കൊറോണക്കാലത്തെ ക്രിയാത്മക ഇടപെടല്‍

[mbzauthor]

(2020 ജൂണ്‍ ലക്കം)

ജനസാന്ദ്രത കൂടുതലുള്ള, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്താദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. സഹകരണ മേഖലയുടെ
സാമ്പത്തിക ശക്തിയും ഇടപെടല്‍ശേഷിയും തിരിച്ചറിഞ്ഞുകൊണ്ട് കൊറോണക്കാലത്തെ നേരിടാന്‍ കേരളം ക്രിയാത്മക നടപടികളാണ് കൈക്കൊള്ളുന്നത്.

കോ വിഡ് – 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലക്കിയപ്പോള്‍ സാമ്പത്തിക മേഖലയാകെ വിറങ്ങലിച്ചുപോയി. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഒട്ടേറെ നടപടികള്‍ ഇതിനെ നേരിടാന്‍ കൈക്കൊണ്ടു. ബാങ്കുകള്‍ക്ക് കൂടുതല്‍ പണം കിട്ടുന്നവിധത്തില്‍ നിരക്കുകള്‍ ക്രമീകരിച്ചു. ചെറുകിട- ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കൂടുതല്‍ സഹായ വായ്പാപദ്ധതികള്‍ തയാറാക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വായ്പകള്‍ക്കും മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യത്ത് കോവിഡ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത കൂടുതലുള്ള കേരളം ഉപഭോക്തൃ സംസ്ഥാനവുമാണ് . അതിനാല്‍, രോഗവ്യാപനം എല്ലാ അര്‍ഥത്തിലും കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. അതിനാല്‍, പ്രതിരോധ നടപടികള്‍ക്കൊപ്പം സാമ്പത്തിക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പരിധിക്കപ്പുറമുള്ള ബാങ്കിങ് കാര്യങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ സഹായം തേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചേര്‍ന്നാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചത്. എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നബാര്‍ഡില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം വേണം , പുനര്‍വായ്പ പരിധി കൂട്ടണം, കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ വായ്പയും കാര്‍ഷിക വായ്പകള്‍ക്കു കൂടുതല്‍ ഇളവും അനുവദിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശവും മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയില്‍ നേരിട്ടും നബാര്‍ഡ്, റിസര്‍വ് ബാങ്ക്, കേന്ദ്ര കാര്‍ഷിക മന്ത്രാലയം എന്നിവയോടെല്ലാം കത്തിലൂടെയും ആവശ്യപ്പെട്ടിരുന്നു.

എല്ലാ വിഭാഗത്തിനും മൊറട്ടോറിയം

സഹകരണ മേഖലയിലും മൊറട്ടോറിയവും അനുബന്ധ ഇളവുകളും വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാധാരണ രീതിയില്‍ സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അതേരീതിയില്‍ സഹകരണ മേഖലയില്‍ നടപ്പാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ തീരുമാനം വരുന്നതുവരെ സഹകരണ സംഘം രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. മാര്‍ച്ച് അവസാനവാരം മൂന്നു മാസം എല്ലാ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ഈടാക്കാന്‍ അനുമതി നല്‍കുകയും ചെയ്തുകൊണ്ടാണ് മൊറട്ടോറിയം നടപ്പാക്കിയത്. ഈ വ്യവസ്ഥ ഇതേരീതിയില്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി രജിസ്ട്രാര്‍ സര്‍ക്കുലറിറക്കി. സാധാരണ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കുമാണ് മൊറട്ടോറിയം ബാധകമാക്കാറുള്ളത്. എന്നാല്‍, കോവിഡ്കാലം എല്ലാ വിഭാഗക്കാര്‍ക്കും നിത്യവരുമാനം കുറയുകയോ നഷ്ടമാവുകയോ ചെയ്യുന്ന അവസ്ഥയുള്ളതിനാല്‍ മൊറട്ടോറിയം എല്ലാ വിഭാഗം സംഘങ്ങള്‍ക്കും ബാധകമാക്കണമെന്നായിരുന്നു ഒരു നിര്‍ദേശം. ഇക്കാര്യങ്ങളെല്ലാം സഹകരണ വകുപ്പ് പരിശോധിച്ചു. ഇതും അംഗീകരിച്ച ശേഷമാണ് രജിസ്ട്രാര്‍ സര്‍ക്കുലറിറക്കിയത്.

പ്രളയാനന്തരം സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അതിനാല്‍, ബാങ്കുകളില്‍ വായ്പാ തിരിച്ചടവ് കുറഞ്ഞു. ഇതിനു പുറമെ, കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ചുള്ള വായ്പ തീര്‍പ്പാക്കലും കൂടി. കടാശ്വാസക്കമ്മീഷന്റെ ഇളവുപരിധി രണ്ടു ലക്ഷമാക്കിയതിനാല്‍ അതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ പലരും സംഘങ്ങള്‍ക്ക് പണം തിരിച്ചടയ്ക്കുന്നത് ഒഴിവാക്കി. കമ്മീഷന്‍ ഉത്തരവിട്ട കേസുകളില്‍പ്പോലും സര്‍ക്കാര്‍ അനുവദിക്കേണ്ട പണം ഭൂരിഭാഗം സംഘങ്ങള്‍ക്കും കിട്ടിയിട്ടില്ല. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് കോവിഡ് കാലത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തില്‍ വളരെ അവധാനതയോടെയുള്ള നടപടിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചത്. മൊറട്ടോറിയം കാലയളവില്‍ റിസര്‍വ് ബാങ്ക്് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശിച്ച രീതിയില്‍ പിഴപ്പലിശയാണ് സഹകരണ സംഘങ്ങള്‍ക്ക് രജിസ്ട്രാറും ഒഴിവാക്കി നല്‍കിയത്. അതേസമയം, പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കാന്‍ ഭരണസമിതികള്‍ക്ക് അധികാരവും നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കാനും സംഘങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാകാതിരിക്കാനും ഈ നിലപാട് ഗുണകരമാണ്.

മുറ്റത്തെ മുല്ലയ്ക്കും ഇളവ്

മൊറട്ടോറിയം ‘ മുറ്റത്തെ മുല്ല ‘ എന്ന ലഘുവായ്പാ പദ്ധതിക്കുകൂടി ബാധകമാക്കിയത് ജനകീയമായ തീരുമാനമാണ്. ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഇത് സഹായകമാകും. ഈ വായ്പാ പദ്ധതി അനുസരിച്ച് 117 കോടി രൂപയാണ് കുടുംബശ്രീ വഴി വിതരണം ചെയ്തിട്ടുള്ളത്. വട്ടിപ്പലിശക്കാരില്‍നിന്ന് ഗ്രാമീണ ജനതയെ മോചിപ്പിക്കാന്‍ ആവശ്യമുള്ള പണം ഈടില്ലാതെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ വീട്ടിലത്തിച്ചു നല്‍കുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല. ആദ്യമായിട്ടാണ് ഇത്തരം വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കുന്നത്. സംഘം ഭരണസമിതികള്‍ തീരുമാനിച്ചാല്‍ ഈ വായ്പയ്ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കി നല്‍കാനുമാകും.

ഗ്രാമീണ മേഖലയിലും സാധാരണക്കാരന്റെ കൈയിലും പണമെത്തിക്കുകയെന്നതാണ് മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. അതിന് സഹകരണ സംഘങ്ങളുടെ ഇടപെടല്‍ അനിവാര്യമാകുന്ന ഘട്ടം കൂടിയാണിത്. 3000 കോടി രൂപയാണ് കുടുംബശ്രീ വഴി ഇപ്പോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് കേരള ബാങ്കിന്റെ ശാഖകള്‍ വഴി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി ഇപ്പോള്‍ നല്‍കുന്ന മുറ്റത്തെ മുല്ല വായ്പയും കേരള ബാങ്ക് നല്‍കുന്ന അധിക സഹായ വായ്പയും കോവിഡിനു ശേഷം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച ആസൂത്രണം

കോവിഡിന് ശേഷം സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും നാടിനൊപ്പം നില്‍ക്കാന്‍ എങ്ങനെ ഇടപെടണമെന്ന പരിശോധനയും സഹകരണ വകുപ്പ് നടത്തിയിട്ടുണ്ട്. ഇത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. സഹകരണ മേഖലയുടെ സാമ്പത്തിക ശക്തി മാത്രമല്ല, സാമൂഹിക ഇടപെടല്‍ശേഷിയും തിരിച്ചറിഞ്ഞുള്ള നടപടിയാണിത്. സാധാരണ ഇത്തരം ആസൂത്രണം ഈ മേഖലയില്‍ നടക്കാറില്ലെന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രാധാന്യം കൂട്ടുന്നത്. ഇതുസംബന്ധിച്ച് ഓരോ സംഘത്തില്‍നിന്നും സഹകാരികളില്‍നിന്നും രജിസ്ട്രാര്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരോട് ഇത്തരം നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് നല്‍കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. സഹകരണ മേഖലയുടെ ക്രിയാത്മകമായ ഇടപെടല്‍ അനിവാര്യമായ ഘട്ടമാണിതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ എങ്ങനെ തയാറാക്കണമെന്നാണ് അഭിപ്രായം തേടിയത്.

സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, സഹകരണ അപ്പക്‌സ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെ മെയ്, ജൂണ്‍, ജൂലായ് മാസങ്ങള്‍ക്കായി ത്രൈമാസ കര്‍മപദ്ധതിയും മെയ് മുതല്‍ അടുത്ത മാര്‍ച്ച് 31 വരെ നീളുന്ന ദീര്‍ഘകാല പദ്ധതിയും ഉള്‍ക്കൊള്ളിച്ച് ഒരു സാമൂഹിക ഇടപെടല്‍ നടത്തണമെന്നാണ് നിര്‍ദേശം. ഒരു അതിജീവന-ഉപജീവന പാക്കേജ് തയാറാക്കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത പണത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ചുള്ള പലിശയിളവിന് പുറമെ കാര്‍ഷിക ഉല്‍പാദന, ചെറുകിട വ്യവസായ മേഖലകളെ പിന്തുണയ്ക്കുന്ന ലോണ്‍ പദ്ധതികള്‍ , ഉല്‍പാദന രംഗത്തുള്ളവര്‍ക്ക് വിപണന സാധ്യതകള്‍ തേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ , കേരള ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയിലൂടെ പുതിയ സേവനങ്ങള്‍, തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള സഹായങ്ങള്‍, സഹകാരികള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുടെ ആത്മവിശ്വാസം കൂട്ടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

 

[mbzshare]

Leave a Reply

Your email address will not be published.