നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി കടന്നപ്പള്ളി ബാങ്ക്
– എ.ജെ. ലെന്‍സി
(2020 ഡിസംബര്‍ ലക്കം)
നാലു പതിറ്റാണ്ടിനുമേല്‍ പ്രവര്‍ത്തന പാരമ്പര്യമുണ്ട് കണ്ണൂരിലെ കടന്നപ്പള്ളി – പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്. പ്രദേശത്തെ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കി നീങ്ങിയ ഒരു കൂട്ടം ആളുകളുടെ പ്രയത്‌നം ബാങ്ക് രൂപവത്കരണത്തിന് കാരണമായി. 1954 ലും 1971 ലും പ്രദേശത്ത് ആരംഭിച്ച രണ്ടു സഹകരണ സംഘങ്ങളുടെ അടിത്തറയിലാണ് ഈ ബാങ്ക് കെട്ടിപ്പടുത്തത്.
കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കടന്നപ്പള്ളി – പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന് ഇന്ന് 16,000 എ ക്ലാസ് അംഗങ്ങളുണ്ട്. 20 വര്‍ഷമായി ബാങ്ക് ലാഭത്തിലാണ്. 155 കോടിയാണ് പ്രവര്‍ത്തന മൂലധനം. വാര്‍ഷിക ലാഭം 56 ലക്ഷം. ബാങ്കിലെ നിക്ഷേപം 145 കോടി രൂപയാണ്. 115 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്.
1977 ല്‍ ബാങ്ക് രൂപവത്കരിച്ചപ്പോള്‍ കാര്യമായ നീക്കിയിരിപ്പൊന്നുമുണ്ടായിരുന്നില്ല. 2000 അംഗങ്ങളും 10 ലക്ഷം രൂപ മൂലധനവുമായിരുന്നു ആകെ സമ്പാദ്യം. പാണപ്പുഴ സഹകരണ സംഘത്തെയും കടന്നപ്പള്ളി സഹകരണ സംഘത്തെയും ചേര്‍ത്ത് കടന്നപ്പള്ളി- പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കാക്കി മാറ്റിയപ്പോള്‍ വന്നുചേര്‍ന്ന മുതല്‍ക്കൂട്ടായിരുന്നു അത്. ഇന്നത്തെ 155 കോടി പ്രവര്‍ത്തന മൂലധനത്തിലേക്കെത്താന്‍ ബാങ്കിന് 43 വര്‍ഷമേ വേണ്ടിവന്നുള്ളൂ. ചിട്ടയായ പരിശ്രമം തന്നെയാണ് ഇതിനു പിന്നില്‍.
തുടക്കത്തില്‍ വളരെ ആയാസപ്പെട്ട് നീങ്ങിയ ബാങ്കിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് പിന്നിലുള്ളയാള്‍ രാമചന്ദ്രന്‍ കടന്നപ്പളളി ( ഇന്നത്തെ മന്ത്രി ) യാണ്. 1980 ല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയപ്പോഴും ബാങ്ക് പ്രയാസത്തില്‍ത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ബാങ്കിനെ അടിമുടി മാറ്റിയെന്നുതന്നെ പറയാം. സമഗ്രമായ പുരോഗതിയിലേക്കുള്ള ഒരൊഴുക്കായിരുന്നു പിന്നീട്.
ഇന്നു സമൂഹത്തില്‍ ഇടപെടാവുന്ന എല്ലാ മേഖലകളിലും ബാങ്കിന്റെ സാന്നിധ്യമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളില്‍ ഒന്നായി മാറിയ ഈ ബാങ്ക് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലാണിപ്പോള്‍. 2005-06 ല്‍ കണ്ണൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കടന്നപ്പള്ളി – പാണപ്പുഴ ബാങ്കിനായിരുന്നു.
1954 ല്‍ രൂപീകൃതമായ പാണപ്പുഴ സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും 1971 ല്‍ രൂപീകൃതമായ കടന്നപ്പള്ളി സഹകരണ സംഘത്തിന്റെയും പ്രവര്‍ത്തന പാരമ്പര്യം ബാങ്കിന് എന്നും മുതല്‍ക്കൂട്ടായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം അതു കാണാം. അനായാസേന വായ്പകള്‍ നല്‍കിയും വൈവിധ്യമാര്‍ന്നതും വിജയകരമായതുമായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടും ബാങ്കിന്റെ പ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് അംഗങ്ങള്‍ക്ക് 15 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്.
സി.സി. കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റ്. മൂന്നു വര്‍ഷത്തിനുശേഷം രാമചന്ദ്രന്‍ കടന്നപ്പള്ളി രണ്ടാമത്തെ പ്രസിഡന്റായി. തുടര്‍ന്നുള്ള കാലങ്ങളില്‍ ടി.കെ. വിഷ്ണു നമ്പൂതിരി, പി.പി. ദാമോദരന്‍, കെ.സി. മനോജ് കുമാര്‍, പി.വി. ഭാസ്‌കരന്‍, സി.കെ. രാഘവന്‍ തുടങ്ങിയവര്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചു. ടി. രാജന്‍ പ്രസിഡന്റായുള്ള പന്ത്രണ്ടംഗ ഭരണ സമിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. മാടക്ക ദാമോദരന്‍, വത്സലകുമാരി കെ.ജി, കുഞ്ഞിരാമന്‍ കെ.വി, കൈലസന്‍ കെ, പ്രഭാകരന്‍ പി, ബീന ടി.വി, ബാലന്‍ എം.വി, മോഹനന്‍ കെ, സന്തോഷ്‌കുമാര്‍ വി.വി, പാര്‍വതി എന്‍.വി, ജോസഫ് പി.വി എന്നിവരാണ് മറ്റു ഭരണ സമിതിയംഗങ്ങള്‍. വി.വി. മധുസൂദനനാണ് സെക്രട്ടറി.
നിലവില്‍ 43 സ്ഥിരം ജീവനക്കാരാണ് ബാങ്കിനുള്ളത്. എട്ട് ബ്രാഞ്ചുകളുണ്ട് . മെയിന്‍ ബ്രാഞ്ചും വിളയാങ്കോട്, പാണപ്പുഴ ബ്രാഞ്ചുകളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പറവൂര്‍, എടക്കോം ബ്രാഞ്ചുകള്‍ക്ക് കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ്. ഇതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. കേരള ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകളുടെയും കാര്‍ഡ് ഉപയോഗിച്ച് ഇവിടെ നിന്ന് ഇടപാടുകള്‍ നടത്താം.
ലളിത വ്യവസ്ഥയില്‍ വായ്പ
അംഗങ്ങള്‍ക്ക് പത്തു കോടിയോളം രൂപ കിസാന്‍ ക്രെഡിറ്റ് വായ്പ നല്‍കിയിട്ടുണ്ട്. കൃത്യമായി തിരിച്ചടയ്ക്കുന്ന അംഗങ്ങള്‍ക്ക് പലിശ സബ്‌സിഡിയായി നബാര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുനല്‍കുന്നതിനാല്‍ പലിശരഹിത വായ്പയായി ഇത് മാറുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങിയ അംഗങ്ങള്‍ക്ക് റുപ്പേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. കാര്‍ഡുപയോഗിച്ച് ഇന്ത്യയിലെ ഏതു ബാങ്കില്‍ നിന്നും തുക പിന്‍വലിക്കാന്‍ കഴിയും. കാര്‍ഷിക അനുബന്ധ ആവശ്യങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പകളും നല്‍കി വരുന്നു. പശു-കോഴി വളര്‍ത്തലിനാണ് പ്രധാനമായും ഈ വായ്പ നല്‍കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലിങ്കേജ് വായ്പകള്‍ നല്‍കുന്നുണ്ട്. വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്നു രക്ഷ നേടാനായുള്ള ‘ മുറ്റത്തെ മുല്ല ‘ പദ്ധതിപ്രകാരമുള്ള വായ്പകളും ബാങ്ക് അനുവദിക്കുന്നു. കോവിഡ് 19 സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ‘സഹായ ഹസ്തം’ പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒന്നരക്കോടി രൂപയോളം വായ്പ നല്‍കിയിട്ടുണ്ട്. ഈ വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീക്ക് അനുവദിക്കും.
പ്രഥമ ലക്ഷ്യം കാര്‍ഷിക മുന്നേറ്റം
കര്‍ഷകര്‍ക്ക് ഗുണമേന്മയേറിയ വിത്ത്, വളം, നടീല്‍ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കാനാണ് ബാങ്കിന്റെ നേതൃത്വത്തില്‍ ചന്തപ്പുരയില്‍ നിറവ് അഗ്രീ ഫാം സെന്റര്‍ ആരംഭിച്ചത്. കാര്‍ഷികോപകരണങ്ങളും ഇവിടെ ലഭിക്കും. കാര്‍ഷിക വായ്പ നല്‍കുന്നതോടൊപ്പംതന്നെ കര്‍ഷകരെ മികച്ച ഉല്‍പ്പാദനം നേടാന്‍ പ്രാപ്തരാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ബാങ്കിന്റെ ചന്തപ്പുര, ഏര്യം, പാണപ്പുഴ ഡിപ്പോകളില്‍ നിന്ന് അംഗീക്യത കമ്പനികളുടെ രാസ, ജൈവ വളം മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
സുഭിക്ഷ കേരളം പദ്ധതിപ്രകാരം ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ ഒരേക്കറോളം സ്ഥലത്ത് മഞ്ഞള്‍, ഇഞ്ചി, കപ്പ തുടങ്ങിയവ കൃഷിയിറക്കിയിട്ടുണ്ട്. ഹരിത സഹകരണം പദ്ധതി പ്രകാരം പ്രദേശത്തെ വീടുകളില്‍ ഈ വര്‍ഷം തെങ്ങിന്‍തൈകള്‍ എത്തിച്ചു നല്‍കി. കഴിഞ്ഞ വര്‍ഷം കശുമാവിന്‍ തൈകളാണ് വിതരണം ചെയ്തത്. സുഭിക്ഷ കേരളം സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ബാങ്ക് ഞാറ്റുവേലച്ചന്ത സംഘടിപ്പിക്കാറുണ്ട്. അമ്പതാണ്ട് മുമ്പ് പ്രദേശത്ത് നടന്നിരുന്ന തിങ്കളാഴ്ചച്ചന്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചന്തപ്പുരയില്‍ ഞാറ്റുവേലച്ചന്ത ഒരുക്കാറുള്ളത്.
പ്ലാസ്റ്റിക്‌രഹിത ഓണച്ചന്ത
കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ കടന്നപ്പള്ളി – പാണപ്പുഴ ബാങ്ക് വര്‍ഷം തോറും ഓണച്ചന്തകള്‍ നടത്താറുണ്ട്. പ്ലാസ്റ്റിക് വിമുക്തമായ ഓണച്ചന്ത ഇവിടുത്തെ പ്രത്യേകതയാണ്. നാല് വര്‍ഷത്തിലേറെയായി ഇവിടെ സാധനങ്ങള്‍ കടലാസില്‍ പൊതിഞ്ഞാണ് നല്‍കുന്നത്. ജീവനക്കാര്‍ ദിവസങ്ങളോളം പ്രയത്‌നിച്ചാണ് സാധനങ്ങളെല്ലാം കടലാസില്‍ പൊതിഞ്ഞ് വിതരണത്തിന് തയാറാക്കുന്നത്. ഓരോ ചന്തയിലും എഴുനൂറ്റമ്പതോളം പേര്‍ക്ക് നല്‍കാനുള്ള സാധനങ്ങള്‍ കരുതിവെക്കാറുണ്ട്.
പാണപ്പുഴ ബ്രാഞ്ച് ബില്‍ഡിങ്ങില്‍ ബാങ്ക് നടത്തുന്ന നീതി ഇലക്ട്രിക്കല്‍സില്‍ അംഗീകൃത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. പ്ലംബിങ്, ഇലക്ട്രിക്കല്‍സ്, സാനിറ്ററി ഉപകരണങ്ങളും ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും മിതമായ വിലയില്‍ ഇവിടെ ലഭിക്കും. ഇവ വാങ്ങുന്നതിനായി അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലളിതമായ വ്യവസ്ഥയില്‍ ബാങ്കില്‍നിന്ന് വായ്പയും കിട്ടും.
പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ബാങ്കിന്റെ സഹായം അനുഭവിച്ചറിയാന്‍ കഴിയും. മെഡിക്കല്‍ കോളേജില്‍ ഹൃദയാലയത്തിനു സമീപം ബാങ്ക് നടത്തുന്ന നീതി മെഡിക്കല്‍സില്‍ വലിയ വിലക്കിഴിവിലാണ് സര്‍ജിക്കല്‍ ഉപകരണങ്ങളടക്കമുള്ള മരുന്നുകള്‍ ലഭിക്കുക. 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വില്‍പ്പന. പുറമെ മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ യഥാര്‍ഥ വിലയ്ക്കുതന്നെ ഇവിടെ നിന്നു ലഭിക്കും. മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കാനും ഇവിടെ സംവിധാനമുണ്ട്. ദിവസം രണ്ട് ലക്ഷം രൂപയുടെ കച്ചവടംവരെ ഇവിടെ നടക്കാറുണ്ട്.
നാടിനൊപ്പം സേവന രംഗത്ത്
പ്രളയ ദുരിതാശ്വാസത്തിനും കോവിഡ് 19 ദുരിതാശ്വാസത്തിനും അഞ്ച് ലക്ഷം രൂപ വീതം ബാങ്ക് നല്‍കി. കൂടാതെ, ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ( 13 ലക്ഷം രൂപ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി. പ്രളയബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍ക്കാന്‍ അംഗങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നു പത്തു ലക്ഷം രൂപ സഹകരണ മന്ത്രിയെ ഏല്‍പ്പിച്ചു.
സര്‍ക്കാര്‍ അംഗീകാരത്തോടെ അംഗങ്ങള്‍ക്ക് ക്ഷേമ പദ്ധതി നടപ്പാക്കുന്നുണ്ട്. ലാഭത്തില്‍ നിന്നു ഒരു നിശ്ചിത തുക നീക്കിവെച്ചും അംഗങ്ങളില്‍ നിന്ന് ഒരു തുക സ്വീകരിച്ചുമാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്. മാരക രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സക്ക് ധനസഹായം അനുവദിക്കുക, അംഗങ്ങള്‍ മരിച്ചാല്‍ ശവസംസ്‌കാരത്തിനായി നിശ്ചിത തുക നല്‍കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ അംഗങ്ങള്‍ മരിച്ചാല്‍ 2500 രൂപ വീട്ടില്‍ എത്തിച്ചുനല്‍കാറുണ്ട്. മാരക രോഗം ബാധിച്ചവര്‍ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ബാങ്ക് ചികിത്സാ ധനസഹായം നല്‍കിവരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളിലെ ഉന്നത വിജയികളെ ബാങ്ക് അനുമോദിക്കാറുണ്ട്. അവര്‍ക്ക് കാഷ് അവാര്‍ഡും വിതരണം ചെയ്യുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കുന്നതിലും ബാങ്ക് മുന്നിട്ടുനിന്നു. ബാങ്കിന്റെ പൊതുഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ ചെലവാക്കി ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പരിസരത്ത് മനോഹരമായ ഗാര്‍ഡന്‍ ഒരുക്കി.