ജില്ലാ സഹകരണ ബാങ്ക് ശാഖകൾ പൂട്ടിത്തുടങ്ങി; മൂന്നാം വഴി എക്സ്ക്ലുസിവ്
കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് തന്നെ ജില്ലാ സഹകരണ ബാങ്ക് ശാഖകൾ പൂട്ടിത്തുടങ്ങി.തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ അഞ്ച് ശാഖകൾ പൂട്ടാൻ തീരുമാനമായി. നഷ്ടത്തിലാണെന്ന് ചൂട്ടിക്കാട്ടിയാണ് ശാഖകൾ പൂട്ടുന്നത്. ശാഖകൾ പൂട്ടില്ലെന്നാണ് സഹകരണമന്ത്രി തന്നെ നിയമസഭയിൽ വ്യകതമാക്കിയത്.ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ശാഖകൾ പൂട്ടുന്ന കാര്യം കേരള ബാങ്ക് ഭരണ സമിതി തീരുമാനിക്കും എന്നുമായിരുന്നു ടാസ്ക് ഫോഴ്സിന്റെയും വിശദീകരണം.
തിരുവനന്തപുരം ജില്ലാ ബാങ്കിന് നിലവിൽ 83 ശാഖകളാണ് ഉള്ളത്. ഇതിൽ പാളയം മോണിങ് ആന്റ് ഈവനിങ് ,മെഡിക്കൽ കോളേജ്, പേരൂർക്കട ,ആലങ്ങോട്, മൊബൈൽ ബാങ്കിങ് എന്നീ അഞ്ച് ശാഖങ്ങളാണ് പൂട്ടുന്നത്. ഘട്ടം ഘട്ടമായി കൂടുതൽ ശാഖകൾ പൂട്ടും എന്നാണ് സൂചന. ശാഖകൾ പൂട്ടുന്നതിനാൽ ഓഫീസ് ഒഴിയുന്നതായി ബാങ്ക് കെട്ടിട ഉടമകൾക്ക് നോട്ടിസ് നൽകി. മൊബൈൽ ബാങ്കിങ് ശാഖ പൂട്ടുന്നതിനെതിരെ ഇടപാടുകാരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.ഇതിനെതിരെ ബാങ്ക് അപ്പീൽ പോവും.
സംസ്ഥാനത്തെ ജില്ലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിഷ്ക്രിയ ആസ്തി ഉള്ളത് തിരുവനന്തപുരം ജില്ലാ ബാങ്കിനാണ്. ഇതു കുറച്ച് കൊണ്ടുവരാൻ വൈകുന്നതുമൂലം കേരള ബാങ്കിന് ഇതുവരെ റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിച്ചിട്ടില്ല.
അതേ സമയം ലാഭകരമല്ലാത്ത ശാഖകൾ പൂട്ടുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. ഇക്കാര്യത്തിൽ നബാർഡിന്റേതടക്കം മാർഗ നിർദ്ദേശങ്ങൾ ഉണ്ട്. പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ പുനർ വിന്യസിക്കുമെന്നും ജനറൽ മാനേജർ എസ്.കുമാർ മൂന്നാംവഴിയോട് പറഞ്ഞു