ക്ഷീര ശുദ്ധം മാധവ ചരിതം
നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തനചരിത്രമുണ്ട് പാപ്പാന്‍ചള്ള വീട്ടില്‍ മാധവന്‍ എന്ന പി. മാധവന്റെസഹകരണ ജീവിതത്തിന്. കര്‍ഷകരെ ഏതു പ്രതിസന്ധിയിലും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഒരേസമയം ഏഴോളം സഹകരണ, തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥിയാവുക എന്ന അപൂര്‍വ ബഹുമതിയും മാധവനു സ്വന്തം.
നാല്‍പ്പതാണ്ടിലേറെ നീളുന്ന സഹകാരിജീവിതത്തിനു പാലിന്റെ വെണ്മയും മേന്മയും. ക്ഷീരമേഖല വാര്‍ത്തെടുത്ത, പാപ്പാന്‍ചള്ള വീട്ടില്‍ മാധവന്‍ എന്ന പി. മാധവന്‍ സഹകരണമേഖലയില്‍ സര്‍വവ്യാപി. സഹകരണത്തിന്റെ സ്‌നേഹക്കരുത്തില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഉയര്‍പ്പടവുകള്‍ തീര്‍ത്ത ജനസേവകന്‍.
മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സംഘത്തിന്റെ പ്രസിഡന്റാണു മാധവന്‍. ഇടയ്ക്ക് അഞ്ചു വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമൊഴിച്ചാല്‍ 1981 മുതല്‍ സംഘത്തിന്റെ സാരഥി. പാലക്കാടിന്റെ തെക്കു കിഴക്കു ഭാഗത്തുള്ള മുതലമട ഗ്രാമപ്പഞ്ചായത്തിന്റെ തമിഴതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം ജലസമൃദ്ധിയുടെയും കാര്‍ഷികപ്പെരുമയുടെയും ചരിത്രഭൂമികയാണ്. പറമ്പിക്കുളം പദ്ധതിപ്രദേശം. മീങ്കര അണക്കെട്ട് സമീപം. നെല്ല്, നിലക്കടല, ചോളം, തിന തുടങ്ങിയ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലം. കേരളത്തിന്റെ ‘മാംഗോ സിറ്റി’ എന്നു വിളിപ്പേരുള്ള സ്ഥലത്തു നിറയെ മാന്തോപ്പുകള്‍. എവിടെ നോക്കിയാലും തെങ്ങിന്‍തണുപ്പ്. തമിഴ് വംശജര്‍ അരുമയോടെ പരിപാലിക്കുന്ന പശുക്കളെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ ആയിരക്കണക്കിനു കുടുംബങ്ങള്‍. മുതലമട കേരളത്തിലെ മികച്ച ക്ഷീരോല്‍പ്പാദനഗ്രാമം. പാരമ്പര്യമായി കര്‍ഷക കുടുംബമായ പാപ്പാന്‍ചള്ള വീട്ടില്‍ ധാരാളം പശുക്കളെ വളര്‍ത്തിയിരുന്നു. 1975 മുതല്‍ ക്ഷീരകര്‍ഷകന്‍ എന്ന നിലയില്‍ സംഘത്തിനു പാലളന്നു നല്‍കിയിരുന്നു മാധവന്‍.
നഷ്ടക്കയത്തില്‍
നിന്നു തുടക്കം
അര നൂറ്റാണ്ട് മുമ്പു തുടങ്ങിയ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണസംഘം നഷ്ടക്കയത്തില്‍ ആണ്ടുകിടക്കുമ്പോഴാണു മാധവന്‍ എന്ന സഹകാരിയുടെ വരവ്. സംഭരിച്ച പാലിന്റെ പണം കൊടുക്കാന്‍ ഭാര്യയുടെ സ്വര്‍ണം പണയംവെച്ചു കിട്ടിയ തുകയുമായുള്ള മാധവന്റെ വരവ് സംഘത്തിന്റെ സേവനമാതൃകയുടെയും വിജയചരിത്രത്തിന്റെയും വഴിതുറക്കല്‍കൂടിയായിരുന്നു. എന്തു വിലകൊടുത്തും കര്‍ഷകരെ ചേര്‍ത്തുപിടിക്കാനുള്ള മാധവന്റെ മനോഭാവം ജനസ്വീകാര്യതയും വിശ്വാസ്യതയും തുടക്കം മുതല്‍ ആര്‍ജിക്കാന്‍ വഴിയൊരുക്കി.
1968 ഏപ്രിലില്‍ 81 അംഗങ്ങളെ ഉള്‍പ്പെടുത്തി 1360 രൂപ ഓഹരിമൂലധനത്തോടെ തുടങ്ങിയ സംഘത്തില്‍ 1979 ല്‍ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മാധവന്‍ വൈസ്പ്രസിഡന്റായി സേവനം ആരംഭിച്ചു. പ്രസിഡന്റായിരുന്ന സി. വേലുസ്വാമിയുടെ മരണത്തെത്തുടര്‍ന്ന് 1981 ല്‍ പ്രസിഡന്റായി ചുമതലയേറ്റു. പിന്നീട് 2017 വരെ തുടര്‍ച്ചയായി 36 വര്‍ഷം സംഘം പ്രസിഡന്റായി. അതിനടുത്ത അഞ്ചുവര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമായിരുന്നു. 2022 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും മാധവന്റെ നേതൃത്വത്തിലുള്ള സമിതി സംഘത്തിന്റെ ഭരണച്ചുമതലയേറ്റു.
81 ല്‍ നിന്നു
1436 ലേക്ക്
81 അംഗങ്ങളില്‍ നിന്നു തുടങ്ങിയ സംഘത്തിന് ഇപ്പോള്‍ 1436 അംഗങ്ങള്‍. ആരംഭവര്‍ഷം 2665 രൂപയായിരുന്നു പ്രവര്‍ത്തന മൂലധനമെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അതു 87.26 ലക്ഷം രൂപയായി ഉയര്‍ന്നു. ആദ്യകാല നഷ്ടക്കണക്കുകള്‍ തിരുത്തിയതും മാധവന്‍തന്നെ. ചുമതലയേറ്റശേഷം 1982 മുതല്‍ സംഘം ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തിലേറെ രൂപ ലാഭമുണ്ടായി. ലാഭവിഹിതവും റിബേറ്റും അംഗങ്ങള്‍ക്കു കൃത്യമായി നല്‍കുന്നുണ്ട്.
ആദ്യം എം.പുതൂരില്‍ വാടക്കെട്ടിടത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സംഘം പ്രസിഡന്റായിരുന്ന വേലുസ്വാമി സൗജന്യമായി സംഘത്തിനു നല്‍കിയ മീങ്കരയിലെ സ്ഥലത്തു നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ആദ്യമായി ക്ഷീര സംഘത്തിന് ഒരു ശാഖയുണ്ടാകുന്നത് മുതലമടയിലാണ്. മൂച്ചംകുണ്ട് എന്ന സ്ഥലത്ത് 1986 ല്‍ വാടകക്കെട്ടിടത്തില്‍ ക്ഷീരസംഘത്തിന്റെ ശാഖ തുടങ്ങി. പുതൂര്‍ സുബ്ബയ്യ കൗണ്ടര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തു മൂന്നു വര്‍ഷത്തിനകം പുതിയ കെട്ടിടം പണിതു പ്രവര്‍ത്തനം അങ്ങോട്ടേക്കു മാറ്റി.
മീങ്കരയിലെ സംഘം ഹെഡ്ഓഫീസിന് എതിര്‍വശത്തെ 32 ഏക്കര്‍ സ്ഥലം സംഘം വിലയ്ക്കു വാങ്ങി അവിടെ തീറ്റപ്പുല്ല്, തെങ്ങ്, മാവ് എന്നിവ കൃഷി ചെയ്തുവരുന്നു. തൊഴുത്തും ഔട്ട് ഹൗസും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ കാലിത്തീറ്റ ഫാക്ടറി നിര്‍മിച്ചുവെങ്കിലും പിന്നീട് ഉല്‍പ്പാദനം നിര്‍ത്തി. ഇപ്പോള്‍ കാലിത്തീറ്റ വില്‍പ്പന മാത്രം. 1.70 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡെയറി പ്ലാന്റില്‍ നിന്ന് അടുത്തുതന്നെ പാക്കറ്റ് പാല്‍ വിപണനം തുടങ്ങാന്‍ ഭരണസമിതി ആലോചിക്കുന്നതായി പ്രസിഡന്റ് മാധവന്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നു മികച്ചയിനം പശുക്കളെ കൊണ്ടുവന്ന് ഇവിടെ ക്ഷീരകര്‍ഷകര്‍ക്കു നല്‍കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതിയും മുതലമടയില്‍ തുടങ്ങും. തൈര്, നെയ്യ്, സംഭാരം എന്നീ ക്ഷീരോല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കാനും തീരുമാനമായിട്ടുണ്ട്.
പാല്‍ ശേഖരിക്കാന്‍
14 കേന്ദ്രങ്ങള്‍
പ്രതിദിനം 12,000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന സംഘത്തിനു 14 ശേഖരണകേന്ദ്രങ്ങളുണ്ട്. ഇതില്‍ ചെമ്മണാമ്പതിയിലെ കേന്ദ്രത്തിനു സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം ജീവനക്കാരാണ് ‘എ’ ക്ലാസ് പദവിയിലുള്ള സംഘത്തിന്റെ സേവനപ്രവര്‍ത്തകരായുള്ളത്. എന്നാല്‍, ഇവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ നിയമനാംഗീകാരം ഇതുവരെ നല്‍കാത്തതു വിചിത്രവും വിഷമകരവുമാണെന്നു മാധവന്‍ പറയുന്നു. ആര്‍. ജ്യോതിലക്ഷ്മി വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എ. കമാലുദ്ദീന്‍, എം. നാച്ചിമുത്തു, ജി. രമേശ്, പി. മുത്തുകുമാര്‍, എന്‍. ഭാഗ്യം, ആര്‍. ശശീന്ദ്രന്‍, എം. ജയലക്ഷ്മി, മഹാലിംഗം, സുമതി എന്നിവര്‍ അംഗങ്ങളാണ്. എസ്. സുജീഷ് കുമാര്‍ സെക്രട്ടറിയും.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ
പൊതുരംഗത്തേക്ക്
മുതലമടയിലെ പരമ്പരാഗത കര്‍ഷകകുടുംബമായ പാപ്പാന്‍ചള്ള വീട്ടില്‍ 1955 ലാണു പി. മാധവന്റെ ജനനം. മുതലമട ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. 12 -ാം വയസ്സില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്നു. ഇപ്പോള്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി. 1979 ല്‍ ക്ഷീരസംഘം ഡയറക്ടറായി. നാലു പതിറ്റാണ്ടിലേറെയായി പ്രസിഡന്റായി തുടരുന്നു. 1981 ല്‍ പാലക്കാട് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഡയറക്ടറും വൈസ് പ്രസിഡന്റുമായിരുന്നു. 1996 മുതല്‍ സംഘത്തിന്റെ പ്രസിഡന്റായി തുടരുന്നു. 1985 മുതല്‍ അഞ്ചു വര്‍ഷം ചിറ്റൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഡയറക്ടര്‍. 2005 മുതല്‍ 2015 വരെ യൂണിയന്റെ ചെയര്‍മാനും. 1985-87 കാലത്തു പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ ഭരണസമിതി അംഗം. 2010-15 ല്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഒരു ഘട്ടത്തില്‍ ഒരേസമയം ഏഴോളം സഹകരണ, തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥിയായി പ്രവര്‍ത്തിച്ചു എന്നതും ശ്രദ്ധേയം.
ഭാര്യ : ശാന്തകുമാരി, മക്കള്‍: പൊന്‍പ്രദീപ് ( ബി.എസ്.എന്‍.എല്‍. ഓഫീസര്‍ ), പ്രനുഷ ( സഹകരണബാങ്ക് മാനേജര്‍ ).