ദേശീയ സഹകരണ നയം: സംസ്ഥാന മന്ത്രിമാരുടെ ദ്വിദിന യോഗം ഡല്‍ഹിയില്‍ നാളെ തുടങ്ങും
വിവിധ സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുടെ ദ്വിദിന യോഗം സെപ്റ്റംബര്‍ എട്ടിനും ഒമ്പതിനും ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കും. കേന്ദ്ര സഹകരണ മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗം ദേശീയ സഹകരണ നയം, ദേശീയ സഹകരണ ഡാറ്റാബെയ്‌സ്, സഹകരണ പദ്ധതികള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാനങ്ങളിലെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നു കേന്ദ്ര സഹകരണ മന്ത്രാലയ വക്താവ് അറിയിച്ചു. ആദ്യദിവസം കേന്ദ്ര സഹകരണ മന്ത്രി സംസ്ഥാന മന്ത്രിമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കും. അതിനുശേഷം അദ്ദേഹം യോഗത്തില്‍ സംസാരിക്കും. രണ്ടാം ദിവസം സംസ്ഥാന സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്ര സഹകരണ വകുപ്പ് സഹ മന്ത്രി ബി.എല്‍. വര്‍മ, ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഓരോ പഞ്ചായത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘം സ്ഥാപിക്കുന്നതിനെയും സഹകരണ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനെയും കുറിച്ച് യോഗം ചര്‍ച്ച നടത്തും.