കുറവും ആവശ്യം കൂടുതലുമായതു കാരണം നെയ്ത്താവശ്യത്തിനു ചിലപ്പോള്‍ പുല്ല് കിട്ടാതെ വരും. അതുകൊണ്ട് തീരുന്നതിനു മുന്‍പേ സഹകരണ സംഘം ചിറ്റൂരില്‍ നിന്നു പുല്ല് ഓര്‍ഡര്‍ ചെയ്യും.

പ്രാഥമികമായി ഉണക്കിയെടുത്ത പുല്ലിന് ഒരു കിലോക്കു 350 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ആറായി കീറിയെടുക്കുമ്പോള്‍ പുല്‍ത്തണ്ടിനുള്ളിലെ ‘ചോറ്’ കളഞ്ഞുവേണം ഉണക്കിയെടുക്കാന്‍. ഇങ്ങനെ ഉണക്കിയെടുത്ത പുല്ല് ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാം. പായ നെയ്യുന്നതിനു മുമ്പ് ഉണക്കപ്പുല്ല് വെള്ളത്തില്‍ മുക്കിയെടുത്ത് ഒന്നുകൂടി ഉണക്കണം. പൂപ്പല്‍ വരാതിരിക്കാനാണിത്. പിന്നീട് പുല്ലിനു വ്യത്യസ്ത
നിറം ചേര്‍ത്തു പ്രത്യേകമായി വലിയ പാത്രത്തിലിട്ട് വേവിച്ചെടുക്കണം. അതിനു ശേഷവും ഉണക്കണം. അതോടെ, നെയ്യാന്‍ പാകത്തിലുള്ള പുല്‍നാരുകളായി. നെയ്തു തുടങ്ങുംമുമ്പ് നിലത്തു നാലു കുറ്റികളിലായി നൂലുകൊണ്ട് പാവ് കെട്ടണം. ഈ പാവ് തറിയില്‍ കയറ്റി നൂലുകള്‍ക്കിടയിലൂടെ വിദഗ്ധമായി പുല്‍നാരുകള്‍ കോര്‍ത്തുകൊണ്ടാണു പായ നെയ്യുന്നത്. പായയ്ക്കു നിറവും ഡിസൈനും നല്‍കുന്നതു വ്യത്യസ്തനിറമുള്ള പുല്‍നാരുകള്‍ അതിനനുസരിച്ചു കോര്‍ത്തുകൊണ്ടാണ്. ഇതു സൂക്ഷ്മവും ശ്രമകരവുമായ കരകൗശലവിദ്യയാണ്.

72 ഇഞ്ച് നീളവും 34 ഇഞ്ച് വീതിയുമാണ് ഒരു പായയുടെ സാധാരണ അളവ്. എന്നാല്‍, നൂറു ഇഞ്ച് നീളത്തില്‍ നെയ്‌തെടുക്കും. ഇതു വീണ്ടും നിലത്തു വിരിച്ച്, കൈകള്‍ കൊണ്ട് വളവുകള്‍ നിവര്‍ത്തി, ഇഴകള്‍ ഒന്നുകൂടി അടുപ്പിച്ച് 72 ഇഞ്ചിലേക്കെത്തിക്കും. അതിനുശേഷം വശങ്ങളില്‍ തുണിവെച്ചോ നൂലുകൊണ്ടോ തുന്നിയുറപ്പിക്കും. അധികം ഡിസൈന്‍ ഇല്ലാതെ ഒരു പായ ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്ക് അഞ്ചു ദിവസത്തെ ജോലിവേണം. തറിയില്‍ നെയ്യുന്ന ജോലി ഒഴിച്ച് മറ്റെല്ലാം കൂട്ടായിട്ടുവേണം ചെയ്യാന്‍. പൂര്‍ണമായും കൈകൊണ്ടു മാത്രം തീര്‍ക്കുന്ന ഈ പുല്‍പ്പായകള്‍ മുപ്പതുവര്‍ഷം വരെ കേടുകൂടാതെയിരിക്കുമെന്നു സംഘം പ്രസിഡന്റ് എന്‍.സി. സുധാകരന്‍ പറയുന്നു. നിറം പോകില്ല. പൂപ്പല്‍ വരില്ല. പൊടിഞ്ഞുപോകില്ല – അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

പാരമ്പര്യവും
പരിഷ്‌കാരവും

പായ, കുട്ട, വട്ടി എന്നിവയുടെ നിര്‍മാണം കൈത്തൊഴിലാക്കിയ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ഇരുപതോളം കുടുംബങ്ങള്‍ ഈ പ്രദേശത്തു മുമ്പ് താമസിച്ചിരുന്നു. അവരുടെ തൊഴില്‍ സംരക്ഷണത്തിനും ജീവിത മുന്നേറ്റത്തിനും വേണ്ടിയാണു പുല്‍പ്പായ നെയ്ത്തു വ്യവസായ
സഹകരണ സംഘം തുടങ്ങിയത്. വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണിത്. പുതിയ കാലത്തു പായ നെയ്ത്തു പാരമ്പര്യ തൊഴിലില്‍ നിന്നുമാറി കരകൗശല ജോലിയായതോടെ ഇതര സമുദായക്കാര്‍കൂടി പായ നെയ്ത്തിലേക്കു കടന്നുവന്നതായി സംഘം പ്രസിഡന്റ് പറയുന്നു. സംഘത്തിന്റെ നെയ്ത്തു കേന്ദ്രത്തില്‍ നാലു തറികളാണുള്ളത്. തൊഴിലാളികളായി നാലു പേര്‍ മാത്രവും. ഇവര്‍ നെയ്തു തീര്‍ക്കുന്ന ഉല്‍പ്പന്നം സംഘം വില നിശ്ചയിച്ച് ഏറ്റെടുക്കും. ഈ വിലയാണ് ഇവര്‍ക്കു കൂലിയായി മാറുന്നത്. ഈ കണക്കു പ്രകാരം ദിനംപ്രതി 150 രൂപ മാത്രമാണു കൂലിയായി കിട്ടുക. ടി.കെ. ബിന്ദു, എം.എസ്. സിന്ധു, വി.കെ. ഷീജ, കെ. ബീന എന്നിവരാണ് ഇപ്പോള്‍ ഇവിടെ പായ നെയ്യുന്നത്. ഇതില്‍ സിന്ധു സംഘം സെക്രട്ടറികൂടിയാണ്. സെക്രട്ടറിജോലിക്കു വേതനമില്ല. അതുകൊണ്ട് പായ നെയ്തു കിട്ടുന്ന കൂലികൊണ്ടു ജീവിതം മുന്നോട്ടു നീക്കുന്നു.

കാലത്തിനനുസരിച്ചുള്ള മാറ്റം ഉല്‍പ്പന്നങ്ങളില്‍ സംഘം വരുത്തിയിട്ടുണ്ട്. കിടക്കപ്പായ, പന്തിപ്പായ എന്നിവയായിരുന്നു മുമ്പത്തെ ഉല്‍പ്പന്നങ്ങള്‍. എന്നാല്‍, ഇപ്പോള്‍ യോഗ മാറ്റ്, പ്രെയര്‍ മാറ്റ്, ടേബിള്‍ മാറ്റ്, ചുമരില്‍ അലങ്കാരമായി തൂക്കിയിടാവുന്ന ചെറുപായകള്‍, പൂമുഖങ്ങളില്‍ വെയില്‍ മറയ്ക്കാന്‍ വലിയ പായകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 400 രൂപ മുതലുള്ള ടേബിള്‍ മാറ്റ് മുതല്‍ 2400 – 4500 രൂപവരെ വിലയുള്ള പായവരെ ഉല്‍പ്പന്നശ്രേണിയില്‍ വരും.

സര്‍ക്കാര്‍
കനിയുമോ?

അറിഞ്ഞു വരുന്നവര്‍ വാങ്ങിക്കൊണ്ടു പോകുന്നതു മാത്രമായിരുന്നു സംഘത്തിന്റെ വില്‍പ്പനരീതി. കോവിഡ് വന്നപ്പോള്‍ വില്‍പ്പന നിലച്ചു. തൊഴിലാളികള്‍ ദുരിതത്തിലായി. ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. ഇതറിഞ്ഞ് ആറങ്ങോട്ടുകരയിലെയും മൂഴിക്കുളത്തെയും സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രചാരവും പ്രദര്‍ശനങ്ങളും നടത്തി. മൂഴിക്കുളത്തെ സംഘടന സാമൂഹിക മാധ്യമത്തിലൂടെ ഒരു മാസത്തെ പുല്‍പ്പായ ചലഞ്ച് നടത്തി. അതോടെ ധാരാളമാളുകള്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെട്ടുതുടങ്ങി. അവര്‍ക്കെല്ലാം കൊറിയര്‍ വഴി സാധനങ്ങള്‍ അയച്ചു. കെട്ടിക്കിടന്നതെല്ലാം വിറ്റഴിക്കാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്നുണ്ട്.

ഇതുകൊണ്ടൊന്നും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സംഘത്തിനു കഴിയില്ല. കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരം നിര്‍മാണരീതിയില്‍ വരുത്തേണ്ടതുണ്ട്. അതിനു സര്‍ക്കാര്‍തന്നെ ഇടപെടണം. സ്വന്തം കെട്ടിടവും അതിനുള്ളില്‍ നാലു തറികളും ഉണ്ടെന്നല്ലാതെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സംഘത്തിനില്ല. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പുല്‍പ്പായ നെയ്ത്തിനു യന്ത്രങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഈ യന്ത്രസംവിധാനം ഇവിടെ നടപ്പാക്കാന്‍ പത്തു ലക്ഷത്തോളം രൂപ ചെലവ് വരും. സര്‍ക്കാര്‍ കനിഞ്ഞാല്‍ ഇതു നടപ്പാക്കാനുള്ള കെട്ടിട സൗകര്യം ഇവിടെയുണ്ട്. അതിനു ശേഷം പരിശീലന ക്ലാസുകള്‍ നടത്തി കൂടുതല്‍ പേരെ ഈ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. അപ്പോള്‍ കൂടുതല്‍ പുല്ല് ആവശ്യമായി വരും. തമിഴ്‌നാട്ടില്‍ ഇതു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. അവിടെ നിന്നു കൊണ്ടുവരാവുന്നതേയുള്ളുവെന്നു പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. സംഘത്തിന്റെ ഭരണസമിതിയില്‍ തൊഴിലാളികള്‍ക്കു പുറമെ രണ്ടു പേര്‍ കൂടിയുണ്ട്. ദിവ്യ, വിനോദ് നമ്പ്യാര്‍ എന്നിവരാണവര്‍.

Leave a Reply

Your email address will not be published.