തരിശ് കിടന്നിരുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കൃഷിയിറക്കാൻ സാധിച്ചത് ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ.
സംസ്ഥാനത്ത് തരിശുകിടന്ന 40,000 ഏക്കർ സ്ഥലത്തു കൃഷിയിറക്കാൻ സാധിച്ചത് ഈ സർക്കാരിന്റെ വലിയ നേട്ടം ആണെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സുരക്ഷിത നെൽകൃഷിയുടെ രണ്ടാംഘട്ട കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ജീവനി കൃഷി” പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും വിഷരഹിത സുരക്ഷിത പച്ചക്കറിയും നെല്ലും ഉല്പാദിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും സംസ്ഥാനത്തെ മുഴുവൻ ജനപ്രതിനിധികളുടെ വീട്ടിലും ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ വർഗീസ് കണ്ടംകുളത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് റിക്സൺ പ്രിൻസ്, വൈസ് പ്രസിഡണ്ട് എം ആർ രാജേഷ്, ടി.വി. ദിവാകരൻ, എം.ശ്രീധരൻ എന്നിവർ സംസാരിച്ചു.