പാല്‍ എ.ടി.എമ്മും കിടാരി പാര്‍ക്കും: അപൂര്‍വ നേട്ടവുമായി മില്‍കോ

[mbzauthor]

രമ്യ ആര്‍.ആര്‍

തിരുവനന്തപുരത്തെ മേല്‍കടയ്ക്കാവൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ മില്‍കോ ഡെയറി ആറ്റിങ്ങലില്‍ സ്ഥാപിച്ച എ.ടി.എമ്മില്‍ നിന്നു നമുക്കു കിട്ടുക പണമല്ല, പാലാണ്. നല്ല ശുദ്ധമായ പാല്‍. കേരളത്തില്‍ ആദ്യമായി കിടാരി പാര്‍ക്ക് സ്ഥാപിച്ച സംഘം എന്ന ഖ്യാതിയും മേല്‍കടയ്ക്കാവൂര്‍ ക്ഷീര സംഘത്തിനുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മേല്‍കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘവും അതിന്റെ മില്‍കോ ഡെയറിയും അടുത്ത കാലത്ത് കേരളത്തിലാകെ വാര്‍ത്തയായി. മില്‍കോ ഡെയറി പാല്‍ വിതരണത്തിന് ആറ്റിങ്ങലില്‍ എ.ടി.എം. ( എനി ടൈം മില്‍ക് ) മെഷീന്‍ സ്ഥാപിച്ചതാണ് വാര്‍ത്താപ്രാധാന്യത്തിനു കാരണം.

പാല്‍വിതരണം ചെയ്യുന്ന എ.ടി.എം. ഇന്ത്യയില്‍ അപൂര്‍വ്വമായി ചില പട്ടണങ്ങളില്‍ മുമ്പ് വന്നിട്ടുണ്ട്. കേരളത്തിലും ചിലയിടങ്ങളിലുണ്ട്. പക്ഷേ, അവിടെയൊക്കെ കവര്‍പ്പാലാണ് നല്‍കുന്നത്. എന്നാല്‍, ആറ്റിങ്ങലില്‍ കൊടുക്കുന്നത് ലൂസ് പാലാണ്. നിങ്ങള്‍ ഒരു പാത്രമോ കുപ്പിയോ കൈയില്‍ കരുതണമെന്നു മാത്രം. എത്ര അളവില്‍ വേണമെങ്കിലും പാല്‍ കിട്ടും. പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കറന്‍സി നോട്ടിട്ടാലും നാണമിട്ടാലും ഈ എ.ടി.എം. പാല്‍ ചുരത്തും.

സംഘം നടത്തുന്ന കിടാരി പാര്‍ക്ക്

മില്‍കോ ബ്രാന്‍ഡില്‍ ഗുണമേന്മയുള്ള ഒട്ടേറെ ഉത്പന്നങ്ങള്‍ പുറത്തിറക്കിയ മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. പശുവിതരണത്തിന് കിടാരികളെ വളര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ‘ കിടാരി പാര്‍ക്ക് ‘ ആദ്യമായി ഏറ്റെടുത്തു നടപ്പാക്കിയത് ഈ സംഘമാണ്. 484 എ ക്ലാസ് അംഗങ്ങള്‍ ഇപ്പോള്‍ സംഘത്തിനുണ്ട്. അമ്പതോളം സ്ഥിരം ജീവനക്കാരും നൂറോളം കരാര്‍/ താത്കാലിക ജീവനക്കാരുമാണ് സംഘത്തില്‍ ( ഡെയറിയിലടക്കം ) ഉള്ളത്.

എളിയ തുടക്കം

സുവര്‍ണ ജൂബിലിയോട് അടുക്കുന്ന ഈ സംഘത്തിന്റെ തുടക്കം എളിയതായിരുന്നു. പശു വളര്‍ത്തുന്നവരുടെ ഉന്നമനത്തിന് മേല്‍കടയ്ക്കാവൂരിലെ ഇരുപത്തഞ്ചോളം കുടംബങ്ങളിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സംഘം രൂപവത്കരിച്ചത്. മേല്‍കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം ക്ലിപ്തം നം. ടി. 17.( ഡി ) രജിസ്റ്റര്‍ ചെയ്തത് 1972 ഫെബ്രുവരി 16 ന്. അക്കൊല്ലം ജൂണ്‍ രണ്ടിനു സംഘം പ്രവര്‍ത്തനം വാടകക്കെട്ടിടത്തില്‍ തുടങ്ങി. തുടക്കക്കാരുടെ അംഗത്വഫീസും മറ്റുമായിരുന്നു അതിന്റെ മൂലധനം. അക്കാലത്ത് നാട്ടിലെ ക്ഷീരകര്‍ഷകരില്‍നിന്ന് ദിവസേന കഷ്ടിച്ച് ഇരുന്നൂറ്-മുന്നൂറ് ലിറ്റര്‍ പാല്‍ ശേഖരിച്ച് നാട്ടിലെത്തന്നെ ആവശ്യക്കാര്‍ക്കു വിറ്റതാണ് ആദ്യ പ്രവര്‍ത്തനം. വാഹനസൗകര്യം കുറവായിരുന്നതുകൊണ്ട് തലച്ചുമടായിപ്പോലും പാല്‍ കൊണ്ടുപോയി. വിറ്റഴിയാതെ ബാക്കിവന്നത് തൈരാക്കി വിറ്റു.

സംഘത്തിന്റെ ബാലാരിഷ്ടതകള്‍ മറികടക്കാന്‍ അന്നത്തെ ഭരണസമിതിയംഗങ്ങളുടെ ആത്മാര്‍ഥതയും ക്ഷീരകര്‍ഷകരുടെ സഹകരണവുംകൊണ്ട് കഴിഞ്ഞു. രണ്ടോ മൂന്നോ ലിറ്റര്‍ പാല്‍ തരുന്ന നാടന്‍ പശുക്കളാണ് അക്കാലത്ത് നാട്ടിലുണ്ടായിരുന്നത്. അതിനിടയ്ക്കാണ് ഉത്പാദനശേഷി കൂടിയ സങ്കരവര്‍ഗ്ഗം പശുക്കളെ ധവളവിപ്ലവം പരിപാടിയിലൂടെ സംസ്ഥാനത്ത് സര്‍ക്കാര്‍ വ്യാപകമാക്കിയത്. ക്ഷീരകര്‍ഷകര്‍ക്കു വരുമാനം കൂടാനും ക്ഷീരസംഘങ്ങള്‍ വളരാനും ഇതിടയാക്കി.

മില്‍കോ ആറ്റിങ്ങലില്‍ സ്ഥാപിച്ച പാല്‍ എ.ടി.എം.

പാല്‍ സംഭരണം

പകുതിയോളം അംഗങ്ങളില്‍ നിന്നടക്കം ആയിരത്തോളം ക്ഷീരകര്‍ഷകരില്‍നിന്നാണ് സംഘം പാല്‍ സംഭരിക്കുന്നത്. ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളാണ് സംഭരണപരിധി. ദിവസേന നാലായിരത്തോളം ലിറ്റര്‍ ക്ഷീരകര്‍ഷകരില്‍നിന്നു നേരിട്ടും 11,000 ലിറ്റര്‍ ചെറു ക്ഷീരസംഘങ്ങള്‍ മുഖേനയും ശേഖരിക്കുന്നു. ഗുണമേന്മ നോക്കി, ഒരു ലിറ്റര്‍ പാലിന് നാല്‍പ്പതു രൂപവരെയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്നത്.

സംഘം ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദക ബോണസ് നല്‍കാറുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയുള്ള സഹായങ്ങള്‍ സംഘം മുഖേന കര്‍ഷകര്‍ക്കെത്തിക്കുന്നു. ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്ന കാലിത്തീറ്റ സബ്സിഡി, പാലിനുള്ള സബ്സിഡി തുടങ്ങിയവ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചുകൊടുക്കുന്നു. ഡെയറിയുടെ ആവശ്യംകൂടി നോക്കുമ്പോള്‍ പലപ്പോഴും നാട്ടില്‍ കിട്ടുന്ന പാല്‍ തികയില്ല. നാട്ടില്‍ പാലുത്പാദനം കുറയുന്ന അവസരങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്, കൂടുതലായും തമിഴ്നാട്ടില്‍നിന്ന് , പാല്‍ ഇറക്കുമതി ചെയ്യാറുണ്ട്. അതിര്‍ത്തിക്കപ്പുറത്തെ പരിശോധനകള്‍ക്കും സാക്ഷ്യപത്രങ്ങള്‍ക്കും പുറമേ പാലിന്റെ ഗുണം സംഘത്തിന്റെ ലാബിലും പരിശോധിക്കുന്നു. ഇടയ്ക്കിടെ സംസ്ഥാന സര്‍ക്കാരിന്റെ ലാബിലും സാമ്പിളുകള്‍ അയച്ച് പരിശോധിപ്പിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നു.

ഉത്പ്പന്ന വൈവിധ്യം

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും ഏറ്റെടുക്കണമെങ്കില്‍ ഡെയറി പ്ലാന്റ് ആവശ്യമായിത്തീര്‍ന്നു. 2005 ല്‍ കീഴാറ്റിങ്ങലില്‍ ഡെയറി പ്ലാന്റ് തുടങ്ങി. പ്രതിദിന ശേഷി പതിനായിരം ലിറ്ററായിരുന്നത് 2012-ഓടെ ഇരുപതിനായിരമാക്കി. ദിവസേന 16,000 ലിറ്റര്‍ കവര്‍ പാലായും 2,500 ലിറ്ററോളം സംഘം ഓഫീസില്‍നിന്ന് കവറിലാക്കാതെയും വില്‍്ക്കുന്നു. തൈര്, സംഭാരം, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങളാക്കിയും വില്‍ക്കുന്നുണ്ട്. കവര്‍ പാലിനും മറ്റും വില മില്‍മയുടേതിനു തുല്യം.

രാഷ്ട്രീയ കൃഷിവികാസ് യോജന, എ.സി.എ. പദ്ധതികള്‍ പ്രയോജനപ്പെടുത്തി 2012-ല്‍ ഐസ് ക്രീം പ്ലാന്റ് സ്ഥാപിച്ചു. മുപ്പതിലേറെ തരം ഐസ് ക്രീമാണ് പുറത്തിറക്കുന്നത്. ആവശ്യത്തിനനുസരിച്ച് ഉത്പാദിപ്പിക്കാന്‍ ശേഷി കൂട്ടേണ്ടിയിരിക്കുന്നുവെന്ന് സംഘത്തിന്റെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗ റിപ്പോര്‍ട്ടില്‍ പറയുന്നു. പാല്‍ ഉപയോഗിച്ച് ഹല്‍വ, ഖോവ, ഛന്ന കേക്ക്, രസഗുള, പേഡ, ഗുലാബ്ജാമുല്‍, പാല്‍പ്പായസം, പനീര്‍ അച്ചാര്‍, കട്ട്ലറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കാന്‍ 2017 ല്‍ മില്‍ക്ക് പ്രോഡക്ട്സ് യൂണിറ്റ് തുടങ്ങി. രാസവസ്തുക്കള്‍ കലര്‍ത്താതെ നിര്‍മിക്കുന്നതിനാല്‍ ഈ ഉത്പന്നങ്ങള്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനാവില്ല. ഗുണനിലവാരമുള്ളതിനാല്‍ അവ സമയത്ത് ചെലവാകാതിരിക്കുന്നില്ല.

ചാണകവും മൂത്രവും കാലിത്തൊഴുത്തുകള്‍ക്കടുത്തു പരിസ്ഥിതിപ്രശ്നമാകാറുണ്ട്. സംഘം ചാണകം സംഭരിച്ച് മേല്‍കടയ്ക്കാവൂര്‍ പാറയില്‍ കടവ് എന്ന സ്ഥലത്തെത്തിച്ചു സംസ്‌കരിച്ച് ജൈവവളമുണ്ടാക്കുന്നു. ഈ ജൈവവളപ്പാക്കറ്റുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വില്‍ക്കുന്നു. ഗോമൂത്രം ശേഖരിച്ച് പഞ്ചഗവ്യം ഉത്പാദിപ്പിച്ചു വില്‍ക്കുന്നുമുണ്ട്. ഗോമൂത്രത്തില്‍നിന്നു കൂടുതല്‍ മൂല്യവര്‍ധിത ഉത്്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആലോചനയുണ്ട്.

മില്‍മ ഉത്പന്നങ്ങള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് മില്‍കോയ്ക്ക് വിപണിയില്‍ ഇടം കിട്ടിയത്? മില്‍കോ ഉത്പന്നങ്ങള്‍ ഗുണമേന്മയില്‍ ഒട്ടും പിന്നിലല്ല എന്നതാണു കാരണമെന്ന് സംഘം പ്രസിഡന്റ് പഞ്ചമം സുരേഷ് പറഞ്ഞു. ചെറിയ തോതിലേ മില്‍കോ പരസ്യം ചെയ്യുന്നുള്ളൂ. ഉപഭോക്താവിനു തോന്നുന്ന സംതൃപ്തിയെക്കാള്‍ വലിയ പരസ്യമില്ല.

എനി ടൈം മില്‍ക്ക്

രാജ്യത്ത് ഇപ്പോഴുള്ള പാല്‍ എ.ടി.എമ്മുകള്‍ ബഹുഭൂരിപക്ഷവും കവര്‍പ്പാലാണ് കൊടുക്കുന്നത്. കടയ്ക്കാവൂര്‍ സംഘം ആറ്റിങ്ങലില്‍ വീരളം ക്ഷേത്രത്തിനടുത്തു സ്ഥാപിച്ച എ.ടി.എമ്മില്‍നിന്നു കിട്ടുന്നത് കവറിലാക്കാത്ത പാലാണ്. ആവശ്യക്കാര്‍ പാത്രവുമായിച്ചെന്ന് ഈ എ.ടി.എമ്മില്‍നിന്നു പാല്‍ എടുക്കണം. കര്‍ഷകരില്‍നിന്നു വാങ്ങുന്ന പാല്‍ അരിച്ച്, ഗുണമേന്മ ഉറപ്പാക്കി, പാസ്ചറൈസ് ചെയ്യാതെയാണ് യന്ത്രത്തില്‍ നിറയ്ക്കുക. എന്തുകൊണ്ടാണിതെന്ന് സംഘം പ്രസിഡന്റ് വിശദീകരിക്കുന്നതിങ്ങനെ : ‘ ഗുണമേന്മയുള്ള പാലിന് മികച്ച വില കര്‍ഷകനു കൊടുക്കാനാവും. ഉപഭോക്താവിന്റെ ആവശ്യത്തിനു മാത്രമുള്ളത് യന്ത്രത്തില്‍നിന്നെടുക്കാം. അറുന്നുറു മില്ലിയേ വേണ്ടൂവെങ്കില്‍ രണ്ടു കവര്‍ ( ഒരു ലിറ്റര്‍ ) വാങ്ങേണ്ടതില്ല. ദിവസേന രണ്ടു കവര്‍ പാല്‍ വാങ്ങുമ്പോള്‍പ്പോലും ഒരു വീട്ടില്‍ ഒരു കൊല്ലം എഴുന്നൂറിലേറെ പ്ലാസ്റ്റിക് കവറാണ് ശേഷിക്കുക. ഓരോ വീട്ടിലും ഇങ്ങനെ ശേഷിക്കുന്ന കവറുകള്‍ പറമ്പിലോ മറ്റെവിടെയെങ്കിലുമോ കളയുമ്പോഴുണ്ടാകുന്ന പരിസരമലിനീകരണം എത്ര ഭീകരമാണ്. പാത്രവുമായിച്ചെന്നു പാല്‍ വാങ്ങുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണം. അതിനു തങ്ങളാലായതു ചെയ്യുന്നു. കവറിലാക്കാത്ത പാലുമായി വിതരണത്തൊഴിലാളികള്‍ രാവിലെയും വൈകീട്ടുമേ എത്താറുള്ളൂ. എ.ടി.എമ്മിന് ആ സമയപരിമിതിയില്ല. ഇവിടെ എ.ടി.എം. എന്നുവെച്ചാല്‍ എനി ടൈം മില്‍ക്ക് ആണ്. സര്‍ക്കാര്‍ സഹകരിച്ചാല്‍, സെക്രട്ടേറിയറ്റും വികാസ് ഭവനുംപോലെ ആയിരക്കണക്കിനു ജീവനക്കാരുള്ള സ്ഥലങ്ങളില്‍ ഇത്തരം എ.ടി.എം. ഏര്‍പ്പെടുത്താം’.

ആറ്റിങ്ങലിലെ എ.ടി.എമ്മില്‍ 500 ലിറ്റര്‍വരെ പാല്‍ കൊള്ളും. എങ്കിലും, ഇപ്പോള്‍ 250 ലിറ്ററാണ് അതില്‍ വെക്കാറുള്ളത്. ജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. പാല്‍ ബാക്കിയായാല്‍ വൈകീട്ട് തിരിച്ചെടുക്കും. നിത്യവും യന്ത്രത്തിലെ അറ കഴുകി വൃത്തിയാക്കിയാണ് പാല്‍ നിറയ്ക്കുക. പാല്‍ കിട്ടാന്‍ കുറഞ്ഞത് പത്തു രൂപയിടണം. കറന്‍സി നോട്ടാണെങ്കില്‍ മടക്കാതെ നിവര്‍ത്തിയിടണം. എ.ടി.എം. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കും.

കിടാരി പാര്‍ക്ക്

സര്‍ക്കാര്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പശുക്കളെ നല്‍കാന്‍ അവയെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണു പതിവ്. ഇവിടെ യെത്തുമ്പോള്‍ കാലാവസ്ഥ പിടിക്കാതെ വരികയും അവ തീറ്റയെടുക്കാന്‍ മടിക്കുകയും പാലുത്പാദനം കുറയുകയും ചെയ്തേക്കും. ഇത് കര്‍ഷകര്‍ക്ക് നഷ്ടം വരുത്തും. ഇളം പ്രായത്തിലേ അവയെ കൊണ്ടുവന്നാല്‍ ഈ പ്രശ്നം മാറും. ഒരു വയസ്സുള്ള 100 കിടാരികളെ വാങ്ങി വളര്‍ത്തി പ്രസവത്തിനുശേഷം കര്‍ഷകര്‍ക്കു വില്‍ക്കാനാണ് കിടാരി പാര്‍ക്ക്. ഈ പൈലറ്റ് പദ്ധതി ഈ സംഘം നടപ്പാക്കിയത് 49 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ്. 19.38 ലക്ഷം രൂപ സര്‍ക്കാരിന്റെ സബ്സിഡിയുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ എ.ടി.എം. ഉദ്ഘാടനത്തിനൊപ്പമാണ് ആദ്യ ബാച്ച് പശുക്കളുടെ വിതരണം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വലിയ ചെലവുണ്ടായതിനാല്‍ കിടാരി പാര്‍ക്ക് ലാഭമായിട്ടില്ല. ഭാവിയില്‍ ലാഭമാകുമെന്നാണ് പ്രതീക്ഷ.

പ്രതിസന്ധിക്കള്‍ മറികടക്കാന്‍

മാറുന്ന കാലത്ത് ക്ഷീരകാര്‍ഷിക മേഖലയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ പാലിന് വില കൂട്ടുമ്പോള്‍ കാലിത്തീറ്റയ്ക്കും ഒപ്പം വില കൂടുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗുണം കിട്ടുന്നില്ലെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു. പുല്ല് കൃഷിചെയ്യുകയാണ് പോംവഴി. അതിന് വലിയ തുടക്കച്ചെലവുള്ളതിനാല്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് എളുപ്പമല്ല. കാലിത്തീറ്റ വാങ്ങിയാല്‍ മതിയെന്നു വിചാരിക്കും. ചില കാലിത്തീറ്റകള്‍ ആപത്കരമായ രാസവസ്തുക്കളുള്ളതാകാം. പുല്ലു തിന്നു കഴിയുന്ന പശുവിന്റെ പാലിനു ഗുണം കൂടും. ആ ബോധവത്കരണം സംഘം നടത്തുന്നുണ്ട്. അതിനുള്ള സഹായം കര്‍ഷകര്‍ക്കു വാങ്ങിക്കൊടുക്കാനും ശ്രമിക്കും. പാര്‍ക്കിലെ കിടാരികള്‍ക്ക് വൈക്കോല്‍ ഉത്പാദിപ്പിക്കാനായി കൃഷിയിറക്കാനും സംഘത്തിനു പരിപാടിയുണ്ട്.

മികച്ച സംഘത്തിനുള്ള അവാര്‍ഡ് പ്രസിഡന്റ് സുരേഷ് പഞ്ചമവും സെക്രട്ടറി ആര്‍. അനില്‍ കുമാറും ചേര്‍ന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നു സ്വീകരിക്കുന്നു

പശുവിന് രാത്രി അസുഖമുണ്ടായാല്‍ അന്നേരം ചികിത്സ കിട്ടാറില്ല. നേരം വെളുക്കുംമുമ്പ് അതിന് അന്ത്യം സംഭവിച്ചേക്കും. ഒരു ആംബുലന്‍സ് അഥവാ സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് സംഘം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ആംബുലന്‍സ് സംഘടിപ്പിച്ചെങ്കിലും രാത്രി ഡോക്ടറെ കിട്ടാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. കര്‍ഷകന്‍ ചികിത്സ ആവശ്യപ്പെട്ടാല്‍ സംഘം ഭാരവാഹികള്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയോട് അഭ്യര്‍ഥിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സഞ്ചരിക്കുന്ന മൃഗാശുപത്രിയെ ഉപേക്ഷിച്ചിട്ടില്ല. സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യത സംഘം ആരായും.

പശുവളര്‍ത്താന്‍ പുതുതലമുറയ്ക്കു താത്പര്യമില്ലെന്നത് വലിയ പ്രശ്നമാണ്. തൊഴുത്തുകള്‍ ഹൈടെക് ആക്കിയാല്‍ കുറച്ചുപേരെങ്കിലും ഈ മേഖലയിലേക്കുവരും. ആ ദിശയില്‍ എന്തു ചെയ്യാനാവുമെന്നും സംഘം ആലോചിക്കുമെന്ന് പസിഡന്റ് പറഞ്ഞു. ആര്‍. അനില്‍കുമാറാണ് സംഘം സെക്രട്ടറി.

അംഗീകാരങ്ങള്‍

മില്‍ക്കോയ്ക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ബ്ലോക്കുതലം തൊട്ട് അന്താരാഷ്ട്രതലം വരെയുള്ളവയുണ്ട്. ഐ.എസ്.ഒ. 9001: 2008 അംഗീകാരവും എച്ച്.എ.സി.സി.പി. സാക്ഷ്യപത്രവും കിട്ടിയ സ്ഥാപനമാണിത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വ്യവസായങ്ങള്‍ക്കുള്ള അഖിലേന്ത്യാ സാക്ഷ്യപത്രമാണ് എച്ച്.എ.സി.സി.പി. ( ഹസാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്‌സ് ). നാട്ടിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചു വിപണനം ചെയ്തതിനുള്ള ക്ഷീര വികസന വകുപ്പിന്റെ ജില്ലാതല പുരസ്‌കാരവും ഏറ്റവും നല്ല സഹകരണ ഡെയറിക്കുള്ള എം.എസ്.എം.ഇ. സംസ്ഥാനതല പുരസ്‌കാരവും മില്‍ക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ ഗുണമേന്മയും വൈവിധ്യവുമുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മിച്ചതിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം തായ്‌ലന്‍ഡില്‍ച്ചെന്നാണ് സംഘം ഭാരവാഹികള്‍ സ്വീകരിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.