നോര്‍ക്കയുടെ പ്രവാസി പുനരധിവാസ പദ്ധതി സഹകരണ ബാങ്കുകളിലൂടെ നടപ്പാക്കാന്‍ ആലോചന
നോര്‍ക്കയുടെ പ്രവാസി പുരനധിവാസ പദ്ധതികള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ നടപ്പാക്കാനുള്ള ശ്രമം സഹകരണ വകുപ്പ് തുടങ്ങി. നിലവില്‍ കുടുംബശ്രീ, വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്നിവയെല്ലാം വഴിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. കുടുംബശ്രീക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിലെ പ്രധാന ജനകീയ ധനകാര്യ സ്ഥാപനമായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പിന്റെ ഇടപെടല്‍. ഇതില്‍ നോര്‍ക്കയുടെകൂടി അനുമതിയായാല്‍ പദ്ധതി നിര്‍വഹണത്തില്‍ സഹകരണ ബാങ്കുകളെയും പങ്കാളിയാക്കും.
നോര്‍ക്ക പ്രവാസി ഭദ്രത പദ്ധതിയാണ് പ്രധാനമായും സഹകരണ ബാങ്കുകള്‍ക്ക്കൂടി ബാധകമാക്കാന്‍ ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴില്‍നിയമ പരിഷ്‌കരണങ്ങളും കോവിഡ് വ്യാപനവും കാരണം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി കേരള പ്രവാസികാര്യ വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണിത്. പ്രവാസികള്‍ക്ക് സംരംഭക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോവിഡ് മഹാമാരിമൂലം 15 ലക്ഷത്തോളം പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തിയെന്നാണ് നോര്‍ക്കയുടെ കണക്ക്. ഇവരുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇവരില്‍ വിദഗ്ധ-അവിദഗ്ധ മേഖലയിലുള്ളവരുണ്ട്. അവരില്‍ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവാസി ഭദ്രത പേള്‍, പ്രവാസി ഭദ്രത മെഗാ എന്നീ രണ്ട് ഉപപദ്ധതികളാണ് പ്രവാസി ഭദ്രത പദ്ധതിക്കു കീഴിലുള്ളത്.
അവിദഗ്ദ്ധ മേഖലയില്‍ നിന്നുള്ള സൂക്ഷ്മ-ചെറുകിട സംരംഭകര്‍ക്കായി കുടുംബശ്രീയുമായി ചേര്‍ന്നുള്ള പദ്ധതിയാണ് പ്രവാസി ഭദ്രത പേള്‍. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിതവായ്പയും സംരംഭകത്വ പിന്തുണയും ഈ പദ്ധതിയിലൂടെ നല്‍കുന്നു. റിവോള്‍വിംഗ് ഫണ്ട് മാതൃകയില്‍ വ്യക്തിഗത സംരംഭങ്ങള്‍ക്കു നല്‍കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലയളവ് രണ്ടു വര്‍ഷമാണ്. 30 കോടി രൂപ ഇതിനായി പദ്ധതി വിഹിതമായി നോര്‍ക്ക വകയിരുത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവായി ലഭിക്കുന്ന തുക മറ്റു ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം സംരംഭങ്ങളുടെ തുടര്‍വ്യാപനത്തിനും വിപുലീകരണത്തിനും ഉപയോഗിക്കാനാണ് തീരുമാനം.
കെ.എസ്.ഐ.ഡി.സി. വഴി 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഈ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നത്. ആദ്യത്തെ നാലു വര്‍ഷം അഞ്ചു ശതമാനം പലിശനിരക്കിലാണ് വായ്പ നല്‍കുക. ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള പലിശ സബ്സിഡി മൂന്നുമാസക്കാലയളവില്‍ നോര്‍ക്ക നല്‍കും. ഈ പദ്ധതികള്‍ രണ്ടും സഹകരണ ബാങ്കുകളിലൂടെയും അനുവദിച്ചാല്‍ അത് കൂടുതല്‍ ജനകീയമാകുമെന്ന വിലയിരുത്തലാണ് സഹകരണ വകുപ്പിനുള്ളത്. ജനങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പദ്ധതിയുടെ സഹായം കിട്ടുകയും ചെയ്യും.
[mbzshare]