ജീവനക്കാരുടെ പ്രൊമോഷന്‍ തടയാനുള്ള ചട്ടം ഭേദഗതി പിന്‍വലിക്കണം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍
ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകള്‍ ഒന്നൊന്നായി നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. സംഘടിത ശക്തിയിലൂടെ കേരളത്തിലെ സഹകരണ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന വിധമാണ് ഈയിടെയായി വരുത്തി കൊണ്ടിരിക്കുന്ന സഹകരണ ചട്ടം ഭേദഗതികളെന്നും അവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.
സഹകരണ മേഖലയുടെ വളര്‍ച്ചക്കും പുരോഗതിക്കും മറ്റാരേക്കാളും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് സംഘത്തിലെ ജീവനക്കാര്‍ തന്നെയാണെന്നും 7 വര്‍ഷത്തില്‍ അധികമായി സബ് സ്റ്റാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പലര്‍ക്കും സര്‍വ്വീസിനിടയില്‍ ഒരിക്കല്‍ പോലും പ്രൊമോഷന്‍ ലഭിക്കാത്ത വിധം സഹകരണ ചട്ടം 185(10) ല്‍ ഭേദഗതി നേരത്തെ തന്നെ വന്ന് കഴിഞ്ഞിരുന്നുവെന്നും അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ തത്തുല്ല്യ തസ്തികകളിലേക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിനായി സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന യോഗ്യത നിര്‍ണ്ണയ പരീക്ഷക്ക് സേവന കാലത്തിനനുസൃതമായി ലഭിച്ചു വന്നിരുന്ന ഗ്രേയ്‌സ് മാര്‍ക്കും ചട്ടം 185(5) ല്‍ വരുത്തിയ ഭേദഗതിയിലൂടെ കഴിഞ്ഞ വര്‍ഷം എടുത്ത് കളഞ്ഞിരുന്നു വെന്നും സംഘം വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യത ഇല്ലാതാക്കുന്ന വിധമാണ് ചട്ടത്തില്‍ പുതുതായി ഭേദഗതി വരുത്തിയിരിക്കുന്നതെന്നും സഹകരണ ചട്ടം 185(2) ല്‍ കഴിഞ്ഞ ദിവസം വരുത്തിയ ഭേദഗതി പ്രകാരം അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ തത്തുല്ല്യ തസ്തികയിലെ പ്രൊമോഷന്‍ സംഘത്തിലെ നിക്ഷേപത്തിന് അനുസൃതമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും പുതിയ ഭേദഗതി പ്രകാരം മതിയായ വിദ്യാഭ്യാസ യോഗ്യത നേടി യോഗ്യത നിര്‍ണ്ണയ പരീക്ഷ വിജയിച്ചാലും അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് വന്നിരിക്കുന്നതെന്നും സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എല്‍.എ യും ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലിയും പറഞ്ഞു.