പുത്തൂര്‍ സഹകരണ സംഘം വിത്തിട്ടു; വിതയ്ക്കാന്‍ മന്ത്രി പാടത്തിറങ്ങി
മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി ഞാറ് നട്ട് റവന്യൂ മന്ത്രി കെ രാജന്‍. തുളിയാംകുന്ന് പാടശേഖരത്തിലെ ഞാറുനടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി കര്‍ഷകര്‍ക്കൊപ്പം കൃഷിയുടെ ഭാഗമായത്. കൃഷിയെ കൈവിടാതെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്ന പുത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘത്തെ മന്ത്രി അഭിനന്ദിച്ചു. കൃഷി നിലങ്ങളില്‍ നൂറുമേനി കൊയ്‌തെടുക്കുന്നതിനായി കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സഹകരണ സംഘം നല്‍കുന്നുണ്ട്.
16 ഏക്കറില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. ഒരുപൂ കൃഷി ഇറക്കിയിരുന്ന പാടശേഖരത്ത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇരുപൂ കൃഷി ഇറക്കുന്നത്. കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത മനുരത്‌ന വിത്താണ് കൃഷി ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയാണ് സഹകരണ സംഘം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്.
കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കാവശ്യമായ വിത്ത്, വളം തുടങ്ങി എല്ലാ സഹായവും പുത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം ഉറപ്പാക്കും. കൊയ്ത്ത് കഴിഞ്ഞ് സപ്ലൈകോ നെല്ല് എടുക്കുന്നത് വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സഹകരണ സംഘം. പുത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം നേരിട്ട് അഞ്ച് ഏക്കര്‍ സ്ഥലത്താണ് കുഷിയിറക്കിയിരിക്കുന്നത്. 11 ഏക്കര്‍ സ്ഥലത്തെ 8 കര്‍ഷകര്‍ക്ക് ഞാറുനടല്‍ മുതല്‍ സഹകരണ സംഘം എല്ലാ സഹായങ്ങളും നല്‍കി ഒപ്പമുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിരിക്കുകയാണ് പുത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം. പി.എസ്. സജിത്താണ് സംഘം പ്രസിഡന്റ്.
[mbzshare]