കോവിഡ് കാലത്തെ കരുതലിനു കേരളാ ബാങ്കിന്റെ ആദരം

moonamvazhi

 

 

 

 

 

 

അനില്‍ വള്ളിക്കാട്

(2021 ഏപ്രില്‍ ലക്കം)

കോവിഡ് ഒരു പാഠമാണ്. അതൊരു പഠനമാക്കി പ്രതിരോധത്തിനും ആശ്വാസത്തിനും പുതിയ പ്രവൃത്തിപഥം തുറന്ന സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ സഹനകാല സഞ്ചാരത്തിനു മികവാര്‍ന്ന ചരിത്രമെഴുതി. അസാധാരണ സാഹചര്യങ്ങളില്‍
അവസരോചിതമായ ഇടപെടലിലൂടെ കരുത്തും കരുതലും പകര്‍ന്ന മികച്ച മൂന്നു സഹകരണ ബാങ്കുകളെ കേരളാ ബാങ്ക് സംസ്ഥാനതല ബഹുമതി നല്‍കി ആദരിച്ചു. കൊല്ലം കടയ്ക്കല്‍, കണ്ണൂര്‍ ചെറുതാഴം, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കാണു കോവിഡ്കാലത്തെ പ്രവര്‍ത്തന മികവിനു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്. പ്രശംസാപത്രത്തിനു പുറമെ ഒരു ലക്ഷം, അര ലക്ഷം, കാല്‍ ലക്ഷം രൂപയുടെ സമ്മാനവും ഇവര്‍ക്കു ലഭിക്കും.

കടയ്ക്കല്‍ വിപ്ലവത്തിന്റെ വേരാഴ്ന്ന മണ്ണില്‍ കോവിഡ് കടമ്പ കടക്കാന്‍ സഹകരണ ബാങ്കിന്റെ കൈത്താങ്ങുയര്‍ന്നപ്പോള്‍ അതു ഒരു നാടിന്റെയാകെ അതിജീവനത്തിനുള്ള കരുത്തായി മാറി. ബ്രിട്ടീഷ് വാഴ്ചക്കാലത്തു അന്യായമായ ചന്തക്കരത്തിനെതിരെ ഒരുമിച്ചുനിന്നു പൊരുതിയ കര്ഷകജനതയുടെ പാരമ്പര്യമുണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമത്തിന്. വിപ്ലവമണ്ണില്‍ ജനാധിപത്യകാലത്തു ജനസേവനത്തിന്റെ വെന്നിക്കൊടിപാറിച്ച കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനൊപ്പം മഹാമാരിയുടെ ദുരിതമതില്‍ കടക്കാന്‍ നാട്ടുകാരും വീറോടെ നിന്നു.

സാമൂഹിക അടുക്കളയുള്‍പ്പടെ കോവിഡ് ദുരിതകാല സേവനത്തിനായി കടയ്ക്കല്‍ സഹകരണ ബാങ്കിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും നേരിട്ടും 16.62 ലക്ഷം രൂപയുടെ സഹായം ബാങ്ക് നല്‍കി. തനതു വായ്പാ പദ്ധതികളിലുള്‍പ്പടെ 7.73 കോടി രൂപയുടെ സഹായവും നല്‍കി. ഒരു മാസത്തോളം ബാങ്കിന്റെ വാഹനവും ഡ്രൈവറുടെ സേവനവും പ്രതിരോധ പ്രവര്‍ത്തനത്തിനായി വിട്ടു നല്‍കി. ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനു പോലീസ് സ്റ്റേഷനു മൈക്ക് നല്‍കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിനു ടെലിവിഷനും വാങ്ങിനല്‍കി. തരിശുഭൂമിയിലുള്‍പ്പടെ നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബാങ്കിന്റെ പദ്ധതിയില്‍ ഇതിനകം 65 ഏക്കര്‍ കൃഷി സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ സീസണിലും ഏക്കറിനു 5250 രൂപ നിരക്കില്‍ ഉഴവുകൂലി ബാങ്ക് നല്‍കും. കോവിഡ് കാലത്തു ഇങ്ങനെ 96 കര്‍ഷകര്‍ക്കു 5193 സെന്റ് സ്ഥലത്ത് കൃഷിയിറക്കാന്‍ ഉഴവുകൂലിയായി 3.12 ലക്ഷം രൂപ നല്‍കി.

തണലേകാന്‍ നാട്ടുപച്ചയും

ഗ്രാമത്തെ ഹരിതാഭമാക്കിക്കൊണ്ടിരിക്കുന്ന ബാങ്കിന്റെ ‘നാട്ടുപച്ച’ പദ്ധതിയും കോവിഡ് കാലത്തു ജനങ്ങള്‍ക്കു തണലേകി. എല്ലാ വീടുകളിലും വിഷരഹിത ജൈവ പച്ചക്കറി ഉല്‍പ്പാദിപ്പിച്ചും ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചും നാടിനെ പച്ചപ്പിലേക്കു പടര്‍ത്തുന്ന പദ്ധതി അടച്ചിടല്‍ കാലത്തും ആശ്വാസമായി. 1465 കര്‍ഷകര്‍ക്കു 6.7 ലക്ഷം രൂപ വിലവരുന്ന ഫലവൃക്ഷത്തൈകളാണുബാങ്ക് നല്‍കിയത്. വിഷരഹിത മത്സ്യം കഴിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതിനു വീടുകളില്‍ മത്സ്യക്കൃഷി നടത്തുന്ന ബാങ്കിന്റെ പദ്ധതിക്കും കോവിഡ് കാലത്തു വളര്‍ച്ചയുണ്ടായി. 63 കര്‍ഷകര്‍ക്ക് മത്സ്യക്കൃഷി ചെയ്യുന്നതിനു 3.41 ലക്ഷം രൂപയുടെ സഹായമാണു ബാങ്ക് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ബാങ്കിന്റെ വകയും ജീവനക്കാരുടെ വേതനവും പ്രസിഡന്റിന്റെ ഓണറേറിയവും ഉള്‍പ്പടെ 62.12 ലക്ഷം രൂപ സംഭാവന നല്‍കിയ കടയ്ക്കല്‍ ബാങ്ക് നാട്ടില്‍ ദുരിതമനുഭവിക്കുന്ന 3000 കുടുംബങ്ങള്‍ക്കു ഭക്ഷ്യക്കിറ്റുകളും നല്‍കി. എണ്‍പതോളം അതിഥിത്തൊഴിലാളികള്‍ക്കു ആഹാരസാധനങ്ങള്‍ നല്‍കി. ഗുരുതര രോഗമുള്ളവര്‍ക്കും ശസ്ത്രക്രിയ നടത്തിയവര്‍ക്കും കിടപ്പു രോഗികള്‍ക്കും ധനസഹായം ചെയ്യുന്ന ‘കനിവ്’ പദ്ധതി കോവിഡ് കാലത്തു കൂടുതല്‍ ആര്‍ദ്രമായി. പതിനായിരം രൂപ വരെ സാധാരണ സഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ 25,000 രൂപ വരെ നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. പ്രദേശത്തെ കിടപ്പുരോഗികള്‍ക്കു ദുരിത കാലത്തു ഭക്ഷണവും മരുന്നും സൗജന്യമായി എത്തിച്ചുകൊടുത്തു. പോലീസുകാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും അഗ്‌നിശമന സേനാവിഭാഗത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു യൂണിഫോമും നല്‍കി.

ആധുനിക ചികിത്സാ സൗകര്യം കടയ്ക്കലും പരിസരത്തും അപര്യാപ്തമാണ്. ഇതിനെ മറികടക്കാന്‍ കടയ്ക്കല്‍ ടൗണില്‍ നിര്‍മിക്കുന്ന ‘കിംസാറ്റ്’ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് തുടക്കമിട്ടുകഴിഞ്ഞു. സ്വന്തമായി വാങ്ങിയ എട്ടേക്കറോളം സ്ഥലത്തു 40 കോടി രൂപയാണു ആദ്യഘട്ടത്തില്‍ ചെലവിടുക.

ചെറുതാഴം ബാങ്കിന്റെ വലിയ വാതില്‍

സന്തോഷജീവിതത്തിന്റെ ജാലകക്കാഴ്ചകള്‍ പോലും അടഞ്ഞുപോയ മഹാമാരിക്കാലത്ത് ആശ്വാസത്തിന്റെ വലിയ വാതിലുകള്‍ തുറന്നിടാന്‍ കണ്ണൂര്‍ പയ്യന്നൂരിലെ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിനു കഴിഞ്ഞതു കേരളത്തിന്റെ സേവന ചരിത്രത്തില്‍ മായാത്ത സ്‌നേഹമുദ്രകളായി നിലനില്‍ക്കും. ഒമ്പതു ശാഖകളും ഒമ്പതു വ്യാപാര സ്ഥാപനങ്ങളുമുള്ള ബാങ്ക് തങ്ങളുടെ എല്ലാ സംവിധാനങ്ങളും കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ദുരിതാശ്വാസത്തിനുമായി ഉപയോഗപ്പെടുത്തിയപ്പോള്‍ ഒരു നാടാകെ കൈകോര്‍ത്തതിനു തുല്യമായി അത്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും കോവിഡ് പ്രവര്‍ത്തകര്‍ക്കു എയര്‍പോര്‍ട്ട് ജോലിക്കും ബാങ്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി. സാമൂഹിക അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ തയാറാക്കാനും വിതരണം ചെയ്യാനും രോഗികള്‍ക്കു താമസസൗകര്യം ഒരുക്കുന്നതിനും വളണ്ടിയര്‍മാരായി ജീവനക്കാരെ നിയോഗിച്ചു. 32 ദിവസ വേതനക്കാരുള്‍പ്പടെ 132 ജീവനക്കാരാണു ബാങ്കിനുള്ളത്. സാമൂഹിക അടുക്കളയ്ക്ക് 40,396 രൂപയുടെ ധനസഹായവും ബാങ്ക് നല്‍കി. വരുമാനമാര്‍ഗം അടഞ്ഞ ജനങ്ങള്‍ക്കു ആശ്വാസത്തിന്റെ വലിയ ധനവഴികളാണു ബാങ്ക് തുറന്നത്. വിവിധ വായ്പാ പദ്ധതികളിലൂടെ കോവിഡ് കാലത്തു 216.71 കോടി രൂപയുടെ സഹായമാണു നാട്ടുകാരുടെ കൈകളിലെത്തിച്ചത്.

തൊഴിലും വഴിമുട്ടിയ കാലത്തു കൃഷിപ്പണികളുടെ പുതിയ വാതിലുകളും ചെറുതാഴം ബാങ്ക് തുറന്നു. 40 ഹെക്ടറില്‍ നെല്ലും നാല് ഹെക്ടറില്‍ പച്ചക്കറിയും 50 ഹെക്ടറില്‍ കപ്പയും കൃഷിയിറക്കിയപ്പോള്‍ സുഭിക്ഷതയുടെ വിളവ് മാത്രമല്ല ആശ്വാസത്തിന്റെ ആയിരം തൊഴില്‍ദിനങ്ങളും ഉല്‍പ്പാദിപ്പിക്കപ്പെട്ടു. മത്സ്യക്കൃഷിക്കായി 3.53 ലക്ഷം രൂപ ചെലവില്‍ രണ്ട് കുളങ്ങള്‍ നിര്‍മിച്ചു മീന്‍ വളര്‍ത്തി. 110 അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിച്ച് പച്ചക്കറി, കിഴങ്ങ്, മത്സ്യം എന്നിവയും കൃഷി ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്കു പച്ചക്കറി സംഭരിച്ച് വില്‍പ്പന നടത്തി. ന്യായവിലയ്ക്കു കശുവണ്ടി സംഭരിച്ചു.

ബാങ്കിന്റെ ഇടപാട്സ്ഥലങ്ങളിലെല്ലാം രോഗ പ്രതിരോധ സംവിധാനങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കിയതിനു പുറമെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ളവര്‍ക്കും മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നല്‍കി. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2.76 ലക്ഷം രൂപയാണു ബാങ്ക് ചെലവിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്‍പ്പടെ 40.73 ലക്ഷം രൂപയുടെ ധന സഹായവും നല്‍കി. ജീവിത പ്രയാസം നേരിട്ട വിവിധ തുറകളിലുള്ളവര്‍ക്കു 1.98 ലക്ഷം രൂപ ചെലവഴിച്ച് ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് വഴി ഭക്ഷ്യ ധാന്യങ്ങളും നീതി മെഡിക്കല്‍, സഹകരണ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകളും സര്‍വീസ് ചാര്‍ജ് വാങ്ങാതെ വീടുകളില്‍ എത്തിച്ചു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കാന്‍ 1.51 ലക്ഷം രൂപ ചെലവില്‍ 16 ടെലിവിഷന്‍ സെറ്റുകള്‍ നല്‍കി.

രോഗഭീതിയില്‍ വിറങ്ങലിച്ച നാടിനു സൗഖ്യമേകാന്‍ കര്‍മനിരതമായ ആതുരായങ്ങള്‍ക്കു ബാങ്ക് വലിയ കൈത്താങ്ങായി. ഹോമിയോ ഡിസ്പന്‍സറികള്‍ക്കു ഷെല്‍ഫുകള്‍, കുടുംബാരോഗ്യ കേന്ദ്രത്തിനു എ.സി., ഹോമിയോ മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നതിനായി കുപ്പികള്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജിനു വീല്‍ ചെയറുകള്‍ എന്നിവ നല്‍കി. സാമൂഹിക പെന്‍ഷനുകള്‍ മുടക്കംകൂടാതെ എത്തിച്ചതു പാവപ്പെട്ടവരുടെ വീടുകളില്‍ ആശ്വാസമായി. മറ്റു പെന്‍ഷനുകളില്ലാത്ത ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയും ബാങ്ക് നല്‍കി.

മനം നിറച്ച് മണ്ണാര്‍ക്കാട്

പാലക്കാട്ടെ മണ്ണാര്‍ക്കാട് നഗരസഭയിലെയും തെങ്കര ഗ്രാമപ്പഞ്ചായത്തിലെയും ജനങ്ങള്‍ എന്നും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന ധനകാര്യസ്ഥാപനമാണു മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്. നൂതനവും ആവേശകരവുമായ പദ്ധതികളിലൂടെ ഇടപാടുകാരുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രഭ പടര്‍ത്തുന്ന കെടാവിളക്കായി മാറിയ ബാങ്ക് ദുരിതം വിതച്ച മഹാമാരിക്കു മുന്‍പില്‍ നാടിന്റെ ദീപസ്തംഭമായി ഉയര്‍ന്നുനിന്നു. കെട്ട കാലത്ത് നാട്ടുകാരെ ചേര്‍ത്തുപിടിച്ചു കരുതല്‍ക്കോട്ട കെട്ടി.

കോവിഡ് വ്യാപനം തടയാന്‍ പണമിടപാട് സ്ഥലങ്ങളിലെല്ലാം പ്രതിരോധ സംവിധാനം തുടക്കത്തിലേ ഏര്‍പ്പെടുത്തിയ ബാങ്ക് മണ്ണാര്‍ക്കാട്ടെ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കും പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഒരു ലക്ഷത്തിലേറെ മാസ്‌കുകള്‍ വിതരണം ചെയ്തു. നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി ആയിരം കുപ്പി സാനിറ്റൈസറും നല്‍കി. അഞ്ച് പൊതുഇടങ്ങളില്‍ ഓട്ടോമാറ്റിക് സാനിറ്റൈസേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ബാങ്കിടപാടുകള്‍ കളക്ഷന്‍ ഏജന്റുമാര്‍ അവരുടെ വീടുകളില്‍ച്ചെന്നു നടത്തിക്കൊടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു ബാങ്കിന്റെ പൊതുനന്മാ ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ സംഭാവന നല്‍കി. ഇതിനു പുറമെ ജീവനക്കാരുടെ ശമ്പള വിഹിതമായി 17 ലക്ഷം രൂപയും നല്‍കി.

രോഗം വ്യാപകമായ സപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആന്റിജന്‍, ഞഠജഇഞ പരിശോധനയ്ക്കുള്ള സൗകര്യം മണ്ണാര്‍ക്കാട്ട് പരിമിതമായിരുന്നു. ഇതിനായി ബാങ്ക് പുതിയ പരിശോധനാ കേന്ദ്രം തുറന്നു. കുറഞ്ഞ നിരക്കില്‍ ഈ രണ്ട് ടെസ്റ്റുകളും നടത്തിക്കൊടുത്തു. വിദേശയാത്രകള്‍ക്കു ബാങ്കിന്റെ ടെസ്റ്റ് റിപ്പോര്‍ട്ട് മതി എന്നതു പ്രവാസികള്‍ക്കു ആശ്വാസമായി. ആയിരത്തിയഞ്ഞൂറിലേറെ ആന്റിജന്‍ ടെസ്റ്റുകളും അഞ്ഞൂറോളം ഞഠജഇഞ ടെസ്റ്റും ഇവിടെ നടത്തി. ഇതുവഴി ഇരുപതു ലക്ഷം രൂപയുടെ ഇടപാടാണു ഒരു മാസം കൊണ്ട് ബാങ്ക് നടത്തിയത്.

കോവിന്‍ എന്ന പേരില്‍ ബാങ്ക് തുടങ്ങിയ വായ്പാപദ്ധതികള്‍ വറുതിയുടെ നാളുകളില്‍ ആശ്വാസത്തിന്റെ പുതിയ ധനവഴികളായി. സ്വര്‍ണപ്പണയ വായ്പ, പ്രവാസി പലിശരഹിത വായ്പ, കാര്‍ഷിക വായ്പ, വാണിജ്യ വായ്പ തുടങ്ങി വ്യത്യസ്ത പദ്ധതികളാണു നാട്ടുകാരുടെ ധനപ്രതിസന്ധി തീര്‍ക്കാന്‍ ബാങ്ക് ആവിഷ്‌കരിച്ചത്. ഇതിലൂടെ 12.62 കോടി രൂപ ധനസഹായം നല്‍കി. ഇതിനു പുറമെ, നിലവിലുണ്ടായിരുന്ന വായ്പാ പദ്ധതികളിലൂടെ 67.17 കോടി രൂപയുടെയും സഹായധനം ജനങ്ങളിലെത്തിച്ചു.

സുഭിക്ഷകേരളം, ഹരിതകേരളം പദ്ധതികളുടെ ഭാഗമായി പെരിമ്പിടാരി എന്ന സ്ഥലത്തു അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു പച്ചക്കറിക്കൃഷി ചെയ്തു. വിളവുകള്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍വെച്ച് വില്‍പ്പന നടത്തി. 1.15 ലക്ഷം രൂപയുടെ വില്‍പ്പനയാണു നടന്നത്. അടുത്ത മൂന്നു വര്‍ഷവും ഇതേ സ്ഥലത്തു ബാങ്ക് പച്ചക്കറി വിളവിറക്കും. പച്ചക്കറിക്കു പുറമെ, ഒരേക്കര്‍ സ്ഥലത്തു കര നെല്‍ക്കൃഷിയും ബാങ്ക് നടത്തി. ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍ 500 ഗ്രോബാഗുകളിലും പച്ചക്കറിക്കൃഷി ആരംഭിച്ചു. വീടുകളില്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം പാക്കറ്റ് വിത്ത് വിതരണം ചെയ്തു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ കുളത്തില്‍ മത്സ്യക്കൃഷിയും തുടങ്ങി. കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി പതിനായിരത്തോളം കുഞ്ഞുങ്ങളെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിതരണം ചെയ്തു. ഇതിനായി കുടുംബശ്രീക്ക് അഞ്ചു ലക്ഷത്തിലേറെ രൂപ വായ്പയും നല്‍കി.

 

എല്ലാം ഒരു കുടക്കീഴില്‍

കോവിഡ് മഹാമാരിയുടെ പാഠം ഉള്‍ക്കൊണ്ട് പൊതുസമൂഹത്തില്‍ നല്ല ഭക്ഷണം നല്‍കാനായി ‘നാട്ടുചന്ത ‘ എന്ന ബൃഹത്തായ പദ്ധതി തുടങ്ങി. പച്ചക്കറിയും മീനും മാംസവും മുട്ടയും പാലും പലവ്യഞ്ജനങ്ങളും എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും. നാടന്‍ ഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. മത്സ്യഫെഡുമായി ചേര്‍ന്നുള്ള ഫിഷ് മാര്‍ട്ടും ഈ ചന്തയിലുണ്ട്. ‘നല്ല ഭക്ഷണത്തിന് കലര്‍പ്പില്ലാത്ത കരുതല്‍’ – നാട്ടുചന്തയുടെ ആശയം ഇതാണ്. ജീവിതപ്രയാസം നേരിട്ട വീടുകളില്‍ ബാങ്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി 1.17 ലക്ഷം രൂപ ചെലവഴിച്ചു. കഴിഞ്ഞ വേനലില്‍ മൂന്നു മാസം ദിവസേന നൂറു പാക്കറ്റ് മില്‍മ സംഭാരം വാങ്ങി ട്രാഫിക് പോലീസുകാര്‍ക്കു വിതരണം ചെയ്തു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ സാധനങ്ങളും സാമൂഹിക അടുക്കളകളിലേക്കു അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും നല്‍കി. കോവിഡ് രോഗികളെ കൊണ്ടുവരുന്നതിനു ഒരു മാസം ബാങ്കിന്റെ വക പ്രത്യേക ആംബുലന്‍സ് സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തി.

ജീവിതവും സഞ്ചാരവും വഴിമുട്ടിയ കാലത്തു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യതയോടെ വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതു ബാങ്കിന്റെ മികച്ച നേട്ടങ്ങളിലൊന്നായി. 28.41 കോടി രൂപയാണു പെന്‍ഷന്‍ തുകയായി നല്‍കിയത്. പട്ടികജാതി-വര്‍ഗ കോളനികളിലെ നിര്‍ധനരായ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിനു 12 ടെലിവിഷന്‍ സെറ്റും 10 സ്മാര്‍ട്ട് ഫോണും നല്‍കി. 25 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തുകൊണ്ട് പ്രത്യേക സ്‌കോളര്‍ഷിപ്പ പദ്ധതിയും നടപ്പാക്കി. ഇതിനായി അഞ്ചു ലക്ഷം രൂപയാണു ബാങ്ക് നീക്കിവെച്ചിട്ടുള്ളത്.

ഈ നന്മ കാലം കാത്തുവെക്കും

കൈകോര്‍ക്കലിന്റെ കരുത്ത് എന്നും സഹനഭൂമിയിലെ ഉയിര്‍പ്പാണ്. കെട്ട കാലത്തെ അതിജീവന ദൗത്യങ്ങള്‍ നല്ല കാലത്തും നിനവിലുണ്ടാകും. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിനു സഹകരണ ബാങ്കുകള്‍ നാട്ടില്‍ വിതച്ച ന•യുടെ നറുമണികള്‍ വീണ്ടും തളിര്‍ക്കും വളരും പൂക്കും. കാലം കാത്തുവെക്കും ഈ പാഠപുസ്തകം; ഇനി വരുന്നവര്‍ക്കു വായിച്ചറിയാന്‍.

Leave a Reply

Your email address will not be published.